ശ്രീ സുഭാഷിതരത്നാകരം – രണ്ടാം പതിപ്പ്- കേ സി കേശവപിള്ള -1908

ആമുഖം

ഡിസിറ്റൈസ് ചെയ്യാനായി വളരെ അവിചാരിതമായി വന്നു ചേർന്ന ഒരു കൃതിയാണ് ശ്രീ സുഭാഷിതരത്നാകരം. സത്യം പറഞ്ഞാൽ ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യാനായി കൈയ്യിൽ കിട്ടുമ്പോഴോ, താളുകളുടെ ഫോട്ടോ എടുക്കുമ്പോഴോ, ഫോട്ടോ എടുത്ത താളുകൾ സ്കാൻ ടെയിലർ ഉപയോഗിച്ച് പ്രോസസ് ചെയ്യുമ്പോഴോ ഒന്നും ഈ കൃതിയുടെ പ്രാധാന്യം അറിയുമായിരുന്നില്ല. പൊതുസഞ്ചയത്തിലുള്ള ഒരു മലയാളപദ്യകൃതി  ഡിജിറ്റൈസ് ചെയ്യുന്നതിന് അപ്പുറം കൃതിയുടെ പ്രാധാന്യം മനസ്സിലായതും ഇല്ല. ഡിജിറ്റൈസ് ചെയ്ത കൊപ്പി പങ്കു വെക്കാനായി പോസ്റ്റ് എഴുതാൻ വേണ്ടി രചയിതാവായ കേ സി കേശവപിള്ളയെപറ്റി കൂടുതൽ വിവരങ്ങൾ തപ്പി പോയപ്പോഴാണ് ശ്രീ സുഭാഷിതരത്നാകരം എന്ന കൃതിയുടെ പ്രാധാന്യം മനസ്സിലായത്. എന്തായാലും ഈ പ്രധാനപ്പെട്ട കൃതിയുടെ ഡിജിറ്റൽ പതിപ്പ് എല്ലാവരുമായും പങ്കു വെക്കുന്നു.

പുസ്തകത്തിന്റെ വിവരം

 • പേര്: ശ്രീ സുഭാഷിതരത്നാകരം
 • പതിപ്പ്: രണ്ടാം പതിപ്പ്
 • താളുകൾ: 180
 • രചയിതാവ്: കേ സി കേശവപിള്ള
 • പ്രസിദ്ധീകരണ വർഷം: 1908 (കൊല്ലവർഷം 1083)
 • പ്രസ്സ്: അക്ഷരാലങ്കാരം അച്ചുകൂടം, തിരുവനന്തപുരം
ശ്രീ സുഭാഷിതരത്നാകരം - 1908
ശ്രീ സുഭാഷിതരത്നാകരം – 1908

പുസ്തകത്തിന്റെ പ്രത്യേകത

മലയാളം വിക്കിപീഡിയയിലെ ശ്രീ സുഭാഷിതരത്നാകരം എന്ന ലേഖനത്തിൽ ഇങ്ങനെ പറയുന്നു

മഹാകവി കെ.സി. കേശവപിള്ള രചിച്ച് കൊല്ലവർഷം 1075 ൽ പ്രസിദ്ധീകരിച്ച വിശിഷ്ട ഗ്രന്ഥമാണ് സുഭാഷിത രത്നാകരം. സംസ്കൃതം, ഇംഗ്ളീഷ് മുതലായ ഭാഷകളിൽ നിന്ന് തർജമ ചെയ്തതും കവി സ്വന്തമായി നിർമ്മിച്ചതുമായ പദ്യങ്ങളാണ് ഈ പുസ്തകത്തിലെ ഉള്ളടക്കം. ഇതിൽ നിന്ന് നൂറു പദ്യങ്ങൾ പ്രത്യേകമെടുത്ത് “നീതിവാക്യങ്ങൾ ” എന്ന പേരിൽ തിരുവിതാംകൂറിലെ വിദ്യാലയങ്ങളിൽ പാഠപുസ്തകമാക്കിയിരുന്നു. അക്കാലത്തു തന്നെ രണ്ടു പതിപ്പുകൾ പുറത്തിറക്കി. പദ്യങ്ങളിലധികവും നീതിവാക്യങ്ങൾ എന്ന പേരിൽ ഭാഷാപോഷിണി മാസികയിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ പക്കൽ നിന്ന് കവിക്ക് ഈ കൃതിയുടെ പേരിൽ വീരശൃംഖല ലഭിച്ചിട്ടുണ്ട്.

