1910 – സത്യവേദപുസ്തകം

സത്യവേദപുസ്തകം എന്ന പ്രശസ്ത മലയാള ബൈബിൾ പരിഭാഷയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പരിചയപ്പെടുത്തുന്നത്.
സത്യവേദപുസ്തകം – 1910
സത്യവേദപുസ്തകം – 1910

1910ൽ പുറത്തിറങ്ങിയ പതിപ്പും അതിനാൽ പകർപ്പവകാശപ്രശ്നങ്ങൾ ഇല്ലാത്തതുമായ പതിപ്പിന്റെ സ്കാനാണ് ഈ പോസ്റ്റിൽ പരിചയപ്പെടുത്തുന്നത്.  സത്യവേദപുസ്തകം ഇപ്പൊഴും പ്രതിവർഷം ആയിരക്കണക്കിനു കോപ്പികൾ വിറ്റഴിയുന്ന ഗ്രന്ഥമാണ്. ഏറ്റവും പുതിയ പതിപ്പ് എല്ലാവർക്കും എല്ലായിടത്തും ലഭ്യമാണ്. പക്ഷെ പകർപ്പവകാശപ്രശ്നങ്ങൾ ഇല്ലാത്ത ഒരു സ്കാൻ എവിടെയും ലഭ്യമായിരുന്നല്ല. ആ കുറവാണ് ഇപ്പോൾ തീരുന്നത്.

സത്യവേദപുസ്തകത്തിന്റെ ചരിത്രം

സത്യവേദപുസ്തകത്തിന്റെ ചരിത്രം ബൈബിളിന്റെ മലയാളപരിഭാഷയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. മാത്രമല്ല അത് അതിനു മുൻപ് പുറത്തിറങ്ങിയ മറ്റ് പല പരിഭാഷശ്രമങ്ങളുടേയും തുടർച്ചയും ആണ്. അത് കായംകുളം ഫിലിപ്പോസ് റമ്പാൻ, ബെഞ്ചമിൻ ബെയ്‌ലി, മോശെ ഈശാർഫനി, ചാത്തു മേനോൻ, വൈദ്യനാഥയ്യർ, ഹെർമൻ ഗുണ്ടർട്ട് പിന്നെ പേർ പ്രത്യേകം രേഖപ്പെടുത്തിയിട്ടാത്ത മറ്റ് അനേകം പരിഭാഷകരുടെ പാരമ്പര്യം പേറുന്ന ഒരു പുസ്തകവുമാണ്.

1806-ൽ  ക്ലോഡിയസ് ബുക്കാനൻ കേരളം സന്ദർശിക്കുന്നതോടെയാണ് സത്യവേദപുസ്തകത്തിന്റെ ചരിത്രം തുടങ്ങുന്നതെന്ന് സാമാന്യമായി പറയാം. ബുക്കാനന്റെ പ്രോത്സാഹനത്തിൽ  കായംകുളം ഫിലിപ്പോസ് റമ്പാൻ പരിഭാഷ നിർവ്വഹിച്ച ആദ്യത്തെ നാലു സുവിശേഷങ്ങൾ അടങ്ങിയ പുസ്തകം 1811-ൽ പുറത്തിറങ്ങി. ഈ പുസ്തകം ഇന്ന് റമ്പാൻ ബൈബിൾ എന്ന പേരിൽ പ്രശസ്തമാണ്. ഇതിന്റെ സ്കാൻ നമ്മൾ ഇതിനകം പരിചയപ്പെട്ടതാണ്. അതിനെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾക്ക് ഈ പോസ്റ്റ് കാണുക. https://shijualex.in/ramban_bible_1811/ സുറിയാനി പദങ്ങളുടെ ബാഹുല്യമാണ് റമ്പാൻ ബൈബിളിന്റെ എടുത്തുപറയാനുള്ള ഒരു കുറവ്.

ഇതിനു ശെഷം വരുന്ന പ്രധാന പരിഭാഷ ബെഞ്ചമിൻ ബെയ്‌ലിയുടേതണ്. 1823-ൽ കോട്ടയത്ത് പ്രസ്സ് സ്ഥാപിച്ചത് തൊട്ട് ബൈബിളിലെ ഓരോ പുസ്തകവും പരിഭാഷ തീരുന്നതിനു അനുസരിച്ച് ഖണ്ഡശ പ്രസിദ്ധീകരിച്ചു. ഇങ്ങനെ പുതിയ നിയമം പൂർണ്ണമായി 1829-ൽ അച്ചടിച്ച് പ്രസിദ്ധീകരിച്ചു. ആ പതിപ്പിനെ കുറിച്ചുള്ള വിശദാംശങ്ങൾ ഇവിടെ കാണാം https://shijualex.in/malayalam_new_testament_benjamin_bailey/

അതിനു ശെഷം 1841ഓടെ ബെഞ്ചമിൻബെയ്‌ലി  പഴയനിയമവും മൊത്തമായി പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചു. അതിനാൽ മലയാളവുമായി ബന്ധപ്പെട്ട മറ്റ് അനേകം പദവികൾക്കൊപ്പം ആദ്യമായി ബൈബിൾ മൊത്തമായി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ പദവി ബെഞ്ചമിൻ ബെയ്‌ലി അലങ്കരിക്കുന്നു.(Update: ബെഞ്ചമിൻ ബെയിലിയുടെ പഴയനിയമത്തിന്റെ സ്കാൻ ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലൈബ്രറിയിൽ നിന്ന് പിൽക്കാലത്ത് ലഭിച്ചു. അത് ഇവിടെ കാണാം https://shijualex.in/1839-1841-benjamin-bailey-old-testament/)

