ആൽഫബെത്തും ഗ്രന്ഥാണിക്കോ മലബാറിക്കവും ഏ-യും ഓ-യും

പലരും പലയിടങ്ങളിലായി മലയാളം അക്ഷരമാലയിലെ ഏ ഓ എന്നീ ലിപികൾ ഗുണ്ടർട്ടിനു മുൻപ് ഉണ്ടായിരുന്നോ എന്ന് സംശയം പ്രകടിപ്പിക്കാറുണ്ടായിരുന്നു. കാരണം ഗുണ്ടർട്ടിനു മുൻപ് അച്ചടിച്ച പുസ്ത്കങ്ങളിൽ ഒക്കെ മിക്കവാറും ഏ/ഓ കാരം ഉപയോഗിക്കേണ്ട അവസരങ്ങളിൽ ഒക്കെ അത് എ, ഒ യിൽ ഒതുക്കിയിരുന്നു എന്ന് കാണാം. മാത്രമല്ല നമ്മൾക്ക് ഇന്ന് ലഭ്യമായിരിക്കുന്ന ചില കൈയ്യെഴുത്ത് പ്രതികളിലും (ഉദാ: ശ്രീനാരായണഗുരുവിന്റെ കൈപ്പട) ഈ രീതിയിലുള്ള ഏ, ഓ യുടെ ഉപയോഗം കാണാം.

handwriting

അക്ഷരമാലയിലോ വാക്കുകളിലോ ഓ ഉപയോഗിച്ചിട്ടില്ലെങ്കിലും ഓ യുടെ ഉപയോഗം ബെയിലി നിഘണ്ടുവിൽ ഞാൻ ഇതിനു മുൻപ് തന്നെ ശ്രദ്ധിച്ചിരുന്നു. അതിനാൽ ഗുണ്ടർട്ടിനു മുൻപ് കുറഞ്ഞ പക്ഷം ഓ എങ്കിലും ഇല്ലെന്ന വാദം പൂർണ്ണമായി ശരിയല്ല എന്ന് എനിക്ക് തോന്നിയിരുന്നു. പക്ഷെ കൂടുതൽ തെളിവുകൾ ആവശ്യമായിരുന്നു.

ഏ ഓ യുടെ വിഷയത്തിൽ മലയാളം വിക്കിമീഡിയനായ നവീൻ ശങ്കർ കുറച്ച് നാൾ മുൻപ് പോസ്റ്റ് ചെയ്തത് ഇവിടെ കാണാം (https://plus.google.com/u/0/109085892057211470020/posts/NJ91uL9XDqB). അതിൽ അദ്ദേഹവും ഏ, ഓ ലിപികൾ ഇല്ലായിരുന്നു എന്നാണ് പറയുന്നത്. പക്ഷെ ഈ നിഗമനം നവീനു ലഭ്യമായ രേഖകൾ വെച്ച് ശരിയായിരുന്നു എന്നേ ഞാൻ പറയൂ. പൊതുജനങ്ങൾക്ക് ലഭ്യമായ വിവിധ രേഖകൾ പരിശോധിച്ച് ആ വിധത്തിലുള്ള നിഗമനങ്ങളിൽ എത്താനേ നമുക്ക് കഴിയൂ. ഇത് കൊണ്ടൊക്കെ കൂടിയാണ് പൊതുസഞ്ചയത്തിലുള്ള കൃതികളുടെ സ്കാനുകൾ പൊതുജനങ്ങൾക്ക് സൗജന്യമായി ലഭ്യമാക്കണമെന്ന് നിരന്തരമായി ആവശ്യപ്പെടുന്നത്.

