1909-ബാലവ്യാകരണം

ആമുഖം

ബാസൽമിഷൻ പ്രസിദ്ധീകരിച്ച ഒരു പാഠപുസ്തകമാണ് ബാലവ്യാകരണം. എലിമെന്ററി, സെക്കന്ററി ക്ലാസ്സുകളിലെ ഉപയോഗത്തിനായാണ് ഈ പുസ്തകം ലഭ്യമാക്കിയിരിക്കുന്നത്. മദ്രാസ് ടെക്സ്റ്റ്ബുക്ക് കമ്മിറ്റി അംഗീകരിച്ച ഈ പുസ്തകത്തിന്റെ നാലാമത്തെ പതിപ്പ് ആണിത്. പ്രമുഖവ്യാകരണ പണ്ഡിതനായ ശേഷഗിരിപ്രഭു ഇതിന്റെ രചയിതാക്കളിൽ ഒരാളാണ്.

പുസ്തകത്തിന്റെ വിവരം

  • പേര്: ബാലവ്യാകരണം
  • പതിപ്പ്: നാലം പതിപ്പ്
  • താളുകൾ: 124
  • രചയിതാവ്: എം. കൃഷ്ണൻ, ശേഷഗിരി പ്രഭു
  • പ്രസാധകൻ: Basel Mission, Mangalore
  • പ്രസിദ്ധീകരണ വർഷം: 1909
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
ബാലവ്യാകരണം-1909-നാലാം പതിപ്പ്
ബാലവ്യാകരണം-1909-നാലാം പതിപ്പ്

ഉള്ളടക്കം

ശീർഷകം സൂചിപ്പിക്കുന്ന പോലെ ഇത് സ്കൂൾ കുട്ടികൾക്ക് വേണ്ടിയുള്ള മലയാള വ്യാകരണപുസ്തകമാണ്.

ഡൗൺലോഡ് വിവരം

F. സ്പ്രിങിന്റെ വ്യാകരണ ഗ്രന്ഥം – 1839

ആമുഖം

1850കൾക്ക് മുൻപ് വളരെ കുറച്ച് എണ്ണം മലയാളവ്യാകരണഗ്രന്ഥങ്ങൾ അച്ചടിക്കപ്പെട്ടിട്ടുണ്ട്. ഈ മലയാളവ്യാകരണഗ്രന്ഥങ്ങൾ മിക്കവാറും ഒക്കെ പാശ്ചാത്യർക്ക് മലയാളം പഠിക്കാൻ ഉദ്ദേശിച്ച് എഴുതിയിട്ടുള്ളതാണ്. ഇതിൽ ചിലതെല്ലാം നമുക്ക് ഇതിനകം കിട്ടിയിട്ടുണ്ട്. നമുക്ക് ഇതിനകം സ്കാൻ ലഭ്യമായ 1850നു മുൻപ് അച്ചടിച്ച 2 വ്യാകരണഗ്രന്ഥങ്ങൾ താഴെ പറയുന്നവ ആണ്.

ഈ 2 മലയാളവ്യാകരണഗ്രന്ഥങ്ങൾക്ക് പുറമേ മൂന്നാമതൊരെണ്ണം കൂടി ഇപ്പോൾ നമുക്ക് ലഭ്യമായിരിക്കുന്നു. വിശദാംശങ്ങൾ താഴെ:

പുസ്തകത്തിന്റെ വിവരം

  • പേര്: Outlines of a Grammar of the Malayalim Language as spoken in the provinces of North and South Malabar and the kingdoms of Travancore and Cochin.
  • രചയിതാവ്: F. Spring
  • പ്രസിദ്ധീകരണ വർഷം: 1839
  • പ്രസ്സ്: Vepery Mission press of the SPCK, Madras
Outlines Of A Grammar Of The Malayalim Language 1839
Outlines Of A Grammar Of The Malayalim Language 1839

പുസ്തകത്തിന്റെ പ്രത്യേകത

മുകളിൽ സൂചിപ്പിച്ച പോലെ പാശ്ചാത്യർക്ക് മലയാളം പഠിക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഈ വ്യാകരണഗ്രന്ഥം . അതിനാൽ തന്നെ ഇംഗ്ലീഷിലാണ് പുസ്തകത്തിന്റെ ഉള്ളടക്കം.

