1853 – ഭൂമിശാസ്ത്രം – റവ: ജോസഫ് പീറ്റ്

ആമുഖം

മലയാളത്തിൽ അച്ചടിച്ച ആദ്യത്തെ ഭൂമിശാസ്ത്ര പുസ്തകം എന്നു കരുതപ്പെടുന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇതിനു മുൻപ് ക്രമീകൃതമായ വിധത്തിൽ ഭൂമിശാസ്ത്രം പഠിപ്പിക്കുന്ന മറ്റു പുസ്തകങ്ങൾ ഇത് വരെ കണ്ടെടുക്കപ്പെട്ടിട്ടില്ല.

സി.എം.എസ്. മിഷനറി, സാമൂഹിക പരിഷ്കർത്താവ്, പരിഭാഷകൻ, അദ്ധ്യാപകൻ, വൈയാകരണൻ തുടങ്ങി വിവിധ മെഖലകളിൽ വലിയ സംഭാവനകൾ ചെയ്തിട്ടുള്ള ജോസഫ് പീറ്റ് ആണ് ഇതിന്റെ രചയിതാവ്.

ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്ക് ലഭിക്കുന്ന 101-മത്തെ സ്കാനാണ് ഈ പുസ്തകം.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: ഭൂമിശാസ്ത്രം
  • താളുകളുടെ എണ്ണം: ഏകദേശം 225
  • പ്രസിദ്ധീകരണ വർഷം:1853
  • പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയംDumpy and Sinclair Litho, ചെന്നെ
1853 – ഭൂമിശാസ്ത്രം - റവ: ജോസഫ് പീറ്റ്
1853 – ഭൂമിശാസ്ത്രം – റവ: ജോസഫ് പീറ്റ്

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ഭൂമിശാസ്ത്രവിഷയത്തിലുള്ള മലയാളത്തിലുള്ള ആദ്യത്തെ പുസ്തകം എന്നതാണ് ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ സവിശേഷത. സൂര്യൻ, ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ തുടങ്ങിയവയേയും, ഭുഖണ്ഡങ്ങളിൽ തുടങ്ങി അക്കാലത്തെ പ്രമുഖമായ എല്ലാ രാജ്യങ്ങളേയും പട്ടണങ്ങളേയും ഈ പുസ്തകത്തിൽ പരിചയപ്പെടുന്നുണ്ട്. ചോദ്യോത്തര രൂപത്തിലാണ് ഇതിന്റെ ഉള്ളടക്കം വികസിപ്പിച്ചിരിക്കുന്നത്.

മുകളിൽ പറഞ്ഞ ഉള്ളടക്കത്തിന്നു പുറമേ ഭൂപടങ്ങൾ ആണ് ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ വേറൊരു പ്രത്യേകത. മലയാളത്തിൽ ആദ്യമായി ഭൂപടങ്ങൾ അതിന്റെ എല്ലാ പ്രത്യെകതകളൊടും കൂടെ ഉപയോഗിച്ച ആദ്യത്തെ പുസ്തകവും ഇതാണ്. (ഇതിനു മുൻപ് 1848ൽ ഫ്രെഡറിക്ക് മുള്ളറും ഗുണ്ടർട്ടും കൂടെ രേഖാ ചിത്രം പോലെ പശ്ചിമോദയം മാസികയിൽ തലശ്ശെരിയിലെ കല്ലച്ച് ഉപയോഗിച്ച്  ഭൂപടം നിർമ്മിക്കുന്നു എങ്കിലും അത് പൂർണ്ണ അർത്ഥത്തിൽ അതിന്റെ എല്ലാ പ്രത്യേകതകളോടും കൂടെ ഭൂപടം അല്ല).

ബാസൽ മിഷൻ 1865ൽ മംഗലാപുരത്ത് ആധുനിക ലെറ്റർ പ്രസ്സ് സ്ഥാപിക്കുന്നതു വരെ മലയാളമച്ചടിയിൽ എഴുത്തിനൊപ്പം ചിത്രങ്ങൾ അച്ചടിക്കുന്നത് (പൊതുവെ ചിത്രങ്ങൾ അച്ചടിക്കുന്നത് തന്നെ) വലിയ കടമ്പ ആയിരുന്നു. അതു വരെ മലയാളപുസ്തകങ്ങളിൽ ചിത്രങ്ങൾ വളരെ കുറവായിരുന്നു. അപൂർവ്വമായി കാണുന്ന ചിത്രങ്ങൾ അച്ചടിച്ചത് ലിത്തോഗ്രഫി പ്രസ്സുകളിൽ ആയിരുന്നു. ചിത്രങ്ങൾ മാത്രം ലിത്തോഗ്രഫി പ്രസ്സുകളീൽ അച്ചടിച്ചു കൊണ്ട് വന്ന് ലെറ്റർ പ്രസ്സിൽ അച്ചടിച്ച പുസ്ത്കത്തിന്റെ ഉള്ളടക്കത്തോടു കൂട്ടിചേത്ത് ബൈൻഡ് ചെയ്ത് ഇറക്കുക എന്നതായിരുന്നു അന്നത്തെ എളുപ്പ പരിഹാരം. ഈ പരിഹാരം ആദ്യമായി ഉപയോഗിച്ച ഒരാൾ റവ: ജോസഫ് പീറ്റ് ആണ്.

