1843 – കേരളോല്പത്തിയുടെ ആദ്യത്തെ അച്ചടി പതിപ്പ്

ആമുഖം

കേരളത്തിൻ്റെ ഉല്പത്തി മുതൽ സാമൂതിരിയുടെ കാലം വരെയുള്ള സംഭവങ്ങൾ ചരിത്രം എന്ന രീതിയിൽ ക്രോഡീകരിച്ചിട്ടുള്ള പുസ്തകം ആണ്  കേരളോല്പത്തി.

ഈ പോസ്റ്റിൽ കേരളോല്പത്തിയുടെ രണ്ട് പതിപ്പുകളുടെ ഡിജിറ്റൽ സ്കാനുകൾ പങ്കു വെക്കുന്നു. 1843ൽ ഇറങ്ങിയ ഒന്നാം പതിപ്പും  1874ൽ ഇറങ്ങിയ മൂന്നാം പതിപ്പും. 1868ൽ ഇറങ്ങിയ രണ്ടാം പതിപ്പ് നമുക്ക് ഇതിനകം കിട്ടിയതാണ്.

ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്ക് ലഭിക്കുന്ന 104-മത്തെ സ്കാനാണ് ഈ പുസ്തകങ്ങൾ. ഇനിയും ധാരാളം രേഖകൾ റിലീസിനായി നിരനിരയായി നിൽക്കുന്നു. അതിനാൽ തന്നെ ഇനിയുള്ള ദിവസങ്ങളിൽ മലയാളത്തെ സംബന്ധിച്ച് അതീവപ്രാധാന്യമുള്ള ധാരാളം പൊതുസഞ്ചയരെഖകളുടെ സ്കാനുകൾ നിങ്ങൾക്ക് കാണാം.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

ഒന്നാം പതിപ്പ്

  • പേര്: കെരളൊല്പത്തി
  • താളുകളുടെ എണ്ണം: ഏകദേശം 60
  • പ്രസിദ്ധീകരണ വർഷം:1843
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം (ലിത്തോഗ്രഫി)
1843 - കേരളോല്പത്തി
1843 – കേരളോല്പത്തി

മൂന്നാം പതിപ്പ്

  • പേര്: കേരളോല്പത്തി
  • താളുകളുടെ എണ്ണം: ഏകദേശം 120
  • പ്രസിദ്ധീകരണ വർഷം:1874
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
1874_കേരളോല്പത്തി
1874_കേരളോല്പത്തി

ഈ പൊതുസഞ്ചയരേഖകളുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ഹെർമ്മൻ ഗുണ്ടർട്ട്  വിവിധ പാഠഭേദങ്ങൾ നോക്കി 1843ൽ ഈ പുസ്തകത്തിൻ്റെ ആദ്യ പതിപ്പ്  ക്രോഡീകരിച്ച് പ്രസിദ്ധീകരിച്ചതോടെ ആണ് ഇത് സവിശേഷ ശ്രദ്ധ നേടീയത്. അതു വരെ മിഷനറിമാർ (സി.എം.എസ്/ബാസൽ മിഷൻ) പുറത്തിറക്കിയിരുന്ന  ക്രൈസ്തവമത പുസ്തകങ്ങൾ മാത്രം കണ്ടിരുന്ന ആളുകൾക്ക് ഇടയിലേക്ക് ഇത്തരം ഒരു പൊതുരചന അച്ചടി പുസ്തകമായി വന്നത് പുസ്തകത്തിൻ്റെയും ഗുണ്ടർട്ടിൻ്റെയും പ്രശസ്തി വളരെയധികം വർദ്ധിപ്പിച്ചു.

മംഗലാപുരത്തുള്ള ബാസൽ മിഷൻ്റെ ലിത്തോഗ്രഫി പ്രസ്സിൽ ആണ് ആദ്യത്തെ പതിപ്പ് അച്ചടിച്ചിരിക്കുന്നത്. (തലശ്ശേരിയിലെ ലിത്തോഗ്രഫി പ്രസ്സ് ഇക്കാലത്ത് സ്ഥാപിതമായിട്ടില്ല) പിന്നീടുള്ള രണ്ട് പതിപ്പുകൾ ബാസൽ മിഷൻ്റെ തന്നെ ലെറ്റർ പ്രസ്സിലും ആണ് അച്ചടിച്ചിരിക്കുന്നത്. (1865ൽ ആണ് ബാസൽ മിഷൻ മംഗലാപുരത്ത് ലെറ്റർ പ്രസ്സ് സ്ഥാപിക്കുന്നത് )

ഒന്നാം പതിപ്പിന്നു പ്രത്യേക കവർ പേജ് ഒന്നും ഇല്ല. ഏറ്റവും അവസാനത്തെ പേജിലാണ് പ്രസ്സിൻ്റെ വിവരങ്ങൾ പോലും കൊടുത്തിരിക്കുന്നത്. മാത്രമല്ല ഒന്നാം പതിപ്പിലെ ഉള്ളടക്കം വളരെ തിക്കി കൂട്ടിയാണ് വെച്ചിരിക്കുന്നത്. പേജിൻ്റെ വലിപ്പവും കൂടുതൽ ആണ്.