ബെയ്‌ലിയുടെ ബൈബിൾ പരിഭാഷയുടെ ഒരു പ്രധാനകുറവായി പറയുന്നത് അത് തെക്കൻ കേരളത്തിലുള്ളവരുടെ ഭാഷ ആധാരമാക്കി പരിഭാഷ ചെയ്തതാണ് എന്നതായിരുന്നു. (മാദ്ധ്യമങ്ങളുടെ സ്വാധീനം മൂലം വളരെയധികം മാനകീകരിക്കപ്പെട്ട ഇക്കാലത്തെ കേരളത്തിലെ മലയാളം  ആയിരുന്നില്ല 150 വർഷം മുൻപത്തെ കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ ജനങ്ങളുടെ മലയാളം. തെക്കൻ കേരളത്തിൽ ഉള്ളവർ ഉപയോഗിക്കുന്ന വാക്കുകളും പ്രയോഗങ്ങളും വടക്കൻ കേരളത്തിൽ ഉള്ളവർക്ക് മനസ്സിലാകാത്ത സ്ഥിതി പോലും ഉണ്ടായിരുന്നു). ബെയ്‌ലി ബൈബിളിലെ മറ്റ് പ്രശ്നങ്ങളും പരിഹരിച്ചും, വടക്കൻ കേരളത്തിലുള്ളവർക്ക് കൂടെ ഉപയോഗപ്പെടുന്ന ഒരു പരിഭാഷ വേണം എന്ന ചിന്തയിൽ നിന്നാണ് ഹെർമൻ ഗുണ്ടർട്ട് ബൈബിൾ പരിഭാഷ തുടങ്ങുന്നത്. ഹെർമ്മൻ ഗുണ്ടർട്ടിന്റെ പുതിയ നിയമ പരിഭാഷ ഇവിടെ കാണാം https://shijualex.in/malayalam_new_testament_complete_gundert_1868/ ഹെർമ്മൻ ഗുണ്ടർട്ട് ബൈബിൾ പഴയ നിയമം മൊത്തമായി പരിഭാഷ ചെയ്തതായോ അച്ചടിച്ചു പ്രസിദ്ധീകരിച്ചതായോ നിലവിലുള്ള തെളിവുകൾ വെച്ച് പറയാൻ പറ്റില്ല.

ഇതിനു ശെഷമാണ് വടക്കൻ കേരളത്തിലുള്ളവർക്കും-തെക്കൻ കേരളത്തിലുള്ളവർക്കുമായി വ്യത്യസ്ത പരിഭാഷകൾ വെച്ച് മെയ്‌ന്റൈയ്ൻ ചെയ്യുന്നതിന്റെ പ്രശ്നങ്ങളെ കുറിച്ച് ബൈബിൾ സൊസൈറ്റി ചിന്തിച്ച് തുടങ്ങിയത്.

തിരുവിതാംകൂർ, കൊച്ചി, മലബാർ പ്രദേശങ്ങളിൽ ഉപയോഗിക്കുന്നതിനു പൊതുവായ ഒരു പരിഭാഷ തയ്യാറാക്കുവാൻ 1871-ൽ ബൈബിൾ സൊസൈറ്റിയുടെ മദ്രാസ് ഓക്സിലിയറി ഒരു കമ്മിറ്റിയെ നിയമിച്ചു. അതിൽ സി.എം.എസ് ന്റേയും എൽ.എം.എസ്സ്.ന്റേയും ബാസൽ മിഷണ്ടേയും സുറിയാനി സഭയുടേയും പ്രതിനിധികൾ ഉൾപ്പെട്ടിരുന്നു. ഈ കമ്മിറ്റി ആദ്യം തയ്യാറാക്കിയത് പുതിയ നിയമത്തിന്റെ പരിഭാഷയാണ്. യവന,അരമായ മൂലകൃതിയെ ആധാരമാക്കിയാണ് ഈ വിവർത്തനം നിർവഹിച്ചത്.

ഇതിനു വേണ്ടി ലൂഥറിന്റേയും സ്റ്റെറിന്റേയും ജർമ്മൻ ഭാഷയിലുള്ള വിവർത്തനങ്ങളും, തമിഴിലുള്ള പുതിയ പരിഭാഷയും, ബെയ്‌ലിയുടെടേയും ഗുണ്ടർട്ടിന്റേയും  മലയാള തർജ്ജുമയും, സാമുവേൽ ലീയുടെ സുറിയാനി ബൈബിളും ഒക്കെ സസൂക്ഷ്മം പരിശോധിച്ചു. 1880-ൽ പുതിയ നിയമം പൂർത്തിയാക്കിയെങ്കിലും 1889-ലാണ് അതു പ്രസിദ്ധീകരിച്ചത്. കുറച്ച് വർഷങ്ങൾക്ക് ശേഷം പഴയ നിയമവും പൂർത്തിയാക്കി. അവസാനം മലയാളം സംസാരിക്കുന്ന എല്ലാവരുടേയും  ഉപയോഗത്തിനായി സത്യവേദപുസ്തകം എന്ന പേരിൽ 1910-ൽ സമ്പൂർണ്ണ മലയാളപരിഭാഷ പുറത്തിറങ്ങി.

1871-ൽ ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ നിയമിച്ച കമ്മിറ്റിയുടെ കാർമ്മികത്തിൽ പരിഭാഷ ചെയ്യപ്പെട്ട് 1910-ൽ പ്രസിദ്ധീകരിച്ച മലയാള ബൈബിൾ പരിഭാഷ ആണ് സത്യവേദപുസ്തകം എന്ന പേരിൽ ഇപ്പോൾ അറിയപ്പെടുന്നത്. (ബൈബിൾ എന്ന വാക്കിന്റെ സ്വതന്ത്ര മലയാളവിവർത്തവുമായും ഇപ്പോൾ സത്യവേദപുസ്തകം എന്ന വാക്ക് ഉപയോഗിക്കുന്നുണ്ട്)    മലയാള ഭാഷയുടെ അന്നുവരെയുള്ള വളർച്ചയും, വികാസവും, ആശയവ്യാപ്തിയും ഉൾക്കൊള്ളാൻ ഈ തർജ്ജുമയ്ക്കു കഴിഞ്ഞു. അതിനാൽ തന്നെ അത് പെട്ടെന്ന് ജനകീയമായി.

കത്തോലിക്ക സഭ ഒഴിച്ചുള്ള  മിക്ക ക്രൈസ്തവ സഭകളും ഇപ്പോൾ ഈ പുസ്തകമാണ് ഔദ്യൊഗികമായി ഉപയൊഗിക്കുന്നത്.

സത്യവേദപുസ്തകത്തിന്റെ പകർപ്പവകാശകാലാവധി 1970-ൽ കഴിഞ്ഞു. അതിനു ശേഷം 1990കളോടെ നിരവധി പേർ ഇതിന്റെ വിവിധ പതിപ്പുകൾ പുറത്തിറക്കിയിട്ടുണ്ട്. എങ്കിലും ബൈബിൾ സൊസൈറ്റി  ഓഫ് ഇന്ത്യ പുറത്തിറക്കുന്ന പതിപ്പ് തന്നെയാണ് ഇപ്പോഴും ഔദ്യോഗികമായി കരുതുപ്പെടുന്നത്.

