1839 – സങ്കീർത്തനങ്ങളുടെ പുസ്തകം – മലയായ്മയിൽ പരിഭാഷപ്പെട്ടത

ബെഞ്ചമിൻ ബെയിലിയുടെ നിഘണ്ടുക്കളുടേയും (മലയാളം-ഇംഗ്ലീഷ്, ഇംഗ്ലീഷ്-മലയാളം) 1834-ൽ പ്രസിദ്ധീകരിച്ച ബൈബിൾ പുതിയനിയമത്തിന്റെ രണ്ടാം പതിപ്പിന്റെയും സ്കാനുകൾ നമ്മൾ ഇതിനകം കണ്ടു കഴിഞ്ഞല്ലോ. ഇപ്പോൾ ഇതാ 1839-ൽ കോട്ടയം സി.എം.എസ്. പ്രസ്സിൽ നിന്ന് മദ്രാസ് ഓക്സിലറി ബൈബിൾ സൊസൈറ്റിക്കു വേണ്ടി പ്രസിദ്ധീകരിച്ച  സങ്കീർത്തനങ്ങളുടെ പുസ്തകം എന്ന പുസ്തകത്തിന്റെ സ്കാനും നമുക്ക് ലഭിച്ചിരിക്കുന്നു.

 

1834ലെ പതിപ്പിൽ നിന്ന് വ്യത്യസ്തമായി തോന്നിയ കുറച്ച് കാര്യങ്ങൾ താഴെ കുറിക്കുന്നു.

  • വാചകങ്ങൾ അവസാനിക്കുമ്പോൾ ഉള്ള വിരാമത്തിനു പൂർണ്ണവിരാമം/കുത്ത്/ഫുൾസ്റ്റോപ്പ് (.) ചിഹ്നം തന്നെ ഉപയോഗിച്ചിരിക്കുന്നു എന്ന് കാണുന്നു. ഇതായിരിക്കണം (അല്ലെങ്കിൽ ഈ കാലഘട്ടത്തിൽ ആയിരിക്കണം) ആദ്യമായി മലയാളവാചകങ്ങൾക്ക്  പൂർണ്ണവിരാമം ഉപയോഗിച്ച് തുടങ്ങിയതെന്ന് ഇതുവരെ കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിൽ അനുമാനിക്കാം എന്ന് തോന്നുന്നു.
  • ഏ,ഓ കാരങ്ങളോ അതിന്റെ ചിഹ്നങ്ങളോ ഉപയൊഗിച്ചിട്ടില്ല.
  • കോമ, അർദ്ധവിരാമം, ബ്രാക്കറ്റ്, കോളൻ തുടങ്ങി മിക്ക ചിഹ്നങ്ങളും ഈ പതിപ്പിൽ കാണം. ചുരുക്കത്തിൽ ഇതൊക്കെ ഭാഷയിൽ അവതരിപ്പിച്ചത് ബെയിലി ആണെന്ന്  ഇതുവരെ കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിൽ അനുമാനിക്കാം.
  • മീത്തലും അതിന്റെ ഉപയോഗവും 1839-ൽ ഒന്നും കണ്ടുപിടിച്ചിട്ടില്ലാത്തതിനാൽ അതും ഈ പുസ്തകത്തിൽ ഇല്ല.
  • ഖണ്ഡിക തുടങ്ങുന്നത് സൂചിപ്പിക്കാൻ ¶ ചിഹ്നം ഉപയോഗിച്ചിരിക്കുന്നു. മറ്റ് ഏതെങ്കിലും മലയാളപുസ്തകത്തിൽ ഇങ്ങനെ കണ്ടതായി ഞാൻ ഓർക്കുന്നില്ല.
  • മലയാള അക്കങ്ങൾ തന്നെ എല്ലായിടത്തും ഉപയോഗിച്ചിരിക്കുന്നു.

ഈ പുസ്തകത്തിന്റെ സ്കാനിങ്ങ് അത്ര പൊരെന്ന് തോന്നുന്നു. ഇതിനു മുൻപ് നമ്മൾ കണ്ട 1834-ൽ ഇറങ്ങിയ പുതിയ നിയമത്തിന്റെ സ്കാനിന്റെ അത്ര വ്യക്തമല്ല ഇത്.

