1892 – മലങ്കര ഇടവക പത്രിക – ആദ്യത്തെ 12 ലക്കങ്ങൾ

ആമുഖം

മലങ്കര ഇടവക പത്രിക എന്ന മാസികയുടെ 1892-ആം ആണ്ടിലെ വിവിധ ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പൊതുസഞ്ചയരേഖകളുടെ വിവരം

 • പേര്: മലങ്കര ഇടവക പത്രിക – 1892 ലെ 12 ലക്കങ്ങൾ
 • താളുകളുടെ എണ്ണം: ഓരോ ലക്കത്തിനും 20 പേജുകൾ വീതം
 • പ്രസിദ്ധീകരണ വർഷം: 1892
 • പ്രസ്സ്: Mar Thomas Press, Kottayam
1892 - മലങ്കര ഇടവക പത്രിക
1892 – മലങ്കര ഇടവക പത്രിക

അല്പം ചരിത്രം

1889ലെ റോയൽ കോടതി വിധിയോടു കൂടെ അന്നത്തെ മലങ്കര സുറിയാനി സഭ പിളർന്നു. ഒരു വിഭാഗം നവീകരണ സുറിയാനി സഭയായി മാറി (ഈ കൂട്ടർ ഇന്ന് മലങ്കര മാർത്തോമ്മ സുറിയാനി സഭ എന്ന് അറിയപ്പെടുന്നു). പിളർന്നതിനു ശേഷവും ഇവർ തമ്മിൽ പുസ്തകങ്ങളുടേയും മാസികകളുടേയും ലഘുലേഖകളുടേയും രൂപത്തിൽ ധാരാളം ആശയസംവാദം നടക്കുന്നുണ്ടായിരുന്നു.

നവീകരണ വിഭാഗം മലയാളമിത്രം  തുടങ്ങിയ ചില മാസികളിലൂടെ എഴുതുന്ന ലേഖനങ്ങൾക്ക് മറുപടി പറയാൻ ഔദ്യോഗിക വിഭാഗത്തിനു ഒരു ഔദ്യോഗിക പ്രസിദ്ധീകരണം കൂടിയേ തീരു എന്നു വന്നു. അങ്ങനെയാണ് മലങ്കര മെത്രാപ്പോലീത്താ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസിന്റെ ഉടമസ്ഥതയില്‍ കോട്ടയം പഴയസെമിനാരിയില്‍ സെന്റ് തോമസ് പ്രസില്‍നിന്ന് 1892 മുതൽ മലങ്കര ഇടവക പത്രിക എന്ന പേരിൽ സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണം ഇറങ്ങുന്നത്.

ഈ മാസികയുടെ ആദ്യ പത്രാധിപര്‍ ഇ. എം. ഫിലിപ്പ് ആയിരുന്നു.

1892ൽ മുതൽ ഏകദേശം 1911 വരെ ഈ മാസിക തുടർച്ചയായി പ്രസിദ്ധീകരിക്കപ്പെട്ടു. 1911 നു ശെഷം ബാവാ കക്ഷി/ മെത്രാൻ കക്ഷി തർക്കങ്ങൾ ആരംഭിച്ചതോടെ സഭ വീണ്ടും പിളർപ്പിലേക്ക് നീങ്ങുകയും മലങ്കര ഇടവക പത്രികയുടെ പ്രസിദ്ധീകരണം നിലയ്ക്കുകയും ചെയ്തു.

ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്ന സ്കാനുകളുടെ പ്രത്യേകത

മലങ്കര ഇടവക പത്രികയുടെ 1892 ൽ ഇറങ്ങിയ ആദ്യത്തെ ലക്കം മുതൽ എല്ലാ 12 ലക്കങ്ങളുടേയും സ്കാനുകൾ ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നു. ഈ മാസികയുടെ ഉള്ളടക്കത്തിൽ പല ലേഖനങ്ങളും നവീകരണക്കാരുടെ പ്രസിദ്ധീകരണം ആയിരുന്ന മലങ്കര സഭാ താരകയ്ക്ക് (ഈ മാസിക ഇപ്പൊഴും പ്രസിദ്ധീകരിക്കുന്നുണ്ട്) ഉള്ള മറുപടി ആണെന്ന് കാണാം. അതുകൊണ്ട് തന്നെ മലങ്കര സഭാ താരകയുടെ ആദ്യ പതിപ്പുകൾ തൊട്ടു ലഭിച്ചാലേ 125 വർഷങ്ങൾക്ക് ഇപ്പുറം ഈ മാസിക കൈകാര്യം ചെയ്യുന്ന പല വിഷയങ്ങളും പൂർണ്ണമായി മനസ്സിലാകൂ. ഈ മാസികയിലെ നിരവധി ലേഖനങ്ങളിലൂടെ അന്നത്തെ ചരിത്രം രെഖപ്പെടുത്തിയിരിക്കുന്നു എന്നതിനാൽ ഇതൊക്കെ യഥാർത്ഥ ഗവെഷകർക്ക് അക്ഷയഖനി ആണ്.

അവസാനത്തെ താളിലുള്ള വർത്തമാനങ്ങൾ എന്ന വിഭാഗത്തിൽ പൊതുവായ ചില കുറിപ്പുകളും കാണാവുന്നതാണ്. അതൊഴിച്ച് നിർത്തിയാൽ മാസികയിലെ ഉള്ളടക്കം മിക്കവാറും ഒക്കെ ഔദ്യോഗിക വിഭാഗവും നവീകരണ വിഭാഗവും തമ്മിലുള്ള ആശയ സംവാദം ആണ്.  (ഇത്തരം ആശയ സംവാദങ്ങൾ ഇപ്പോൾ അപൂർവ്വമായ സംഗതി ആണല്ലോ)

കടപ്പാട്, ഡിജിറ്റൈസേഷൻ വിശേഷങ്ങൾ

ഈ മാസികകൾ ഡിജിറ്റൈശേഷനായി ലഭ്യമായത് “മൂലയില്‍ കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പയുടെ“ ഗ്രന്ഥ ശേഖരത്തിൽ നിന്നാണ്. അതിനായി സഹായങ്ങൾ ചെയ്തു തന്ന അദ്ദേഹത്തിന്റെ മകൻ ലിജു കുര്യാക്കോസ് ആണ്. അവർക്കു രണ്ടു പേർക്കും നന്ദി.

ഓരോ ലക്കത്തിന്റെയും പേജ് ലേഔട്ട് ഓരോ തരത്തിൽ ആയതിനാൽ ഡിജിറ്റൈസെഷൻ അല്പം ശ്രമകരമായിരുന്നു. മാസിക തുടങ്ങി ആദ്യത്തെ കുറച്ചുലക്കങ്ങൾ ലേഔട്ട് പരീക്ഷണങ്ങൾക്ക് മുതിർന്നതിന്റെ പ്രശ്നം ആണ് ഇത്. അതിനു പുറമേ മാസികകൾ എല്ലാം കൂടെ ബൈന്റ് ചെയ്തപ്പോൾ ബൈന്റ് ചെയ്തവർ അരികു കൂട്ടി മുറിച്ചതിനാൽ ചില പേജുകളിൽ ഉള്ളടക്കത്തിന്റെ ഭാഗവും നഷ്ടമായിട്ടൂണ്ട്. അതൊക്കെ ഒഴിച്ചു നിർത്തിയാൽ പരമാവധി ഏറ്റവും നല്ല ഗുണനിലവാരത്തിൽ ആണ് സ്കാൻ ലഭ്യമാക്കിയിരിക്കുന്നത്. ഓരോ ലക്കത്തിന്റേയും തനിമ നിലനിർത്താൻ ഓരോ ലക്കത്തിനും വ്യത്യസ്തമായി തന്നെ സ്കാനുകൾ ലഭ്യമാക്കിയിട്ടൂണ്ട്.

