archive.org ബാംഗ്ലൂരിൽ ഡിജിറ്റൈസേഷൻ ഹബ്ബ് സ്ഥാപിച്ചു

ആമുഖം

സന്നദ്ധപ്രവർത്തകർ നടത്തുന്ന പൊതുസഞ്ചയ/സ്വതന്ത്ര ലൈസൻസ് പുസ്തക ഡിജിറ്റൈസേഷൻ പ്രവർത്തനങ്ങൾക്ക് പുത്തനുണർവ് നൽകി കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ലൈബ്രറികളിൽ ഒന്നായ archive.org പൊതുസഞ്ചയ/ഫ്രീ ലൈസൻസ് പുസ്തകങ്ങളെ ഡിജിറ്റൈസ് ചെയ്യാനായി ബാംഗ്ലൂരിൽ ഒരു ഡിജിറ്റൈസേഷൻ ഹബ്ബ് സ്ഥാപിച്ചു. കഴിഞ്ഞ പത്തോളം വർഷങ്ങളായി ഞാൻ എന്റെ ഒഴിവു സമയത്ത് നടത്തുന്ന മലയാളവും കേരളവുമായി ബന്ധപ്പെട്ട ഡിജിറ്റൈസേഷൻ പ്രവർത്തനങ്ങളുടെ നട്ടെല്ലാണ് archive.org. ബാംഗ്ലൂരിൽ ഇങ്ങനെ ഒരു സംവിധാനം ഒരുങ്ങിയതോടെ എനിക്കു archive.orgമായി കൂടുതൽ നേരിട്ടു സഹകരിക്കാനുള്ള അവസരം ഒരുങ്ങി. ഈ വിഷയങ്ങൾ ഒക്കെ കൈകാര്യം ചെയ്യുന്ന അറിയിപ്പ് ആണ് ഈ പോസ്റ്റ്.

archive.org, ബ്രൂസ്റ്റർ കാൾ

ഡിജിറ്റൽ ലൈബ്രേറിയനും, കമ്പ്യൂട്ടർ എഞ്ചിനീയറും, ഇന്റർനെറ്റ് ആക്ടിവിസ്റ്റും ഒക്കെയായ ബ്രൂസ്റ്റർ കാൾ (Brewster Kahle)  എന്ന അമേരിക്കൻ ഇന്റർനെറ്റ് സംരംഭകൻ 1996ൽ ആണ് Internet Archive (https://archive.org/) എന്ന സൗജന്യ ലോക ഡിജിറ്റൽ ലൈബ്രറിക്ക് തുടക്കമിടുന്നത്. ഇന്റർനെറ്റ് ഉപയോഗിക്കുന്നവരിൽ വിക്കിപീഡിയ പോലെ തന്നെ archive.orgന്റെ സേവനം ഉപയോഗിക്കാത്ത ആളുകൾ കുറവായിരിക്കും.

Brewster Kahle 2009

സാമ്പത്തിക ലാഭേച്ഛയില്ലാതെ പൊതുജനങ്ങളുടെ സംഭാവന ഉപയോഗിച്ചാണ് ഇതിന്റെ പ്രവർത്തനം. Internet Archive പല മാനങ്ങളുള്ള ബൃഹ്ദ് പദ്ധതിയാണ്. അതിലെ ഒരു സംഗതി മാത്രാണ് പുസ്തക ഡിജിറ്റൈസേഷൻ. Internet Archiveനെ പറ്റിയുള്ള പ്രാഥമിക വിവരത്തിന്നു ഈ വിക്കിപീഡിയ ലേഖനം വായിക്കുക.  അതിന്റെ സ്ഥാപനകനായ ബ്രൂസ്റ്റർ കാളിനെ പറ്റിയുള്ള വിവരത്തിന്നു ഇവിടെയും വായിക്കുക.

ബ്രൂസ്റ്റർ കാളിനെപറ്റിയും ആർക്കൈവ്.ഓർഗിനെ പറ്റിയും മാതൃഭൂമി നഗരത്തിൽ കുറച്ചുനാൾ മുൻപ് വന്ന ഒരു
ലേഖനം ഇവിടെ കാണാം