നമ്മുടെ സർക്കാരുകളോ സർവ്വകലാശാലകളോ ഇക്കാര്യത്തിൽ നമ്മളെ സഹായിക്കില്ലെങ്കിലും വിദേശസർവ്വകലാശാലകൾ അതീവ പഴക്കമുള്ള മലയാളപുസ്തകങ്ങൾ/അല്ലെങ്കിൽ മലയാളസംബന്ധിയായ നമുക്ക് ലഭ്യമാക്കാൻ വളരെയധികം സഹായിക്കുന്നു. ആ വിധത്തിൽ ആണല്ലോ മലയാളലിപി ആദ്യമായി അച്ചടിച്ച ആൽഫബെത്തും മലബാറിക്കോ ഗ്രന്ഥാണിക്കോ എന്ന പുസ്തകം ഒരു വിദേശസർവ്വകലാശാലയുടെ ഡിജിറ്റൽ ആർക്കൈവിൽ നിന്ന് ലഭിച്ച കാര്യം ഞാൻ എഴുതിയത്.

നിലവിൽ മലയാളം വിക്കിപീഡിയയിലെയും വിക്കിഗ്രന്ഥശാലകളിലും സംഭാവന ചെയ്യാൻ വിക്കിമീഡിയ ഫൗണ്ടേഷൻ ഇപ്പോൾ ഫോണ്ടിനെ റിക്രൂട്ട് ചെയ്തതതിനാലും ഡെവലപ്പറുമാരുടെ ഇഷ്ടങ്ങൾ അടിച്ചേൽപ്പിക്കാനുള്ള പദ്ധതികൾ ആയി അത് മാറിയതിനാലും അവിടെ നിന്ന് പുറത്താക്കപ്പെട്ട സ്ഥിതിക്ക്, ഇപ്പോൾ മറ്റ് പരിപാടികൾക്ക് ധാരാളം സമയം ഉണ്ട്. അതിനാൽ തന്നെ ഇതുവരെ ലഭിച്ച പൊതുസഞ്ചയ പുസ്തകങ്ങൾ ഒന്ന് പരിശോധിക്കാൻ തീരുമാനിച്ചു. അങ്ങനെ ആണ് നവീന്റെ പോസ്റ്റിലെ വിഷയം ഒന്ന് കൂടെ വിശദമായി പരിശോധിക്കാൻ തീരുമാനിച്ചത്.

അങ്ങനെ ആദ്യമായി മലയാള ലിപി അച്ചടിച്ച ആൽഫബെത്തും മലബാറിക്കോ ഗ്രന്ഥാണിക്കോ-വിൽ വന്നു. ലാറ്റിൻ എനിക്ക് ഒന്നും മനസ്സിലാവില്ലെങ്കിലും പുസ്തകത്തിലെ മലയാളലിപികൾ നോക്കി പോയി.

56, 57 താളുകളിൽ മലയാള അക്ഷരമാല ഒക്കെ കൊടുത്തിട്ടുണ്ട്. പക്ഷെ അതിലൊടൊന്നും ഏ, ഓ ഇല്ല.

പക്ഷെ 57താളിൽ അവസാന ഖണ്ഡികയിൽ അതാ കിടക്കുന്നു. ഒപ്പം ആ ഖണ്ഡികയിൽ തന്നെ യും ഉണ്ട്. ആ ഖണ്ഡികയുടെ പടം താഴെ.

latin to malayalam or english

അങ്ങനെ 1772-ൽ തന്നെ ഏ, ഓ ഉണ്ട് എന്ന് ഉറപ്പായി.; പക്ഷെ ഇത് അക്ഷരമാലയിൽ ഇല്ല താനും.

