മലയാളത്തിലെ രണ്ടാമത്തെ മാസികയായ പശ്ചിമൊദയത്തിന്റെ 1850ൽ ഇറങ്ങിയ 12 ലക്കങ്ങളുടെ സ്കാനാണ് ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു കല്ലച്ചടി (ലിത്തോഗ്രഫി) രേഖയാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 167-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.
ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ
പേര്: പശ്ചിമൊദയം
താളുകളുടെ എണ്ണം: 8 താളുകൾ ഓരോ ലക്കത്തിന്നും (1850മത്തെ വർഷത്തിൽ 12 ലക്കങ്ങൾ)
പ്രസിദ്ധീകരണ വർഷം:1850
പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, തലശ്ശേരി
1850 – പശ്ചിമൊദയം മാസികയുടെ 12 ലക്കങ്ങൾ
ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി
ക്രൈസ്തവതേരമായ വിഷയങ്ങൾ കൈകാര്യം ചെയ്യാനാണ് ഫ്രെഡറിക്ക് മുള്ളറും, ഗുണ്ടർട്ടും മറ്റും ചേർന്ന് പശ്ചിമൊദയം മാസിക ആരംഭിക്കുന്നത്. ഫ്രെഡറിക്ക് മുള്ളർ ആയിരുന്നു ഈ മാസികയുടെ എഡിറ്റർ. മലയാളത്തിലെ ആദ്യത്തെ സെക്കുലർ മാസിക കൂടാകുന്നു പശ്ചിമൊദയം.
1847 ഒക്ടോബറിൽ ആണ് തലശ്ശെരിയിലെ കല്ലച്ചിൽ നിന്ന് ഈ മാസിക പ്രസിദ്ധീകരിച്ചു തുടങ്ങുന്നത്. മാസത്തിൽ ഒരു തവണ ആയിരുന്നു പ്രസിദ്ധീകരണം. ഒരു ലക്കത്തിന്നു 8 താളുകൾ ഉണ്ടായിരുന്നു. 1847ലെയും 1849ലേയും സ്കാൻ നമുക്ക് കിട്ടിയതാണ്. 1847ലേത് ഇവിടെ കാണാം. 1849ലേത് ഇവിടെ കാണാം.
1850 വർഷത്തെ 12 ലക്കങ്ങൾ ആണ് ഈ സ്കാനിൽ ഉള്ളത്. കേരളപഴമ, ജ്യോതിഷവിദ്യ, ഭൂമിശാസ്ത്രം തുടങ്ങിയ പല വിഷയങ്ങളിലും ഉള്ള ഖണ്ഡശ്ശ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങൾ ഈ സ്കാനിൽ കാണാം. ഇവിടെ ജ്യോതിഷ വിദ്യ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ജ്യോതിശാസ്ത്രത്തെ ആണ്.
1850ലെ ചില ലക്കങ്ങളിലെങ്കിലും ലിത്തോഗ്രഫി വരചിത്രങ്ങൾ കാണുന്നുണ്ട്.
ഇത് പഴയ മലയാളമെഴുത്തിന്റെ ലിത്തൊഗ്രഫി അച്ചടി ആയതിനാൽ വായിക്കാൻ അത്ര എളുപ്പം ആവണമെന്നില്ല.
ഇതിൽ കൂടുതൽ ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.
തിരുവിതാംകൂർ വലിയ കൊട്ടാരത്തിൽ എഴുന്നള്ളത്തൊടുകൂടെ പാർക്കുന്ന വൈദ്യൻ പാച്ചുമൂത്തത് ഉണ്ടാക്കിയ കെരളഭാഷാവ്യാകരണം എന്ന മലയാളവ്യാകരണ പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശേഖരത്തിൽ നിന്നുള്ള ഒരു അച്ചടി പുസ്തകമാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശേഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 166-ാമത്തെപൊതുസഞ്ചയ രേഖ ആണിത്.
ഗുണ്ടർട്ടിൻ്റെ 1851ലെ മലയാള ഭാഷാ വ്യാകരണം, റവ. ജോർജ്ജ് മാത്തൻ്റെ 1863ലെ മലയാഴ്മയുടെ വ്യാകരണം, ഗുണ്ടർട്ടിൻ്റെ വ്യാകരണത്തെ അധികരിച്ച് ലിസ്റ്റൻ ഗാർത്തുവെയിറ്റ് 1867ൽ തയ്യാറാക്കിയ മലയാള വ്യാകരണ ചൊദ്യോത്തരം എന്നീ അച്ചടിപുസ്തകങ്ങൾക്ക് ശേഷം വന്ന മലയാളവ്യാകരണപുസ്തകമാണ് പാച്ചുമൂത്തതിൻ്റെ കെരള ഭാഷാവ്യാകരണം.