കുറഞ്ഞത് 2000 വരെയെങ്കിലും പഴയ ലിപിയിൽ മാത്രമായിരുന്നു ആയിരുന്നു (ഹെഡറിൽ മലയാളം അക്കങ്ങൾ അടക്കം) ബൈബിൾ സൊസൈറ്റിയുടെ സത്യവേദപുസ്തകം (സമ്പൂർണ്ണം) ലഭ്യമായിരുന്നുന്നത്. ഇപ്പോൾ പുതിയ ലിപിയിലും സത്യവേദപുസ്തകം ലഭ്യമാണ്.

സത്യവേദപുസ്തകം – വിക്കിഗ്രന്ഥശാല

വർഷങ്ങൾക്ക് മുൻപ് 2007-ൽ, നിഷാദ് കൈപ്പള്ളീയുടെ സൈറ്റിൽ (http://www.malayalambible.in/) നിന്ന്  സത്യവേദപുസ്തകത്തിന്റെ യൂണിക്കോഡ് പതിപ്പ് വിക്കിഗ്രന്ഥശാലയിലേക്ക് മാറ്റാനുള്ള പ്രയത്നം ചെയ്തിരുന്നു. കൂടുതൽ വിവരങ്ങൾ ഇവിടെ: http://shijualex.blogspot.com/2007/09/blog-post_8312.html

അക്കാലത്ത് സത്യവേദപുസ്തകം വിക്കിഗ്രന്ഥശാലയിൽ ചേർത്തപ്പോൾ അത് ഗ്രന്ഥശാലയിൽ എത്തുന്ന ആദ്യത്തെ സമ്പൂർണ്ണപുസ്തകങ്ങളിൽ ഒന്നായിരുന്നു. അതിനു ശേഷം നൂറുകണക്കിന് പുസ്തകങ്ങൾ വിക്കിഗ്രന്ഥശാലയിൽ എത്തിയെങ്കിലും ഗ്രന്ഥശാലയിലെ പതിപ്പിനെ സംബന്ധിച്ച് വലിയ ഒരു കുറവ് അവശേഷിക്കുന്നുണ്ടായിരുന്നു. വിക്കിഗ്രന്ഥശാലയിൽ ചേർക്കുന്ന എല്ലാ പുസ്തകങ്ങൾക്കും ആ പുസ്തകം ആധാരമാക്കിയിരിക്കുന്ന അച്ചടി പതിപ്പിന്റെ സ്കാൻ ചേർക്കേണ്ടതുണ്ട്. എന്നിട്ട് അതിനെ ആധാരമാക്കി വേണം ഗ്രന്ഥശാലയിൽ ഉള്ളടക്കം യൂണിക്കോഡിലാക്കാൻ. നിർഭാഗ്യവശാൽ സത്യവേദപുസ്തകത്തിന്റെ പകർപ്പവകാശപ്രശ്നങ്ങൾ ഇല്ലാത്ത സ്കാൻ ലഭ്യമല്ലാത്തതിനാൽ ഇതിന് കഴിഞ്ഞിരുന്നില്ല. സത്യവേദപുസ്തകത്തിന്റെ  പകർപ്പവകാശപ്രശ്നങ്ങൾ ഇല്ലാത്ത സ്കാൻ ലഭ്യകാകുന്നതോടെ മറ്റ് സവിശേഷതകൾക്ക് പുറമേ ഗ്രന്ഥശാലയിലെ ഈ ഒരു പ്രധാനപ്രശ്നത്തിനു കൂടെയാണ് പരിഹാരമാകുന്നത്.

നമുക്ക് കിട്ടിയ സ്കാനിന്റെ പ്രത്യേകതകൾ

  • ഏറ്റവും വലിയ പ്രത്യേക 1910ൽ പുറത്തിറങ്ങിയ ആദ്യത്തെ പതിപ്പിന്റെ സ്കാൻ തന്നെയാണ് നമുക്ക് ലഭിച്ചിരിക്കുന്നത് എന്നതാണ്. 
  • ഏതാണ്ട് 1900ത്തോളം താളുകളാണ് ഈ സ്കാനിൽ ഉള്ളത്
  • ന്യൂയോർക്കിലെ Cornell University (http://www.cornell.edu/) യുടെ ഡിജിറ്റൽ ശേഖരത്തിൽ നിന്നാണ് ഈ പതിപ്പ് നമുക്ക് കിട്ടിയത്. 
  • മറ്റ് പല മലയാള പുസ്തകങ്ങളേയും പോലെ ഗൂഗിളാണ് ഇതിന്റെ ഡിജിറ്റൈസേഷനു നേതൃത്വം കൊടുത്തിരിക്കുന്നത്. 
  •  പുസ്തകത്തിനു ഏതാണ്ട് 1900 പേജുകൾ ഉള്ളതിനാൽ ഇതിന്റെ സൈസും വളരെ വലുതാണ്. ഏതാണ്ട് 140 MB ആണ് ഫയൽ സൈസ്. 
  • ബൈബിൾ സൊസൈറ്റിയുടെ സത്യവേദപുസ്തകത്തിൽ ഇപ്പോഴിറങ്ങുന്ന പതിപ്പിൽ കാലാനുസൃതമായ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അതിനാൽ ഇപ്പോൾ ഇറങ്ങുന്ന സത്യവേദപുസ്തക പതിപ്പുമായി ഈ സ്കാനിലെ ഉള്ളടക്കത്തിനു ചെറിയ വ്യത്യാസം ഉണ്ടായേക്കാം.   

നന്ദി

സ്കാൻ ലഭ്യമാക്കുവാൻ സഹായിച്ച ഡോ. സൂരജ് രാജനും വിവിധ സാങ്കേതിക സഹായങ്ങൾ ചെയ്തു തന്ന ബൈജു മുതുകാടനും പ്രത്യേക നന്ദി.

 

 സ്കാൻ വിശദാംശങ്ങൾ

 

ചെറു പൈതങ്ങൾക്ക ഉപകാരാർത്ഥം ഇംക്ലീശിൽ നിന്ന പരിഭാഷപ്പെടുത്തിയ കഥകൾ

(വളരെ നാളുകൾക്ക് ശേഷം പഴയ മലയാളപുസ്തകങ്ങളെ പറ്റിയുള്ള പോസ്റ്റുകൾ പുനഃരാംരംഭിക്കുകയാണ്. ഇതിനിടയ്ക്ക് ജോർജ്ജ് മാത്തന്റെ മലയാഴ്മയുടെ വ്യാകരണം അടക്കം പല പുസ്തകങ്ങളും ഡിജിറ്റൽ സ്കാൻ ഉണ്ടാക്കാൻ പങ്കാളി ആയിരുന്നെങ്കിലും പല തിരക്കുകൾ മൂലം അവയ്ക്കായി പ്രത്യേക പോസ്റ്റ് ഒന്നും ഇടാൻ കഴിഞ്ഞില്ല. അത് പരിഹരിക്കാനുള്ള ശ്രമം കൂടി ആണ് ഇത്.)