ബ്രൂസ്റ്റർ കാളിന്റെ ഡിജിറ്റൈസേഷൻ രീതി

എന്നെ പോലുള്ള സന്നദ്ധപ്രവർത്ത്കർ നടത്തുന്ന ഡിജിറ്റൈസേഷൻ ആണ് ആർക്കൈവ്.ഓർഗിന്റെ ഡിജിറ്റൈസേഷനിൽ വലിയ ഒരു പങ്ക്. അതിനു പുറമെ നിരവധി ലൈബ്രറികൾ ആർക്കൈവ്.ഓർഗുമായി കൊളാബറേറ്റ് ചെയ്യുന്നു. മുൻപ് സ്ഥാപനങ്ങളിൽ വലിയ ബുക്ക് സ്കാനറുകൾ സംഭാവന ചെയ്ത് അവരെ ഇതിന്റെ ഭാഗമാക്കാൻ ബ്രൂസ്റ്റർ കാൾ ശ്രമിച്ചിരുന്നു എന്നാൽ സർക്കാർ/പ്രൈവറ്റ് സ്ഥാപനങ്ങളിൽ അവരെ തന്നെ പൂർണ്ണമായി ആശ്രയിച്ച് ഡിജിറ്റൈസേഷൻ ഹബ്ബ് സ്ഥാപിക്കുന്ന പരിപാടി ബ്രൂസ്റ്റർ കാൾ വർഷങ്ങൾക്ക് മുൻപ് നിർത്തിയതാണ്. ആദ്യത്തെ കോലാഹലങ്ങൾക്ക് ശെഷം സ്ഥാപനത്തിനും അതിലെ ജീവനക്കാർക്കും ഈ വിഷയത്തിലുള്ള താല്പര്യം ഇല്ലാതായി ഡിജിറ്റൈസേഷൻ ഹബ്ബ് അല്പനാളുകൾക്ക് ഉള്ളിൽ തന്നെ മൃതിയടയും എന്ന് ബ്രൂസ്റ്റർ കാളിനു ഇതിനു മുൻപുണ്ടായ പല അനുഭവങ്ങളിൽ നിന്ന് വ്യക്തമായതാണ്. അതിനാൽ തന്നെ സ്ഥാപനങ്ങൾക്ക് അവരുടെ കസ്റ്റഡിയിൽ അങ്ങനെ ഒരു സൗകര്യം ഇപ്പോൾ ആർക്കൈവ്.ഓർഗ് നൽകാറില്ല.

ആർക്കൈവ്.ഓർഗിന്റെ വമ്പൻ ഡിജിറ്റൈസേഷൻ ഹബ്ബ് ബ്രൂസ്റ്റർ കാൾ ഫിലിപ്പൻസിൽ സ്ഥാപിച്ചിട്ടൂണ്ട്. ഈ ഡിജിറ്റൈസേഷൻ ഹബ്ബിലേക്ക് പുസ്തകങ്ങൾ അമേരിക്കയിൽ നിന്ന് അയച്ച് അവിടെ നിന്നാണ് ആർക്കൈവ്.ഓർഗിന്റെ നിലവിലെ നേരിട്ടുള്ള ഡിജിറ്റൈസേഷൻ പദ്ധതി. 100ലധികം സ്കാനറുകളിൽ നിന്ന് പതിനായിരക്കണക്കിനു പേജുകളാണ് ഫിലിപ്പൻസിലെ ഡിജിറ്റൈസേഷൻ ഹബ്ബിൽ നിന്ന് ഓരോ ദിവസവും ആർക്കൈവ്.ഓർഗിൽ എത്തപ്പെടുന്നത്.

കാൾ മൽമൂദ്

ഇപ്പോൾ ഇന്ത്യയിൽ ആർക്കൈവ്.ഓർഗ് ഇടപെടാൻ കാരണമായി തീർന്നിരിക്കുന്ന കാൾ മൽമൂദിനെ പറ്റി ഞാൻ അല്പനാളുകൾക്ക് മുൻപ് വിശദ ലേഖനം എഴുതിയിട്ടുണ്ട്. അത് ഇവിടെ കാണുക.

കാൾ മൽമൂദ്
കാൾ മൽമൂദ് (Image courtesy:https://www.pressdemocrat.com/news/2267642-181/after-years-of-dogging-government)

 

കാൾ മൽമൂദ് ബാംഗ്ലൂരിൽ നടത്തിയ ഇടപെടൽ

കാൾ മൽമൂദ് കഴിഞ്ഞ വർഷം തന്റെ ഇന്ത്യയിലെ പ്രഭാഷണങ്ങളുമായി ബന്ധപ്പെട്ട് ബാംഗ്ലൂരിലുള്ള ഇന്ത്യൻ അക്കാദമി ഓഫ് സയൻസസ് സന്ദർശിച്ചു. ഇന്ത്യൻ അക്കാദമി ഓഫ് സയൻസിന്റെ ഡയറക്ടർ വളരെ സൗഹാർദ്ദപരമായി ആർക്കൈവ്.ഓർഗും കാൾ മൽമൂദും നടത്തുന്ന പ്രവർത്തനങ്ങളുടെ പ്രാധാന്യം മനസ്സിലാക്കി ഇതുമായി ബന്ധപ്പെട്ട ഒരു പദ്ധതിയിൽ സഹകരിക്കാൻ താല്പര്യം പ്രകടിപ്പിച്ചു.  ഇതോടെ ബാംഗ്ലൂരിൽ ഒരു ഡിജിറ്റൈസേഷൻ ഹബ്ബ് സ്ഥാപിക്കാനുള്ള പ്രാഥമിക ചർച്ച തുടങ്ങി.

ഏതാണ്ട് ഈ സമയത്ത് തന്നെ ബാംഗ്ലൂരിൽ ആർക്കൈവ്.ഓർഗുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സന്നദ്ധപ്രവർത്തകരേയും കാൾ മൽമൂദ് ബന്ധപ്പെടുന്നുണ്ടായിരുന്നു. എന്നെ കാൾ മൽമൂദിനു പരിചയപ്പെടുത്തി കൊടുത്തത് ഡൽഹി നാഷണൽ ലോ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസർ ആയ അരുൾ ജൊർജ്ജ് സ്കറിയ ആണ്.