ഒന്നാം പതിപ്പിൽ നിന്ന് രണ്ടാം പതിപ്പിലും മൂന്നാം പതിപ്പിലും എത്തുമ്പോൾ മലയാളലിപിക്ക് സംഭവിച്ച ത്വരിതഗതിയിലുള്ള പരിണാമം ശ്രദ്ധേയമാണ്. പുസ്തകത്തിൻ്റെ പേരു തന്നെ കെരളൊല്പത്തിയിൽ  നിന്ന് കേരളോല്പത്തിയായി. അതിനു പുറമേ ചന്ദ്രക്കലയുടെ ഉപയോഗം (1843ൽ അങ്ങനെ ഒരു സംഗതിയെ ഇല്ല) വാക്കുകൾക്ക് ഇടയിലെ സ്പെസ് പങ്ചെഷൻ ചിഹ്നങ്ങൾ ഇതൊക്കെ  കാണാം.

മറ്റൊന്നു എടുത്ത് പറയേണ്ടത് എല്ലാ പതിപ്പിലും പാഠഭേദങ്ങൾ വെറും ബ്രാക്കറ്റ്, സ്ക്വയർ ബ്രാക്കറ്റ് ഇതൊക്കെ വെച്ച് എടുത്ത് കാണിച്ചിട്ടൂണ്ട് എന്നതാണ്.

ഇതിൽ കൂടുതൽ ഈ പൊതുസഞ്ചയ രേഖകൾ വിശകലനം ചെയ്യാനുള്ള അറിവ് എനിക്കില്ല. അത് ഗവേഷകരും മറ്റും ചെയ്യുമല്ലോ.

കേരളോല്പത്തിയെ പറ്റിയുള്ള പൊതുവായ വിവരങ്ങൾക്ക് ഈ വിക്കിപീഡിയ ലേഖനം കാണുക.

ഈ പുസ്തകത്തിൻ്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാനുകൾ പങ്കു വെക്കുന്നു. ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്. (ഒരു ലോ റെസലൂഷൻ പതിപ്പ് കൂടെ ലഭ്യമാക്കാമോ എന്ന് അഭ്യർത്ഥിച്ചിട്ടൂണ്ട്.‌)   അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

ഒന്നാം പതിപ്പ്:

രണ്ടാം പതിപ്പ്:

1868ൽ ഇറങ്ങിയ രണ്ടാം പതിപ്പ് നമുക്ക് ഇതിനകം കിട്ടിയതാണ്.

മൂന്നാം പതിപ്പ്:

 

1847 – ഹിതോപദേശഃ

ആമുഖം

മലയാളലിപിയിലുള്ള സംസ്കൃതപുസ്തകമായ ഹിതോപദേശഃ എന്ന അച്ചടി പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. പുസ്തകം പൂർണ്ണമായി സംസ്കൃതത്തിൽ ആയതിനാൽ   ഇതുവരെയുള്ള തെളിവ് വെച്ച് ഈ പുസ്തകം കേരളത്തിൽ അച്ചടിച്ച ആദ്യത്തെ സംസ്കൃത രചനയാണ്.

ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശേഖരത്തിൽ നിന്നു നമുക്ക് ലഭിക്കുന്ന 102-ആമത്തെ സ്കാനാണ് ഈ പുസ്തകം.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: ഹിതോപദേശഃ
  • താളുകളുടെ എണ്ണം: ഏകദേശം 86
  • പ്രസിദ്ധീകരണ വർഷം:1847
  • പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം
1847 - ഹിതോപദേശഃ
1847 – ഹിതോപദേശഃ

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

86 താളുകൾ മാത്രമുള്ള ഈ പുസ്തകം 1847ൽ ആണ് അച്ചടിച്ചിരിക്കുന്നത്. ബെഞ്ചമിൻ ബെയിലി കോട്ടയത്ത് ഉള്ള സമയമാണ് ഇത്.