ഡിജിറ്റൈസ് ചെയ്യാനായി കിട്ടിയ പുസ്തകത്തിന്റെ പ്രത്യേകത

ഈ കൃതിയുടെ 1908ൽ പുറത്തിറങ്ങിയ രണ്ടാം പതിപ്പാണ് നമുക്ക് ഡിജിറ്റൈസ് ചെയ്യാനായി കിട്ടിയത്. ഈ പുസ്തകത്തിന് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പ്രധാന പ്രശ്നം പല താളുകളിലും അക്ഷരങ്ങൾ മാഞ്ഞുതുടങ്ങി എന്നതാണ്.  പുസ്തകം അച്ചടിക്കാനായി ഉപയോഗിച്ച കടലാസ്, അച്ച്, മഷി തുടങ്ങിയവയുടെ പ്രശ്നം മൂലം  ആവണം വിവിധ പ്രശ്നങ്ങൾ ഉടലെടുത്തത്.  മാത്രമല്ല  പുസ്തകം ടൈപ്പ് സെറ്റ് ചെയ്തതിലെ പ്രശ്നം, പ്രൂഫ് റീഡിങ്ങിലെ അപാകത തുടങ്ങി മറ്റു പല പ്രശ്നങ്ങളും ഈ പുസ്തകത്തിനുണ്ട്. പല താളുകളിലും പേജ് നമ്പറുകൾ പോലും തെറ്റായാണ് ടൈപ്പ് സെറ്റ് ചെയ്തിരിക്കുന്നത് എന്ന് കാണുന്നു.

ഡിജിറ്റൈസ് ചെയ്തതിന്റെ വിവരം

പതിവുപോലെ ബൈജു രാമകൃഷ്ണണനും ബെഞ്ചമിൻ വർഗ്ഗീസും ഫൊട്ടോ എടുക്കാനും മറ്റും സഹായിച്ചു. അക്ഷരങ്ങൾ മാഞ്ഞു തുടങ്ങിയതിന്റേയും ടൈപ്പ് സെറ്റിങിലെ പ്രശ്നങ്ങൾ മൂലവും പോസ്റ്റ് പ്രോസസിങ് അല്പം കൂടുതൽ സമയമെടുക്കേണ്ടി വന്നു.

ഡൗൺലോഡ് വിവരം

ഈ പുസ്തകത്തിന്റെ പല തരത്തിലുള്ള ഔട്ട് പുട്ട് ലഭ്യമാണ്.

 

 

 

കേരള കവികൾ – ഒന്നാം ഭാഗം – കൊട്ടാരത്തിൽ ശങ്കുണ്ണി – 1918

ആമുഖം

ഐതിഹ്യമാലയുടെ ഗ്രന്ഥകർത്താവായ കൊട്ടാരത്തിൽ ശങ്കുണ്ണിയെ പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യം ഇല്ലല്ലോ. കൊട്ടാരത്തിൽ ശങ്കുണ്ണി എഴുതിയ വേറൊരു ഗ്രന്ഥത്തിന്റെ സ്കാൻ ആണിന്ന് പരിചയപ്പെടുത്തുന്നത്. പുസ്തകത്തിന്റെ പേര് കേരള കവികൾ. കൂടുതൽ വിശദാംശങ്ങൾ താഴെ.

പുസ്തകത്തിന്റെ വിവരം

പേര്: കേരള കവികൾ (ഒന്നാം ഭാഗം)
പതിപ്പ്: ഒന്നാം പതിപ്പ്
രചയിതാവ്: കൊട്ടാരത്തിൽ ശങ്കുണ്ണി
പ്രസിദ്ധീകരണ വർഷം: 1918 (കൊല്ലവർഷം 1093)
പ്രസ്സ്: വി.വി. പ്രസ്സ്, കൊല്ലം

കേരള കവികൾ - ഒന്നാം ഭാഗം - കൊട്ടാരത്തിൽ ശങ്കുണ്ണി - 1918
കേരള കവികൾ – ഒന്നാം ഭാഗം – കൊട്ടാരത്തിൽ ശങ്കുണ്ണി – 1918

