1892 – മലങ്കര ഇടവക പത്രിക – ആദ്യത്തെ 12 ലക്കങ്ങൾ

ആമുഖം

മലങ്കര ഇടവക പത്രിക എന്ന മാസികയുടെ 1892-ആം ആണ്ടിലെ വിവിധ ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പൊതുസഞ്ചയരേഖകളുടെ വിവരം

  • പേര്: മലങ്കര ഇടവക പത്രിക – 1892 ലെ 12 ലക്കങ്ങൾ
  • താളുകളുടെ എണ്ണം: ഓരോ ലക്കത്തിനും 20 പേജുകൾ വീതം
  • പ്രസിദ്ധീകരണ വർഷം: 1892
  • പ്രസ്സ്: Mar Thomas Press, Kottayam
1892 - മലങ്കര ഇടവക പത്രിക
1892 – മലങ്കര ഇടവക പത്രിക

അല്പം ചരിത്രം

1889ലെ റോയൽ കോടതി വിധിയോടു കൂടെ അന്നത്തെ മലങ്കര സുറിയാനി സഭ പിളർന്നു. ഒരു വിഭാഗം നവീകരണ സുറിയാനി സഭയായി മാറി (ഈ കൂട്ടർ ഇന്ന് മലങ്കര മാർത്തോമ്മ സുറിയാനി സഭ എന്ന് അറിയപ്പെടുന്നു). പിളർന്നതിനു ശേഷവും ഇവർ തമ്മിൽ പുസ്തകങ്ങളുടേയും മാസികകളുടേയും ലഘുലേഖകളുടേയും രൂപത്തിൽ ധാരാളം ആശയസംവാദം നടക്കുന്നുണ്ടായിരുന്നു.

നവീകരണ വിഭാഗം മലയാളമിത്രം  തുടങ്ങിയ ചില മാസികളിലൂടെ എഴുതുന്ന ലേഖനങ്ങൾക്ക് മറുപടി പറയാൻ ഔദ്യോഗിക വിഭാഗത്തിനു ഒരു ഔദ്യോഗിക പ്രസിദ്ധീകരണം കൂടിയേ തീരു എന്നു വന്നു. അങ്ങനെയാണ് മലങ്കര മെത്രാപ്പോലീത്താ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസിന്റെ ഉടമസ്ഥതയില്‍ കോട്ടയം പഴയസെമിനാരിയില്‍ സെന്റ് തോമസ് പ്രസില്‍നിന്ന് 1892 മുതൽ മലങ്കര ഇടവക പത്രിക എന്ന പേരിൽ സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണം ഇറങ്ങുന്നത്.

ഈ മാസികയുടെ ആദ്യ പത്രാധിപര്‍ ഇ. എം. ഫിലിപ്പ് ആയിരുന്നു.

1892ൽ മുതൽ ഏകദേശം 1911 വരെ ഈ മാസിക തുടർച്ചയായി പ്രസിദ്ധീകരിക്കപ്പെട്ടു. 1911 നു ശെഷം ബാവാ കക്ഷി/ മെത്രാൻ കക്ഷി തർക്കങ്ങൾ ആരംഭിച്ചതോടെ സഭ വീണ്ടും പിളർപ്പിലേക്ക് നീങ്ങുകയും മലങ്കര ഇടവക പത്രികയുടെ പ്രസിദ്ധീകരണം നിലയ്ക്കുകയും ചെയ്തു.

ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്ന സ്കാനുകളുടെ പ്രത്യേകത

മലങ്കര ഇടവക പത്രികയുടെ 1892 ൽ ഇറങ്ങിയ ആദ്യത്തെ ലക്കം മുതൽ എല്ലാ 12 ലക്കങ്ങളുടേയും സ്കാനുകൾ ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നു. ഈ മാസികയുടെ ഉള്ളടക്കത്തിൽ പല ലേഖനങ്ങളും നവീകരണക്കാരുടെ പ്രസിദ്ധീകരണം ആയിരുന്ന മലങ്കര സഭാ താരകയ്ക്ക് (ഈ മാസിക ഇപ്പൊഴും പ്രസിദ്ധീകരിക്കുന്നുണ്ട്) ഉള്ള മറുപടി ആണെന്ന് കാണാം. അതുകൊണ്ട് തന്നെ മലങ്കര സഭാ താരകയുടെ ആദ്യ പതിപ്പുകൾ തൊട്ടു ലഭിച്ചാലേ 125 വർഷങ്ങൾക്ക് ഇപ്പുറം ഈ മാസിക കൈകാര്യം ചെയ്യുന്ന പല വിഷയങ്ങളും പൂർണ്ണമായി മനസ്സിലാകൂ. ഈ മാസികയിലെ നിരവധി ലേഖനങ്ങളിലൂടെ അന്നത്തെ ചരിത്രം രെഖപ്പെടുത്തിയിരിക്കുന്നു എന്നതിനാൽ ഇതൊക്കെ യഥാർത്ഥ ഗവെഷകർക്ക് അക്ഷയഖനി ആണ്.