ലാറ്റിൻ അറിയാത്തത് കൊണ്ട് അതിൽ എഴുതിയത് എന്താണെന്ന് മനസ്സിലാക്കാൻ യാതൊരു വഴിയും ഇല്ല. (ഹോർത്തൂസിന്റെ ഇംഗ്ലീഷ്, മലയാള പരിഭാഷയ്ക്കായി മണിലാൽ സാർ എത്ര കഷ്ടപ്പെട്ടു എന്ന് മനസ്സിലാക്കാൻ ഈ ചെറിയ ഒരു ഉദാഹരണം തന്നെ ധാരാളം.). അതിനാൽ തന്നെ എന്റെ ലാറ്റിൻ വിക്കിമീഡിയ സുഹൃത്ത് MF-Warburg നെ ഞാൻ ബന്ധപ്പെട്ടു. ആ ഖണ്ഡികയുടെ മാത്രം സ്ക്രീൻ ഷോട്ടെടുത്ത് പുള്ളിക്ക് അയച്ചു കൊടുത്ത്, അത് മാത്രം പരിഭാഷ ചെയ്ത് സഹായിക്കാമോ എന്ന് അഭ്യർത്ഥിച്ചു. അദ്ദേഹം പെട്ടെന്ന് തന്നെ അത് പരിഭാഷ ചെയ്ത് അയച്ചു തന്നു. അദ്ദേഹം അയച്ചു തന്നത് അതേ പോലെ താഴെ പകർത്തുന്നു.

In writing the vowels എ and ഒ, no distinction between long and short one is made; some writers however, in order to distinguish the long /e/, inflect it this way: ഏ, the truly long /e/: ഏപ്പുകൾ the junctures of the body; they also add the letter ാ to ഒ, writing ഓ, in order to express the long /o/.

Some people prefer to write the long /o/ vowel in this way o, from where derives oട /óda/ “roof-tile”.

Everyone is allowed to firmly ignore this mode of writing, however to prevent that anyone stumbles upon it while reading [not knowing what it is], it is nevertheless necessary to know something about it.

 • ചുരുക്കത്തിൽ ഏ, ഓ യും വളരെ കുറച്ച് പേർ എഴുത്തിനു ഉപയോഗിക്കുന്നു എന്ന പ്രസ്ഥാവന ആയിരുന്നു ആ ഖണ്ഡികയിൽ. പക്ഷെ ഭൂരിപക്ഷവും തിരിച്ചാണ് എന്ന പ്രസ്താവനയും ഉണ്ട്.
 • അതേ പോലെ ഓ യുടെ വേറൊരു രൂപവും o ഈ ഖണ്ഡികയിൽ കണ്ടു.
 • അവസാനമായി ഏ, ഓ എന്നിവ എഴുത്തിൽ വേണ്ടെന്ന് വെയ്ക്കണം എന്ന അഭിപ്രായവും കണ്ടു.

ഈ ഖണ്ഡികയിൽ അല്ലാതെ ഏ ഓ യുടെ വേറെ പരാമർശങ്ങളോ വാക്കുകളോ ഒന്നും ഈ ഗ്രന്ഥത്തിൽ കണ്ടില്ല.

എ. ആർ പറയുന്നതിനു അനുസരിച്ച്, ഩ, ഺ എന്നീ ലിപികൾ ഒരിക്കൽ ഉപയോഗത്തിൽ (ചിലരെങ്കിലും) ഉണ്ടായിരിക്കുകയും പിന്നീട് മലയാളികൾ തിരസ്കരിക്കുകയും ആണ് ഉണ്ടായത്. എന്നാൽ ഏ, ഓയുടെ കാര്യത്തിൽ അപൂർവ്വമായി ഉപയോഗത്തിലുണ്ടായിരുന്നെങ്കിലും ഇടക്കാലത്ത് തിരസ്കരിച്ചു കളഞ്ഞു എന്ന് കാണാം എന്ന് പറയാം. അതിനെ ശക്തമായി തിരിച്ചു കൊണ്ടു വരിക ആയിരിക്കണം ഗുണ്ടർട്ട് ചെയ്തത്.  ഇനി മീത്തലിന്റെ കഥ എന്താണാവോ? ഗുണ്ടർട്ടിനു മുൻപ് മീത്തൽ ആരും ഉപയോഗിച്ചതായി കാണുന്നേ ഇല്ല, അല്ലെങ്കിൽ അങ്ങനെ ഉള്ള രേഖകൾ പൊതുജനങ്ങൾക്ക് ലഭ്യമായിട്ടില്ല.