ഈ പരിഹാരം ആദ്യമായി പരീക്ഷിച്ച ഒരാൾ സി.എം.എസ് മിഷനറി ആയിരുന്ന റവ: ജോസഫ് പീറ്റ് ആയിരുന്നു. ഈ ഭൂമിശാസ്ത്ര പുസ്തകത്തിൽ ഉള്ളടക്കം കോട്ടയം സി.എൻ.എസ് പ്രസ്സിലും, ഭൂപടങ്ങൾ ചെന്നെയിലെ Dumpy and Sinclair Litho എന്ന ലിത്തോഗ്രഫി പ്രസ്സിലും ആണ് അച്ചടിച്ചിരിക്കുന്നത്.  ഈ ഭൂപടത്തിന്നു അകത്തുള്ള മലയാളമെഴുത്ത് എഴുതിയത് കുപ്പുസ്വാമിരാജാവ് എന്ന ഒരാൾ ആണെന്ന് ഭൂപടത്തിന്റെ കീഴെയുള്ള എഴുത്തിൽ നിന്നു മനസ്സിലാക്കാം.

ജൊസഫ് പീറ്റിന്റെ 1853ലെ ഭുമിശാസ്ത്രപുസ്തകമാണ് ഇതുവരെ ലഭ്യമായ തെളിവു വെച്ച് മലയാളത്തിലെ ആദ്യത്തെ ഭൂമിശാസ്ത്ര പുസ്തകം.

ഇതിൽ കൂടുതൽ  ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു. ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിന്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.

(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

 

1851 – പാഠാരംഭം

ആമുഖം

തലശ്ശേരിയിലെ കല്ലച്ചിൽ നിന്ന് ഗുണ്ടർട്ട് അച്ചടിച്ച് പ്രസിദ്ധീകരിച്ച പാഠാരംഭം എന്ന മലയാള പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പൊസ്റ്റിലൂടെ പങ്കു വെക്കുന്നത്.  ഇതു വരെ നമുക്ക് (പൊതുജനങ്ങൾക്ക്) ലഭിച്ചതിൽ വെച്ച് ഏറ്റവും പഴക്കമുള്ള പാഠപുസ്തകമാണ് ഗുണ്ടർട്ട് മുൻകൈ എടുത്ത് പ്രസിദ്ധീകരിച്ച ഈ പാഠപുസ്തകം.

ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്ക് ലഭിക്കുന്ന നൂറാമത്തെ സ്കാനാണ് ഈ പുസ്തകം.

സ്കാനുകളുടെ എണ്ണം നൂറു കടക്കുന്ന ഈ അവസരത്തിൽ ഗുണ്ടർട്ട് ലെഗസി പദ്ധതിക്ക് ചുക്കാൻ പിടിക്കുന്ന ഹൈക്കെ ഓബര്‍ലിനോടു  നമുക്കുള്ള കടപ്പാട് അളക്കാൻ ആവാത്തതാണ് എന്നു പറയാതെ വയ്യ. സ്കാനുകളുടെ റിലീസിനും മറ്റു അനുബന്ധപരിപാടികൾക്കും സഹായിക്കുന്ന എലീനയുടെ സെവനവും മഹത്തരം തന്നെ.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: പാഠാരംഭം
  • താളുകളുടെ എണ്ണം: ഏകദേശം 53
  • പ്രസിദ്ധീകരണ വർഷം:1851
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, തലശ്ശേരി
1851 – പാഠാരംഭം
1851 – പാഠാരംഭം

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ഇത് മലയാള പാഠപുസ്തകം ആണ്. അക്ഷരമാലയിൽ തന്നെ പാഠം തുടങ്ങുന്നു. സംസ്കൃത സ്വരങ്ങൾ/വർഗ്ഗങ്ങൾ, ദ്രാവിഡ സ്വരങ്ങൾ/വർഗ്ഗങ്ങൾ എന്നിങ്ങനെ അക്ഷരമാലയെ വേറിട്ടു തന്നെ കാണിച്ചിട്ടിട്ടുണ്ട്.