അവസാനത്തെ താളിലുള്ള വർത്തമാനങ്ങൾ എന്ന വിഭാഗത്തിൽ പൊതുവായ ചില കുറിപ്പുകളും കാണാവുന്നതാണ്. അതൊഴിച്ച് നിർത്തിയാൽ മാസികയിലെ ഉള്ളടക്കം മിക്കവാറും ഒക്കെ ഔദ്യോഗിക വിഭാഗവും നവീകരണ വിഭാഗവും തമ്മിലുള്ള ആശയ സംവാദം ആണ്.  (ഇത്തരം ആശയ സംവാദങ്ങൾ ഇപ്പോൾ അപൂർവ്വമായ സംഗതി ആണല്ലോ)

കടപ്പാട്, ഡിജിറ്റൈസേഷൻ വിശേഷങ്ങൾ

ഈ മാസികകൾ ഡിജിറ്റൈശേഷനായി ലഭ്യമായത് “മൂലയില്‍ കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പയുടെ“ ഗ്രന്ഥ ശേഖരത്തിൽ നിന്നാണ്. അതിനായി സഹായങ്ങൾ ചെയ്തു തന്ന അദ്ദേഹത്തിന്റെ മകൻ ലിജു കുര്യാക്കോസ് ആണ്. അവർക്കു രണ്ടു പേർക്കും നന്ദി.

ഓരോ ലക്കത്തിന്റെയും പേജ് ലേഔട്ട് ഓരോ തരത്തിൽ ആയതിനാൽ ഡിജിറ്റൈസെഷൻ അല്പം ശ്രമകരമായിരുന്നു. മാസിക തുടങ്ങി ആദ്യത്തെ കുറച്ചുലക്കങ്ങൾ ലേഔട്ട് പരീക്ഷണങ്ങൾക്ക് മുതിർന്നതിന്റെ പ്രശ്നം ആണ് ഇത്. അതിനു പുറമേ മാസികകൾ എല്ലാം കൂടെ ബൈന്റ് ചെയ്തപ്പോൾ ബൈന്റ് ചെയ്തവർ അരികു കൂട്ടി മുറിച്ചതിനാൽ ചില പേജുകളിൽ ഉള്ളടക്കത്തിന്റെ ഭാഗവും നഷ്ടമായിട്ടൂണ്ട്. അതൊക്കെ ഒഴിച്ചു നിർത്തിയാൽ പരമാവധി ഏറ്റവും നല്ല ഗുണനിലവാരത്തിൽ ആണ് സ്കാൻ ലഭ്യമാക്കിയിരിക്കുന്നത്. ഓരോ ലക്കത്തിന്റേയും തനിമ നിലനിർത്താൻ ഓരോ ലക്കത്തിനും വ്യത്യസ്തമായി തന്നെ സ്കാനുകൾ ലഭ്യമാക്കിയിട്ടൂണ്ട്.

സഹായ അഭ്യർത്ഥന

മുകളിൽ സൂചിപ്പിച്ച പോലെ 1892 തൊട്ട് 1909 വരെയുള്ള മിക്കവാറും ലക്കങ്ങൾ ഒക്കെ തന്നെ മൂലയില്‍ അച്ചൻ എനിക്ക് ഡിജിറ്റൈസ് ചെയ്യാനായി കൈമാറിയ ഗ്രന്ഥശേഖരത്തിൽ ഉണ്ട്. അതിൽ 1892 – ആം വർഷത്തെ 12 ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പുറത്തു വിട്ടിരിക്കുന്നത്. ഈ ഒറ്റ വർഷത്തെ ലക്കങ്ങളിൽ തന്നെ 250 മേൽ പേജുകൾ കൈകാര്യം ചെയ്യേണ്ടി വന്നു. അപ്പോൾ ബാക്കിയുള്ള 16 വർഷത്തെ ലക്കങ്ങൾ കൂടെ പരിഗണിച്ചാൽ ഈ ശേഖരം മൊത്തം ഡിജിറ്റൈസ് ചെയ്യാൻ ഇനിയും ഏതാണ്ട് 4000 ത്തിൽ പരം പേജുകൾ കൈകാര്യം ചെയ്യണം. അതിനാൽ താഴെ പറയുന്ന കാര്യത്തിനു സഹായം അഭ്യർത്ഥിക്കുന്നു:

  • 1892ലെ എല്ലാ ലക്കങ്ങളും മൂലയിലച്ചൻ തന്ന പതിപ്പിൽ ഉണ്ടെങ്കിലും ഞാൻ ഒന്ന് ഓടിച്ചു നോക്കിയപ്പോൾ എല്ലാ വർഷങ്ങളുടേയും സ്ഥിതി ഇതല്ല. ഉദാഹരണത്തിനു 1894 ലെ 3,4 ലക്കങ്ങൾ മിസ്സിങ്ങ് ആണ്, 1901ലെ 1,2,3 ലക്കങ്ങൾ മിസ്സിങ്ങ് ആണ്, 1902ലെ 11, 12 ലക്കങ്ങൾ മിസ്സിങ് ആണ്. ഈ വിധത്തിൽ മിക്കവാറും എല്ലാ വർഷങ്ങളിലും 2-3 ലക്കങ്ങൾ മിസ്സിങ് ആണ്. ഒരു വർഷത്തെ എല്ലാ ലക്കങ്ങളും കിട്ടിയിട്ടേ ബാക്കിയുള്ള വർഷങ്ങളിലെ (1893 – 1909) സ്കാനുകൾ റിലീസ് ചെയ്യാൻ ഉദ്ദേശിക്കുന്നുള്ളൂ. അതിനാൽ ഞാൻ സൂചിപ്പിച്ച പോലെ എനിക്ക് ലഭ്യമല്ലാത്തെ ലക്കങ്ങൾ തപ്പിയെടുത്ത് തരാൻ സഹായം അഭ്യർത്ഥിക്കുന്നു. സഹായം ലഭ്യമാണെങ്കിൽ ഏത് വർഷങ്ങളിലെ ഏതൊക്കെ ലക്കങ്ങൾ ആണ് എന്റെ കൈയ്യിൽ ഇല്ലാത്തത് എന്നതിന്റെ കൃത്യമായ വിവരം ഞാൻ തരാം.

ഇതിനു മുൻപ് ചില പേജുകൾ എനിക്കു ലഭ്യമല്ലാത്ത ശബ്ദതാരാവലിയുടെ കാര്യത്തിൽ, കനിമൂസ മാണികത്തനാരുടെ ബൈബിളിന്റെ കാര്യത്തിൽ ഒക്കെ ഞാൻ സമാനമായ സഹായ അഭ്യർത്ഥന നടത്തിയിട്ടുണ്ടെങ്കിലും ആ പുസ്തകങ്ങളുടെ കാര്യത്തിൽ ഇതു വരെ പൊതുസമൂഹത്തിൽ നിന്നു എനിക്കു സഹായം ലഭിച്ചിട്ടില്ല. (നഷ്ടപ്പെട്ടു പോയ 5-6 പേജുകളുടെ കാര്യത്തിൽ മാത്രമാണ് ഞാൻ സഹായം അഭ്യർത്ഥിച്ചത്) ഈ പുസ്തകത്തിന്റെ കാര്യത്തിലും അതാണൊ സംഭവിക്കാൻ പോകുന്നത് എന്ന കാര്യത്തിൽ എനിക്ക് സന്ദേഹം ഉണ്ട്.

ഡൗൺലോഡ് വിവരങ്ങൾ

1892ലെ 12 ലക്കങ്ങൾ ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ:

1908 – മലങ്കര ഇടവക പഞ്ചാംഗം

ആമുഖം

ഈ പ്രാവശ്യത്തെ കേരളസന്ദർശനത്തിൽ തപ്പിയെടുത്ത ഒരു പൊതുസഞ്ചയ കൃതി കൂടി. ഇപ്രാവശ്യം ക്രൈസ്തവ സഭാസംബന്ധിയായ 1908ലെ ഒരു പഞ്ചാംഗം ആണ് പങ്കു വെക്കുന്നത്.