ആർക്കൈവ്.ഓർഗുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സന്നദ്ധപ്രവർത്തകരുടെ സഹകരണവും, ഇന്ത്യൻ അക്കാദമി ഓഫ് സയൻസിന്റെ സഹകരണവും വന്നതോടെ കാൾ മൽമൂദ്, ബ്രൂസ്റ്റർ കാളുമായി സംസാരിച്ച് ബാംഗ്ലൂരിൽ ആർക്കൈവ്.ഓർഗിന്റെ ഒരു ഡിജിറ്റൈസേഷൻ ഹബ്ബ് സ്ഥാപിക്കാനുള്ള പദ്ധതിക്ക് ചുക്കാൻ പിടിച്ചു. ഇന്ത്യൻ അക്കാദമി ഓഫ് സയൻസസ് തങ്ങളുടെ കാമ്പസിൽ ഒരു ഡിജിറ്റൈസേഷൻ ഹബ്ബ്  സ്ഥാപിക്കാനാവശ്യമായ ഇൻഫ്രാസ്റ്റ്രച്ചർ വാഗ്ദാനം ചെയ്തതോടെ ആണ് അതിനുള്ള വഴി ഒരുങ്ങിയത്.

സർക്കാർ/പ്രൈവറ്റ് സ്ഥാപനങ്ങളിൽ ഡിജിറ്റൈസേഷൻ സ്കാനർ ഉപയോഗിക്കാതെ നശിച്ചു പൊകും എന്ന പ്രശ്നം പരിഹരിക്കാനായി, എവിടെയെങ്കിലും ഈ സ്കാനർ വെച്ചാൽ ആ സ്ഥാപനത്തിന്റെ ഈ വിഷയത്തിലെ ഇടപെടൽ, ഡിജിറ്റൈസേഷൻ ഹബ്ബ് സ്ഥാപിക്കാനുള്ള ഇൻഫ്രാസ്റ്റ്രച്ചർ ഒരുക്കുക എന്ന ഒരു കാര്യത്തിൽ മാത്രം ഒതുക്കാൻ കാൾ മൽമൂദും ബ്രൂസ്റ്റർ കാളും തീരുമാനിച്ചു. ഒരു സിറ്റിയിലെ ഡിജിറ്റൈസേഷൻ ഹബ്ബിന്റെ പ്രവർത്തനങ്ങൾ അതത് നഗരത്തിലെ വിശ്വസ്തരും സമാനമായ പ്രവർത്തന മേഖലയിൽ മുൻപ് കഴിവ് തെളിയിച്ചവരും ആയ സന്നദ്ധപ്രവർത്തകരുടെ ചുമലതല ആക്കുക എന്ന പരിഹാരം ആണ് കാൾ മൽദൂദ് ഇതിനായി കണ്ടെത്തിയത്. ഡിജിറ്റൈസേഷൻ സ്കാനറിന്റെ ഉടമസ്ഥർ ആർക്കൈവ്.ഓർഗിനു തന്നെയായിരിക്കും. സ്കാനർ ഉപയോഗിച്ചെല്ലെങ്കിൽ ആർക്കൈവ്.ഓർഗ് അത് തിരിച്ചെടുക്കും.

ബാംഗ്ലൂർ ടിടി സ്ക്രൈബ്

ബാംഗ്ലൂരിൽ ഡിജിറ്റൈസേഷൻ ഹബ്ബിനു വേണ്ടി ആർക്കൈവ്.ഓർഗ് തങ്ങൾ തന്നെ കസ്റ്റമൈസ് ചെയ്ത് നിർമ്മിച്ച Table Top Scribe System (https://archive.org/details/tabletopscribesystem) ബാംഗ്ലൂരിൽ ഇന്ത്യൻ അക്കാദമി ഓഫ് സയൻസസിൽ സ്ഥാപിച്ചു.

 

ttscribe
ttscribe

ഈ ടിടി സ്ക്രൈബ് സ്ഥാപിച്ചിരിക്കുന്നത് ബാംഗ്ലൂരിൽ ആയതിനാൽ ഇവിടുത്തെ മുൻഗണന ഇന്ത്യൻ അക്കാദമി ഓഫ് സയൻസസ് കൊടുക്കുന്ന പുസ്തകങ്ങളും പിന്നെ കന്നഡ പൊതുസഞ്ചയ പുസ്തകങ്ങൾക്കും ആണ്.