ഓ-യുടെ കാര്യത്തിൽ അതിന്റെ  തെളിവു തപ്പി പോയപ്പോൾ പുതിയ ഒരു രൂപം കൂടി (o) കണ്ടെത്താനായി എന്ന കാര്യവും ഇവിടെ എടുത്തു പറയണം.

എന്തായാലും ഏ, ഓ യുടെ പേരിൽ ഉണ്ടായിരുന്ന തെറ്റിദ്ധാരണ ഇതൊടെ മാറി. ഇപ്പോ 1772 വരെയുള്ള കാര്യം വ്യക്തമായി. ഇനി ഇതിനും പിറകിലേക്ക് തപ്പാൻ നമുക്ക് സ്കാനുകൾ ഇല്ല.

Malayalam public domain books – പൊതുസഞ്ചയത്തിലുള്ള മലയാളപുസ്തകങ്ങൾ

മലയാളഭാഷയിലെ (അല്ലെങ്കിൽ മലയാളഭാഷ/മലയാള ലിപിയെ കുറിച്ച് മറ്റ് ഭാഷകളിൽ രചിക്കപ്പെട്ട) പൊതുസഞ്ചയത്തിൽ ഉള്ള കൃതികളുടെ സ്കാനുകൾ ഡൗൺലോഡ് ചെയ്യാനുള്ള കണ്ണികളും അനുബന്ധവിവരങ്ങളും ക്രോഡീകരിക്കാനായി ഒരു താൾ ഉണ്ടാക്കിയിരിക്കുന്നു. അത് കാണാനായി https://shijualex.in/list-of-malayalam-public-domain-books/ എന്ന ഈ കണ്ണി സന്ദർശിക്കുക. ഈ പട്ടികകൾ നിരന്തരമായി പുതുക്കികൊണ്ടിരിക്കും.

I have created a page which has a set of lists that provide you the links to download the scan (and other related materials) of the Malayalam public domain books. I will keep on updating these lists as and when I get the new scans of the Malayalam public domain books. The page is here https://shijualex.in/list-of-malayalam-public-domain-books/

ഗുണ്ടർട്ടിന്റെ നിഘണ്ടുക്കളും അനുബന്ധ പ്രസിദ്ധീകരണങ്ങളും

ബെഞ്ചമിൻ ബെയിലിയുടെ നിഘണ്ടുക്കളുടെ സ്കാനുകൾ (മലയാളം-ഇംഗ്ലീഷ്, ഇംഗ്ലീഷ്-മലയാളം) നമ്മൾ കുറച്ച് നാളുകൾക്ക് മുൻപ് പരിചയപ്പെട്ടു. ബെയിലിയെ പോലെതന്നെ മലയാളഭാഷയ്ക്കും ലിപിയ്ക്കും വളരെ സംഭാവനകൾ നൽകിയ വേറൊരു വിദേശി ആണല്ലോ ഹെർമ്മൻ ഗുണ്ടർട്ട്. ഗുണ്ടർട്ടിന്റേതായി കുറച്ച് മലയാളകൃതികൾ ഉണ്ടെങ്കിലും ഇതു വരെ നമുക്ക് സ്കാനുകൾ ലഭ്യമായിരിക്കുന്നത് ഗുണ്ടർട്ട് സമാഹരിച്ച് പുറത്തിറക്കിയ കേരളോല്പത്തി എന്ന പുസ്തകത്തിനും പിന്നെ നിഘണ്ടുക്കൾക്കും മാത്രമാണ്. ഇതിൽ കേരളോല്പത്തി എന്ന ഗ്രന്ഥം പൂർണ്ണമായി ഡിജിറ്റൈസ് ചെയ്ത് മലയാളം വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്. വിക്കിഗ്രന്ഥശാലയിലെ ഉള്ളടക്കം പുനരുപയോഗിച്ച് സായാഹ്ന ഫൗണ്ടേഷൻ മനോഹരമായി  ടൈപ്പ് സെറ്റ് ചെയ്ത ഇ-പുസ്തകം (pdf     epub) ഇവിടെയും ലഭ്യമാണ്.

