എം.എം. ഫിലിപ്പ് – അനുശോചനക്കുറിപ്പ്

എം.എം. ഫിലിപ്പ് (മഠത്തിമേപ്രത്ത് മത്തായി ഫിലിപ്പ്) ഞങ്ങൾ അനേകരുടെ അപ്പച്ചൻ, 2019 ജനുവരി 9നു അർദ്ധരാത്രി 11:30യോടെ ന്യൂഡെൽഹിയിൽ വെച്ച് അന്തരിച്ചു. മരിക്കുമ്പോൾ 88 വയസ്സുണ്ടായിരുന്ന അദ്ദേഹം തന്റെ ജീവിതകാലത്ത് താൻ ഇടപെടുന്ന ആളുകളുടെ ഒക്കെയും ഹൃദയം കവർന്ന ആളാണ്. അതിനാൽ തന്നെ അദ്ദേഹത്തിന്റെ മക്കൾക്ക് മാത്രമല്ല അദ്ദേഹവുമായി ഇടപെട്ട എല്ലാവർക്കും അദ്ദേഹത്തിന്റെ വേർപാട് നഷ്ടമാണ്. അദ്ദേഹത്തിന്റെ  കുടുംബാംഗങ്ങൾക്ക് നേരിട്ട നഷ്ടത്തിൽ പങ്കു ചേരുകയും അനുശോചനം അറിയിക്കയും ചെയ്യുന്നു.

  • മരണം: 2019 ജനുവരി 9, 11:30 PM
  • ശവസംസ്കാര ശുശ്രൂഷ: 2019 ജനുവരി 13, 12:30 PM നു ഡെൽഹിയിൽ വെച്ച്.
Philip M M

Philip M M

അദ്ദേഹം ഇന്ത്യൻ റെയിൽ വേയിലെ പ്രിന്റിങ് ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥനായിരുന്നു. കൽക്കട്ടയിൽ ആയിരുന്നു ഉദ്യോഗം. എന്റെ കൗമാരകാലത്താണ് (1980കളുടെ അവസാനം) അദ്ദേഹം റിട്ടയറായി കരിമ്പയിൽ എത്തി അവിടെ സെറ്റിലാകുന്നത്. പാലക്കാട് ഒരു റെയില്വേ ഡിവിഷനൽ ഓഫീസ് ഉണ്ട് എന്നതും റെയിൽവേ ആശുപത്രി ഉണ്ട് എന്നതും കുടുംബക്കാരായ കുറച്ച് പേർ ഉണ്ട് എന്നതും ഒക്കെയായാവാം അതിനു അദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്നു കരുതുന്നു.

വന്ന കാലത്ത് തന്നെ അദ്ദെഹം കുട്ടികളുടേയും യുവതലമുറയുടേയും ശ്രദ്ധപിടിച്ചു പറ്റി. അദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്ന മിനി പ്രോഗ്രാമിങ് ഡിവൈസ് അടക്കമുള്ള ഇലക്രോണിക് ഗാഡ്ഗറ്റുകൾ പലരുടേയും ശ്രദ്ധപിടിച്ചു പറ്റി. ഏത് പുതിയ കാര്യവും പഠിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമായിരുന്നു. അത് അദ്ദേഹത്തിനു പല പേരുകളും സമ്മാനിച്ചു. അദ്ദേഹം കൈവെക്കാത്ത മേഖലകൾ ഉണ്ടോ എന്ന് സംശയമാണ്.

വലിയ ഒരു പുസ്തകശേഖരം  ഉണ്ടായിരുന്നു അദ്ദേഹത്തിന്.  അതിൽ പലതും റീഡേഴ്സ് ഡൈജസ്റ്റ് പ്രസിദ്ധീകരിച്ചിരുന്ന സ്പെഷ്യൽ പുസ്തകങ്ങൾ ആയിരുന്നു. അതിൽ മിക്കതും എനിക്ക് വായിക്കാൻ തന്നിട്ടും ഉണ്ട്. റീഡേഴ്സ് ഡൈജസ്റ്റിന്റെ പഴയ ലക്കങ്ങളുടെ വലിയ ഒരു ശേഖരവും അദ്ദേഹത്തിന്നു ഉണ്ടായിരുന്നു എന്നത് ഓർക്കുന്നു.

സ്റ്റാമ്പ് കളക്ഷൻ അദ്ദേഹത്തിന്റെ ഹോബിയായിരുന്നു. ചില സ്റ്റാമ്പുകൾ അദ്ദേഹം എനിക്ക് തന്നിട്ടൂണ്ട്.

1990കളുടെ തുടക്കത്തിൽ തന്നെ കമ്പ്യൂട്ടർ വാങ്ങി നാട്ടുകാർക്ക് അതുമായി ബന്ധപ്പെട്ട സേവനങ്ങൾ കൊടുത്തു. പരീക്ഷാഫലം പ്രിന്റ് ഔട്ട് എടുക്കാൻ ആളുകൾ അദ്ദേഹത്തിന്റെ വീടിനു മുന്നിൽ ക്യൂ  നിൽക്കുമായിരുന്നു.

അദ്ദേഹത്തിനു ജ്യോതിഷത്തിൽ അത്യാവശ്യം ജ്ഞാനമുണ്ടായിരുന്നു. അതിന്റെ സേവനങ്ങൾക്കായി പലരും അദ്ദേഹത്തെ സമീപിച്ചിരുന്നു. കമ്പ്യൂട്ടർ വന്നതിനു ശെഷം അദ്ദേഹം ഇതുമായി ബന്ധപ്പെട്ട് സൂപ്പർ സോഫ്റ്റിന്റെ ഒരു ഉപയോഗ്ക്താവ് ആയിരുന്നെന്ന് ഓർക്കുന്നു.

ഡിജിറ്റൽ ക്യാമറ വന്ന കാലത്ത് തന്നെ അദ്ദേഹമത് സ്വന്തമാക്കി. ഒരിക്കൽ ക്യാമറ അപ്‌ഗ്രേഡ് ചെയ്യാനായി ഞാനാണ് ചെന്നെയിൽ നിന്നു പുതിയ ക്യാമറയും കെസും അദ്ദേഹത്തിന്നു വാങ്ങി കൊണ്ടുകൊടുത്തത് എന്നു ഓർക്കുന്നു. ഫോട്ടോഗ്രാഫി അദ്ദെഹത്തിന്റെ വിനോദമായിരുന്നു. എന്റെ കല്യാണമടക്കമുള്ള പലതും അദ്ദേഹം കവർ ചെയ്തിട്ടൂണ്ട്.

പള്ളിയിൽ വളരെ സജീവമായിരുന്നു. പല ഞായറാഴ്ചകളിലും അദ്ദേഹം ആരാധനയ്ക്ക് ഇടക്ക് പ്രസംഗിക്കുന്നത് ഓർക്കുന്നു. പള്ളിയിലെ വിവിധസന്നദ്ധപ്രവർത്തനങ്ങളിലും സജീവമായിരുന്നു.

സണ്ടേസ്കൂൾ ടീച്ചറായും പ്രവർത്തിച്ചിട്ടൂണ്ട്. എന്റെ സണ്ടേസ്കൂൾ ടീച്ചർ ആയിരുന്നു.

ജോലിയൊക്കെ കിട്ടുന്നതിനു മുൻപും. ജോലി പോയതിനു  ശേഷമുണ്ടായ ശൂന്യതയിലും ഒക്കെ എന്റെ ഫ്രീ ടൈം  മിക്കവാറും ഒക്കെ ഫിൽ ചെയ്തിരിക്കുന്നത് അപ്പച്ചനുമായുള്ള വിവിധ പ്രവർത്തനങ്ങൾ ആയിരുന്നു. ഞങ്ങൾ എവിടേക്കൊക്കെയോ ഒരുമിച്ച് യാത്രയും ചെയ്തിട്ടുണ്ട് എന്നത് ഓർക്കുന്നു. കീഴ്‌വായ്പൂർ എന്ന സ്ഥലത്തുള്ള ഒരു ബന്ധുവീട്ടിൽ പോയത് ഞാൻ ഇപ്പോഴും ഓർക്കുന്നു.

ബ്ലോഗിങ്  സജീവമായ കാലത്ത് തന്നെ അത് തുടങ്ങി. വിക്കിപീഡിയയിലും അംഗത്വം എടുത്തിട്ടൂണ്ട് എന്നാണ് ഓർമ്മ. പിൽക്കാലത്ത് ഓർക്കുട്ട്, ഫേസ്ബുക്ക് തുടങ്ങി പല സോഷ്യൽ മീഡിയ സൈറ്റിലും അദ്ദേഹം സജീവമായിരുന്നു.

2008 അവസാനത്തോടെ അദ്ദേഹം കരിമ്പയിലെ വാസം അവസാനിപ്പിച്ച്  ഡെഹിയിൽ മകളുടെ അടുത്തേക്ക് പോയി. അങ്ങനെ കരിമ്പയിൽ നിന്ന് ഡെൽഹിയിലേക്ക് പറിച്ചു നടാൻ തീരുമാനിച്ചപ്പോൾ നാട്ടുകാർ അത് ഒട്ടും സന്തൊഷത്തോടെയല്ല കൈക്കൊണ്ടത്.   എങ്കിലും അദ്ദേഹത്തിന്റെ തീരുമാനത്തെ അവർ അവസാനം മാനിച്ചു. എങ്കിലും പോകുന്നതിനു മുൻപ് പഞ്ചായത്തിന്റെ വക ഒരു യാത്രയയപ്പ് കൊടുത്തിരുന്നു. അതിനെ പറ്റിയുള്ള പത്രവാർത്ത താഴെ.

ഫിലിപ്പ് എം. മത്തായി - പത്രവാർത്ത

ഫിലിപ്പ് എം. മത്തായി – പത്രവാർത്ത

 

അദ്ദേഹം പാലക്കാടിനെ പറ്റിയും കരിമ്പയെ പറ്റിയും പല സ്ഥലത്തും എഴുതിയിട്ടൂണ്ട്. എന്റെ ഓർമ്മയിൽ നിന്നു കിട്ടിയ രണ്ടെണ്ണം താഴെ:

അദ്ദേഹം ഡെൽഹിയിലേക്ക് മാറിയ ശെഷം ഞാനുമായുള്ള ഇടപെടൽ കുറഞ്ഞു വന്നു. എങ്കിലും 2009ൽ അദ്ദേഹം എന്റെ കല്യാണത്തിന്നു വന്നിരുന്നു എന്ന് ഞാൻ ഇപ്പോൾ ഓർക്കുന്നു. പിന്നീട് 2011-2012 കാലഘട്ടത്തിൽ ഒരു വർഷത്തോളം എനിക്ക് ഡെൽഹിയിൽ ജോലി ഉണ്ടായിരുന്നപ്പോൾ ഇടയ്ക്ക് ഞങ്ങൾ അപ്പച്ചനെ സന്ദർശിച്ചിരുന്നു. അവിടെ വെച്ചാണ് അദ്ദേഹത്തെ അവസാനമായി നേരിട്ടു കാണുന്നതും.

2009 നവംബർ 5നു ഡെൽഹിയിൽ വെച്ചു അദ്ദേഹത്തിന്റെ സഹധർമ്മണി മരിച്ചു.  ആ സമയത്ത് അദ്ദെഹം എഴുതിയ ഒരു കുറിപ്പ് എന്റെ ഇമെയിൽ ആർക്കൈവിൽ ഉണ്ട്.

ഡെൽഹിയിലും അദ്ദേഹം വിവിധ സാമൂഹ്യകൂട്ടായ്മകളിൽ സജീവമായിരുന്നു എന്ന് കാണുന്നു. സോഷ്യമീഡിയ സൈറ്റുകളിലും സജീവമായിരുന്നു. 2018 ഏപ്രിൽ മാസത്തിൽ കരിമ്പയിൽ ഒരു അവസാന സന്ദർശനവും നടത്തിയിരുന്നു.

എന്റെ ഡിജിറ്റൈസെഷൻ സംരംഭങ്ങളെ പലപ്പൊഴും അഭിനന്ദിച്ചിരുന്നത് ഓർക്കുന്നു.

പലപേരുകളിൽ ആണ് അദ്ദേഹം ജനങ്ങളുടെ ഇടയിൽ അറിയപ്പെട്ടിരുന്നത്. കൽക്കട്ടയിൽ നിന്ന് വന്നതിനാൽ കൽക്കട്ട അപ്പച്ചൻ എന്ന് അറിയപ്പെട്ടു. കമ്പ്യൂട്ടർ അറിയുന്നതിനാൽ കമ്പ്യുട്ടർ അപ്പച്ചൻ എന്ന് അറിയപ്പെട്ടു, ജ്യോതിഷം അറിയുന്നതിനാൽ പണിക്കരപ്പച്ചൻ ആയി. അവസാനം ഡെൽഹിയിലേക്ക് മാറിയപ്പോൾ പലർക്കും അദ്ദേഹം ഡെൽഹി അപ്പച്ചനായി.

തന്റെ പ്രവർത്തനം കൊണ്ട് അനേകം മനുഷ്യരുടെ പ്രകാശിതമാക്കിയ ഒരു ജീവിതം ആയിരുന്നു അദ്ദേഹത്തിന്റേത്. അതിനായി അദ്ദെഹത്തിനു നന്ദി. അദ്ദേഹത്തിന്റെ ഇടപെടലുകൾ അദ്ദേഹത്തിനു വേണ്ടി സംസാരിക്കുന്നത് നമ്മൾ കാണുന്നതുമാണ്.

അവസാനം

ഡിസംബർ അവസാനം അദ്ദേഹത്തിനു ഹാർട്ടറ്റാക്ക് ഉണ്ടാവുകയും സർജറി നടത്തുകയും ചെയ്തിരുന്നു. ആ സംഭവനങ്ങളെ പറ്റി മിക്കവരും അറിഞ്ഞിരുന്നില്ല. അതിനെ പറ്റി അദ്ദേഹം 2018 ജനുവരി 9നു രാവിലെ പൊസ്റ്റ് ചെയ്തത് താഴെ പറയുന്നതാണ്.

അപ്പച്ചന്റെ അവസാന വാക്കുകൾ

അപ്പച്ചന്റെ അവസാന വാക്കുകൾ

പൗലൊസ് അപ്പൊസ്തൊലൻ എഴുതിയ പോലെ (ഗുണ്ടർട്ടിന്റെ പരിഭാഷ):

നല്ല അങ്കം ഞാൻ പൊരുത് ഓട്ടത്തെ തികെച്ചു, വിശ്വാസത്തെ കാത്തിരിക്കുന്നു. ഇനി നീതിയാകുന്ന കിരീടം എനിക്കായി വെച്ചു കിടക്കുന്നു; ആയതു നീതിയുള്ള ന്യായാധിപതിയായ കർത്താവ് ആ ദിവസത്തിൽ എനിക്ക് നല്കും; എനിക്കു മാത്രമല്ല; അവന്റെ പ്രത്യക്ഷതയെ സ്നേഹിച്ചിട്ടുള്ള ഏവർക്കും കൂടെ.

അതിനോടു ഒക്കുന്ന ഒരു സാക്ഷ്യമാണ് അപ്പച്ചൻ തന്റെ അവസാനസന്ദേശത്തിൽ എഴുതിയത്,

തന്റെ ജീവിതസാക്ഷ്യം നിറഞ്ഞു നിൽക്കുന്ന ഈ കുറിപ്പ് എഴുതി കഴിഞ്ഞ്, ദിവസം അവസാനിക്കുന്നതിനു തൊട്ട് മുൻപ് രാത്രി 11:30യോടെ അദ്ദേഹം അവസാനശ്വാസം വലിച്ചു. അദ്ദേഹത്തോട് അവസാനസമയങ്ങളിൽ ഒന്നു സംസാരിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന വിഷമമേ എനിക്കുള്ളൂ.

ജീവിതകാലം മൊത്തം ബൗദ്ധികമായി അദ്ദേഹം സജീവമായിരുന്നു. അതിനാൽ തന്നെ 88 വയസ്സ് വരെ അദ്ദേഹത്തിനു മിക്കസംഗതികൾക്കും പരസഹായം വേണ്ടി വന്നില്ല. തന്റെ ജീവിതംകൊണ്ട് അനേകരുടെ ജീവിതം പ്രകാശിതമാക്കിയ അദ്ദേഹത്തിനു കണ്ണീർപ്രണാമം അർപ്പിച്ചു കൊണ്ട് ഈ ചെറിയ അനുശോചനക്കുറിപ്പ് അവസാനിപ്പിക്കട്ടെ.

 

 

Comments

comments

Google+ Comments

This entry was posted in Uncategorized. Bookmark the permalink.

Leave a Reply