ബാംഗ്ലൂർ ടിടി സ്ക്രൈബിന്റെ പ്രവർത്തനം

ഡിജിറ്റൈസേഷൻ ഹബ്ബിന്റെ പ്രവർത്തന ചുമതല സന്നദ്ധപ്രവർത്തകർക്ക് ആയതിനാൽ ഡിജിറ്റൈസ് ചെയ്യാനുള്ള സംഗതികൾ എപ്പോഴും ഉണ്ട് എന്ന് ഉറപ്പാക്കേണ്ട ചുമതല അവർക്കാണ്. ബാംഗ്ലൂരിലെ പ്രധാനഫോക്കസ് കന്നഡ പുസ്തകങ്ങൾ ആയതിനാൽ അത് മൊത്തം നിലവിൽ മാനേജ് ചെയ്യുന്നത് കന്നഡ കമ്പ്യൂട്ടിങ് സംബന്ധമായ നിരവധി സന്നദ്ധപ്രവർത്തനങ്ങൾ മുൻപ് നടത്തി ശ്രദ്ധതെളിയിച്ച
കന്നഡക്കാരനായ ഓം‌ശിവപ്രകാശ് ആണ്. ഒപ്പം എന്റെ ഒഴിവു സമയത്ത് ഈ ടിടി സ്ക്രൈബിന്റെ സൗകര്യം മലയാളത്തിനു വേണ്ടി ഞാനും ഉപയോഗിക്കുന്നു,

എന്നാൽ ഓം‌ശിവപ്രകാശും ഞാനും ഒക്കെ സന്നദ്ധപ്രവർത്തകർ ആയതിനാൽ ഞങ്ങൾക്ക് പ്രവർത്തിദിവസങ്ങളിലോ ഒഴിവു ദിവസങ്ങളിലോ മുഴുസമയം ഇന്ത്യൻ അക്കാദമി ഓഫ് സയൻസിൽ പോയിരുന്ന് രേഖകൾ ഡിജിറ്റൈസ് ചെയ്യാൻ പറ്റില്ല. അതിനാൽ ഇതിനു വേണ്ടി മാസ ശമ്പളത്തിൽ ഒരു ഓപ്പറേറ്ററെ ബാംഗ്ലൂരിൽ ഓം‌ശിവപ്രകാശ് നിയമിച്ചു. അതിനു വേണ്ടുന്ന ഫണ്ട് ചില എൻജിഓകൾ വഴിയായി ഓം‌ശിവപ്രകാശ് സംഘടിപ്പിച്ചു. ആ വിധത്തിൽ കഴിഞ്ഞ രണ്ടു- മൂന്നു മാസമായി ഈ പദ്ധതി ഓടുന്നു. കഴിഞ്ഞ രണ്ടു മുന്നുമാസത്തിനിടയിൽ ഏതാണ്ട് 350ൽ പരം പുസ്തകങ്ങളിലെ ഒരു ലക്ഷത്തിൽ പരം പേജുകൾ ആണ് ബാംഗ്ലൂരിലെ ഡിജിറ്റൈസേഷൻ ഹബ്ബിൽ നിന്ന് ഡിജിറ്റൈസ് ചെയ്ത് ആർക്കൈവ്.ഓർഗ് വഴി പൊതുഇടത്തിലേക്ക് വന്നത്.

ബാംഗ്ലൂർ ടിടി സ്ക്രൈബിൽ നിന്നു ഡിജിറ്റൈസ് ചെയ്ത് പുറത്തു വന്ന രേഖകൾ

ഇന്ത്യൻ അക്കാദമി ഓഫ് സയൻസസ് കൊടുക്കുന്ന പുസ്തകങ്ങളും, കാൾ മൽമൂദിന്റെ ശേഖരത്തിൽ നിന്നുള്ള Asian Educational Services പുസ്തകങ്ങളും, ഓം‌ശിവപ്രകാശ് കൊടുക്കുന്ന കന്നഡ പുസ്തകങ്ങളും ബാംഗ്ലൂർ ടിടി സ്ക്രൈബിന്റെ ഓപ്പറേറ്റർ കൈകാര്യം ചെയ്ത പുസ്തകങ്ങളിൽ ഉൾപ്പെടുന്നു. അത് എല്ലാം ഇവിടെ കാണാം:

ഈ വിധത്തിൽ ഇന്ത്യൻ അക്കാദമി ഓഫ് സയൻസ് കൊടുത്ത അമ്പതിൽ പകരം ശാസ്ത്രസംബന്ധിയായ  പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് പൊതുവായി ലഭ്യമാക്കിയതിന്റെ പട്ടിക ഇവിടെ കാണാം

ബാംഗ്ലൂരിലെ സെന്ററിന്റെ പ്രധാന ഉദ്ദേശം കന്നഡ പുസ്തകങ്ങൾ ആയതിനാൽ കന്നഡ എൻജിഓകൾ ഫണ്ട് ചെയ്യുന്ന ഓപ്പറേറ്ററെ മലയാളം പുസ്തകങ്ങൾ ചെയ്യാനായി ഉപയോഗിക്കാൻ എനിക്കു പരിമിതി ഉണ്ട്. അത് മൂലം മലയാള/കേരള രേഖകൾ ശനി, ഞായർ ദിവസങ്ങളിൽ കുറച്ചു മണിക്കൂറുകൾ ഇന്ത്യൻ അക്കാദമി ഓഫ്  സയൻസിൽ പോയിരുന്നു ഞാൻ തന്നെ ഡിജിറ്റൈസ് ചെയ്യുന്നു. കഴിഞ്ഞ മൂന്നു മാസത്തിനിടക്ക് ഏതാണ്ട്  100ഓളം മലയാള രേഖകളിലെ 15,000ത്തിൽ പരം പേജുകൾ ആണ് ഈ വിധത്തിൽ ഞാൻ ചെയ്തത്. അത്
മൊത്തം ഇവിടെ കാണാം