ഈ പൊസ്റ്റിൽ ഗൂണ്ടർട്ടിന്റെ വിവിധ നിഘണ്ടുക്കളും അനുബന്ധപ്രസിദ്ധീകരണങ്ങളുടേയും നമുക്ക് ഇതുവരെ ലഭ്യമായ സ്കാനുകൾ പരിചയപ്പെടുത്തുന്നു.

ഗുണ്ടർട്ടിന്റെ മലയാളം-ഇംഗ്ലീഷ് നിഘണ്ടുവിന്റെ പ്രോസ്പെക്ടസ്

1872-ൽ ഇറങ്ങിയ ഗുണ്ടർട്ടിന്റെ മലയാളം-ഇംഗ്ലീഷ് നിഘണ്ടുവിനെ കുറിച്ച് 1871-ൽ ഇറങ്ങിയ പ്രോസ്പെക്ടസ് ആണിത്. അച്ചടിച്ചത് മംഗലാപുരത്തെ ബാസൽ മിഷൻ പ്രസ്സിൽ നിന്നും.

തുടക്കത്തിലുള്ള ആമുഖപ്രസ്താവനയിൽ പബ്ലിഷറായ C. Stoltz ഗുണ്ടർട്ട് നിഘണ്ടുവിനെ കുറിച്ച് താഴെ പറയുന്ന ചില കാര്യങ്ങൾ പറയുന്നുണ്ട്.

 • നിഘണ്ടു 5 ഭാഗങ്ങളാണ് പ്രസിദ്ധീകരിക്കുന്നത്. മൊത്തം ഏതാണ് 1000 താളുകൾ ഉണ്ടാകും.
 • സ്വരങ്ങളിൽ തുടങ്ങുന്ന വാക്കുകൾ ആണ് ആദ്യത്തെ ഭാഗത്തിൽ
 • 1872 അവസാനത്തൊടെ എല്ലാഭാഗങ്ങളും പ്രസിദ്ധീകരിച്ചു തീരും എന്ന് കരുതുന്നു
 • രജിസ്റ്റർ ചെയ്യുന്നവർക്ക് 5 ഭാഗങ്ങൾക്കും കൂടെ 12 രൂപ 8 അണക്ക് കിട്ടും. രജിസ്റ്റർ ചെയ്യാത്തവർ ഇതിൽ കൂടുതൽ വില നൽകണം.
 • 12 കോപ്പികൾ എടുത്താൽ ഒരെണ്ണം സൗജന്യമാണത്രേ.
 • കണ്ണൂർ, തലശ്ശേരി, ചോമ്പാല (ഇത് ഏതാണ് സ്ഥലം എന്ന് മനസ്സിലായില്ല), കോഴിക്കോട്, കോടക്കാൽ (ഇത് ഏതാണ് സ്ഥലം എന്ന് മനസ്സിലായില്ല), പാലക്കാട് എന്നിവിടങ്ങളിൽ ഉള്ള ബാസൽ മിഷൻ കേന്ദ്രങ്ങളിൽ നിഘണ്ടുവിനായി രജിസ്റ്റർ ചെയ്യാം.