സഹായ അഭ്യർത്ഥന

മുകളിൽ സൂചിപ്പിച്ച പോലെ 1892 തൊട്ട് 1909 വരെയുള്ള മിക്കവാറും ലക്കങ്ങൾ ഒക്കെ തന്നെ മൂലയില്‍ അച്ചൻ എനിക്ക് ഡിജിറ്റൈസ് ചെയ്യാനായി കൈമാറിയ ഗ്രന്ഥശേഖരത്തിൽ ഉണ്ട്. അതിൽ 1892 – ആം വർഷത്തെ 12 ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പുറത്തു വിട്ടിരിക്കുന്നത്. ഈ ഒറ്റ വർഷത്തെ ലക്കങ്ങളിൽ തന്നെ 250 മേൽ പേജുകൾ കൈകാര്യം ചെയ്യേണ്ടി വന്നു. അപ്പോൾ ബാക്കിയുള്ള 16 വർഷത്തെ ലക്കങ്ങൾ കൂടെ പരിഗണിച്ചാൽ ഈ ശേഖരം മൊത്തം ഡിജിറ്റൈസ് ചെയ്യാൻ ഇനിയും ഏതാണ്ട് 4000 ത്തിൽ പരം പേജുകൾ കൈകാര്യം ചെയ്യണം. അതിനാൽ താഴെ പറയുന്ന കാര്യത്തിനു സഹായം അഭ്യർത്ഥിക്കുന്നു:

 • 1892ലെ എല്ലാ ലക്കങ്ങളും മൂലയിലച്ചൻ തന്ന പതിപ്പിൽ ഉണ്ടെങ്കിലും ഞാൻ ഒന്ന് ഓടിച്ചു നോക്കിയപ്പോൾ എല്ലാ വർഷങ്ങളുടേയും സ്ഥിതി ഇതല്ല. ഉദാഹരണത്തിനു 1894 ലെ 3,4 ലക്കങ്ങൾ മിസ്സിങ്ങ് ആണ്, 1901ലെ 1,2,3 ലക്കങ്ങൾ മിസ്സിങ്ങ് ആണ്, 1902ലെ 11, 12 ലക്കങ്ങൾ മിസ്സിങ് ആണ്. ഈ വിധത്തിൽ മിക്കവാറും എല്ലാ വർഷങ്ങളിലും 2-3 ലക്കങ്ങൾ മിസ്സിങ് ആണ്. ഒരു വർഷത്തെ എല്ലാ ലക്കങ്ങളും കിട്ടിയിട്ടേ ബാക്കിയുള്ള വർഷങ്ങളിലെ (1893 – 1909) സ്കാനുകൾ റിലീസ് ചെയ്യാൻ ഉദ്ദേശിക്കുന്നുള്ളൂ. അതിനാൽ ഞാൻ സൂചിപ്പിച്ച പോലെ എനിക്ക് ലഭ്യമല്ലാത്തെ ലക്കങ്ങൾ തപ്പിയെടുത്ത് തരാൻ സഹായം അഭ്യർത്ഥിക്കുന്നു. സഹായം ലഭ്യമാണെങ്കിൽ ഏത് വർഷങ്ങളിലെ ഏതൊക്കെ ലക്കങ്ങൾ ആണ് എന്റെ കൈയ്യിൽ ഇല്ലാത്തത് എന്നതിന്റെ കൃത്യമായ വിവരം ഞാൻ തരാം.

ഇതിനു മുൻപ് ചില പേജുകൾ എനിക്കു ലഭ്യമല്ലാത്ത ശബ്ദതാരാവലിയുടെ കാര്യത്തിൽ, കനിമൂസ മാണികത്തനാരുടെ ബൈബിളിന്റെ കാര്യത്തിൽ ഒക്കെ ഞാൻ സമാനമായ സഹായ അഭ്യർത്ഥന നടത്തിയിട്ടുണ്ടെങ്കിലും ആ പുസ്തകങ്ങളുടെ കാര്യത്തിൽ ഇതു വരെ പൊതുസമൂഹത്തിൽ നിന്നു എനിക്കു സഹായം ലഭിച്ചിട്ടില്ല. (നഷ്ടപ്പെട്ടു പോയ 5-6 പേജുകളുടെ കാര്യത്തിൽ മാത്രമാണ് ഞാൻ സഹായം അഭ്യർത്ഥിച്ചത്) ഈ പുസ്തകത്തിന്റെ കാര്യത്തിലും അതാണൊ സംഭവിക്കാൻ പോകുന്നത് എന്ന കാര്യത്തിൽ എനിക്ക് സന്ദേഹം ഉണ്ട്.

ഡൗൺലോഡ് വിവരങ്ങൾ

1892ലെ 12 ലക്കങ്ങൾ ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ:

1875 – 1877 – ഇഗ്നാത്ത്യോസ് പത്രോസ് മൂന്നാമന്റെ കൊച്ചീ കോട്ട പള്ളി കല്പനകൾ

ആമുഖം

കേരളത്തിലെ ക്രൈസ്തവസഭകളിൽ ഇപ്പോൾ യാക്കോബായ, ഓർത്തഡോക്സ്, മാർത്തോമ്മ, ഇവാഞ്ചലിക്കൽ, മലങ്കര കത്തോലിക്ക, ഇവാഞ്ചലിക്കൽ സഭകളായി വിഘടിച്ചു പോയിരിക്കുന്ന സുറിയാനി സഭകളുടെ ചരിത്രത്തിൽ പ്രാധാന്യമുള്ള 3 രേഖകളാണ് ഇന്നു പങ്കുവെക്കുന്ന ഇഗ്നാത്ത്യോസ് പത്രോസ് മൂന്നാമന്റെ കൊച്ചീ കോട്ട പള്ളി കല്പനകൾ ഡിജിറ്റൽ സ്കാനുകൾ. തലക്കെട്ട് സൂചിപ്പിക്കുന്ന പോലെ 1875, 1877 വർഷങ്ങളിൽ ആണ് ഈ കല്പനകൾ ഇറങ്ങിയത്.

പൊതുസഞ്ചയരേഖകളുടെ വിവരം

 • പേര്: കൊച്ചീ കോട്ട പള്ളി കല്പനകൾ
 • താളുകളുടെ എണ്ണം: 1875ലെ കല്പനയ്ക്ക് 20, 1877 മകരം 15ലെ കല്പനയ്ക്ക് 42, 1877 മകരം 27ലെ കല്പനയ്ക്ക് 36
 • പ്രസിദ്ധീകരണ വർഷം: 1875/1877
 • പ്രസ്സ്: സെന്റ് തോമസ് പ്രസ്സ്, കൊച്ചി

 

ഇഗ്നാത്ത്യോസ് പത്രോസ് മൂന്നാമന്റെ കൊച്ചീ കോട്ട പള്ളി കല്പനകൾ
ഇഗ്നാത്ത്യോസ് പത്രോസ് മൂന്നാമന്റെ കൊച്ചീ കോട്ട പള്ളി കല്പനകൾ

 

പശ്ചാത്തലം

ലേഖനത്തിൽ പറയുന്ന പോലെ മലങ്കര സുറിയാനി സഭയിൽ 1850കൾക്ക് ശേഷം നവീകരണ ആശയങ്ങളെ പിന്തുണയ്ക്കുന്ന ഒരു വിഭാഗവും അതിനെ എതിർക്കുന്ന വേറൊരു വിഭാഗവും ഉണ്ടായിരുന്നു. നവീകരണ ആശയങ്ങളെ പിന്തുണയ്ക്കുന്ന വിഭാഗത്തിന്റെ നേതാവ് അക്കാലത്തെ മലങ്കര മെത്രാപോലീത്ത ആയിരുന്ന മാത്യൂസ് മാർ അത്തനേഷ്യസ് മെത്രാപ്പോലീത്തയും അതിനെ എതിർത്തിരുന്നവരുടെ നേതാവ് പുലിക്കോട്ടിൽ ജോസഫ് മാർ ദീവാന്ന്യോസ് മെത്രാപോലീത്തയും ആയിരുന്നു.

പുലിക്കോട്ടിൽ ജോസഫ് മാർ ദീവാന്ന്യോസ് മെത്രാപോലീത്തയും കൂട്ടരും മലങ്കര സുറിയാനി സഭയിലെ നവീകരണ വിഭാഗത്തെ തകർത്ത് സഭയിൽ ആധിപത്യം നേടുവാൻ ആ സമയത്തെ അന്ത്യോക്യൻ പാത്രിയർക്കിസ് ആയിരുന്ന ഇഗ്നാത്ത്യോസ് പത്രോസ് മൂന്നാമനെ കേരളത്തിലേക്ക് കൊണ്ടു വന്നു. അദ്ദേഹം കൊച്ചി കോട്ട പള്ളിയിലാണ് തങ്ങിയത്. (ഇത് നിലവിൽ ഏത് പള്ളിയാണെന്ന കാര്യത്തിൽ എനിക്കു വ്യക്തതയില്ല.) പ്രശസ്തമായ മുളന്തുരുത്തി സുനഹദോസ് ഇദ്ദേഹമാണ് വിളിച്ചു കൂട്ടിയത്.

കൊച്ചി കോട്ട പള്ളിയിൽ താമസിച്ചു കൊണ്ട് ഇഗ്നാത്ത്യോസ് പത്രോസ് മൂന്നാമൻ പാത്രിയർക്കീസ് പുറത്തിറക്കിയ കല്പനകൾ ആണ് ഇന്നു കൊച്ചീ കോട്ട പള്ളി കല്പനകൾ എന്ന് അറിയപ്പെടുന്നത്. അദ്ദേഹം 1875 ൽ പുറത്തിറക്കിയ ഒരു കല്പനയും 1877-ൽ പുറത്തിറക്കിയ 2 കല്പനകളും ആണ് നമുക്ക് ലഭിച്ചിരിക്കുന്നത്.

കല്പനകളുടെ ചുരുക്കം താഴെ പറയുന്നതാണ്:

 • ഇതിൽ 1875ലെ കല്പനയിൽ നവീകരണവിഭാഗ മെത്രാപ്പോലീത്ത ആയിരുന്ന മാത്യൂസ് മാർ അത്തനേഷ്യസ് മെത്രാപ്പോലീത്തയെ പറ്റിയുള്ള വിമർശനങ്ങളും മറ്റുമാണ്.
 • 1877-ൽ മകരം 15നു പുറത്തിറങ്ങിയ കല്പനയിൽ സുറിയാനി സഭയിലെ ജനങ്ങളുടെ സാമൂഹിക, ആത്മീയ ജീവിതം എങ്ങനെ ആയിരിക്കണം എന്നുള്ള നിർദ്ദേശങ്ങളാണ്. വസ്ത്ര ധാരണം വരെ എങ്ങനെ ആയിരിക്കണം എന്ന് ഈ കല്പനയിൽ പറയുന്നുണ്ട്.
 • 1877-ൽ മകരം 27നു പുറത്തിറങ്ങിയ കല്പനയിൽ നോമ്പ് അനുഷ്ഠിക്കേണ്ടതിന്റെ പ്രധാന്യവും അതുമായി ബന്ധപ്പെട്ട വിവിധ സംഗതികളും ആണ് പറയുന്നത്.

ബാക്കി കൂടുതൽ ഇതിന്റെ വിശദാംശങ്ങളിലേക്ക് പോകാൻ എനിക്ക് അറിവില്ല. അത് ഈ വിഷയത്തിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.

കടപ്പാട്, ഡിജിറ്റൈസേഷൻ വിശേഷങ്ങൾ

ഈ പുസ്തകം ഇന്നു ഡിജിറ്റൈസ് ചെയ്ത് നിന്നുടെ മുൻപിലേക്ക് എത്തിക്കാൻ സഹായമായവരോടുള്ള കടപ്പാട് രേഖപ്പെടുത്തട്ടെ. ഇത് ഡിജിറ്റൈശേഷനായി ലഭ്യമായത് “മൂലയില്‍ കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പയുടെ“ ഗ്രന്ഥ ശേഖരത്തിൽ നിന്നാണ്. അതിനായി സഹായങ്ങൾ ചെയ്തു തന്ന അദ്ദേഹത്തിന്റെ മകൻ ലിജു കുര്യാക്കോസ്  ആണ്. അവർക്കു രണ്ടു പേർക്കും നന്ദി.

സ്കാൻ റിലീസ് ചെയ്യാനുള്ള ഈ കുറിപ്പ് എഴുതാനായി വിവിധ വിഷയങ്ങളിലുള്ള വിവരം കൈമാറിയത് മൂലയില്‍ കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പറവ: അബ്രഹാം വർഗ്ഗീസ്, ജോയിസ് തോട്ടയ്ക്കാട് എന്നിവർ ആണ്. അവർക്ക് എല്ലാവർക്കും നന്ദി.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:

1875ലെ കല്പന

1877 മകരം 15ലെ കല്പന

1877 മകരം 27ലെ കല്പന