ഇത് ഞാൻ എന്റെ വീട്ടിലെ പരിമിതമായ സൗകര്യത്തിൽ വീട്ടിലിരുന്നു ചെയ്യുകയായിരുന്നെങ്കിൽ കുറഞ്ഞത്  രണ്ട് വർഷം എങ്കിലും എടുക്കുമായിരുന്നു. ഞാൻ കഴിഞ്ഞ 3 മാസത്തിനിടക്ക് പുറത്ത് വിട്ട് 100ൽ പരം രേഖകൾ എന്ത് കൊണ്ട് ഇത്ര പെട്ടന്ന് ചെയ്യാൻ പറ്റി എന്നതിനു ഉത്തരമാണ് ആർക്കൈവ്.ഓർഗ് ബാംഗ്ലൂരിൽ ഇന്ത്യൻ അക്കാദമി ഓഫ് സയൻസിൽ സ്ഥാപിച്ച ഡിജിറ്റൈസേഷൻ ഹബ്ബ്.

ഡിജിറ്റൈസേഷൻ ഹബ്ബിനെ പറ്റി കാൾ മൽമൂദിന്റെ പ്രഭാഷണം

കാൾ മൽമൂദ് 2019 മെയ് 22-ാം തീയതി ബാംഗ്ലൂർ ഇന്റർനാഷണൽ സെന്ററിൽ Making the Case for a Public Library of India നടത്തിയ പ്രഭാഷണം നടത്തുകയുണ്ടായി. അതിന്റെ വീഡിയോ ഇവിടെ കാണാം. ഇതിൽ പല വിഷയങ്ങൾ പുള്ളി കൈകാര്യം ചെയ്യുന്നുണ്ട്. പ്രഭാഷണത്തിന്റെ ഏതാണ്ട് 21മത്തെ മിനിറ്റു തൊട്ട് ബാംഗ്ലൂരിൽ ഇന്ത്യൻ അക്കാദമി ഓഫ് സയൻസിൽ എങ്ങനെയാണ് ഡിജിറ്റൈസ് ചെയ്യാനുള്ള സംവിധാനം ഒരുങ്ങിയത് എന്നൊക്കെ കാൾ വിശദീകരിക്കുന്നുണ്ട്.

പതിവുചോദ്യങ്ങൾ

ഇനി ഇതുമായി ബന്ധപ്പെട്ട് ഉയർന്നു വരാൻ സാദ്ധ്യതയുള്ള ചില പതിവുചൊദ്യങ്ങൾക്ക് ഉത്തരം നൽകാം.

1. എന്തൊക്കെയാണ് ബാംഗ്ലൂരിൽ ഈ ഹബ്ബ് സ്ഥാപിച്ചിരിക്കുന്ന ഇന്ത്യൻ അക്കാദമി ഓഫ് സയൻസ് നൽകുന്ന സൗകര്യങ്ങൾ?

ആർക്കൈവ്.ഓർഗ് ഇന്ത്യയിലേക്ക് കൊണ്ടു വന്ന Table Top Scribe System വെക്കാനുള്ള അത്യാവശ്യം വലിപ്പമുള്ള ഒരു മുറി, ആ മുറിയിൽ ആവശ്യമുള്ള അത്യാവശ്യം ഫർണിച്ചർ (പുസ്തകങ്ങൾ വെക്കാനുള്ള ഷെൽഫ്, 3 മേശകൾ, നാലഞ്ച് കസേര എന്നിവയാണ് ഫർണിച്ചർ), ഹൈസ്പീഡ് ഇന്റർനെറ്റ് (ഒരു ദിവസം ചെയ്യുന്ന പേജുകളുടെ അളവനുസരിച്ച് ഉള്ള ഇന്റർനെറ്റ് ഉപയോഗം വരും) , സ്കാനറിന്റെ ലൈറ്റിങ്, കമ്പ്യൂട്ടർ എന്നിവ പ്രവർത്തിക്കാൻ അവശ്യമായ വൈദ്യുതി എന്നിവയാണ് ഇന്ത്യൻ അക്കാദമി ഓഫ് സയൻസ് നൽകുന്ന
സംഭാവന. ഇന്റർനെറ്റുമായുള്ള എന്തെങ്കിലും പ്രശ്നം വന്നാൽ അക്കാദമിയുടെ ഐടി മാനേജർ പ്രശ്നം പരിഹരിക്കാൻ സഹായിക്കും.  ഇതിനപ്പുറം ഇന്ത്യൻ അക്കാദമി ഓഫ് സയൻസ് ബാംഗ്ലൂർ ടി ടി സ്ക്രൈബിന്റെ പ്രവർത്തനത്തിൽ ഇടപെടില്ല. ടി ടി സ്ക്രൈബിന്റെ ദൈനംദിന പ്രവർത്ത ചുമതല ഞങ്ങൾ 2 സന്നദ്ധപ്രവർത്തകർക്ക് ആണ്.