C. Stoltzന്റെ ആമുഖപ്രസ്താവനയ്ക്ക് ശേഷം ഗുണ്ടർട്ടിന്റെ വക ഏതാണ്ട് 7-താളോളം നീളുന്ന പ്രസ്താവന ഉണ്ട്. അതിൽ അദ്ദേഹം മലയാള ഭാഷയെ ഏതാണ്ട് 25 വർഷത്തോളം പഠിക്കുകയും ആ കാലഘട്ടത്തിനിടയ്ക്ക് ശേഖരിച്ച വിവരങ്ങളും ആണ് ഈ നിഘണ്ടുവിന്റെ നിർമ്മിതിക്ക് ഉപയോഗിച്ചിരിക്കുന്നത് എന്നും നിഘണ്ടു നിർമ്മാണത്തിനിടയ്ക്ക് മലയാളം തമിഴ് വാക്കുകളെ വേർതിരിക്കാൻ ബുദ്ധിമുട്ടി എന്നും എടുത്ത് പറഞ്ഞിട്ടുണ്ട്.

ഇതിനു ശേഷം നിഘണ്ടുവിലെ ചില താളുകളും ഉദാഹരണമായി നൽകിയിട്ടുണ്ട്.

സ്കാനിലേക്കുള്ള കണ്ണി:

മലയാളം – ഇംഗ്ലീഷ് ഡിക്ഷണറി

മുകളിൽ സൂചിപ്പിച്ച  മലയാളം – ഇംഗ്ലീഷ് നിഘണ്ടു ആണിത്.

 • അച്ചടി വർഷം: 1872
 • അച്ചടിച്ചത്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
 • രചന: ഹെർമ്മൻ ഗുണ്ടർട്ട്

ഈ ഡിക്ഷണറിയുടെ സ്കാനും മറ്റും ദീർഘനാളായി ഇന്റർനെറ്റിൽ ലഭ്യമാണ്.

എല്ലാ ഭാഗങ്ങളും ഉൾക്കൊള്ളുന്ന സമ്പൂർണ്ണ പതിപ്പിനു ഏതാണ് 1100 താളുകൾ ആണ് ഉള്ളത്. ഇതല്ലാതെ സ്വരം മാത്രം ഉൾപ്പെടുന്ന ആദ്യ ഭാഗത്തിന്റെ സ്കാനും നമുക്ക് കിട്ടിയിട്ടുണ്ട്.

സ്കാനുകൾക്ക് പുറമേ ഈ നിഘണ്ടു പൂർണ്ണമായി മലയാളം യൂണിക്കോഡിൽ ഡിജിറ്റൈസ് ചെയ്തത്  ഷിക്കാഗോ സർവ്വകലാശാലയുടെ സൈറ്റിലും ലഭ്യമാണ് http://dsal.uchicago.edu/cgi-bin/philologic/getobject.pl?p.0:0.gundert (നമ്മുടെ സർവ്വകലാശാലകൾ ഈ വിധത്തിൽ എപ്പൊഴെങ്കിലും ചെയ്യുമോ? പൊതുജനത്തിന്റെ പണം എടുത്ത് ധൂർത്തെടിച്ച് പൊതുപണം ഉപയൊഗിച്ച് ഡിജിറ്റൈസ് ചെയ്യന്ന സംഗതികൾ പൊതുജനത്തിന്റെ കണ്ണിൽ നിന്ന് ഒളിച്ചു വെക്കുക എന്നതാണല്ലോ നമ്മുടെ സർവ്വകലാശാലകളുടെ ഡിജിറ്റൈസേഷൻ പ്രവർത്തനം )

1872-ൽ ഇറങ്ങിയ സമ്പൂർണ്ണ പതിപ്പും പിന്നെ 1871-ൽ ഇറങ്ങിയ സ്വരങ്ങളിൽ തുടങ്ങുന്ന വാക്കുകൾ മാത്രമുള്ള ആദ്യ ഭാഗത്തിന്റെ സ്കാനും മാത്രമാണ് നമുക്ക് ലഭ്യമായിരിക്കുന്നത്.  ബാക്കിയുള്ള ഭാഗങ്ങളുടെ ഒക്കെ സ്കാനുകൾ നമുക്ക് കിട്ടാൻ ബാക്കിയാണ്.