വിഷ്ണുശൎമ്മണാ സംഗ്രഹീതഃ എന്നു കാണുന്നതിനാൽ വിഷ്ണുശൎമ്മ ആണ് ഇത് സംഗ്രഹിച്ചത് എന്നു കരുതാം.

ഛാത്രാണാം ഹിതാൎത്ഥം… എന്നു തുടങ്ങുന്ന ഖണ്ഡികയുടെ അർത്ഥം “വിദ്യാർത്ഥികളുടെ നന്മയ്ക്കുവേണ്ടി, ഇംഗ്ലണ്ടിലെയും ബംഗാളിലെയും ചില പണ്ഡിതർകളാൽ പരിശോധിപ്പിക്കപ്പെട്ടു, തെറ്റുകൾ തിരുത്തപ്പെട്ടതും കോട്ടയത്തിലെ മിഷൻ പ്രസ്സിൽ അച്ചടിക്കപ്പെട്ടതും” എന്നാണെന്ന് മുൻപ് ഒരു ചർച്ചയിൽ സംസ്കൃതം അറിയുന്ന ശ്രീ നാരായണൻ ആയുർവ്വേദ വ്യക്തമാക്കിയിട്ടുള്ളതാണ്.

സംസ്കൃതം ഒട്ടുമേ അറിയാത്തതിനാൽ ഇതിലെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് ഉപയോഗിക്കുന്നവർ ചെയ്യുമല്ലോ.

ഡിജിറ്റൈസ് ചെയ്ത ഈ പതിപ്പ് ഗുണ്ടർട്ടിൻ്റെ സ്വകാര്യ കോപ്പിയാണെന്ന് അതിൽ കാണുന്ന ഗൂണ്ടർട്ടിൻ്റെ പേരും അത് കിട്ടിയ വർഷവും അദ്ദേഹം രേഖപ്പെടുത്തിയതിൽ നിന്ന് മനസ്സിലാക്കാം.

ഈ പുസ്തകത്തിൻ്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു. ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്. (ഒരു ലോ റെസലൂഷൻ പതിപ്പ് കൂടെ
ലഭ്യമാക്കാമോ എന്ന് അഭ്യർത്ഥിച്ചിട്ടൂണ്ട്.‌)   അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിൻ്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിൻ്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.

(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

 

1853 – ഭൂമിശാസ്ത്രം – റവ: ജോസഫ് പീറ്റ്

ആമുഖം

മലയാളത്തിൽ അച്ചടിച്ച ആദ്യത്തെ ഭൂമിശാസ്ത്ര പുസ്തകം എന്നു കരുതപ്പെടുന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇതിനു മുൻപ് ക്രമീകൃതമായ വിധത്തിൽ ഭൂമിശാസ്ത്രം പഠിപ്പിക്കുന്ന മറ്റു പുസ്തകങ്ങൾ ഇത് വരെ കണ്ടെടുക്കപ്പെട്ടിട്ടില്ല.

സി.എം.എസ്. മിഷനറി, സാമൂഹിക പരിഷ്കർത്താവ്, പരിഭാഷകൻ, അദ്ധ്യാപകൻ, വൈയാകരണൻ തുടങ്ങി വിവിധ മെഖലകളിൽ വലിയ സംഭാവനകൾ ചെയ്തിട്ടുള്ള ജോസഫ് പീറ്റ് ആണ് ഇതിന്റെ രചയിതാവ്.

ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്ക് ലഭിക്കുന്ന 101-മത്തെ സ്കാനാണ് ഈ പുസ്തകം.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: ഭൂമിശാസ്ത്രം
  • താളുകളുടെ എണ്ണം: ഏകദേശം 225
  • പ്രസിദ്ധീകരണ വർഷം:1853
  • പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയംDumpy and Sinclair Litho, ചെന്നെ
1853 – ഭൂമിശാസ്ത്രം - റവ: ജോസഫ് പീറ്റ്
1853 – ഭൂമിശാസ്ത്രം – റവ: ജോസഫ് പീറ്റ്

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ഭൂമിശാസ്ത്രവിഷയത്തിലുള്ള മലയാളത്തിലുള്ള ആദ്യത്തെ പുസ്തകം എന്നതാണ് ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ സവിശേഷത. സൂര്യൻ, ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ തുടങ്ങിയവയേയും, ഭുഖണ്ഡങ്ങളിൽ തുടങ്ങി അക്കാലത്തെ പ്രമുഖമായ എല്ലാ രാജ്യങ്ങളേയും പട്ടണങ്ങളേയും ഈ പുസ്തകത്തിൽ പരിചയപ്പെടുന്നുണ്ട്. ചോദ്യോത്തര രൂപത്തിലാണ് ഇതിന്റെ ഉള്ളടക്കം വികസിപ്പിച്ചിരിക്കുന്നത്.