അക്ഷരമാലക്കു ശെഷം വ്യഞ്ജനത്തോട് സ്വരം ചേരുമ്പോൾ ഉള്ള സ്വയുക്തവർഗ്ഗങ്ങൾ കാണിച്ചിരിക്കുന്നു. തുടർന്ന് അർദ്ധാക്ഷരങ്ങൾ, മലയാള അക്കങ്ങൾ കൂട്ടക്ഷരങ്ങൾ, വാക്കുകൾ തുടങ്ങിയവ ഒക്കെ ക്രമമായി കൊടുത്തിരിക്കുന്നു. അതിനെ തുടർന്ന് പഴംചൊല്ലുകൾ, കഥകൾ തുടങ്ങി വിവിധ വിഷയങ്ങളിലുള്ള ചെറു പാഠങ്ങളും കാണാം.

സംവൃതോകാരത്തിനായി ചന്ദ്രക്കല ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ അതിന്റെ സ്ഥാനം മിക്കവാറും ഒക്കെ അക്ഷരത്തിന്റെ നടുക്കാണ്.

മലയാള അക്കങ്ങൾ പാഠപുസ്തകത്തിനകത്ത് കൊടുത്തിരിക്കുന്നത് പഴയ മലയാള അക്കരീതിയാണ്. കാരണം ൯ നു ശെഷം ൰ ആണ് കാണിച്ചിരിക്കുന്നത്. എന്നാൽ പുസ്തകത്തിലെ പേജ് നമ്പറായി അക്കങ്ങൾ പ്ലേസ് വാല്യു സിസ്റ്റത്തിൽ ആണ് എഴുതിയിരിക്കുന്നത്.

ഇതു വരെ നമുക്ക് (പൊതുജനങ്ങൾ) ലഭിച്ചതിൽ വെച്ച് ഏറ്റവും പഴക്കമുള്ള പാഠപുസ്തകം ആണിത്. കല്ലച്ചിൽ അച്ചടിച്ചതിനാൽ അക്കാലത്തെ എഴുത്ത് രീതിയൊക്കെ മനസ്സിലാക്കാം.

ഈ പുസ്തകത്തിന്റെ കുറച്ച് കൂടെ പുതിയൊരു പതിപ്പ്, 1871ൽ പ്രസിദ്ധീകരിച്ച പതിനൊന്നാം പതിപ്പ്  ഇതിനകം നമുക്ക്  ട്യൂബിങ്ങൻ ശെഖരത്തിൽ നിന്ന് തന്നെ കിട്ടിയതാണ്. അത് ഇവിടെ കാണാം.

ഇതിൽ കൂടുതൽ  ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:

 

1824 – ചെറു പൈതങ്ങൾക്ക ഉപകാരാർത്ഥം ഇംക്ലീശിൽനിന്ന പരിഭാഷപ്പെടുത്തിയ കഥകൾ

ആമുഖം

കേരളത്തിൽ അച്ചടിച്ച ആദ്യത്തെ മലയാളപുസ്തകം ഏതെന്ന ചോദ്യത്തിന്നു ഉത്തരം എന്തെന്ന് ഇപ്പോൾ നമുക്കറിയാം. 1824-ൽ കോട്ടയം സി.എം.എസ് പ്രസ്സിൽ നിന്ന് ബെഞ്ചമിൻ ബെയിലി പ്രസിദ്ധീകരിച്ച ചെറു പൈതങ്ങൾക്ക ഉപകാരാർത്ഥം ഇംക്ലീശിൽനിന്ന പരിഭാഷപ്പെടുത്തിയ കഥകൾ എന്ന പുസ്തകം ആണെന്ന് വിവിധ തെളിവുകൾ കാണിക്കുന്നു. ആ പുസ്തകത്തിന്റെ അത്യാവശ്യം നല്ല ഒരു സ്കാനാണ് ഈ പൊസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മിഷനറിമാരുമായി ബന്ധമുള്ള വിവരങ്ങൾ ഡോക്കുമെൻ്റ് ചെയ്യുന്നതിൽ ശ്രദ്ധ വെക്കുന്ന ശ്രീ മനോജ് എബനേസർ  ഈയടുത്ത് തന്റെ ഗവേഷണത്തിന്റെ ഭാഗമായി ഇംഗ്ലണ്ടിൽ പോയിരുന്നു. ആ സമയത്ത് എന്റെ പ്രത്യേക അഭ്യർത്ഥന മാനിച്ച് കുറച്ചധികം പുസ്തകങ്ങളുടെ താളുകൾ ഫോട്ടോയെടുത്തു എന്നെ ഏല്പിച്ചു. അങ്ങനെ ഏല്പിച്ച ഒരു പുസ്തകം ആണിത്.  ബാക്കിയുള്ളത് പിറകേ വരുന്നു.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: ചെറു പൈതങ്ങൾക്ക ഉപകാരാർത്ഥം ഇംക്ലീശിൽനിന്ന പരിഭാഷപ്പെടുത്തിയ കഥകൾ
  • താളുകളുടെ എണ്ണം: ഏകദേശം 200 താളുകൾ.
  • പ്രസിദ്ധീകരണ വർഷം: 1824
  • പ്രസ്സ്: സി.എം.എസ് പ്രസ്സ്, കോട്ടയം.
  • രചയിതാവ്: ബെഞ്ചമിൻ ബെയിലി (ഇംഗ്ലീഷിൽ നിന്ന് പരിഭാഷ ചെയ്തത്)
  • പ്രത്യേകത: കേരളത്തിൽ അച്ചടിച്ച ആദ്യത്തെ മലയാളപുസ്തകം.
1824 - ചെറു പൈതങ്ങൾക്ക ഉപകാരാർത്ഥം ഇംക്ലീശിൽനിന്ന പരിഭാഷപ്പെടുത്തിയ കഥകൾ
1824 – ചെറു പൈതങ്ങൾക്ക ഉപകാരാർത്ഥം ഇംക്ലീശിൽനിന്ന പരിഭാഷപ്പെടുത്തിയ കഥകൾ