 

കേരളത്തിൽ അച്ചടിച്ച ആദ്യത്തെ മലയാളപുസ്തകം എന്ന് ആധുനികകേരളത്തിൽ 1980 വരെയെങ്കിലും അറിയപ്പെട്ടിരുന്നത് 1829-ൽ ബെഞ്ചമിൻ ബെയ്‌ലിയുടെ മലയാളം ബൈബിൾ (പുതിയ നിയമം) ആയിരുന്നു. ഈ കൃതിയുടെ സ്കാനിനെ കുറിച്ചുള്ള വിശദാംശങ്ങൾ ഇവിടെ ലഭ്യമാണ് (https://shijualex.in/malayalam_new_testament_benjamin_bailey/).

എന്നാൽ ഈ അറിവ് പുതുക്കപ്പെടേണ്ടി വന്നത് 1980 ജുൺ/ജൂലൈ മാസങ്ങളിൽ ആണ്.

1980 ജൂൺ 20 ആം തീയതി പത്രത്തിൽ വന്ന വാർത്ത കാണുക

mathrubhumi_1980_june20_news

(ഈ സമയത്ത് ജോർജ്ജ് ഇരുമ്പയം കാലിക്കറ്റ് സർവ്വകലാശാലയിൽ സുകുമാർ അഴീകോടിന്റെ കീഴിൽ ഗവേഷണം ചെയ്യുകയായിരുന്നു)

തുടർന്ന് 1980 ജൂലൈ 13നു മാതൃഭൂമി പത്രത്തിൽ ജോർജ് ഇരുമ്പയം എഴുതിയ “ഒന്നാമത്തെ അച്ചടി ഗ്രന്ഥം” എന്ന ലേഖനത്തിൽ ഇതു സംബന്ധിച്ച കുറച്ച്കൂടി വിശദാംശങ്ങൾ കാണാം. ബെഞ്ചമിൻ ബെയിലിയുടെ  1829ലെ ബൈബിൾ അല്ല, 1824-ൽ ബെഞ്ചമിൻ ബെയ്‌ലി തന്നെ ഇംഗ്ലീഷിൽ നിന്ന് പരിഭാഷ ചെയ്ത് കോട്ടയം സി.എം.എസ്. പ്രസ്സിൽ നിന്ന് പ്രസിദ്ധീകരിച്ച “ചെറു പൈതങ്ങൾക്ക ഉപകാരാർത്ഥം ഇംക്ലീശിൽ നിന്ന പരിഭാഷപ്പെടുത്തിയ കഥകൾ” എന്ന പുസ്തകമാണ് കേരളത്തിൽ അച്ചടിച്ച ആദ്യത്തെ മലയാളപുസ്തകം എന്ന് ജോർജ് ഇരുമ്പയം സ്ഥാപിച്ചു. മാതൃഭൂമിയിൽ 1980 ജൂലൈ 13നു വന്ന ജോർജ്ജ് ഇരുമ്പയത്തിന്റെ ലേഖനം താഴെ കൊടുക്കുന്നു.

irumpayam

 

ബ്രിട്ടീഷ് മ്യൂസിയം ലൈബ്രറിയിലെ കാറ്റലോഗ് സൂക്ഷ്മമായി പരിശോധിച്ചപ്പോൾ വളരെ അവിചാരിതമായാണ് ഈ പുസ്തകം കണ്ടെത്തിയത് എന്ന് ജോർജ് ഇരുമ്പയം മാതൃഭൂമിയിൽ എഴുതിയ ലേഖനത്തിൽ പറയുന്നുണ്ട്. ഇതോടെ കേരളത്തിൽ അച്ചടിച്ച ആദ്യത്തെ മലയാളപുസ്തകത്തിന്റെ ചരിത്രം 5 വർഷം പുറകോട്ട് പൊയി. ഈ വിഷയത്തെ കുറിച്ച് കെ.എം. ഗോവി ഇങ്ങനെ പറയുന്നു (കെ.എം. ഗോവി:ആദിമുദ്രണം ഭാരതത്തിലും മലയാളത്തിലും,1998;109)

KM_Govi

 

ഇതിനു ശേഷം ജോർജ് ഇരുമ്പയം ബ്രിട്ടീഷ് ലൈബ്രറിയിൽ നിന്ന് പുസ്തകത്തിന്റെ നൂറോളം പേജുകൾ ഫോട്ടോ കോപ്പി ചെയ്ത് കൊണ്ട് വന്നു. (പുസ്തകം മൊത്തം ഫോട്ടോ കോപ്പി എടുക്കാനുള്ള ചെലവ് താങ്ങാൻ പറ്റാഞ്ഞത് കൊണ്ടാണ് അന്നത് മൊത്തം ഫോട്ടോ കോപ്പി ചെയ്യാഞ്ഞത് എന്ന് ഇരുമ്പയം എവിടെയോ പറഞ്ഞത് ഓർക്കുന്നു.)  അതിനെ തുടർന്ന് അദ്ദേഹം പുസ്തകത്തെ പറ്റി കൂടുതൽ ലേഖനങ്ങൾ എഴുതുകയും മറ്റും ചെയ്തിരുന്നു. അതിനു ശേഷം ഇന്ന് വരെയായി കേരളത്തിൽ അച്ചടിച്ച ആദ്യത്തെ മലയാളപുസ്തകമായി കരുതുന്നത് ബെഞ്ചമിൻ ബെയ്‌ലി പരിഭാഷ ചെയ്ത് 1824-ൽ കോട്ടയം പ്രസ്സിൽ നിന്ന് പ്രസിദ്ധീകരിച്ച “ചെറു പൈതങ്ങൾക്ക ഉപകാരാർത്ഥം ഇംക്ലീഷിൽ നിന്ന പരിഭാഷപ്പെടുത്തിയ കഥകൾ” ആണ്. മറിച്ചുള്ള തെളിവുകൾ ഒന്നും ഇതുവരെ കിട്ടിയിട്ടില്ല.