2. ഒരു ദിവസം എത്ര പേജുകൾ ഈ സ്കാനർ വഴി ചെയ്യാം?

ഓരോ പുസ്തകവും സ്കാൻ ചെയ്യാൻ എടുക്കുമ്പോൾ ക്യാമറ കാലിബ്രേറ്റ് ചെയ്യാൻ അല്പ സമയം എടുക്കും. അത് പൂർത്തിയായാൽ ഒരു മണിക്കൂറിൽ 500 പേജുകൾ ഒക്കെ ഡിജിറ്റൈസ് ചെയ്യാം. ആർക്കൈവ്.ഓർഗ് മണിക്കൂറിൽ 800 പേജ് ചെയ്യാം എന്നൊക്കെ പറയുന്നുണ്ട്. പക്ഷെ പുസ്തകത്തിന്റെ സൈസ് മാറുന്നതിനു അനുസരിച്ച് ക്യാമറ കാലിബറേഷൻ മാറും എന്നതിനാൽ മണിക്കൂറിൽ പരമാവധി 500 പേജ് എന്നതാണ് എന്റെ പ്രവർത്തി പരിചയത്തിൽ നിന്നു മനസ്സിലായത്. ഈ കണക്കിൽ 2 ഓപ്പറേറ്ററുമാർ 5 മണിക്കൂർ വീതമുള്ള 2 ഷിഫ്റ്റിൽ പാർട്ട് ടൈമായി പ്രവർത്തിച്ചാൽ ഒരു ദിവസം ഏകദേശം 4000 പേജുകൾ ഒക്കെ ഇതുവഴി ഡിജിറ്റൈസ് ചെയ്യാവുന്നതാണ്.

എന്ത് കൊണ്ട് കഴിഞ്ഞ് കുറച്ചു മാസങ്ങളിൽ എനിക്ക് വളരെ കൂടിയ അളവിൽ മലയാള രെഖകൾ ഡിജിറ്റൈസ് ചെയ്യാൻ കഴിഞ്ഞു എന്നതിന്റെ ഉത്തരം കൂടാണ് മുകളിലെ ചൊദ്യത്തിന്റെ ഉത്തരം.

3. ഡിജിറ്റൈസ് ചെയ്ത രേഖകൾ എത്ര ദിവസത്തിനുള്ളിൽ ആർക്കൈവ്.ഓർഗിലൂടെ പബ്ലിക്ക് ആവും?

ഡിജിറ്റൈസേഷൻ ഹബ്ബിൽ നിന്ന് ആർക്കൈവ്.ഓർഗിന്റെ സെർവ്വറിലേക്ക് ഡിജിറ്റൈസ് ചെയ്ത രേഖകൾ അപ്പപ്പോൾ അപ്‌ലോഡ് ആവുമെങ്കിലും അത് ഉടൻ പബ്ലിക്ക് വ്യൂവിൽ വരില്ല. ആർക്കൈവ്.ഓർഗിന്റെ വക ഒരു ഗുണനിലവാര പരിശോധനയും പേജ് ക്രോപ്പിങ്ങും കഴിഞ്ഞ് ഏതാണ്ട് 2 ആഴ്ച കൊണ്ടാണ് സാധാരണ ഗതിയിൽ രേഖകൾ പബ്ലിക്ക് ആവുക. അപ്‌ലൊഡ് ചെയ്ത രേഖകൾക്ക് എന്തെങ്കിലും ഗുണനിലവാര പ്രശ്നം കണ്ടാൽ ആർക്കൈവ്.ഓർഗ് രേഖകൾ തിരിച്ചയക്കും. അപ്പോൾ ആ രേഖ പിന്നെയും സ്കാൻ ചെയ്യേണ്ടതായി
വരും.

4. ഏത് തരം രെഖകൾ ആണ് ഡിജിറ്റൈസേഷൻ ഹബ്ബിലൂടെ ഡിജിറ്റൈസ് ചെയ്യുക?

കോപ്പി റൈറ്റ് കഴിഞ്ഞ പൊതുസഞ്ചയത്തിലുള്ള രേഖകൾ, ഫ്രീ ലൈസൻസിൽ ആക്കിയ രേഖകൾ (ഈയടുത്ത്  കോന്നിയൂർ ആർ. നരേന്ദ്രനാഥിന്റെ കൃതികൾ ഫ്രീ ലൈസൻസിൽ ആക്കിയത് ഓർക്കുക) ഇങ്ങനെ രണ്ട് തരം രേഖകൾ മാത്രമേ ഡിജിറ്റൈസേഷൻ ഹബ്ബിലൂടെ കൈകാര്യം ചെയ്യൂ.

5. എന്റെ കൈയ്യിൽ എന്റെ കുറച്ച് പ്രൈവറ്റ് രെഖകൾ ഉണ്ട്? ഇത് ഞാൻ നിങ്ങൾക്ക് പണം തന്നാൽ ഡിജിറ്റൈസ് ചെയ്ത് എനിക്ക് തരുമോ?

ഡിജിറ്റൈസേഷൻ ഹബ്ബ് വരുമാനത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഒരു സർവ്വീസ് ബ്യൂറോ അല്ല. പൂർണ്ണമായും പൊതുജനം ഫണ്ട് ചെയ്യുന്ന ഒരു പൊതുസംരംഭം ആണിത്. അതിനാൽ തന്നെ യാതൊരു വിധത്തിലുള്ള സ്വകാര്യ ഡിജിറ്റൈസേഷൻ സംഗതികൾ ഇവിടെ അനുവദിക്കില്ല. ഡിജിറ്റൈസ് ചെയ്ത് പബ്ലിക്ക് ആക്കാൻ പറ്റാത്ത യാതൊന്നും ഇവിടെ കൈകാര്യം ചെയ്യില്ല.

6. ആർക്കും ഏത് സമയത്തും അവിടെ പോയി ഡിജിറ്റൈസ് ചെയ്യാമോ?

ഇല്ല. ഇത് ഇന്ത്യൻ അക്കാദമി ഓഫ് സയൻസ് എന്ന കേന്ദ്രസർക്കാർ സ്ഥാപനത്തിൽ സ്ഥാപിച്ചിരിക്കുന്ന സംഗതിയാണ്. അവിടേക്കുള്ള പ്രവേശനം പരിമിതമാണ്. നിലവിൽ ബാംഗ്ലൂരിലെ പദ്ധതി കോർഡിനേറ്റ് ചെയ്യുന്ന ഓം‌ശിവപ്രകാശ് അല്ലെങ്കിൽ എന്നിൽ കൂടെ മാത്രമേ അതിലേക്ക് പ്രവേശനമുള്ളൂ.

7. സന്നദ്ധപ്രവർത്തകരായ നിങ്ങൾക്ക് എന്തൊക്കെ സംഗതികൾ ആണ് ഈ പദ്ധതിയിൽ ചെയ്യാൻ ഉള്ളത്?

 • ഡിജിറ്റൈസ് ചെയ്യാനുള്ള പുസ്തക ശെഖരം ഡിജിറ്റൈസേഷൻ ഹബ്ബിൽ എത്തിക്കുക എന്നതാണ് പ്രധാന
  ജോലി. ഡിജിറ്റൈസേഷൻ ഓപ്പറേറ്റർ ഒരിക്കലും ഡിജിറ്റൈസ് ചെയ്യാനുള്ള പുസ്തകങ്ങൾ ഇല്ലാതെ ഇരിക്കരുത്.
  വിവിധ വ്യക്തികളുമായും സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട് രേഖകൾ സ്ഥിരമായി എത്തിക്കുക എന്നത്
  സന്നദ്ധപ്രവർത്തകരായ ഞങ്ങളുടെ ചുമതല ആണ്. ഇതിനു എതെങ്കിലും ചിലവ് വരികയാണെങ്കിൽ വിവിധ
  വ്യക്തികൾ/സ്ഥാപനങ്ങളുമായി/എൻജി‌ഓകളുമായി ബന്ധപ്പെട്ട് സന്നദ്ധപ്രവർത്തകർ തന്നെ അത് ഫിക്സ്
  ചെയ്യണം.
 • ഓരോ പുസ്തകം ഡിജിറ്റൈസ് ചെയ്ത് കഴിഞ്ഞാലും അതിനു ആവശ്യമായാ ഗുണനിലവാരം ഉണ്ടോ എന്ന്
  പരിശോധിക്കേണ്ടത് സന്നദ്ധപ്രവർത്തകരുടെ ചുമതല ആണ്. ഗുണനിലവാര പ്രശ്നം ഉണ്ടെങ്കിൽ ഓപ്പറേറ്ററെ
  കൊണ്ട് പ്രസ്തുത പുസ്തകം രണ്ടാമത് ചെയ്യിക്കണം. അതിനു ശെഷം മാത്രമേ അത് തുടർ പ്രോസസ്സിങ്ങിനായി
  ആർക്കൈവ്.ഓർഗ് സെവ്വറിലേക്ക് അപ്‌ലൊഡ് ചെയ്യാവൂ.
 • ഓപ്പറേറ്റർ കാര്യങ്ങൾ എല്ലാം കൃത്യമായി ചെയ്യുന്നോ എന്ന് നോക്കേണ്ടത് സന്നദ്ധപ്രവർത്തകർ ആണ്.
  പദ്ധതിയിൽ ഉണ്ടാകുന്ന എല്ലാ ഗുണനിലവാര പ്രശ്നങ്ങൾക്കും പദ്ധതി മാനേജ് ചെയ്യുന്ന സന്നദ്ധപ്രവർത്തകർ
  ആയിരിക്കും ഉത്തരവാദി. അതിനാൽ ഈ പ്രവർത്തനം വളരെ ഉത്തരവാദിത്വം ഉള്ളതാണ്

8. ഈ സ്കാനർ എത്ര വലിപ്പം വലിപ്പമുള്ള പുസ്തകങ്ങൾ വരെ കൈകാര്യം ചെയ്യും?