മലയാളിക്ക് മലയാളഭാഷ നന്നായി ഉപയോഗിക്കാൻ പഠിക്കാനായാണ് താൻ ഈ വ്യാകരണപുസ്തകം ചമയ്ക്കുന്നതെന്ന് പാച്ചുമൂത്തത് ഇതിൻ്റെ ആമുഖത്തിൽ പറയുന്നുണ്ട്.
ചോദ്യോത്തര ശൈലിയിലാണ് ഈ വ്യാകരണപുസ്തകത്തിലെ ഉള്ളടക്കം വികസിക്കുന്നത്. ലിപി പരമായി നോക്കിയാൽ സംവൃതോകാരത്തിന്നു ചന്ദ്രക്കല ഉപയോഗിക്കുന്നു എങ്കിലും അത് എല്ലായിടത്തും ഉപയോഗിച്ചിട്ടില്ല. അത് മൂലം കൃതിയുടെ പേരു തന്നെ കെരളഭാഷാവ്യാകരണം എന്നാണ്. അതേ പോലെ ഓ, ഏ കാര ചിഹ്നങ്ങളും ഉപയോഗിക്കുന്നില്ല. പക്ഷെ അക്ഷരങ്ങളിൽ ഒ,ഓ, എ, ഏ എന്നിവയെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ വ്യാകരണപുസ്തകം എഴുതിയ പാച്ചുമൂത്തത്, തന്നെപറ്റിയുള്ള വിശേഷണമായി പുസ്തകത്തിൻ്റെ ടൈറ്റിൽ പേജിൽ രേഖപ്പെടുത്തിയിരിക്കുന്നത് വലിയ കൊട്ടാരത്തിൽ എഴുന്നള്ളത്തൊടുകൂടെ പാർക്കുന്ന വൈദ്യൻ എന്നാണ്. അദ്ദേഹം തിരുവിതാംകൂർ കൊട്ടാരത്തിലെ ആസ്ഥാനവൈദ്യൻ ആയിരുന്നെന്ന് തോന്നുന്നു. ഈ വ്യാകരണപുസ്തകത്തിന്നു പുറമേ വേറെയും മലയാളകൃതികൾ അദ്ദേഹം രചിച്ചിട്ടൂണ്ട്. കൂടുതൽ അറിയാനായി അദ്ദേഹത്തെ പറ്റിയുള്ള മലയാളം വിക്കിപീഡിയ ലേഖനം വായിക്കുക.
ഇതിൻ്റെ ഉള്ളടക്കം വിശകലനം ചെയ്യാനുള്ള അറിവ് എനിക്കില്ല. ഈ പുസ്തകത്തിലെ ഉള്ളടക്കത്തിൽ താല്പര്യമുള്ളവർ ഈ പുസ്തകം വിശകലനം ചെയ്യുമല്ലോ. കൂടുതൽ വിശകലനത്തിന്നും പഠനത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.
ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിൻ്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിൻ്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.
(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)
ട്യൂബിങ്ങൻ ശേഖരത്തിൽ എനിക്കു (എന്റെ മകൻ സിറിലിനും) വ്യക്തിപരമായി ഏറെ ഉപകാരപ്പെട്ട ശിശുപാഠപുസ്തകം എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു അച്ചടി പുസ്തകമാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 165-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.
ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ
പേര്: ശിശുപാഠപുസ്തകം
പതിപ്പ്: പത്താം പതിപ്പ്
താളുകളുടെ എണ്ണം: ഏകദേശം 53
പ്രസിദ്ധീകരണ വർഷം:1904
രചയിതാവ്: മൂലകൃതിയുടെ രചയിതാവ് ജോസഫ് മൂളിയിൽ; റിവൈസ് ചെയ്ത് പുനഃപ്രസിദ്ധീകരിച്ചത് എം. കൃഷ്ണൻ.
പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം.
1904 – ശിശുപാഠപുസ്തകം
ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി
അക്ഷരം പഠിച്ചു തുടങ്ങുന്ന കുട്ടികളെ മലയാള അക്ഷരം എഴുതി പഠിപ്പിക്കാനുള്ള പുസ്തകമാണിത്. പരമ്പരാഗതമായ അ, ആ, ഇ… രീതിയിൽ മലയാള അക്ഷരപഠനം നടത്തിയിരുന്ന മലയാളികൾക്ക് ഇടയിലേക്ക് റ, ര, ത, ന… എന്നിങ്ങനെ ശാസ്ത്രീയമായ രീതിയിൽ ആദ്യം എളുപ്പമുള്ള അക്ഷരങ്ങളിൽ തുടങ്ങി ക്രമേണ എഴുതാൻ ബുദ്ധിമുട്ട് ഉള്ള അക്ഷരങ്ങളിലേക്ക് മുന്നേറി അക്ഷരപഠനം ക്രമമായി നടത്തി പൂർത്തിയാക്കുന്ന പരിപാടി കേരളത്തിൽ ആദ്യമായി അവതരിപ്പിച്ചത് ബാസൽ മിഷൻ മിഷനറിമാരാണ്. അതിനായി അവർ അവതരിപ്പിച്ച ആദ്യകാല പുസ്തകങ്ങളിൽ ഒന്നാണ് ഈ പൊസ്റ്റിലൂടെ പങ്കു വെക്കുന്ന ശിശുപാഠപുസ്തകം. ആ പുസ്തകത്തിന്റെ 1904ൽ ഇറങ്ങിയ പത്താം പതിപ്പാണ് ഈ പുസ്തകം.