1980കളിൽ ജോർജ് ഇരുമ്പയം ഈ ലേഖനം എഴുതിയ കാലത്ത് കുറച്ചൊക്കെ ജനശ്രദ്ധ പതിഞ്ഞെങ്കിലും ഈ പുസ്തകത്തെ കുറിച്ച് കൂടുതൽ പഠിക്കാനോ ഒന്നും ആരും ശ്രദ്ധിച്ചില്ല. അങ്ങനെ അത് പതുക്കെ വിസ്മൃതിയിലായി. ഇതിനു മാറ്റം വരുന്നത് 1990കളുടെ അവസാനം ആണ്. ഇപ്പോൾ കോട്ടയം സി.എം.എസ് കോളേജ് പ്രൊഫസറും ബെഞ്ചമിൻ ബെയിലിയെ പറ്റിയുള്ള ഗവേഷണങ്ങളിൽ തല്പരനുമായ ഡോ. ബാബു ചെറിയാനാണ് ഈ പുസ്തകം പിന്നീട് ജനശ്രദ്ധയിൽ കൊണ്ടു വരുന്നത്.

അദ്ദേഹം ഇതിനായി അക്കാലത്ത് ഇംഗ്ലണ്ടിലെ മലയാളികൾക്ക് ഇടയിൽ സേവനം അനുഷ്ഠിച്ചിരുന്ന ഒരു പുരോഹിതന്റെ (റവ:ജോൺ ടി. ജോർജ്?) സഹായത്തോടെ ബ്രിട്ടീഷ് ലൈബ്രറിയിൽ നിന്ന് കൃതിയുടെ മൈക്രോ ഫിലിം സംഘടിപ്പിച്ചു. ആ മൈക്രോ ഫിലിം കോട്ടയത്തെ ചില പത്രസ്ഥാപനങ്ങളുടെ കൈയ്യിലുള്ള മൈക്രോഫിലിം റീഡർ ഉപയോഗിച്ച് ഓരോ പേജും നോക്കി അതിലെ ഉള്ളടക്കം വളരെ പതുക്കെ എഴുതിയെടുത്തുതിനു ശേഷം ഇതിലെ ഉള്ളടക്കവും ലിപികളുടെ കാര്യവും ഒക്കെ പരാമർശിച്ച് വിശദമായ ഒരു പഠനവും പുസ്തകത്തിന്റെ ഉള്ളടക്കവും ചേർത്ത് 2010-ൽ പ്രസിദ്ധീകരിച്ചു. പ്രഭാത് ബുക്ക് ഹൗസ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്. അതിന്റെ കോപ്പികൾ ഇപ്പോൽ ലഭ്യമല്ല എന്നാണ് അറിയുന്നത്. എന്തായാലും ബാബു ചെറിയാൻ അയച്ച് തന്നതു മൂലം പുസ്തകത്തിന്റെ ഒരു പ്രതി എന്റെ കൈയ്യിൽ ഉണ്ട്.
ബാബു ചെറിയാന്റെ പുസ്തകത്തിൽ ആദ്യം ചെറുപൈതങ്ങളെ കുറിച്ചുള്ള പഠനവും അതിനു ശേഷം ചെറുപൈതങ്ങളുടെ ഉള്ളടക്കവുമാണ്. ബാബു ചെറിയാന്റെ പുസ്തകത്തിൽ ചെറു പൈതങ്ങളുടെ ചില താളുകളുടെ ചിത്രവും കൊടുത്തിട്ടുണ്ട്.

കേരളത്തിൽ അച്ചടിച്ച ആദ്യത്തെ മലയാളപുസ്തകം എന്ന് കവർ പേജിൽ തന്നെ കൊടുത്തതിനാലാവാം പുസ്തകം മൊത്തമായി വിറ്റു പോയി എന്നാണ് അറിയാൻ കഴിഞ്ഞത് (ആൽഫബെത്തും ഗ്രന്ഥാണിക്കോ മലബാറിക്കം പുനഃപ്രസിദ്ധീകരിച്ചവർ വരുത്തിയ ഗംഭീര തെറ്റ് (https://shijualex.in/samkshepam-alphabethum-malabaricum/) എന്തായാലും ബാബു ചെറിയാൻ ചെയ്തില്ല. അത് കൊണ്ട് തന്നെ പുസ്തകം മൊത്തം വിറ്റു പൊയി).

കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആണെങ്കിലും 1824ലെ പുസ്തകത്തിന്റെ സ്കാൻ പതിപ്പ് കാണാനും ഒറിജിനൽ പുസ്തകം എങ്ങനെ ആയിരുന്നു എന്ന് കാണാനും അധികം പേർക്ക് കഴിഞ്ഞില്ല. ഡോ. ജോർജ്ജ് ഇരുമ്പയവും, ഫിലിമിൽ ഓരോ പേജും സുസൂക്ഷം പരിശോധിച്ച ബാബു ചെറിയാനും അടക്കം വളരെ കുറച്ച് പേർ മാത്രമായിരിക്കണം ഒറിജിനൽ പുസ്തകം മൊത്തമായി കണ്ടത്. ഇനി ആ സ്ഥിതി മാറുകയാണ്. ബെയിലിയുടെ പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പ് എല്ലാവർക്കുമായി ലഭ്യമാവുകയാണ്.

പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പ് ഇന്ന് (2014 February 08) ഉച്ചയ്ക്ക് 2 മണിക്ക് തൃശൂർ കേരളസാഹിത്യ അക്കാദമിയിൽ വെച്ച് പ്രകാശനം ചെയ്യും. ചടങ്ങിൽ ജോർജ് ഇരുമ്പയവും, ബാബു ചെറിയാനും പങ്കെടുക്കും.

ഈ ഡിജിറ്റൽ പതിപ്പ് ലഭ്യമാക്കാനായി എല്ലാവിധ മുൻകൈയും എടുത്തത് മാതൃഭൂമി ഓൺലൈനിലെ ശ്രീ. സുനിൽ പ്രഭാകർ ആണ്. പഴയ പുസ്തകങ്ങൾ തപ്പിയെടുക്കാൻ ശ്രമം ആരംഭിച്ചപ്പോൾ തന്നെ ചെറുപൈതങ്ങളുടെ സ്കാൻ പതിപ്പ് ബ്രിട്ടീഷ് ലൈബ്രറിയിൽ നിന്ന് സംഘടിപ്പിക്കാൻ ശ്രമിച്ചിരുന്നു. അതിനായി വിക്കിമീഡിയ യു.കെ. അടക്കം പലരും സഹായം തരാം എന്ന് പറഞ്ഞെങ്കിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് (ഉദാ: ജർമ്മനി) ഡിജിറ്റൽ സ്കാനുകൾ സംഘടിപ്പിക്കുന്നത് പോലെ എളുപ്പമല്ല യു.കെ.യിലെ കാര്യം മനസ്സിലാക്കി. അതിനാൽ അതിനുള്ള ശ്രമം ഉപേക്ഷിച്ചു.

പിന്നീടാണ് ബാബു ചെറിയാന്റെ കൈയിലുള്ള മൈക്രോഫിലിമിലേക്ക് ശ്രദ്ധതിരിയുന്നത്. മൈക്രോ ഫിലിം കോപ്പി ഉപയോഗിച്ച് ഡിജിറ്റൽ പതിപ്പ് ഉണ്ടാക്കാം എന്ന ആശയം സുനിൽ പ്രഭാകർ മുൻപോട്ട് വെച്ചപ്പോൾ തന്നെ എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ബാബു ചെറിയാൻ വന്നു.

സുനിൽ പ്രഭാകർ ആ മൈക്രോ ഫിലിം ചെന്നെയിലെ റോജാ മുത്തയ്യ ലൈബ്രറിയിലേക്ക് അയക്കുകയും അവരുടെ സഹായത്തൊടെ ഡിജിറ്റൽ പതിപ്പ് നിർമ്മിക്കുകയും ചെയ്തു. പ്രസ്തുത പതിപ്പിൽ നിന്നുള്ള  ഒരു താൾ ഇവിടെ പങ്ക് വെക്കുന്നു.

baily 5

 

സാഹിത്യ അക്കാദമിയിൽ നടന്ന പരിപാടി സംബന്ധിച്ച് ഫെബ്രുവരി 9ലെ മാതൃഭൂമിയിൽ വന്ന വാർത്ത താഴെ കൊടുക്കുന്നു.

mathrubhumi_news

ചെറുപൈതങ്ങളെ കണ്ടെത്തിയതിനെ  പൊതുവായും, മാതൃഭൂമി   വാർത്തയിൽ കടന്നു കൂടിയ ചില തെറ്റുകളെ പറ്റിയും  ജോർജ്ജ് ഇരുമ്പയത്തിന്റെ വിശദീകരണം മാതൃഭൂമിയിലെ “വായനക്കാർക്കുള്ള കത്തിൽ”.

irumbaayam_letter

മൈക്രോ ഫിലിമിൽ നിന്ന് നിർമ്മിച്ച പതിപ്പ് ഇവിടെ നിന്ന് ലഭിക്കും: https://archive.org/details/Cherupaithangal

ജോർജ് ഇരുമ്പയത്തിന്റെ ലേഖനങ്ങളിലും ബാബു ചെറിയാന്റെ പഠനത്തിലും ഈ പുസ്തകത്തെ വിശദമായി വിലയിരുത്തുന്നുണ്ട്.

ഈ പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പ് പൊതുജനങ്ങൾക്കായി എത്തിക്കാൻ എല്ലാവിധ ശ്രമവും ഏകോപ്പിച്ച സുനിൽ പ്രഭാകറിനു പ്രത്യേക നന്ദി.

 

ബെഞ്ചമിൻ ബെയിലിയും സ്വരം മായ്ക്കാനുള്ള ചിഹ്നവും

ഇതിനകം നമ്മൾ പരിചയപ്പെട്ട പഴയ കൃതികളുടെ സ്കാനുകളിൽ നിന്ന് 1867-നു മുൻപ് മീത്തലിനായി അച്ചടിയിൽ പ്രത്യേക ലിപി ഉപയോഗിച്ചിരുന്നില്ല എന്ന് മനസ്സിലാക്കിയല്ലോ.

മീത്തലിനായി 1867നു മുൻപ് ഒരു ചിഹ്നവും ഉപയൊഗിച്ചിരുന്നില്ല എന്ന അഭിപ്രായം ഞാൻ ഭാഗികമായി തിരുത്തുന്നു.  അതിനെ  കുറിച്ചാണ് ഈ ലേഖനം. ഈ ലേഖനം തയ്യാറാക്കുന്നതിന് എനിക്ക് സഹായകരമായി തീർന്നത് കോട്ടയം സി.എം.എസ്. കൊളേജ് പ്രൊഫസർ ശ്രീ. ബാബു ചെറിയാന്റെ പുസ്തകങ്ങളും അദ്ദേഹവുമായി നേരിട്ട് നടത്തിയ ഫോൺസംഭാഷണങ്ങളും ആണ്. അതിനാൽ അദ്ദേഹത്തിന് എല്ലാ നന്ദിയും അറിയിക്കട്ടെ. അദ്ദേഹത്തിന്റെ അഭിപ്രായത്തോടൊപ്പം ഈ വിഷയത്തിൽ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ച സിബു, സുനിൽ, നവീൻ എന്നിവരുടെ അഭിപ്രായങ്ങൾ കൂടെ ഈ ലേഖനത്തിൽ ചേർത്തിട്ടുണ്ട്.

മീത്തലും ബെയിലിയുമായുള്ള ബന്ധം കാണുന്നത് കേരളത്തിൽ അച്ചടിച്ച ആദ്യത്തെ മലയാളപുസ്തകമായ ചെറുപൈതങ്ങളിൽ… തന്നെയാണ്. ഇതിന്റെ സ്കാൻ നമുക്ക് കിട്ടാത്തത് കൊണ്ട് അതിനെ കുറിച്ച് പ്രൊഫസർ ബാബു ചെറിയാൻ ലഭ്യമാക്കിയ ചെറുപൈതങ്ങളുടെ ഒന്നോ രണ്ടോ താളുകളുടെ ഫൊട്ടോ കോപ്പി മാത്രമേ നമുക്ക് ഉള്ളൂ.  സ്കാൻ നമുക്ക് കിട്ടുകയാണെങ്കിൽ കൂടുതൽ കാര്യങ്ങൾ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ബെയിലിയും മീത്തലും ചെറുപൈതങ്ങളുമായുള്ള ബന്ധം പറയുന്നതിനു മുൻപ് ചെറുപൈതങ്ങൾ അച്ചടിക്കുന്നത് വരെയുള്ള മലയാളം ഫോണ്ടുകളെ കുറച്ച് കാര്യങ്ങൾ പറയട്ടെ.

  • ആദ്യത്തെ മലയാളം അച്ചടി പുസ്തകം സംക്ഷേപവേദാർത്ഥം ആണല്ലോ. ഈ പുസ്തകം അച്ചടിക്കുന്നതിനു ഉപയൊഗിച്ച ഫോണ്ട് തന്നെയാണ് ആൽഫബെത്തും പഴഞ്ചൊൽ ശേഖരം പൗളിനോസ് പാതിരിയുടെ വിവിധ കൃതികൾ തുടങ്ങി  റോമിൽ നിന്ന് ഇറങ്ങിയ മലയാള ലിപി അച്ചടിച്ചിരിക്കുന്ന എല്ലാ പുസ്തകങ്ങളും ഉപയോഗിച്ചിരിക്കുന്നത്. ഈ ഫോണ്ടിനെ നമുക്ക് സൗകര്യത്തിനു വേണ്ടി സംക്ഷേപ ഫോണ്ട് എന്ന് പറയാം.
  • ഇതിനു ശേഷം മറ്റൊരിടത്ത് മലയാളലിപി അച്ചടിക്കുന്നത് ബോംബെയിൽ നിന്ന് 1799-ൽ ഇറങ്ങിയ Robert Drummondന്റെ കൃതിയാണ്.  ഇതേ ഫോണ്ട് തന്നെയാണ് 1811-ൽ റമ്പാൻ ബൈബിളും അച്ചടിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. ഇതിനെ ബോംബെ കുറിയർ ഫോണ്ട് എന്ന് നമുക്ക് വിളിക്കാം.
  • ഇതിനു ശേഷം ഏകദേശം 1818ൽ ആണ് ബെഞ്ചമിൻ ബെയിലി കേരളത്തിൽ എത്തുന്നത്. അദ്ദേഹത്തിന്റെ പ്രത്യേക താല്പര്യത്തിൽ 1821ഒക്ടോബറിൽ അച്ചടി യന്ത്രം ഇംഗ്ലണ്ടിൽ നിന്ന് കോട്ടയത്ത് എത്തിച്ചേർന്നു. പക്ഷെ അച്ചടി യന്ത്രം മാത്രം ഉണ്ടായിട്ട് കാര്യമില്ലല്ലോ, മലയാളലിപി അച്ചടിക്കാൻ മലയാളം ഫോണ്ട് കൂടെ വേണമല്ലോ. അതിനായി ബെഞ്ചമിൻ ബെയിലി മദ്രാസിലുള്ള തന്റെ മാതൃസംഘടനാ ഓഫീസിലേക്ക് എഴുതി. ബെയിലിയുടെ ആവശ്യപ്രകാരം മദ്രാസിൽ മലയാളം അച്ചുകൾ നിർമ്മിക്കാൻ തുടങ്ങി. വളരെ വൈകി ഏതാണ് 2 വർഷത്തോളമെടുത്ത് 1823 ജൂണിൽ ആണ് മദ്രാസിൽ നിന്നുള്ള മലയാളം ഫോണ്ടുകൾ ബെയിലിക്ക് കോട്ടയത്ത് കിട്ടുന്നത്. ഇതിനെ നമുക്ക് മദ്രാസ് ഫോണ്ടെന്ന് വിളിക്കാം.

മദ്രാസ് ഫോണ്ടിന്റെ കാര്യത്തിൽ പല വിധ കാരണങ്ങൾ കൊണ്ട് ബെയിലി അതൃപ്തൻ ആയിരുന്നു. അങ്ങനെയാണ് അദ്ദേഹം സ്വയം ഫോണ്ടുണ്ടാക്കാൻ മുൻപിട്ട് ഇറങ്ങുന്നത്. അതിന്റെ കൂടുതൽ വിവരങ്ങൾ മറ്റൊരു അവസരത്തിൽ പറയാം.

പക്ഷെ മറ്റൊരു ഫോണ്ട് നിർമ്മിച്ച് വരുന്നത് വരെ വെറുതെ ഇരിക്കുക എന്നത് ശരിയല്ലല്ലോ. അതിനാൽ തന്നെ മദ്രാസ് ഫോണ്ടിന്റെ കാര്യത്തിൽ ഒട്ടും തൃപ്തൻ അല്ലെങ്കിലും ആ ഫോണ്ട് ഉപയോഗിച്ച് ബെയിലി മലയാളം അച്ചടി തുടങ്ങി. അങ്ങനെ മദ്രാസ് ഫോണ്ടിൽ അച്ചടിച്ച ആദ്യത്തെ പുസ്തകമാണ്  ചെറുപൈതങ്ങൾ…

മുകളിൽ സൂചിപ്പിച്ച പോലെ ഇനി ബെയിലിയും മീത്തലും ചെറുപൈതങ്ങളുമായുള്ള ബന്ധം പറയട്ടെ. മദ്രാസ് ഫോണ്ടിൽ രേഫം സൂചിപ്പിക്കാൻ ഒരു ചെറു വര ആണ് ഉപയൊഗിച്ചിരിക്കുന്നത്. സംക്ഷേപ, കുറിയർ ഫോണ്ട് എന്നിവയിലും ചെറു വര തന്നെയാണ്. (അർണ്ണൊസ് പാതിരിയുടെ കൈയ്യെഴുത്ത് പ്രതികളിലും നമ്മൾ രേഫത്തിന് ഉപയോഗിച്ചിരിക്കുന്ന ചെറു വരെ കണ്ടതാണ്)

ഇനി നമ്മൾ ഈ പോസ്റ്റിൽ കൈകാര്യം ചെയ്യുന്ന വിഷയത്തെ കുറിച്ച് ഡോ: ബാബു ചെറിയാൻ പറയുന്നത് നോക്കൂ

മദാസ് ഫോണ്ടിൽ

…കൂട്ടക്ഷരങ്ങള്‍ രൂപപ്പെടുത്തിയിട്ടുള്ളത്‌ പല വിധത്തിലാണ്‌. ഏ, ഓ എന്നീ സ്വരങ്ങളുടെ ഉപലിപി ഇല്ലാത്തതുപോലെ സംവൃതോകാരവും പ്രയോഗത്തിലില്ല. എന്നാല്‍ ഇംഗ്ലീഷ്‌ പദങ്ങളുടെ ട്രാന്‍സ്‌ലിറ്ററേഷനില്‍ വര്‍ണങ്ങളുടെ ഉച്ചാരണത്തെ കുറിക്കാന്‍ അക്ഷരത്തിന് മുകളില്‍ (രേഫ ചിഹ്നം പോലെ) ഒരു ചെറുവര (|) ചേര്‍ത്തിട്ടുണ്ട്‌. ഇംഗ്ലീഷ്‌ പദങ്ങളില്‍ ഈ ചിഹ്നം സംവൃതോകാരത്തിന്റെ ഉച്ചാരണമൂല്യമാണു സൃഷ്‌ടിക്കുന്നത്‌