ഏതാണ്ട് ലീഗൽ സൈസിൽ വലിപ്പമുള്ള പേജുകൾ ഉൾക്കൊള്ളുന്ന പുസ്തകങ്ങൾ വരെ ഇത് കൈകാര്യം ചെയ്യും. ഞാൻ ചെയ്ത ഏറ്റവും വലിയ പുസ്തകം യാക്കോബിന്റെ തക്സ ആയിരുന്നു.  അതിൽ കൂടുതൽ വലിപ്പമുള്ളത് കൈകാര്യം ചെയ്യാൻ നിലവിൽ നിവൃത്തിയില്ല. പക്ഷെ ഓരോ സ്ഥലത്തിന്റെയും സെന്ററിന്റെ പ്രവർത്തനം അനുസരിച്ച് പിൽക്കാലത്ത് കൂടുതൽ സൗകര്യം വന്നേക്കാം.

9. ബാംഗ്ലൂരിനു പുറമേ വേറെ എവിടെയെങ്കിലും ഇങ്ങനെ സെന്റർ സ്ഥാപിക്കുമോ?

ബാംഗ്ലൂരിൽ ഇങ്ങനെ ഒരു ഹബ്ബ് സ്ഥാപിക്കുമ്പോൾ ബ്രൂസ്റ്റർ കാൾ, കാൾ മൽമൂദിനു മുന്നിൽ വെച്ച ഉപാധി ഒന്നാമത്തെ സെന്റർ നന്നായി പ്രവർത്തിച്ചാൽ മാത്രമേ തുടർ സഹായം ഉണ്ടാവൂ എന്നതാണ്. കഴിഞ്ഞ കുറച്ച് ആഴ്ചകൾ കൊണ്ട് 1 ലക്ഷത്തിനടുത്ത് പേജുകൾ ഡിജിറ്റൈസ് ചെയ്ത് ബാംഗ്ലൂർ സെന്റർ കഴിവ് തെളിയിച്ചു. ഇതോടു കൂടി 2 പുതിയ സ്കാനർ കൂടെ ഇന്ത്യയിലേക്ക് സംഭാവന ചെയ്യാൻ ബ്രൂസ്റ്റർ കാൾ സമ്മതിച്ചിട്ടുണ്ട്.

തമിഴർ എല്ലാ സഹായവും വാഗ്ദാനം ചെയ്ത് കാൾ മൽമൂദിനു പുറകേ ഉണ്ട്. അതിനാൽ പുതുതായി വരുന്ന ഒരു സ്കാനർ അവിടെ പോകും. ഭാഷാപ്രവർത്തിനു ഏറ്റവും ആധുനികമായ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താൻ തമിഴരെ ആരും പഠിപ്പിക്കേണ്ട കാര്യമില്ലല്ലോ. മംഗലാപുരത്ത്, കൊങ്കിണി അക്കാദമിയും മോഹൻദാസ് പൈയും വലിയ പുസ്തക ശേഖരങ്ങളും സഹായവുമായി കാൾ മൽമൂദിനെ കാത്തിരിക്കുന്നു. അതിനാൽ
മൂന്നാമത്തെ സ്കാനർ അവിടേക്ക് പോകും. എല്ലാ സ്ഥലത്തും അതത് സ്ഥലത്തെ സന്നദ്ധപ്രവർത്തകർ ആണ് പദ്ധതി മാനേജ് ചെയ്യുന്നത്. പക്ഷെ മറ്റുള്ള സഹായം അതത് സ്ഥലത്തെ ഒരു സ്ഥാപനം സന്നദ്ധപ്രവർത്തകർക്ക് കൊടുക്കുന്നു.

10. മലയാളത്തിനായി കേരളത്തിൽ ഒരു ടിടി സ്ക്രൈബ് സ്ഥാപിക്കാനുള്ള സാദ്ധ്യത ഉണ്ടോ?

സന്നദ്ധപ്രവർത്തകർക്കു കേരളത്തിൽ യാതൊരു കുറവും ഇല്ലെങ്കിലും ആ സേവനങ്ങളെ പിന്തുണയ്ക്കുന്ന സ്ഥാപനങ്ങൾ എവിടെ? ആർക്കൈവ്.ഓർഗുമായി സഹകരിക്കാൻ മനൊഭാവം ഉള്ള ഒരു സ്ഥാപനം മുൻപോട്ട് വന്നാൽ കാര്യം നടക്കും. നിലവിലെ സ്ഥിതിയിൽ കേരളത്തിൽ എന്തെങ്കിലും നടക്കുന്ന കാര്യം സംശയമാണ്. ഞാൻ എന്നെ കൊണ്ട് പറ്റുന്നതൊക്കെ ചെയ്യുന്നുണ്ട്.

Comments

comments

Google+ Comments

Leave a Reply