1834 – The New Testament in the Malayalim Language – Benjamin Bailey

ബെഞ്ചമിൻ ബെയിലി പരിഭാഷയ്ക്ക് നേതൃത്വം കൊടുത്ത് 1826-1829 കാലഘട്ടത്തിൽ പ്രസിദ്ധീകരിച്ച ബൈബിൾ പുതിയ നിയമത്തിൻ്റെ (നാലു സുവിശേഷങ്ങളും അപ്പൊസ്തൊലപ്രവർത്തികളും മാത്രം ഉള്ളവ) 1834-ൽ ഇറങ്ങിയ രണ്ടാം പതിപ്പിൻ്റെ സ്കാൻ ലഭ്യമായിരിക്കുന്നു.

 

baily bible

ശീർഷകത്താളിൽ മലയാളത്തിൽ ഇങ്ങനെ കാണാം

നമ്മുടെ

കർത്താവും രക്ഷിതാവുമായ

യെശു ക്രിസ്തുവിൻ്റെ

പുതിയ നിയമം

മലയാള ഭാഷയിൽ

പരിഭാഷപ്പെട്ടത

രണ്ടാം അച്ചടിപ്പ

ലൊന്തൊൻ നഗരത്തിൽ

ബ്രിത്തിഷ എന്നും പറദെശമെന്നുമുള്ള

ബൈബൽ സൊസെയിട്ടിക്കു വെണ്ടി

അച്ചടിക്കപ്പെട്ടത

മെശിഹാസംവത്സരം

൧൮൩൪

 

ഉള്ളടക്കം

  • പുതിയ നിയമത്തിലെ എല്ലാ പുസ്തകങ്ങളും ഇതിൽ ഇല്ല. പുതിയ നിയമത്തിലെ നാലു സുവിശേഷങ്ങളും അപ്പൊസ്തൊലപ്രവർത്തികളും ആണ് ഇതിൽ.
  • വാചകങ്ങൾ അവസാനിക്കുമ്പോൾ ഉള്ള വിരാമത്തിനു ( * ) ചിഹ്നനം ഉപയോഗിച്ചിരിക്കുന്നു എന്ന് കാണുന്നു.
  • കെ.എം. ഗോവിയുടെ ആദിമുദ്രണം, ഭാരതത്തിലും മലയാളത്തിലും എന്ന പുസ്ത്കം അനുസരിച്ച്, 1824-ൽ ചെറുപൈതങ്ങളും (ഇതാണല്ലോ നിലവിലുള്ള അറിവനുസരിച്ച് കേരളത്തിൽ അച്ചടിച്ച ആദ്യ മലയാളപുസ്തകം) 1829-ൽ പുതിയ നിയമം മുഴുവനായും പ്രസിദ്ധീകരിച്ചു.  അപ്പോൾ 1824നും 1829നും ഇടയ്ക്ക് ആയിരിക്കണം പുതിയ നിയമത്തിലെ നാലു സുവിശേഷങ്ങളും അപ്പൊസ്തൊലപ്രവർത്തികളും അടങ്ങുന്ന ഈ പുസ്ത്കത്തിൻ്റെ ആദ്യത്തെ പതിപ്പ് പ്രസിദ്ധീകരിച്ചത്. ഇത് ആ പുസ്ത്കത്തിൻ്റെ രണ്ടാം പതിപ്പ് ആണ്. 1834-ൽ പ്രസിദ്ധീകരിച്ചത്.
  • ബെയിലി ഇംഗ്ലണ്ടിൽ അവധിക്ക് പോയപ്പോൽ അവിടെ മലയാളം അച്ച് നിർമ്മിച്ച് അവിടെ തന്നെ അച്ചടിച്ചത് ആണ് ഈ പുസ്തകം. ലണ്ടൻ നഗരത്തിലെ മലയാള അച്ചടിയെ പറ്റി നമ്മുടെ അച്ചടി ചരിത്രത്തിൽ വേണ്ടവിധത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടോ എന്നത് സംശയമാണ്.

ഗൂഗിൾ  ബുക്സ് വഴി ആണ് ഈ ഡിജിറ്റൽ സ്കാൻ കിട്ടിയത്. വിവിധ വിദേശ സർവ്വകലാശാലകളിൾ ഇരിക്കുന്ന പൊതുസഞ്ചയത്തിലുള്ള ലക്ഷക്കണക്കിനു കൃതികൾ സ്കാൻ ചെയ്തെടുത്ത് അത് പൊതുജനങ്ങളുമായി പങ്കു വെക്കുന്ന ഗൂഗിളിൻ്റെ ശ്രമം അഭിനന്ദനീയം തന്നെ.

ഡൗൺലോഡ് വിവരങ്ങൾ