പുസ്തക ഉള്ളടക്കം, കടപ്പാട്, ഡിജിറ്റൈസേഷൻ വിശേഷങ്ങൾ

പുസ്തകത്തിന്റെ ഉള്ളടക്കത്തെ പറ്റിയുള്ള വിശദമായ പഠനങ്ങൾക്ക് കോട്ടയം സി.എം.എസ് കോളേജ് പ്രൊഫസർ ആയ ഡോ: ബാബു ചെറിയാന്റെ (ഇപ്പോൾ അദ്ദേഹം റിട്ടയർ ആയെന്ന് തോന്നുന്നു) വിവിധ ലേഖനങ്ങൾ കാണുക.  ആധുനിക കാലത്ത് ഈ പുസ്തകം ആദ്യമായി ഐഡിന്റിഫൈ ചെയ്യുന്നത് ഡോ: ജോർജ്ജ് ഇരുമ്പയം ആണ്.

ബെഞ്ചമിൻ ബെയിലി ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ താഴെ പറയുന്ന എട്ടു കഥകളാണ് ഇതിന്റെ ഉള്ളടക്കം:

  • എം‌ഗലാന്തിൽ മാർജ്ജരി എന്ന പെരായി നാല വയസ്സചെന്ന ഒരു പെൺ പൈതലിന്റെ കഥാ
  • ജ്ഞാനിപൈതലിന്റെ കഥാ
  • ആട്ടിൻകുട്ടികളുടെ കഥാ
  • വിപദി ധൈർയ്യം ഒരു കഥാ
  • ജൊർജ്ജിന്റെയും അവന്റെ ചക്രത്തിന്റെയും കഥാ
  • എഡ്‌വാർഡ എന്ന പെർ ഉളവായ രാജാക്കന്മാരിൽ ആറാമന്റെ ചരിതം
  • മനസ്സുറപ്പിന്റെ സം‌ഗതി
  • തെയൊഫിലുസിന്റെയും സോപ്യായുടെയും കഥാ.