ലിസ്റ്റൻ ഗാർത്തുവെയിറ്റാണ് ഇത്തരം പാഠ്യപദ്ധതി ഉണ്ടാക്കാൻ മുൻകൈ എടുത്തതെന്നാണ് എനിക്കു തോന്നുന്നത്. കാരണം 1860കൾ തൊട്ട് അദ്ദേഹമായിരുന്നു മലബാറിലെ സ്കൂൾ ഇൻസ്പെക്ടർ. 1880കളിലോ 1890കളിലോ ജോസഫ് മൂളിയിൽ ഇത് പ്രസിദ്ധീകരിച്ചു എന്നു ഞാൻ കരുതുന്നു. ഇത് 1904ലെ പത്താം പതിപ്പാണ്. ഈ പതിപ്പ് മദ്രാസ് സർക്കാരിന്റെ ഔദ്യോഗിക പരിഭാഷകൻ ആയിരുന്ന എം. കൃഷ്ണൻ പരിഷ്കരിച്ചതാണ്. എം. കൃഷ്ണന്റെ ബാലവ്യാകരണം അടക്കമുള്ള പല കൃതികളും നമ്മൾ ഇതിനകം കണ്ടതാണ്. മലബാറിലെ ഉപയോഗത്തിന്നായി പാഠപുസ്തകങ്ങൾ നിർമ്മിക്കുന്നതിൽ അദ്ദേഹം വളരെ സജീവമായി തന്നെ പങ്കെടുത്തിരുന്നു.
കാര്യം എന്തായാലും നമ്മൾ ഇന്നും പിൻതുടരുന്ന തറ, പന.. രീതിയിലുള്ള മലയാള അക്ഷരപഠനത്തിന്റെ തുടക്കം ഈ സീരിസിലുള്ള പാഠപുസ്തകങ്ങളിൽ നിന്നാണ്.
വ്യക്തിപരമായി എനിക്കും, മകൻ സിറിലിനും (ഇപ്പോൾ മകൾ അന്നയ്ക്കും) ഈ പുസ്തകം വളരെ പ്രയോജനപ്പെട്ടു/പെട്ടുകൊണ്ട് ഇരിക്കുന്നു. സിറിലിന്റെ മലയാള അക്ഷരപഠനം പൂർണ്ണമായും ഈ പുസ്തകത്തെ ആശ്രയിച്ചായിരുന്നു. ഒറ്റയടിക്ക് അക്ഷരപഠനം നടത്തുകയായിരുന്നില്ല ഞങ്ങൾ ചെയ്തത്. ഈ പുസ്തകത്തിൽ കാണുന്ന പോലെ ഓരോ ആഴ്ചയും ഓരോ പാഠം വെച്ചാണ് തീർത്തു പോയത്. അതുമൂലം ഏകദേശം ഒരു കൊല്ലമെടുത്ത് പഴയലിപിയിലുള്ള അക്ഷരപഠനം കൂട്ടക്ഷരങ്ങൾ അടക്കം ഞങ്ങൾ തീർത്തു. ഇത് ഞങ്ങൾ ചെയ്യുമ്പോൾ ഉപയോഗിച്ച വിവിധ സൂത്രവിദ്യങ്ങൾ (ഉദാ: പഴയ ലിപി, പുതിയ ലിപി വ്യത്യാസം എങ്ങനെ പരിചയപ്പെടുത്തണം, ചില കൂട്ടക്ഷരങ്ങൾ പഠിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സംഗതികൾ തുടങ്ങി പലതും) മറ്റും ചേർത്ത് ഞാൻ വേറൊരു പോസ്റ്റ് ഇടാം. കുട്ടികളെ സ്വന്തമായി മലയാളം പഠിപ്പിക്കുന്ന പ്രവാസി മലയാളികൾക്ക് പൂർണ്ണമായി ആശ്രയിക്കാവുന്ന ഒരു പുസ്തകം ആണ് ഇതെന്ന് ഞാൻ എന്റെ സ്വന്ത അനുഭവത്തിൽ നിന്നു പറയുന്നു.
മലയാള അക്ഷര പഠനത്തിൽ ഈ പാഠപുസ്തകം ചെലുത്തിയ സ്വാധീനം ഒക്കെ (പ്രത്യേകിച്ച് നമ്മൾ ഇപ്പൊഴും ഈ രീതി പിന്തുടരുന്നു എന്നതിനാൽ) വിലയിരുത്തേണ്ടതുണ്ട്. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.
ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിന്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.
(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)
You must be logged in to post a comment.