ചെറു പൈതങ്ങളിൽ ഈ വിധത്തിൽ സംവൃതോകാരത്തിന്റെ ഉച്ചാരണമൂല്യം സൂചിപ്പിക്കാൻ ഈ ചിഹ്നം ഉപയോഗിച്ചിരിക്കുന്ന ചില വാക്കുകൾ ചിത്രമായി താഴെ കൊടുക്കുന്നു.

example

ഇതിൽ യെശുക്രിസ്തൊസ് എന്ന വാക്ക് ഉൾക്കൊള്ളുന്ന ചെറുപൈതങ്ങളിലെ താളിന്റെ ചിത്രം നമുക്ക് ലഭിച്ചിട്ടുണ്ട്. അത് താഴെ കാണാം.

meethal

 

ഇംഗ്ലീഷ് പദങ്ങൾക്ക് സംവൃതോകാരത്തിന്റെ ഉച്ചാരണമൂല്യം സൂചിപ്പിക്കാൻ | ചിഹ്നം ഉപയോഗിച്ചിട്ടുണ്ടെങ്കിലും മലയാളപദങ്ങൾക്ക് ഇങ്ങനെ ഉപയോഗിച്ചിട്ടേയില്ല. ഈ വര സംവൃതോകാരത്തെക്കുറിക്കാന്‍ മലയാളത്തില്‍ ഉപയോഗിക്കാമായിരുന്നു എന്നൊരു നിരീക്ഷണവും ബാബു ചെറിയാൻ നടത്തുന്നുണ്ട്.

എന്നാൽ ഈ ചിഹ്നം ബെയിലി ഉപയോഗിച്ചിരിക്കുന്നത് വ്യജ്ഞനാക്ഷരങ്ങളിലെ സ്വരം മായിച്ചു കളയാനാണെന്നാണ് സിബു, സുനിൽ, നവീൻ ശങ്കർ എന്നിവർ നിരീക്ഷിക്കുന്നത് (ഈ പോസ്റ്റിലെ  കമെന്റുകൾ കാണുക). ഞാനും ഈ അഭിപ്രായത്തോട് യോജിക്കുന്നു. ഇന്ന് നമ്മൾ ചന്ദ്രക്കല  ഉപയോഗിക്കുന്നത് ഈ ആവശ്യത്തിനും കൂടിയാണ് എന്നത് ആലോചിക്കുമ്പോൾ സ്വരം മായിച്ചു കളയുന്ന പരിപാടിക്ക് ഈ ചിഹ്നം ഉപയോഗിച്ച്, ചന്ദ്രക്കല പൂർണ്ണമായും സംവൃതോകാരത്തിനായി ഉപയൊഗിക്കാമായിരുന്നു എന്ന സുനിലിന്റെ അഭിപ്രായം യോജിക്കത്തക്കതാണ്.

പിന്നീട് സംവൃതോകാരചിഹ്നത്തെ സൂചിപ്പിക്കാൻ വന്ന ു ചിഹ്നം, പിന്നെ വന്ന ് എന്ന ചിഹ്നം, പിന്നെ അത് രണ്ടും കൂടെ ചേർന്ന് വന്ന ു് എന്ന രൂപവും ഒക്കെ നമ്മൾ കണ്ടതാണ്. സംവൃതോകാരത്തെ സൂചിപ്പിക്കാൻ ബാസൽ മിഷൻകാർ കൊണ്ടു വന്ന ് ചിഹ്നം പിന്നീട് സ്വരത്തെ കളഞ്ഞ് കൂട്ടക്ഷരം പിരിക്കാനും തുടങ്ങി വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്തത് നമ്മൾ കണ്ടതാണല്ലോ.

ബെഞ്ചമിൻ ബെയിലി ചെറുപൈതങ്ങളിൽ മലയാളപദങ്ങൾക്ക് ഈ ചിഹ്നം ഉപയോഗിക്കാതിരിക്കാൻ കാരണം മലയാളത്തിൽ അങ്ങനെ ഒന്ന് ഉണ്ടായിരുന്നില്ല എന്നത് ആണെന്നാണ് എന്റെ അനുമാനം. എഴുത്തിൽ ഉണ്ടായിരുന്ന രീതിയെ ഒറ്റയടിക്ക് മാറ്റി മറിക്കാൻ ബെയിലി ശ്രമിച്ചിട്ടില്ല എന്ന് ബെഞ്ചമിൻ ബെയിലിയെ കൂടുതൽ പഠിക്കുമ്പോൾ മനസ്സിലാകുന്നു. ആദ്യം എഴുത്തിൽ ഉള്ളത് അതേ പോലെ പുനർനിർമ്മിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ബാക്കിയുള്ള വിപ്ലവങ്ങൾ വളരെ സമയമെടുത്താണ് അദ്ദേഹം ചെയ്യുന്നത്. പ്രത്യേകിച്ച് ഏ, ഓ കാരങ്ങളുടെ ഒക്കെ കാര്യത്തിൽ.   ഏ കാരം ഓകാരം അതിന്റെ ചിഹ്നങ്ങൾ, കുത്ത് കോമ തുടങ്ങിയ punctuation ചിഹ്നങ്ങൾ, പ്ലേസ് വാല്യു സിസ്റ്റം ഉപയോഗിച്ചുള്ള മലയാളം അക്കങ്ങളുടെ എഴുത്ത് തുടങ്ങി എല്ലാം വളരെ പതുക്കെ പതുക്കെയാണ് ബെയിലി മലയാളത്തിൽ കൊണ്ടു വന്നത്. എന്നാൽ സംവൃതോകാരത്തിന്റെ/സ്വരം കളയുന്ന ചിഹ്നനത്തിന്റെ കാര്യത്തിൽ അദ്ദേഹം ഒന്നും ചെയ്തില്ല താനും.

ചെറുപൈതങ്ങളുടെ സ്കാൻ നമുക്ക് കിട്ടിയാൽ ഈ വിഷയം ഉയർത്തുന്ന കുറേ ചോദ്യങ്ങൾക്ക് പരിഹാരമാകും എന്ന് കരുതുന്നു.