അക്കാലത്ത് ചന്ദ്രക്കല ഉപയോഗത്തിൽ ഇല്ലാത്തതിനാൽ സം‌വൃതോകാരം, കേവലവ്യജ്ഞനം ഒക്കെ സന്ദർഭം അനുസരിച്ച് വായിക്കുകയേ വഴിയുള്ളൂ.  സം‌വൃതോകാരം, കേവലവ്യജ്ഞനത്തിനായി ചിഹ്നം ഇല്ലാത്തത് മിഷനറിമാരെ കുഴപ്പിച്ചിരുന്നു. അതു മറികടക്കാൻ അവർ പല കുറുക്കുവഴികൾ ചെയ്യുന്നുണ്ട്. ഇവിടെ തന്നെ  വാക്കുകളുടെ അവസാനം ഉള്ള അ കാരം വ്യക്തമായി സൂചിപ്പിക്കാൻ ബെയിലി കഥാ എന്നു തന്നെ എഴുതിയിയിക്കുന്നത് ശ്രദ്ധിക്കുക. എങ്കിലും ചില വിദേശപേരുകൾ മലയാളത്തിലാക്കുമ്പോൾ ഉച്ചാരണം വ്യക്തമാക്കാൻ ബെഞ്ചമിൻ ബെയിലി ഈ പുസ്തകത്തിൽ രേഫത്തിന്റെ വര കേവലവ്യഞ്ജന ചിഹ്നമായി ഉപയോഗിക്കുന്നത് കാണുക (ഉദാ: തിയൊഫിലസ഻)‌. ചന്ദ്രക്കല സംബന്ധിച്ച ഇത്തരം സമാനസംഗതികൾ ചർച്ച ചെയ്യുന്ന ഒരു പ്രബന്ധം സിബുവും സുനിലും ഞാനും ചേർന്ന് എഴുതിയത് ഇവിടെ കാണാം https://archive.org/details/chandrakala-origin-and-practice-2014mrj. അതിൽ ഈ പുസ്തകത്തിനെ സംബന്ധിച്ചും ഉള്ള ചില നിരീക്ഷണങ്ങൾ കാണാം.

ഈ പുസ്തകം അച്ചടിക്കാൻ ബെഞ്ചമിൻ ബെയിലി മദ്രാസ് അച്ചുകൾ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിനെ സംബന്ധിച്ച വിശദാംശങ്ങൾക്ക് ഡോ: ബാബു ചെറിയാന്റെ വിവിധ നിരീക്ഷണങ്ങൾ കാണുക.

അക്കത്തിനായി പഴയ മലയാള അക്കരീതിയാണ് ബെഞ്ചമിൻ ബെയിലി ഉപയോഗിക്കുന്നത്. ഈ പുസ്തകത്തിൽ അദ്ദേഹം പ്ലേസ് വാല്യു സിസ്റ്റത്തിലേക്ക് മാറുന്നില്ല. പഴയമലയാള അക്കരീതിയെ പറ്റി കൂടുതൽ അറിയാൻ 2013ൽ എഴുതിയ മലയാള അക്കങ്ങൾ എന്ന  ഈ ലേഖനം വായിക്കുക.

ഈ പുസ്തകത്തിന്റെ അത്യാവശ്യം കൊള്ളാവുന്ന സ്കാൻ ഇപ്പോൾ കിട്ടുന്നതിൽ നമ്മൾ മനോജ് എബനേസറിനോട് കടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്നു പ്രത്യേക നന്ദി.   ഫോട്ടോ എടുക്കുന്ന സ്ഥലത്തെ ലൈറ്റിങ്ങും മറ്റും പടങ്ങളുടെ നിലവാരത്തെ ബാധിച്ചു എങ്കിലും തന്റെ പരിമിതികൾക്ക് ഉള്ളിൽ നിന്ന് വളരെ മികച്ച ഫോട്ടോകൾ ആണ് അദ്ദേഹം ലഭ്യമാക്കിയത്. ഇതിനായി എല്ലാ ബുദ്ധിമുട്ടുകളും സഹിച്ച അദ്ദേഹത്തിന്നു പ്രത്യേക നന്ദി.

കേം‌ബ്രിഡ്ജ് യൂണിവേഴ്സിറ്റി ലൈബ്രറിയിൽ നിന്നാണ് മനോജ് എബനേസർ ഈ കോപ്പി എടുത്തത്. ഈ പുസ്തകത്തിന്റെ അവശേഷിക്കുന്ന അപൂർവ്വം കോപ്പികൾ സൂക്ഷിക്കുന്ന കേം‌ബ്രിഡ്ജ് യൂണിവേഴ്സിറ്റി ലൈബ്രറിയോടും നമ്മൾ കടപ്പെട്ടിരിക്കുന്നു.

ലൈറ്റിങ്ങും, ക്യാമറയുടെ റെസലൂഷനും ഫോട്ടോയുടെ ഗുണനിലവാരത്തെ ബാധിച്ചു എങ്കിലും പറ്റുന്ന വിധത്തിൽ പോസ്റ്റ് പ്രൊസസിങ്ങിലൂടെ പരമാവധി നല്ല ഒരു ഡിജിറ്റൽ കോപ്പി തന്നെ ഉണ്ടാക്കിയിട്ടുണ്ട്.

ഡൗൺലോഡ് വിവരങ്ങൾ

ചെറു പൈതങ്ങൾക്ക ഉപകാരാർത്ഥം ഇംക്ലീശിൽനിന്ന പരിഭാഷപ്പെടുത്തിയ കഥകൾ എന്ന പുസ്തകം  ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.

 ആർക്കൈവ്.ഓർഗ് കണ്ണി