പുസ്കത്തിന്റെ ഉള്ളടക്കം

പേരു സൂചിപ്പിക്കുന്ന പോലെ കേരളദേശത്തു ജീവിച്ചിരുന്ന പ്രാചീനകവികളുടെ ലഘുചരിത്രമോ/ഐതിഹ്യമോ ഒക്കെ ആണ് പുസ്തകത്തിന്റെ ഉള്ളടക്കം. പുസ്തകത്തിന്റെ ഒന്നാം ഭാഗമാണെന്ന സൂചന ഉള്ളതിനാൽ കൂടുതൽ  ഭാഗങ്ങൾ ഈ പുസ്തകത്തിനു ഉണ്ടെന്ന് നമുക്ക് ഊഹിക്കാം.  നമുക്ക് പക്ഷെ നിലവിൽ ഒന്നാം ഭാഗം മാത്രമേ കിട്ടിയിട്ടൂള്ളൂ.

താഴെ കാണുന്ന 22 കവികളെ പറ്റിയുള്ള വിവരം ഇതിൽ കാണാം.

കേരള കവികൾ - ഒന്നാം ഭാഗം - കൊട്ടാരത്തിൽ ശങ്കുണ്ണി - 1918
കേരള കവികൾ – ഒന്നാം ഭാഗം – കൊട്ടാരത്തിൽ ശങ്കുണ്ണി – 1918

 

ഇതിൽ ജീവചരിത്രമുള്ള കോട്ടൂർ ഉണ്ണിത്താൻ, ഗോപാലനെഴുത്തച്ഛൻ തുടങ്ങിയ പലകവികളുടേയും പേർ (ഞാൻ) ആദ്യമായി കേൾക്കുന്നു. ഈ പുസ്തകത്തിലുള്ള മുഴമംഗലത്തു നമ്പൂരിയെ പോലെയുള്ളവരെ കുറിച്ച് പിന്നീട് ഐതിഹ്യമാലയിലും ലേഖനം കാണുന്നുണ്ട്.

എന്തായാലും ഈ കവികളെ കുറിച്ച് അന്നത്തെ കാലത്ത് അറിയാവുന്ന വിവരങ്ങൾ ഒക്കെ കൊട്ടാരത്തിൽ ശങ്കുണ്ണി രേഖപ്പെടുത്തി വെച്ചതിനാൽ ആ വിവരം നഷ്ടമായി പോയില്ല. അദ്ദേഹത്തിന്റെ സേവനങ്ങൾ ഒരിക്കൽ കൂടെ സ്മരിക്കാം.

ഡിജിറ്റൈസ് ചെയ്തതിന്റെ വിവരം

ഡിജിറ്റൈസ് ചെയ്യാനായി കിട്ടിയ പുസ്തകത്തിന്റെ സ്ഥിതി വളരെ മോശമായിരുന്നു. കാലപ്പഴക്കം മൂലം താളുകൾ തൊട്ടാൽ പൊടിയുന്ന സ്ഥിതിയിൽ ആയിരുന്നു. പതിവുപോലെ ബൈജു രാമകൃഷ്ണൻ ഫൊട്ടോ എടുക്കാനും മറ്റും സഹായിച്ചു. പുസ്തകത്തിന്റെ സ്ഥിതി മോശമായിരുന്നതിനാൽ അല്പം സമയമെടുത്താണ് എല്ലാ താളുകളും ഫോട്ടോ എടുത്തത്.   ഇനിയും താമസിച്ചു പോകുമായിരുന്നെങ്കിൽ എന്നെന്നേക്കും നശിച്ചു പോകുമായിരുന്ന ഈ പുസ്തകം അതിനു മുൻപ് തന്നെ ഡിജിറ്റൈസ് ചെയ്യാനായതിൽ ഞങ്ങൾ സന്തോഷിക്കുന്നു.

ഡൗൺലോഡ് വിവരം

ഈ പുസ്തകത്തിന്റെ പല തരത്തിലുള്ള ഔട്ട് പുട്ട് ലഭ്യമാണ്.

ഇന്ദുലെഖാ-ഒന്നാം പതിപ്പ്-1889

ആമുഖം

മലയാളത്തിലെ ആദ്യ നോവൽ ഏത് എന്നതിനെ പറ്റി ആവശ്യത്തിനു വിവാദങ്ങൾ ഉണ്ട്. അത് നമ്മൾ ഇവിടെ കൈകാര്യം ചെയ്യുന്നില്ല.   മലയാളത്തിലെ “ലക്ഷണമൊത്ത ആദ്യത്തെ നോവൽ” എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ദുലേഖയുടെ ഒന്നാമത്തെ പതിപ്പിന്റെ സ്കാൻ ആണ് ഇന്നു പങ്കു വെക്കുന്നത്. ആദ്യത്തെ നോവൽ പട്ടത്തിനു മത്സരിക്കുന്ന മറ്റൊരു കൃതിയായ ഘാതകവധത്തിന്റെ (1877) സ്കാൻ നമ്മൾ ഇതിനകം കണ്ടതാണ്. അതിനു പുറമേ വേറൊരു ആദ്യകാല മലയാളനോവലിന്റെ സ്കാൻ കൂടെ പങ്കു വെക്കുന്നതിൽ സന്തോഷമുണ്ട്.

ഇന്ദുലേഖയുടെ ഒന്നാം പതിപ്പ് ഈ അടുത്ത് കുറച്ചധികം വാർത്താപ്രാധാന്യം നേടിയതാണ്. ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയിൽ നിന്ന് കിട്ടിയ ഇന്ദുലേഖയുടെ ഒന്നാം പതിപ്പിനു, മലയാളി ഇപ്പോൾ വായിക്കുന്ന ഇന്ദുലേഖയുടെ ഉള്ളടക്കവുമായി സാരമായ വ്യത്യാസം ഉണ്ടെന്ന് ഡോ. പി.കെ. രാജശേഖരൻ, ഡോ. പി. വേണുഗോപാലൻ എന്നിവർ മാതൃഭൂമി ആഴ്ചപതിപ്പിൽ (‘മാതൃഭൂമി’ ആഴ്ചപ്പതിപ്പിന്റെ 2014 ഏപ്രില്‍ 13–19 ലക്കം) എഴുതിയ “മലയാളി വായിച്ചത് യഥാര്‍ത്ഥ ഇന്ദുലേഖ അല്ല” എന്ന ലേഖനത്തിൽ സമർത്ഥിക്കുകയുണ്ടായി. കഥാന്ത്യവും നോവലിന്റെ തുടക്കവും വെട്ടിമാറ്റപ്പെട്ട നിലയിലാണ് എന്നതായിരുന്നു അവർ കണ്ടെത്തിയ പ്രധാനവ്യത്യാസം. മാത്രമല്ല കഥാന്ത്യത്തിൽ നോവലിസ്റ്റ് ഒ. ചന്തുമേനോൻ നിർവഹിച്ച ചരിത്ര പ്രസക്തിയുള്ള സ്ത്രീപക്ഷ രാഷ്ട്രീയ പ്രസ്താവന ഒഴിവാക്കിയതായും ഈ ലേഖനത്തിൽ അവർ സമർത്ഥിക്കുന്നു. (ബുക്സ്റ്റാൾജിയ എന്ന തന്റെ കോളത്തിൽ ഈ വിഷയത്തെ പറ്റി പി.കെ. രാജശേഖരൻ എഴുതിയ ഒരു ലേഖനം മാതൃഭൂമി ഓൺലൈനിൽ ഉണ്ടായിരുന്നു. ബുക്സ്റ്റാൾജിയ എന്ന പുസ്തകത്തിന്റെ വില്പനയെ സഹായിക്കാൻ വേണ്ടി ആവണം ആ ലേഖനം മാതൃഭൂമി ഓൺലൈനിൽ ഇപ്പോൾ കാണുന്നില്ല)

മാതൃഭൂമി ആഴ്ചപതിപ്പിലെ ഈ ലേഖനത്തെ തുടർന്നു ഇന്ദുലെഖയുടെ ഒന്നാം പതിപ്പ് ജനശ്രദ്ധ ആകർഷിച്ചു. അതു മുതലാക്കി ഡിസി ബുക്സ് ഇന്ദുലെഖയുടെ പ്രത്യേക പതിപ്പ് തന്നെ ഇറക്കി. അതിനെ പറ്റി ഇവിടെ കാണാം http://www.dcbooks.com/corrected-version-of-indulekha-released.html

പക്ഷെ ഡിസി ഈ കാര്യം പറഞ്ഞ് പ്രസിദ്ധീകരിച്ച പതിപ്പും ഒന്നാമത്തെ പതിപ്പിനെ ആശ്രയിച്ച് ഉള്ളതായിരുന്നില്ല, മറിച്ച്  1890ല്‍ പ്രസിദ്ധീകരിച്ച രണ്ടാം പതിപ്പ് പ്രകാരം ഉള്ളതാണ്. ചുരുക്കത്തിൽ 1889ൽ പ്രസിദ്ധീകരിച്ച ഒന്നാം പതിപ്പിന്റെ ഉള്ളടക്കം ഇപ്പോഴും പൊതുമണ്ഡലത്തിൽ നിന്നു മറഞ്ഞിരിക്കുന്നു. എന്നാൽ ആ സ്ഥിതിക്ക് ഇന്ന് മുതൽ ഭേദം വരികയാണ്. ഇന്ദുലേഖയുടെ ഒന്നാം പതിപ്പിന്റെ (1889) സ്കാൻ എല്ലാവർക്കുമായി പങ്കു വെക്കുന്നത്.

പുസ്തകത്തിന്റെ വിവരം

 • പേര്: ഇന്ദുലെഖാ, ഇംഗ്ലീഷ നൊവൽ മാതിരിയിൽ എഴുതപ്പെട്ടിട്ടുള്ള ഒരു കഥ
 • പതിപ്പ്: ഒന്നാം പതിപ്പ്
 • രചയിതാവ്: ഒ. ചന്തുമെനൊൻ
 • പ്രസിദ്ധീകരണ വർഷം: 1889
 • പ്രസ്സ്: കൊഴിക്കൊട സ്പെക്ടെട്ടർ അച്ചുകൂടം
ഇന്ദുലെഖാ - ഒന്നാം പതിപ്പ് - 1889
ഇന്ദുലെഖാ – ഒന്നാം പതിപ്പ് – 1889

 

കടപ്പാട്

പുസ്തകത്തിന്റെ സ്കാനിന്റെ വിശദാംശങ്ങളിലേക്ക് പോകുന്നതിനു മുൻപ് ഈ പുസ്തകത്തിന്റെ സ്കാൻ ഇന്നുനമ്മൾക്ക് ലഭിക്കാൻ സഹായിച്ചവരെ നന്ദിയൊടെ സ്മരിക്കട്ടെ. പ്രധാനമായും  സായാഹ്ന ഫൗണ്ടേഷന്റെ (http://sayahna.org/രാധാകൃഷ്ണൻ സാറിന്റെ പ്രയത്നം മൂലമാണ് ഇത് ലഭ്യമായത്. മാതൃഭൂമി ആഴ്ചപതിപ്പിൽ ഇന്ദുലെഖയുടെ ഒന്നാം പതിപ്പിന്റെ വിവരം വന്നപ്പോൾ തന്നെ, ഇന്ദുലേഖയുടെ ഒരു പൊതുസഞ്ചയപ്പതിപ്പിനെ അധികരിച്ച് ഇന്ദുലേഖ ഇ-പുസ്തകം ആയി (ആദ്യത്തെ പതിപ്പിലെ ഇരുപതാം അദ്ധ്യായവും ചേർത്ത്) സായാഹ്ന പ്രസിദ്ധീകരിച്ചിരുന്നു. ആ ഇ-പുസ്തകം ഇവിടെ കാണാം.

എന്നാൽ ഈ പുസ്തകത്തിനോടുള്ള അദ്ദേഹത്തിനുള്ള താല്പര്യം അതുകൊണ്ടു നിന്നില്ല. തന്റെ സുഹൃത്തായ മാധവ നായിക്ക് വഴി അദ്ദേഹം ബ്രിട്ടീഷ് ലൈബ്രറിയിൽ നിന്നു് ഒന്നാം പതിപ്പിന്റെ താളുകൾ മൊത്തം ഫൊട്ടോ എടുപ്പിച്ച് കൊണ്ടു വന്നു. കുറച്ചുനാൾ മുൻപ് ഈ ഫോട്ടോകൾ എല്ലാം പ്രൊസസ് ചെയ്ത് സ്കാൻ റിലീസ് ചെയ്യാനായി എനിക്കു കൈമാറി. അങ്ങനെ അദ്ദേഹം കൈമാറിയ ഫോട്ടോകൾ ആണ് ഇന്നു ഡിജിറ്റൈസ് ചെയ്യപ്പെട്ട് നിങ്ങളുടെ മുൻപിൽ എത്തുന്നത്.

പുസ്തകത്തിന്റെ താളുകളുടെ ഫോട്ടോകൾ കിട്ടിയെങ്കിലും ഇതിന്റെ പോസ്റ്റ്-പ്രോസസിങ് ഒട്ടും എളുപ്പമായിരുന്നില്ല. പുസ്തകത്തിന്റെ ഗട്ടർ സ്പെസിലെ നിഴൽ ഒഴിവാക്കി ഫോട്ടോ എടുക്കാൻ കഴിയാതിരുന്നത് മൂലമായിരുന്നു അത്. ഈ പുസ്തകത്തിന്റെ പോസ്റ്റ്-പ്രോസസിങ് പൂർണ്ണമായും നിർവ്വഹിച്ചത് സുനിൽ വി.എസ് ആണ്. പുസ്തകത്തിന്റെ ഏകദേശം നടുഭാഗങ്ങളിലെ താളുകളിൽ നിഴൽ ഉണ്ടാക്കിയ നോയിസിന്റെ പ്രശ്നങ്ങൾ ചെറുതായി കാണാം. അതൊക്കെ ഒഴിവാക്കി പുസ്തകം വായനാ യോഗ്യമാക്കാൻ സുനിലിനു നന്നെ ബുദ്ധിമുട്ടേണ്ടി വന്നു.

ഇന്ദുലേഖയുടെ ഒന്നാം പതിപ്പിന്റെ ഡിജിറ്റൈസേഷനിൽ പല വിധത്തിൽ സഹായിച്ച രാധാകൃഷ്ണൻ സാർ, മാധവ നായിക്ക്, സുനിൽ എന്നിവർക്ക് പ്രത്യേക നന്ദി.

പുസ്തകത്തിന്റെ പ്രത്യേകത

ഇന്ദുലെഖയുടെ അച്ചടിയുടെ ചരിത്രം പരിശോധിച്ചാൽ 1889 ലാണ് ഒന്നാം പതിപ്പ് വരുന്നത്. കോഴിക്കോട് സ്പെക്ടെട്ടർ അച്ചുകൂടത്തിലാണ് ഇത് അച്ചടിച്ചത്. ഈ പതിപ്പ് വെറും മൂന്നു മാസം കൊണ്ടു വിറ്റു തീർന്നു. 1890 യിൽ നോവലിന്റെ രണ്ടാം പതിപ്പും പ്രസദ്ധികരിച്ചു.ഇക്കാലയളവിൽ ഇംഗ്ലീഷ് പരിഭാഷയും പുറത്തിറങ്ങി. തുടർന്ന് ഈ പുസ്തകം എത്ര പതിപ്പുകൾ ഇറങ്ങിയിട്ടൂണ്ട് എന്നതിനു കണക്കുണ്ടോ എന്ന് സംശയമാണ്. പൊതു സഞ്ചയത്തിൽ വന്നതൊടെ പല പ്രസാധകരും ഇതിന്റെ പതിപ്പ് ഇറക്കിയിട്ടുണ്ട് താനും.

ഏതാണ്ട് 500നടുത്ത് താളുകൾ ആണ് ഒന്നാം പതിപ്പിനുള്ളത്.

ലിപി പരമായ പ്രത്യേകൾ ഒന്ന് ഓടിച്ച് നോക്കിയതിൽ നിന്ന്, 1890ൽ പോലും കോഴിക്കൊട്ടുക്കാർ ചന്ദ്രക്കലയെ സ്വീകരിക്കാൻ തയ്യാറായിട്ടില്ല എന്നാണ് മനസ്സിലാകുന്നത്. സംവൃതോകാരം മിക്കവാറും ഒക്കെ അകാരമായാണ് എഴുതിയിരിക്കുന്നത്. കോഴിക്കോട് സ്പെക്ടെട്ടർ അച്ചുകൂടത്തിനു മലയാളലിപിയുടെ പരിണാമത്തിൽ പങ്കുണ്ട് എന്ന് നമ്മൾ ഇതിനു മുൻപ് കണ്ടതുമാണല്ലോ.

ഈകാരത്തിനു  ” ം‌രം” എന്ന രൂപമാണ്.  അതേ പോലെ ഏ/ഓകാരത്തിന്റെ ചിഹ്നവും ഒട്ടുമേ ഇല്ലെന്ന് കാണുന്നു. എല്ലാം “ഒ””എ”കാരം കോണ്ട് സൂചിപ്പിച്ചിരിക്കുന്നു.

കൂടുതൽ വിശകലനത്തിനും ഉപയോഗത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരം

ഈ പുസ്തകത്തിന്റെ പല തരത്തിലുള്ള ഔട്ട് പുട്ട് ലഭ്യമാണ്.