മുകളിൽ പറഞ്ഞ ഉള്ളടക്കത്തിന്നു പുറമേ ഭൂപടങ്ങൾ ആണ് ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ വേറൊരു പ്രത്യേകത. മലയാളത്തിൽ ആദ്യമായി ഭൂപടങ്ങൾ അതിന്റെ എല്ലാ പ്രത്യെകതകളൊടും കൂടെ ഉപയോഗിച്ച ആദ്യത്തെ പുസ്തകവും ഇതാണ്. (ഇതിനു മുൻപ് 1848ൽ ഫ്രെഡറിക്ക് മുള്ളറും ഗുണ്ടർട്ടും കൂടെ രേഖാ ചിത്രം പോലെ പശ്ചിമോദയം മാസികയിൽ തലശ്ശെരിയിലെ കല്ലച്ച് ഉപയോഗിച്ച്  ഭൂപടം നിർമ്മിക്കുന്നു എങ്കിലും അത് പൂർണ്ണ അർത്ഥത്തിൽ അതിന്റെ എല്ലാ പ്രത്യേകതകളോടും കൂടെ ഭൂപടം അല്ല).

ബാസൽ മിഷൻ 1865ൽ മംഗലാപുരത്ത് ആധുനിക ലെറ്റർ പ്രസ്സ് സ്ഥാപിക്കുന്നതു വരെ മലയാളമച്ചടിയിൽ എഴുത്തിനൊപ്പം ചിത്രങ്ങൾ അച്ചടിക്കുന്നത് (പൊതുവെ ചിത്രങ്ങൾ അച്ചടിക്കുന്നത് തന്നെ) വലിയ കടമ്പ ആയിരുന്നു. അതു വരെ മലയാളപുസ്തകങ്ങളിൽ ചിത്രങ്ങൾ വളരെ കുറവായിരുന്നു. അപൂർവ്വമായി കാണുന്ന ചിത്രങ്ങൾ അച്ചടിച്ചത് ലിത്തോഗ്രഫി പ്രസ്സുകളിൽ ആയിരുന്നു. ചിത്രങ്ങൾ മാത്രം ലിത്തോഗ്രഫി പ്രസ്സുകളീൽ അച്ചടിച്ചു കൊണ്ട് വന്ന് ലെറ്റർ പ്രസ്സിൽ അച്ചടിച്ച പുസ്ത്കത്തിന്റെ ഉള്ളടക്കത്തോടു കൂട്ടിചേത്ത് ബൈൻഡ് ചെയ്ത് ഇറക്കുക എന്നതായിരുന്നു അന്നത്തെ എളുപ്പ പരിഹാരം. ഈ പരിഹാരം ആദ്യമായി ഉപയോഗിച്ച ഒരാൾ റവ: ജോസഫ് പീറ്റ് ആണ്.

ഈ പരിഹാരം ആദ്യമായി പരീക്ഷിച്ച ഒരാൾ സി.എം.എസ് മിഷനറി ആയിരുന്ന റവ: ജോസഫ് പീറ്റ് ആയിരുന്നു. ഈ ഭൂമിശാസ്ത്ര പുസ്തകത്തിൽ ഉള്ളടക്കം കോട്ടയം സി.എൻ.എസ് പ്രസ്സിലും, ഭൂപടങ്ങൾ ചെന്നെയിലെ Dumpy and Sinclair Litho എന്ന ലിത്തോഗ്രഫി പ്രസ്സിലും ആണ് അച്ചടിച്ചിരിക്കുന്നത്.  ഈ ഭൂപടത്തിന്നു അകത്തുള്ള മലയാളമെഴുത്ത് എഴുതിയത് കുപ്പുസ്വാമിരാജാവ് എന്ന ഒരാൾ ആണെന്ന് ഭൂപടത്തിന്റെ കീഴെയുള്ള എഴുത്തിൽ നിന്നു മനസ്സിലാക്കാം.

ജൊസഫ് പീറ്റിന്റെ 1853ലെ ഭുമിശാസ്ത്രപുസ്തകമാണ് ഇതുവരെ ലഭ്യമായ തെളിവു വെച്ച് മലയാളത്തിലെ ആദ്യത്തെ ഭൂമിശാസ്ത്ര പുസ്തകം.

ഇതിൽ കൂടുതൽ  ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു. ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിന്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.

(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)