വർത്തമാനകാലത്ത് അക്കാദമിക് തലത്തിൽ മലയാളമച്ചടി ചരിത്രപഠനവുമായി ബന്ധപ്പെട്ടവരിൽ ഇങ്ങനെ ഒരു പുസ്തകം ഉണ്ടെന്ന് അറിയുന്നവർ ധാരാളമുണ്ടെങ്കിലും, ഈ പുസ്തകം നേരിട്ടു കണ്ടവർ കുറവാണെന്ന് വിവിധ ലേഖനങ്ങൾ വായിച്ചതിൽ നിന്ന് വ്യക്തമാകുന്നു. മലയാളമച്ചടി ചരിത്രം ഡോക്കുമെന്റ് ചെയ്ത കെ.എം. ഗോവി 1839ൽ അച്ചടിച്ച പുസ്തകങ്ങളുടെ പട്ടികയിൽ ഈ പുസ്ത്കത്തെ ലിസ്റ്റ് ചെയ്യുന്നുണ്ട് എങ്കിലും അകത്തെ ഉള്ളടക്കത്തിൽ മദ്രാസിൽ നിന്നുള്ള അച്ചടി ശ്രമങ്ങളിൽ ഈ പുസ്ത്കത്തെ പറ്റി ഒന്നും പറഞ്ഞ് കാണുന്നില്ല. ഏതാണ്ട് സമാനമായാണ് ഡോ: ബാബു ചെറിയാനും തന്റെ “ബെഞ്ചമിൻ ബെയിലി” എന്ന പുസ്തകത്തിൽ ഈ വിഷയം കൈകാര്യം ചെയ്തിരിക്കുന്നത്.

ഡോ: സ്കറിയ സക്കറിയ മലയാളസാഹിത്യവും കൃസ്ത്യാനികളും എന്ന പുസ്ത്കത്തിലെ അനുബന്ധത്തിൽ ഉള്ള “ചർച്ചയും പൂരണവും” ത്തിൽ 4.3.1, 4.3.2 വിഭാഗങ്ങളിൽ ഈ പുസ്തകത്തെപറ്റി അല്പം പറഞ്ഞിരിക്കുന്നത് കാണാം. ഡോ: സ്കറിയ സക്കറിയ തന്റെ ഉപന്യാസത്തിൽ സ്പ്രിങിന്റെ ഗ്രാമറിൽ, റോബർട്ട് ഡുർമ്മണ്ടിന്റെ ഗ്രാമറിൽ സ്വാധീനം ഉണ്ടെന്ന സൂചന തരുന്നുണ്ട്. അതിനാൽ സ്കറിയ സക്കറിയ ഈ പുസ്കമോ അതിന്റെ റീപ്രിന്റോ മറ്റോ കണ്ടിരിക്കാൻ സാദ്ധ്യതയുണ്ട്.

പുസ്തകത്തിന്റെ ഉള്ളക്കത്തിന് അപ്പുറം ഈ പുസ്തകത്തിന്റെ പ്രത്യെകതയായി എനിക്ക് തോന്നുന്നത് ഈ പുസ്തകത്തിൽ മലയാളം അച്ചടിക്കാൻ ഉപയോഗിച്ചിരിക്കുന്ന അച്ചാണ്. കാലം 1839 ആയതിനാൽ അധികമിടത്ത് മലയാളം അച്ച് ഇല്ല എന്ന് ഓർക്കുക. അതിനാൽ തന്നെ SPCKയുടെ Vepery Mission press ൽ ഈ പുസ്തകം അച്ചടിക്കാനായി പ്രത്യേക അച്ച് ഉണ്ടാക്കി എന്ന് കരുതാം. പല അക്ഷരങ്ങളുടെ രൂപത്തിലും പ്രത്യേകതകൾ കാണുന്നുണ്ട്.

, യുടെ രണ്ടാമത്തെ രൂപം (അനുസ്വാരം ര അനുസ്വാരം) , , എന്നീ സ്വരങ്ങളുടേയും , , , , എന്നീ വ്യഞ്ജനങ്ങളുടേയും രൂപം എടുത്ത് പറയേണ്ടതാണ്. , , എന്നിവയിൽ തമിഴ് ലിപി സ്വാധീനം വ്യക്തവുമാണ്. അതിന് പുറമേ “” “” “” എന്നി സ്വരാക്ഷരചിഹ്നനങ്ങളുടെ രൂപവും എടുത്തു പറയേണ്ടതാണ്.

F. Springന്റെ ഗ്രാമർ - അച്ച്
F. Springന്റെ ഗ്രാമർ – അച്ച്

കൂടുതൽ വിശകലനത്തിനും ഉപയോഗത്തിനുമായി പുസ്തകത്തിന്റെ സ്കാൻ പങ്ക് വെക്കുന്നു

ഡൗൺലോഡ് വിവരം

ഈ പുസ്തകത്തിന്റെ പല തരത്തിലുള്ള ഔട്ട് പുട്ട് ലഭ്യമാണ്.

മലയാഴ്മയുടെ വ്യാകരണം – 1863

ആമുഖം

കുറച്ച് നാൾ മുൻപ് പുറത്ത് വിട്ടതും, എന്നാൽ പുസ്തകത്തെ പറ്റിയോ, പുസ്തകം കണ്ടെത്തിയ വിധത്തെ പറ്റിയോ, സ്കാൻ ചെയ്തതിനേ പറ്റിയോ, ഒന്നും പറയാൻ പറ്റാതിരുന്ന ഒരു പുസ്തകത്തിന്റെ സ്കാൻ ആണ് ഇന്ന് പങ്ക് വെക്കുന്നത്. പുസ്തകം ഡിജിറ്റൈസ് ചെയതതിന്റെ മെറ്റാ ഡാറ്റ ഡോക്കുമെന്റ് ചെയ്യപ്പെടാതെ ഇരിക്കരുത് എന്നതിനലാണ് വൈകിയാണെങ്കിലും ഈ പോസ്റ്റ് ഇടുന്നത്.

ഇത്തവണ  പങ്ക് വെക്കുന്ന സ്കാൻ റവ: ജോർജ്ജ് മാത്തന്റെ മലയാഴ്മയുടെ വ്യാകരണം ആണ്.

പുസ്തകത്തിന്റെ വിവരം

  • പേര്: മലയാഴ്മയുടെ വ്യാകരണം/A Grammar of Malayalim in the language itself
  • രചയിതാവ്: റവറന്തു മാത്തൻ ഗീവർസീസു എന്ന നാട്ടു പാദ്രി, Rev. George Matthan of the C.M. Society
  • പ്രസിദ്ധീകരണ വർഷം: 1863
  • പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം
മലയാഴ്മയുടെ വ്യാകരണം
മലയാഴ്മയുടെ വ്യാകരണം

എ.ഡി. ഹരിശർമ്മയുടെ ഗ്രന്ഥശേഖരം

ആദ്യം തന്നെ പുസ്തകം ലഭ്യമാകാൻ കാരണമായ കഥ പറയാം. അതിനു നമ്മൾ എ.ഡി ഹരിശർമ്മയൊട് കടപ്പെട്ടിരിക്കുന്നു. അതിന്റെ വിവരത്തിലേക്ക്.

പഴയ പുസ്തകങ്ങൾ തപ്പിയുള്ള യാത്രയിൽ കണ്ടത്തിൽ വർഗീസുമാപ്പിള്ളയെ പറ്റി എ.ഡി. ഹരിശർമ്മ എഴുതിയ ഒരു പുസ്തകം കേരള സാഹിത്യ അക്കാദമി ഓൺലൈൻ ഗ്രന്ഥശേഖരത്തിൽ നിന്ന് കിട്ടിരുന്നു. ചന്ദ്രക്കല പ്രബന്ധം എഴുതുന്നതിനു് അവലംബമായി തീർന്ന ഒരു പുസ്തകം ആയിരുന്നു എ.ഡി. ഹരിശർമ്മ എഴുതിയ കണ്ടത്തിൽ വർഗീസുമാപ്പിള്ള. ഹരിശർമ്മയുടെ ആ ഒരു പുസ്തകത്തിൽ നിന്ന് തന്നെ അദ്ദേഹം അച്ചടി ചരിത്രവും മറ്റു അനുബന്ധ വിഷയങ്ങളിലും നല്ല അറിവുള്ള ആളായിരുന്നു എന്ന് മനസ്സിലായി. അങ്ങനെ ആണ് ഹരിശർമ്മയെ പറ്റി കൂടുതൽ വിവരങ്ങൾ തപ്പി പോകാൻ ഇടയായത്. ഹരിശർമ്മയെ പറ്റിയുള്ള മലയാളം വിക്കിപീഡിയ ലേഖനം ഇങ്ങനെ പറയുന്നു

കൊങ്കിണി മാതൃഭാഷയായിട്ടുള്ള, സംസ്‌കൃതപണ്ഡിതനും സാഹിത്യകാരനും ജീവചരിത്രകാരനുമായിരുന്നു എ.ഡി. ഹരിശർമ്മ. 1893 ഓഗസ്റ്റ് 21-ന് (കൊല്ലവർഷം 1069 ചിങ്ങം 7) കൊച്ചിയിലെ വൈപ്പിൻകരയിലെ പള്ളിപ്പുറത്താണ് ജനിച്ചത്. അച്ഛൻ അമ്പലപ്പറമ്പ് ദാമോദരഷേണായി, അമ്മ ലക്ഷ്മീഭായി. 1915-ൽ സഹോദരൻ ആർ.സി. ശർമയുമൊരുമിച്ച് തിരുവനന്തപുരത്ത് ചെന്ന് സംസ്കൃതം മുൻഷിപ്പരീക്ഷയും കൊച്ചി സർക്കാരിന്റെ പണ്ഡിറ്റ് പരീക്ഷയും മദ്രാസ് സർവകലാശാലയുടെ വിദ്വാൻ പരീക്ഷയും ജയിച്ചു. ഇരുപത്തെട്ടാം വയസ്സിലായിരുന്നു വിവാഹം. ദേവി കെ.ലക്ഷ്മീഭായി ആയിരുന്നു വധു. അമ്പതുവർഷക്കാലം മലയാളഭാഷയേയും സാഹിത്യത്തേയും പോഷിപ്പിക്കുന്നതിനു പ്രയത്നിച്ച ഹരിശർമയുടെ വിശ്രുതരചനകളെല്ലാം പുറത്തുവന്നത് വിവാഹാനന്തരമാണ്. 1972 സെപ്റ്റംബർ 12-നാണ് അദ്ദേഹം അന്തരിച്ചത്.

അദ്ദേഹത്തെ പറ്റി കൂടുതൽ തിരഞ്ഞപ്പോൾ വളരെയധികം പഴയ പുസ്തകങ്ങൾ പലതും അദ്ദേഹം ശേഖരിച്ചിരുന്നു എന്ന് മനസ്സിലായി. അങ്ങനെ തപ്പി തപ്പി പോയി അവസാനം ഹരിശർമ്മയുടെ ഗ്രന്ഥശെഖരത്തിലെ വളരെ ചെറിയ ഒരു ഭാഗം ഒരു സ്ഥലത്ത് ഉണ്ടെന്ന് അറിഞ്ഞു. അത് മനസ്സിലായപ്പോൾ തന്നെ മാതൃഭൂമിയിലെ സുനിൽ പ്രഭാകറിനോട് ഇക്കാര്യത്തിൽ സഹായമഭ്യർത്ഥിച്ചു. സുനിൽ പ്രഭാകറും പൊതുസഞ്ചയ രേഖകൾ ഡിജിറ്റൈസ് ചെയ്യുന്നതിൽ ദത്തശ്രദ്ധനായ ആളായതിനാൽ പിന്നെ കാര്യങ്ങൾ എളുപ്പമായി. അങ്ങനെ സുനിൽ പ്രഭാകർ, ഹരിശർമ്മയുടെ ഗ്രന്ഥശേഖരത്തിൽ നിന്ന് തപ്പിയെടുത്ത്, സ്കാൻ ചെയ്ത്, പ്രൊസസ് ചെയ്ത്, ഡിജിറ്റൈസ് ചെയ്ത പുസ്തകം ആണ് ഇന്ന് നിങ്ങളുടെ ഡിജിറ്റൽ കോപ്പി ആയി വന്നിരിക്കുന്ന മലയാഴ്മയുടെ വ്യാകരണം. ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യുന്നതിനു് എല്ലാ വിധ സഹായവും ചെയ്ത സുനിൽ പ്രഭാകറിന് നന്ദി.

മലയാഴ്മയുടെ വ്യാകരണത്തെ പറ്റി അല്പം

ഒരു മലയാളി എഴുതി, അച്ചടിപ്പിച്ച് പ്രസിദ്ധീകരിച്ച ആദ്യത്തെ മലയാള വ്യാകരണ ഗ്രന്ഥമായി മലയാഴ്മയുടെ വ്യാകരണത്തെ വിശേഷിപ്പിക്കാം. റവ ജോർജ്ജ് മാത്തൻ എന്ന ചർച്ച് മിഷൻ സൊസൈറ്റി പുരോഹിതൻ ആണ് ഇതിന്റെ രചയിതാവ്. ഒരു പക്ഷെ സാമ്പത്തിക ക്ലേശം ഇല്ലാതിരുന്നു എങ്കിൽ മലയാളത്തിലെ അച്ചടിച്ച ആദ്യത്തെ വ്യാകരണഗ്രന്ഥം ഇതാകുമായിരുന്നു. കാരണം ഗുണ്ടർട്ടിന്റെ മലയാളഭാഷാവ്യാകരണം (1851) പ്രസിദ്ധീകരിക്കുന്നതിനു മുൻപു തന്നെ ഈ ഗ്രന്ഥം എഴുതി പൂർത്തിയാക്കി അച്ചടിക്കായി നൽകിയിരുന്നു എങ്കിലും സാമ്പത്തിക ക്ലേശം മൂലം അക്കാലത്ത് ഇത് പുറത്തിറക്കാൻ സാധിച്ചില്ല എന്ന് അദ്ദേഹം ഇതിന്റെ ആമുഖത്തിൽ പറയുന്നുണ്ട്.

പിൽക്കാലത്ത് മലയാളവ്യാകരണം എഴുതിയവർക്ക് ഒന്നും ജോർജ്ജ് മാത്തന്റെ വ്യാകരണത്തെപറ്റി പറയാതിരിക്കാൻ ആയില്ല. ഏ ആർ രാജരാജ വർമ്മ പിൽക്കാലത്ത് കേരളപാണിനീയം രചിച്ചപ്പോഴും അദ്ദേഹത്തിന് സഹായകമായി തീർന്ന ഗ്രന്ഥങ്ങളുടെ കൂട്ടത്തിൽ ജോർജ്ജ് മാത്തന്റെ മലയാഴ്മയുടെ വ്യാകരണത്തെ ശ്ലാഘിച്ചിട്ടുണ്ട്.

സംവൃതോകാരത്തിന്റെ പ്രാധാന്യം ജോർജ്ജ് മാത്തൻ വേർതിരിച്ച് എടുക്കുക മാത്രമല്ല അത് സൂചിപ്പിക്കാൻ പ്രത്യേക ചിഹ്നം ഉപയോഗിക്കണം എന്നും അദ്ദേഹം പറയുന്നു. എന്നാൽ ഈ പുസ്തകത്തിൽ അച്ചിന്റെ അഭാവം മൂലം തമിഴുരീതിയിൽ ഉകാരം ഉപയൊഗിക്കുന്നു എന്ന് അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

മലയാഴ്മയിൽ അർധാച്ചു എന്നു പേരായിട്ടു ഒരു ശബ്ദം ഉണ്ടു. അതു അകാരത്തിന്നും എകാരത്തിന്നും മധ്യെ ഒരു ശബ്ദമാകുന്നു. അതു മൊഴികളുടെ ആദ്യത്തിൽ വരുന്നതല്ലായ്കകൊണ്ടു അതിനു വിശേഷാൽ എഴുത്തില്ലാതെയും മൊഴികളുടെ അന്ത്യത്തിൽ വരുന്നതാകകൊണ്ടു അപ്പോൾ ചിലരാൽ അകാരത്തെക്കൊണ്ടും ചിലരാൽ ഉകാരത്തെക്കൊണ്ടും അടയാളപ്പെട്ടും ഇരിക്കുന്നു. എന്നാൽ ഈ ശബ്ദത്തെ പ്രത്യേകം അടയാളപ്പടുത്തുവാൻ ഉള്ളതാകുന്നു എങ്കിലും ആയതു അച്ചടിയിൽ സാധിക്കുന്നതിനു പ്രയാസമാകയാൽ ഈ പുസ്തകത്തിൽ തമിഴുരീതി പ്രകാരം ഉകാരാന്തം കൊണ്ടു കുറിക്കപ്പട്ടിരിക്കുന്നു….

അതേ പോലെ യെ കാണിക്കാനും അച്ചില്ലാത്ത് മൂലം വേറൊരു ചിഹ്നം അദ്ദേഹം ഉപയോഗിക്കുന്നുണ്ട്.

ഗുണ്ടർട്ടും കൂട്ടരും സംവൃതോകാരത്തിനായി ചന്ദ്രക്കല ഉപയോഗിക്കുന്ന കാര്യം അദ്ദേഹം സൂചിപ്പിക്കുന്നു എങ്കിലും അതിന്റെ കാര്യം കൂടുതൽ പറഞ്ഞു കാണുന്നില്ല.

പുസ്തകം കൂടുതൽ വിശകലനത്തിനും ഉപയോഗത്തിനുമായി പങ്ക് വെക്കുന്നു

ഡൗൺലോഡ് വിവരം

ഈ പുസ്തകത്തിന്റെ പല തരത്തിലുള്ള ഔട്ട് പുട്ട് ലഭ്യമാണ്.