സ്കാനുകളിലേക്കുള്ള കണ്ണികൾ താഴെ:

മുകളിലെ മലയാളം-ഇംഗ്ലീഷ് നിഘണ്ടുവിനു പുറമേ ബാസൽ മിഷൻ തന്നെ പ്രസിദ്ധീകരിച്ച ഒരു ഇംഗ്ലീഷ്-മലയാളം നിഘണ്ടുവും നമുക്ക് കിട്ടിയിട്ടുണ്ട്.അതിന്റെ വിവരങ്ങൾ താഴെ.

School Dictionary English and Malayalam ഇങ്ക്ലിഷ മലയാള ഭാഷകളുടെ അകാരാദി

 • അച്ചടി വർഷം: 1870
 • അച്ചടിച്ചത്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം

രചയിതാവ് ആരാണെന്ന് പറഞ്ഞിട്ടില്ല. പക്ഷെ ഇതിനു തൊട്ടടുത്ത വർഷം 1871-ൽ ആണ് ഗുണ്ടർട്ടിന്റെ മലയാളം ഇംഗ്ലീഷ് ഡിക്ഷണറി വരാൻ തുടങ്ങിയത് എന്നതിനാൽ ഗുണ്ടർട്ട് തന്നെയായിരിക്കുമോ രചയിതാവ് എന്ന സംശയം എനിക്കുണ്ട്. എന്തായാലും ബാസൽ മിഷൻ ആണ് പ്രസിദ്ധീകരിച്ചത് എന്നതിനാലും ഗുണ്ടർട്ട് കേരളത്തിൽ ഉള്ള കാലത്താണ് പ്രസിദ്ധീകരിച്ചത് എന്നതിനാലും ഇതിന്റെ നിർമ്മിതിയിൽ ഏതെങ്കിലും ഒക്കെ വിധത്തിൽ ഗുണ്ടർട് ട്സഹകരിച്ചിട്ട് ഉണ്ടാകും എന്ന് ഞാൻ കരുതുന്നു.  മറ്റ് ഗുണ്ടർട്ട് കൃതികളെ പോലെ ഇതിന്റെയും പ്രസാധകൻ C. Stolz ആണെന്ന് കാണാം. പക്ഷെ ഗുണ്ടർട്ട് നിഘണ്ടുവിലെ പോലെ ഇതിൽ രചയിതാവിന്റെ പ്രസിദ്ധീകരണ ആമുഖക്കുറിപ്പും മറ്റും ഇല്ലാത്തതിനാൽ മറ്റ് വിശദാംശങ്ങൾ ഒന്നും അറിയില്ല. തുടക്കത്തിൽ (8-ആം താളിൽ) ഒരു ചെറിയ മുഖവുര കാണുന്നുണ്ട്. പക്ഷെ അതിലും വിശദാംശങ്ങൾ ഒന്നും കാണുന്നില്ല.

പുതുക്കിയ വിവരം: തോബിയാസ് സഖറിയാസിന്റെ ഇംഗ്ലീഷു മലയാള ശബ്ദകോശം ലെ പ്രസ്താവന അനുസരിച്ച് ഈ പുസ്തകം മുള്ളറുടെ വക ആണെന്ന് ഞാൻ അനുമാനിക്കുന്നു.

സ്കാനുകളിലേക്കുള്ള കണ്ണി താഴെ: https://archive.org/details/1870_School_Dictionary_English_And_Malayalam

ചന്ദ്രക്കല (മീത്തൽ), ഏ കാരം, ഓ കാരം

ഈ പുസ്തകങ്ങൾക്ക് മുൻപ് അച്ചടിച്ചതും നമ്മൾ പരിചയപ്പെട്ടതുമായ സ്കാനുകളുമായി താരതമ്യം ചെയ്യുമ്പോൾ ചന്ദ്രക്കല , ഏ കാരം, ഓ കാരം ഇവയുടെ ഒക്കെ സാന്നിദ്ധ്യം ആണ് ഞാൻ പ്രത്യേകത ആയി കണ്ടത്.