പുസ്തകത്തിന്റെ വിവരം

  • പേര്: മലങ്കര ഇടവക പഞ്ചാംഗം
  • താളുകൾ: 42
  • പ്രസിദ്ധീകരണ വർഷം: 1908
  • പ്രസ്സ്: മാർ തോമസ് പ്രസ്സ്, കോട്ടയം
1908 - മലങ്കര ഇടവക പഞ്ചാംഗം
1908 – മലങ്കര ഇടവക പഞ്ചാംഗം

പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം

പുസ്തകത്തിന്റെ ശീർഷകം സൂചിപ്പിക്കുന്ന പോലെ 1908ലെ യാക്കോബായ സുറിയാനി സഭയുമായി ബന്ധപ്പെട്ട പഞ്ചാംഗം ആണിത്. ഇതിനു മുൻപ് കണ്ട അക്കാലത്തെ മറ്റു പല പഞ്ചാംഗങ്ങളെ (ഉദാ: ബാസൽ മിഷന്റെ പഞ്ചാംഗങ്ങൾ) പോലെ ഈ പഞ്ചാംഗവും മറ്റു പല വിവരങ്ങളും ഉൾക്കൊള്ളുന്നുണ്ട്. ഇക്കാലത്ത് വാർഷിക ഡയറി ഇറക്കുന്നതിനു സമാനമായി ആണെന്ന് തോന്നുന്നു അക്കാലത്ത് പഞ്ചാംഗങ്ങൾ ഇറക്കിയിരുന്നത്. ഈ പഞ്ചാംഗത്തിലെ വിഷയങ്ങൾ എടുത്താൽ പഞ്ചാംഗത്തിനു പുറമേ സഭയുടെ വിവിധ തലത്തിലുള്ള ആത്മീയ ഭരണാധികാരികളുടെ വിവരങ്ങളും, മരിച്ചു പോയ ബിഷപ്പുമാരുടെ വിവരങ്ങളും, വിവിധ പള്ളികളുടെ വിവരങ്ങളും ഒക്കെ ഈ പുസ്തകത്തിൽ അടങ്ങിയിരിക്കുന്നു. ചുരുക്കത്തിൽ 1908ലെ യാക്കോബായ സുറിയാനി സഭയുടെ ചെറിയൊരു ഡോക്കുമെന്റെഷൻ ഈ പഞ്ചാംഗത്തിലൂടെ ലഭിക്കുന്നുണ്ട്. ഇതിൽ കൂടുതൽ ഈ പുസ്തകത്തിന്റെ ഉള്ളടക്കത്തിന്റെ വിശദാംശങ്ങളിലേക്കു പോവാൻ എനിക്കു അറിവില്ല. അതു ഈ മേഖലയിൽ അറിവുള്ളവർ ചെയ്യുമല്ലോ.

കടപ്പാട്, ഡിജിറ്റൈസേഷൻ വിശേഷങ്ങൾ

ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത് “മൂലയില്‍ കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പയുടെ“ ഗ്രന്ഥ ശേഖരത്തിൽ നിന്നാണ്. അതിനായി സഹായങ്ങൾ ചെയ്തു തന്ന അദ്ദേഹത്തിന്റെ മകൻ ലിജു കുര്യാക്കോസ് ആണ്. ഈ പൊതുസഞ്ചയ പുസ്തകങ്ങൾ ഡിജിറ്റൈസേഷൻ ചെയ്യേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കി അതൊക്കെ എന്നെ വിശ്വസിച്ച് ഏല്പിച്ച അവർക്കു രണ്ടു പേർക്കും വളരെ നന്ദി.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:

1879 – യാക്കൊബായ സുറിയാനി സഭയുടെ സ്വരൂപം

ആമുഖം

കഴിഞ്ഞ വട്ടം നാട്ടിൽ പോയപ്പോൾ ലഭ്യമായ കുറച്ച് പുസ്തകങ്ങളുടെ സ്കാനുകൾ ആണ് ഇനി കുറച്ച് പോസ്റ്റുകളിലൂടെ പങ്കു വെക്കുന്നത്. ഇതിൽ ആദ്യമായി പങ്കു വെക്കുന്നത് യാക്കൊബായ സുറിയാനി സഭയുടെ സ്വരൂപം എന്ന പുസ്തകമാണ്.

പുസ്തകത്തിന്റെ വിവരം

  • പേര്: യാക്കൊബായ സുറിയാനി സഭയുടെ സ്വരൂപം
  • താളുകൾ: 78
  • രചയിതാവ്: എടവഴിക്കൽ ഗീവറുഗീസു കത്തനാർ
  • പ്രസ്സ്: സെന്റ് തോമസ് പ്രസ്, കൊച്ചി
  • പ്രസിദ്ധീകരണ വർഷം: 1879
1879 - യക്കൊബായ സുറിയാനി സഭയുടെ സ്വരൂപം
1879 – യക്കൊബായ സുറിയാനി സഭയുടെ സ്വരൂപം

കടപ്പാട്

ഈ പുസ്തകം ലഭ്യമായത് ഓർത്തഡോക്സ് സഭയിലെ പുരോഹിതനായ റവ: ഇയ്യോബ് കുന്നകുളത്തിന്റെ  ശേഖരത്തിൽ നിന്നാണ്. ഈ വിധത്തിൽ പുസ്തകം പൊതുമണ്ഡലത്തിലേക്ക് കൊണ്ടു വരാൻ സഹായിച്ച ഇയ്യോബച്ചനു നന്ദി.

പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം

ഈ പുസ്തകം എടവഴിക്കൽ ഗീവറുഗീസു കത്തനാർ എഴുതി Rev. G.B Howard എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ച The Nature of the Syrian Church എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ മലയാളം പരിഭാഷ ആണെന്നു ടൈറ്റിൽ പേജിൽ നിന്നു മനസ്സിലാക്കാം. The Nature of the Syrian Church എന്ന ഇംഗ്ലീഷ് പുസ്തകവും 1869ൽ തന്നെ ആണു പ്രസിദ്ധീകരിച്ചത് എന്നു വിവിധ ഇടങ്ങളിൽ പരിശോധിച്ചതിൽ നിന്നു വ്യക്തമാകുന്നു.

പുസ്തകത്തിന്റെ ഉള്ളടക്കം ഏകദേശം മൊത്തമായി 1870 വരെയുള്ള യാക്കോബായ സുറിയാനി സഭയുടെ ചരിത്രം ഒരു പ്രത്യേക വീക്ഷണകോണിൽ നിന്നു പറയാണ് ശ്രമിച്ചിട്ടുള്ളത്. 1870കളിൽ നവീകരണവിഭാഗകാരും പാരമ്പര്യവാദികളും തമ്മിൽ സഭാവഴക്കു കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയമായിരുന്നു. ഈ പുസ്തകത്തിൽ പാരമ്പര്യവാദികളുടെ ഭാഗത്തു നിന്നു കാര്യങ്ങൾ അവതരിപ്പിക്കാനാണു ശ്രമിച്ചിരിക്കുന്നത്. പലയിടത്തും നവീകരണവിഭാഗക്കാരേയും അവരുടെ നേതാവായ മാർ അത്തനേഷ്യസ് മെത്രാപ്പോലീത്തയേയും രൂക്ഷമായി വിമർശിക്കുകയേയും ചെയ്യുന്നതും കാണാം. കൂടുതൽ വിശദാംശങ്ങൾക്കായി പുസ്തകം വായിക്കുക.

കൊച്ചിയിലെ സെന്റ് തോമസ് പ്രസ്സിൽ അച്ചടിച്ച ഒരു പുസ്തകം ആദ്യമായാണ് നമുക്ക് കിട്ടുന്നത്. ആ വിധത്തിൽ ഈ പുസ്തകം പ്രത്യേകത ഉള്ളതാണ്. Kochiയുടെ സ്പെല്ലിങ് CCOHIN എന്ന് ടൈറ്റിൽ പേജിൽ തന്നെ കാണുന്നു.

പഴക്കം മൂലം പുസ്തകത്തിന്റെ നില അതീവ ഗുരുതരമായതിനാൽ ഡിജിറ്റൈസേഷൻ പ്രശ്നമായിരുന്നു. നോയിസ് മൂലം പുസ്തകം ഗ്രേ സ്കെയിലിൽ ചെയ്യാൻ പറ്റില്ല എന്ന നിലയിൽ ആയിരുന്നു. അതിനാൽ ബ്ലാക്ക് ആന്റ് വൈറ്റിൽ ചെയ്യേണ്ടി വന്നു. അതിലും നോയിസ് ഒഴിവാക്കൽ അതീവ ദുഷകരമായിരിന്നു. എങ്കിലും ഒരു വിധത്തിൽ ഉപയോഗക്ഷമമായ ഒരു ബ്ലാക്ക് ആന്റ് വൈറ്റ് കോപ്പി ഒരു വിധത്തിൽ ഉണ്ടാക്കാൻ പറ്റി. അതു പങ്കു വെക്കുന്നു.

പുസ്തകത്തിലെ വിഷയത്തിന്റെ വിശകലനം ഈ മേഖലയിൽ അറിവുള്ളവർ ചെയ്യുമല്ലോ. കൂടുതൽ ഉപയോഗത്തിനും വിശകലനത്തിനുമായി പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പ് പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ: