ശബ്ദതാരാവലി-രണ്ടാം പതിപ്പ്-വാല്യം രണ്ട്

ആമുഖം

കഴിഞ്ഞ ദിവസം ശബ്ദതാരാവലി രണ്ടാം പതിപ്പ് ഒന്നാം വാല്യം റിലീസ് ചെയ്തിരുന്നല്ലോ. അത് എല്ലാവർക്കും ഉപയോഗപ്രദമാകുന്നുണ്ട് എന്ന് കരുതട്ടെ. പകർപ്പവകാശത്തിന്റെയോ മറ്റ് പരിമിതികളുടേയോ കെട്ടുപാടുകൾ ഇല്ലാതെ മലയാള പൊതുസഞ്ചയപുസ്തകങ്ങൾ ഉപയോഗിക്കാൻ കൂടുതൽ അവസരങ്ങൾ തുറക്കാൻ ഇടയാവട്ടെ എന്ന് ആഗ്രഹിക്കുന്നു.

കഴിഞ്ഞ പോസ്റ്റിൽ ശബ്ദതാരാവലി രണ്ടാം പതിപ്പ് രണ്ടാം വാല്യത്തിന്റെ പണികൾ നടക്കുക ആണെന്ന് സൂചിപ്പിച്ചിരുന്നല്ലോ. അത് പൂർത്തിയായിരിക്കുന്നു. അതിനാൽ അത് നിങ്ങളുമായി പങ്ക് വെക്കട്ടെ. ശബ്ദതാരാവലിയെ കുറിച്ചും ശബ്ദതാരാവലിയുടെ ഈ ഡിജിറ്റൈസേഷൻ പദ്ധതിയെ കുറിച്ചും എല്ലാം വിശദമായി കഴിഞ്ഞ പൊസ്റ്റിൽ പരാമർശിച്ചിരുന്നല്ലോ. അതിനാൽ അതൊന്നും ആവർത്തിക്കുന്നില്ല. രണ്ടാം വാല്യത്തിന്റെ പ്രത്യേകതകൾ മാത്രം ലഘുമായി പറഞ്ഞ് രണ്ടാം വാല്യത്തിന്റെ സ്കാൻ നിങ്ങളുമായി പങ്ക് വെക്കട്ടെ.

ശബ്ദതാരാവലി- രണ്ടാം വാല്യം ഡിജിറ്റൈസേഷൻ

ഒന്നാമത്തെ വാല്യത്തിന്റെ കാര്യത്തിൽ നിന്ന് വ്യത്യസ്തമായി രണ്ടാം വാല്യത്തിനായി ധാരാളം സമയം ചിലവഴിക്കേണ്ടി വന്നു. അതിന്റെ പ്രധാന കാരണം, ആദ്യഘട്ടത്തിൽ എളുപ്പം ഫോട്ടോ എടുത്ത് തീർക്കാൻ വേണ്ടി ചില സ്റ്റാൻഡേർഡുകൾ പാലിക്കാൻ പറ്റാഞ്ഞതാണ് .പല സൂം ലെവലിൽ എടുത്തതിന്റെ പ്രശ്നം, രണ്ട് താളുകൾ ഒരുമിച്ച് എടുത്തതിന്റെ പ്രശ്നം അങ്ങനെ പല വിധ കാരണങ്ങളാൽ പോസ്റ്റ് പ്രോസസിങ് അതീവ ദുഷ്കരമായി. എളുപ്പപണിക്ക് പൊയി ഇരട്ടി പണിയായി പോയി എന്ന സ്ഥിതി വിശെഷം വന്ന് ചേർന്നു. അതിനാൽ ആദ്യമെടുത്ത ഫോട്ടോകൾ എല്ലാം ഒഴിവാക്കാൻ തീരുമാനിച്ചു.

അതിനു ശെഷം ബൈജു രാമകൃഷ്ണനനുമായി ചേർന്ന് രണ്ടു ദിവസം മുഴുവൻ സമയവും നിന്ന് രണ്ടാം വാല്യം രണ്ടാമതും ഫോട്ടോ എടുത്തു. ഔട്ട് ഓഫ് ഫോക്കസായ താളുകളുടെ ഫോട്ടോ എടുക്കാൻ പിന്നെ ഒരു ദിവസവും കൂടെ പോകേണ്ടി വന്നു. അതിനു ശേഷം താളുകൾ ഓരോന്നായി അടുക്കിപെറുക്കി പൊസ്റ്റ് പ്രോസസിങ് പണികൾ ആരംഭിച്ചു. മുൻപത്തെ പൊസ്റ്റിൽ പറഞ്ഞിരുന്നത് പോലെ രണ്ടാം വാല്യത്തിന്റെ പൊസ്റ്റ് പ്രോസസിങും പൂർണ്ണമായി സുനിൽ വി.എസ്. ആണു ചെയ്തത്. വലിയ പുസ്തകം ആയതിനാൽ പൊസ്റ്റ് പ്രോസസിങിനു ധാരാളം സമയം എടുത്തു. ഞങ്ങളൂടെ പരിമിതികൾക്ക് ഉള്ളിൽ നിന്ന് എല്ലാം പരമാവധി ഭംഗിയായി തീർക്കാൻ ശ്രമിച്ചിട്ടൂണ്ട്.

രണ്ടാം വാല്യത്തിന്റെ ഉള്ളടക്കം

രണ്ടാം വാല്യത്തിനു ഏകദേശം 1080 താളുകൾ ആണുള്ളത്. ഈ വാല്യത്തിൽ ആമുഖമോ മറ്റ് പ്രസ്താവനകളോ ഒന്നും ഇല്ല. ശീർഷകതാളിനു ശേഷം നേരെ നിഘണ്ടു ഉള്ളടക്കം തുടങ്ങുകയാണ്. രണ്ട് വാല്യവും കൂടെ ഒരുമിച്ച് 1930ഓടെ റിലീസ് ചെയ്തു എന്ന് അനുമാനിക്കുന്നതിന് ഒരു കാരണം ഇത് കൂടാണൂ്. രണ്ടാം വാല്യത്തിൽ മുതൽ വരെയുള്ള അക്ഷരങ്ങളിൽ തുടങ്ങുന്ന വാക്കുകൾ ആണ് കൈകാര്യം ചെയ്തിരിക്കുന്നത്. ഒന്നാം വാല്യത്തിലേത് പോലെ ഈ വാല്യത്തിലും ചില വാക്കുകളുടെ ഒപ്പം ചിത്രങ്ങൾ കാണാം.

ശബ്ദതാരാവലി - രണ്ടാം പതിപ്പ് രണ്ടാം വാല്യം - ശീർഷക താൾ
ശബ്ദതാരാവലി – രണ്ടാം പതിപ്പ് രണ്ടാം വാല്യം – ശീർഷക താൾ

കഴിഞ്ഞ പോസ്റ്റിൽ സൂചിപ്പിച്ച പോലെ പല വാക്കുകളുടേയും വിവരണം വിജ്ഞാനകോശതലത്തിലേക്ക് പോകുന്നുണ്ട്. കാര്യങ്ങൾ വിശദീകരിക്കാൻ രേഖാചിത്രങ്ങളും പട്ടികകളും ഒക്കെ ഉപയോഗിച്ചിരിക്കുന്നു.

മറ്റൊരു പ്രത്യേകത കണ്ടത്, പുസ്തകത്തിന്റെ അവസാനം അനുബന്ധം എന്ന പേരിൽ 8 താളുകളിലായി കണ്ട വിഭാഗമാണ്. ഈ വിഭാഗത്തിൽ ഭൂരിപക്ഷവും കേരളക്രൈസ്തവരുടെ ഇടയിൽ പ്രചാരത്തിലുള്ള സുറിയാനി, ഗ്രീക്ക്, ലത്തീൻ വാക്കുകളുടെ മലയാള അർത്ഥങ്ങൾ ആണ്. എന്നാൽ അതിനു പുറമേ മലയാളം വാക്കുകളുടെ അർത്ഥവും ഉണ്ട്.

കൂടുതൽ വിശകലനത്തിനും ഉപയോഗത്തിനുമായി സ്കാൻ നിങ്ങൾക്ക് വിട്ട് തരുന്നു.

ഒന്നാം വാല്യത്തിന്റെ കാര്യം പോലെ രണ്ടാം വാല്യവും റിലീസ് ചെയ്യാൻ സായാഹ്നയുടെ സെർവ്വർ ആണ് ഉപയോഗിക്കുന്നത്. തിരുവനന്തപുരത്തെ സെർവ്വറിൽ നിന്നാണ് പ്രമാണങ്ങൾ ലഭ്യമാക്കുന്നത് എന്നത് കൊണ്ട് ഡൗൺലോഡ് ചെയ്യുമ്പോൾ വേഗതക്കുറവ് അനുഭവപ്പെട്ടേക്കാം.

ഡൗൺലോഡ് വിവരങ്ങൾ

1080 താളുകളുള്ള പുസ്തകം ആയതിനാൽ പുസ്തകത്തിന്റെ വലിപ്പം കൂടുതൽ ആണു്. അതിനാൽ വിവിധ തരത്തിലുള്ള ഔട്ട് പുട്ട് നിങ്ങളുടെ ഉപയൊഗത്തിനായി തരുന്നു.

  • ഡൗൺലൊഡ് ചെയ്യാനായി ഉയർന്ന നിലവാരമുള്ള പിഡിഎഫ് (ഇതിനു് 75 MB ക്ക് അടുത്ത് സൈസ് ഉണ്ട്) ഒപ്പം ഓൺലൈൻ വായനാ സൗകര്യം – കണ്ണി
  • ഡൗൺലൊഡ് ചെയ്യാനായി സൈസ് അല്പം കുറച്ചതും എന്നാൽ വായനയ്ക്ക് ഉതകുന്നതും ആയ ഒരു പിഡിഎഫ് – (ഇതിനു് 55 MB ക്ക് അടുത്ത് സൈസ് ഉണ്ട്)- കണ്ണി
  • മറ്റു വിവിധ തരത്തിലുള്ള ഔട്ട്പുട്ടിനായി സായാഹ്ന ശബ്ദതാരാവലിയ്ക്കായി ഒരുക്കിയ ഈ താൾ സന്ദർശിക്കുക – ഡൗൺലോഡ് കണ്ണികൾ

ഉപസംഹാരം

ശബ്ദതാരാവലി രണ്ടാം പതിപ്പ് രണ്ടാം വാല്യം കൂടുതൽ വിശകലനത്തിനും ഉപയോഗത്തിനുമായി നിങ്ങൾക്ക് വിട്ടു തരുന്നു. ഇതോടുകൂടി ശബ്ദതാരാവലിയുടെ  രണ്ടാം പതിപ്പ് പൂർണ്ണമായി പൊതു ഉപയോഗത്തിനായി ലഭ്യമായിരിക്കുന്നു. രണ്ട് വാല്യത്തിലും കൂടെ 2200 ൽ പരം താളുകൾ ആണ് രണ്ടാം പതിപ്പിന് ഉള്ളത്. അത് പൂർണ്ണമായി ഡിജിറ്റൈസ് ചെയ്യാൻ പറ്റി എന്നത് നേട്ടമായി ഞങ്ങൾ കരുതുന്നു. ഈ പ്രവർത്തനത്തിൽ ഞങ്ങൾക്ക് എല്ലാ സഹായസഹകരണങ്ങളും തന്ന എല്ലാവർക്കും ഒരിക്കൽ കൂടെ നന്ദി അറിയിക്കട്ടെ.

ഈ വിധത്തിൽ ഒന്നാം പതിപ്പും 1946നു മുൻപ് പ്രസിദ്ധീകരിച്ച മറ്റ് പതിപ്പുകളും കണ്ടെടുത്ത് ശബ്ദതാരാവലിയുടെ പൊതുസഞ്ചയത്തിലുള്ള പതിപ്പുകൾ ഒക്കെ ഡിജിറ്റൈസ് ചെയ്ത് അത് ഭാവി ഉപയോഗത്തിനായി ആർക്കൈവ് ചെയ്യേണ്ടതാകുന്നു. അത് കാലക്രമേണ നടക്കും എന്ന് കരുതട്ടെ.

അവസാനമായി ശബ്ദതാരാവലി രണ്ടാം പതിപ്പിന്റെ യഥാർത്ഥവലിപ്പവും പുസ്കത്തിന്റെ ഇപ്പോഴത്തെ സ്ഥിതിയും മനസ്സിലാക്കാൻ സഹായിക്കുന്ന രണ്ട് ചിത്രങ്ങൾ കൂടെ.

 

ശബ്ദതാരാവലി-രണ്ടാം പതിപ്പ്-വാല്യം ഒന്ന്, വാല്യം രണ്ട്
ശബ്ദതാരാവലി-രണ്ടാം പതിപ്പ്-വാല്യം ഒന്ന്, വാല്യം രണ്ട്

 

ശബ്ദതാരാവലി-രണ്ടാം പതിപ്പ്-വാല്യം ഒന്ന്, വാല്യം രണ്ട്
ശബ്ദതാരാവലി-രണ്ടാം പതിപ്പ്-വാല്യം ഒന്ന്, വാല്യം രണ്ട്

ശബ്ദതാരാവലി-രണ്ടാം പതിപ്പ്-വാല്യം ഒന്ന്

ആമുഖം

(ഈ പോസ്റ്റ് എഴുതാനും, ഈ പോസ്റ്റുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും  സുനിൽ വി.എസ്.ന്റെ സഹായം ലഭ്യമായിട്ടുണ്ട്. )

കുറച്ചുനാളുകളുടെ ഇടവേളയ്ക്കുശേഷം മലയാളപൊതുസഞ്ചയപുസ്തകങ്ങളുടെ ഡിജിറ്റൽ സ്കാൻ റിലീസിങ് തുടരുകയാണ്. കഴിഞ്ഞ കുറച്ചുനാളുകളായി ഞങ്ങൾ (സുനിൽ വി.എസ്. & ഷിജു അലക്സ്) ചില സ്ഥാപനങ്ങൾ/വ്യക്തികളിൽ നിന്നുപഴയ പുസ്തകങ്ങൾ തപ്പിയെടുക്കുകയും അതു സ്കാൻ/പ്രൊസസിങ് ചെയ്യുന്നതിന്റേയും തിരക്കിലായിരുന്നു. ഇനി കുറച്ചുനാളുകൾ ആ വിധത്തിൽ സംഘടിപ്പിച്ച പുസ്തകങ്ങളുടെ സ്കാനുകൾ എല്ലാവരുമായി പങ്കുവെയ്ക്കുന്നു.

ആദ്യമായി പങ്കുവെയ്ക്കുന്നത് മലയാളത്തിന്റെ ആധികാരികനിഘണ്ടുവായി വാഴ്ത്തപ്പെടുന്ന ശബ്ദതാരാവലിയുടെ രണ്ടാമത്തെ പതിപ്പിന്റെ ഒന്നാമത്തെ വാല്യം ആണ്. ശ്രീകണ്‌ഠേശ്വരം പദ്മനാഭപിള്ള രചിച്ച ഈ അമൂല്യകൃതി നിങ്ങളുമായി പങ്കുവെക്കുന്നതിൽ സന്തോഷമുണ്ട്. രണ്ടാം പതിപ്പ് ആണെങ്കിലും ആദ്യമായി പുസ്തക രൂപത്തിൽ ക്രോഡീകരിച്ച് പ്രസിദ്ധീകരിച്ചത് ഈ പതിപ്പാണ്. (കൂടുതൽ വിശദാംശങ്ങൾക്ക് താഴെയുള്ള ശബ്ദതാരാവലി-ലഘു ചരിത്രം എന്ന വിഭാഗം കാണുക).

രണ്ടാം പതിപ്പ് - ഒന്നാം വാല്യം
രണ്ടാം പതിപ്പ് – ഒന്നാം വാല്യം

 

ശബ്ദതാരാവലി

മലയാളമറിയുന്നവർക്ക് ശബ്ദതാരാവലിയെക്കുറിച്ച് ആമുഖത്തിന്റെ ആവശ്യമുണ്ടാവില്ലല്ലോ. നിഘണ്ടു എന്നുപറഞ്ഞാൽ മലയാളത്തിന് ശബ്ദതാരാവലി കഴിഞ്ഞേയുള്ളൂ മറ്റെന്തും. മലയാളത്തിൽ അച്ചടിക്കപ്പെട്ട നിഘണ്ടുക്കളുടെ ചരിത്രം എടുത്താൽ 1865ൽ റിച്ചാർഡ് കൊളിൻസ് പ്രസിദ്ധീകരിച്ച നിഘണ്ടു ആണു് ആദ്യത്തെ മലയാളം-മലയാളം നിഘണ്ടു. പിന്നീട് 1872ലെ ഗുണ്ടർട്ട് നിഘണ്ടു തുടങ്ങിയ കുറച്ചധികം മലയാളം-മലയാളം നിഘണ്ടുനിർമ്മാണ ശ്രമങ്ങൾ മലയാളത്തിൽ ശബ്ദതാരാവലിക്ക് മുൻപ് ഉണ്ടായിട്ടൂണ്ട്. എന്നാൽ ശബ്ദതാരാവലിയുടെ വരവോടെ ഈ ശ്രമങ്ങൾ ഒക്കെ അതിന്റെ പൂർണ്ണതയിലെത്തി എന്ന് പറയാം. ഇന്നും മലയാളത്തിലെ ആധികാരിക നിഘണ്ടുവായി കരുതപ്പെടുന്നത് ശബ്ദതാരാവലി തന്നെയാണു്.ശബ്ദതാരാവലിയുടെ ആദ്യകാല പ്രസിദ്ധീകരണചരിത്രം ലഘുവായി നമുക്കൊന്നു് പരിശോധിക്കാം.

ശബ്ദതാരാവലി-ലഘു ചരിത്രം

ശ്രീകണ്‌ഠേശ്വരം പദ്മനാഭപിള്ളയുടെ ഒറ്റയാൾ പ്രയത്നത്തിന്റെ ഫലമാണു് മലയാളത്തിന്റെ അഭിമാനമായി മാറിയ ശബ്ദതാരാവലി.

ശ്രീകണ്‌ഠേശ്വരം പദ്മനാഭപിള്ള
ശ്രീകണ്‌ഠേശ്വരം പദ്മനാഭപിള്ള

ശബ്ദതാരാവലിയുടെ പ്രസിദ്ധീകരണത്തിനു പിന്നിലെ പ്രയത്നം എത്ര ശ്രമകരമായിരുന്നു എന്നറിയാൻ പി.കെ. രാജശേഖരൻ മാതൃഭൂമിയിൽ എഴുതിയ ഈ ലേഖനം വായിക്കുക.

1895 ൽ ആണ് ശ്രീകണ്‌ഠേശ്വരം പദ്മനാഭപിള്ള നിഘണ്ടുനിർമ്മാണത്തിനായി വായന തുടങ്ങിയത്. 1897ൽ എഴുത്ത് തുടങ്ങി. ദീർഘവർഷങ്ങളുടെ പ്രയത്നഫലമായി ‘ശബ്ദതാരാവലി’യുടെ കൈയ്യെഴുത്തുപ്രതി പൂര്‍ത്തിയായി. പക്ഷെ ഉള്ളടക്കത്തിന്റെ ബാഹുല്യം കാരണം അത്ര വലിയൊരു പുസ്തകം അച്ചടിക്കാന്‍ അക്കാലത്തെ പ്രസാധകരാരും തയ്യാറായില്ല. അതിനാൽ ശബ്ദതാരാവലി ആദ്യം ചെറിയ ഭാഗങ്ങളായി മാസിക പോലെ തുടർച്ചയായി പ്രസിദ്ധപ്പെടുത്താന്‍ ശ്രീകണ്‌ഠേശ്വരം പദ്മനാഭപിള്ള തീരുമാനിച്ചു. ചാലക്കമ്പോളത്തിലെ പുസ്തകവ്യാപാരിയായ ജെ.കേപ്പയുമായി ചേര്‍ന്ന് അങ്ങനെ പദ്മനാഭപിള്ള ‘ശബ്ദതാരാവലി’യുടെ ആദ്യഭാഗം മാസികാരൂപത്തിൽ പുറത്തിറക്കി. തുടർന്നുള്ള വർഷങ്ങളിൽ അത്ര ക്രമമല്ലാതെ  ഓരോരോ ഭാഗങ്ങളായി ശബ്ദതാരാവലിയുടെ ഈ ആദ്യരൂപം പുറത്ത് വന്നു കൊണ്ടിരുന്നു. ഈ തരത്തിലുള്ള പ്രസിദ്ധീകരണ പ്രക്രിയ പൂർത്തിയാവാൻ കുറച്ച് വർഷങ്ങൾ എടുത്തു. 22 ഭാഗങ്ങളായാണ് (ഇതിനു നിലവിൽ ആധികാരിക തെളിവുകൾ ഇല്ല) ഈ വിധത്തിൽ ശബ്ദതാരാവലിയുടെ ആദ്യരൂപം പുറത്ത് വന്നതെന്ന് വിവിധ ഇടങ്ങളിൽ കാണുന്ന റെഫറൻസുകൾ സൂചിപ്പിക്കുന്നു. തുടർന്ന് ജെ.കേപ്പയുമായി ചേര്‍ന്ന് ശബ്ദതാരാവലിയുടെ ക്രോഡീകരിച്ച ഒന്നാം പതിപ്പ് രണ്ട് വാല്യങ്ങളായി പ്രസിദ്ധീകരിച്ചു. (ശബ്ദതാരാവലിയുടെ ഈ രണ്ട് രൂപത്തിലുള്ള പ്രസിദ്ധീകരണങ്ങളുടേയും തെളിവുകൾ (സ്കാൻ കോപ്പികൾ) ഇതുവരെ ലഭിക്കാത്തതിനാൽ ഒരു പരിധിക്കപ്പുറം ഈ പ്രസിദ്ധീകരണചരിത്രത്തിനു ആധികാരികത ഇല്ല).

ശബ്ദതാരാവലിയുടെ മുകളിൽ സൂചിപ്പിച്ച 2 പ്രസിദ്ധീകരണ ശ്രമങ്ങൾക്ക് ശെഷമാണു ഇപ്പോൾ നമുക്ക് സ്കാൻ ലഭ്യമായിരിക്കുന്ന ഈ രണ്ടാം പതിപ്പിന്റെ പിറവി. രണ്ടാം പതിപ്പിനു 2 വാല്യങ്ങൾ ആണുള്ളത്. ഓരോ വാല്യത്തിലും ആയിരത്തിലധികം താളുകൾ. അങ്ങനെ 2 വാല്യത്തിലും കൂടെ ഏകദേശം 2250 താളുകൾ. 2 വാല്യങ്ങളുടേയും ടൈറ്റിൽ പേജ് നോക്കിയതിൽ നിന്ന്, ഒന്നാം വാല്യം കൊല്ലവർഷം 1103 നും (1927/28), രണ്ടാം വാല്യം കൊല്ലവർഷം 1106നും (1930/1931) ആണു് പുറത്തിറങ്ങിയിരിക്കുന്നത്. പക്ഷെ ഒന്നാം വാല്യത്തിന്റെ മുഖവരയിലെ തീയതി 1106 തുലാം 13 ആണു്. അത് 29 ഒക്ടോബർ 1930 ആണ്. അതിനാൽ ഒന്നാം വാല്യത്തിന്റെ അച്ചടി 1927ൽ ആരംഭിച്ചിരിക്കാമെങ്കിലും രണ്ട് വാല്യവും കൂടെ ഏകദേശം 1930ൽ ആണ് റിലീസ് ചെയ്തതെന്ന് അനുമാനിക്കാം.

എന്തായാലും ശബ്ദതാരാവലിയുടെ രണ്ടാം പതിപ്പിന്റെ പ്രസിദ്ധീകരണ വർഷം ഞങ്ങളെ സംബന്ധിച്ച് പുതിയ ഒരു അറിവായിരുന്നു. ഇതിനു് മുൻപ് വിവിധ ഇടങ്ങളിൽ കണ്ട കുറിപ്പുകൾ ഒക്കെ 1923ലാണു് രണ്ടാം പതിപ്പ് വന്നത് എന്ന സൂചന ആണ് തന്നത്. എന്തായാലും പുസ്തകത്തിന്റെ യഥാർത്ഥപതിപ്പ് കിട്ടിയതൊടെ അത്തരം ഊഹാപൊഹങ്ങൾക്ക് അവസാനമാകും എന്ന് കരുതുന്നു.

കൂടുതൽ വാക്കുകളും, വിവരണങ്ങളും, ചിത്രങ്ങളും മറ്റും കൂട്ടിചേർത്ത് പരിഷ്കരിച്ച് ആണ് രണ്ടാം പതിപ്പ് പ്രസിദ്ധീകരിക്കുന്നത് എന്ന് ഈ പതിപ്പിന്റെ ടൈറ്റിൽ പേജിൽ തന്നെ പറഞ്ഞിട്ടുണ്ട്.

കടപ്പാട്

പുസ്തകത്തിന്റെ ഉള്ളടത്തിന്റെയും ഡിജിറ്റൈസേഷന്റേയും വിശദാംശങ്ങളിലേക്ക് പോകും മുൻപ് ഇത് നമുക്ക് ലഭ്യമാക്കാനായി സഹായിച്ചവരുടെ വിശദാംശങ്ങൾ പങ്ക് വെക്കട്ടെ.

സ്ഥാപനം

ഈ പുസ്തകം നമുക്ക് ലഭ്യമായിരിക്കുന്നത് ബാംഗ്ലൂരിലെ United Theological College (UTC) ലൈബ്രറിയിൽ നിന്നാണ്. മലയാളത്തെ സംബന്ധിച്ച് അതീവപ്രാധാന്യമുള്ള ഈ പുസ്തകം ഇത്രയും നാൾ വളരെ പ്രാധാന്യത്തോടെ സൂക്ഷിക്കുകയും അത് നമുക്ക് ഇപ്പോൾ ഡിജിറ്റൈസ് ചെയ്യാനായി ലഭ്യമാക്കുകയും ചെയ്ത ലൈബ്രറി അധികൃതരോട് ഞങ്ങൾക്കുള്ള നിസ്സീമമായ നന്ദി ആദ്യം തന്നെ രേഖപ്പെടുത്തട്ടെ.

വ്യക്തികൾ

സ്കാൻ ചെയ്യാൻ അനുമതി കിട്ടിക്കഴിഞ്ഞ് ആദ്യത്തെ കടമ്പ പുസ്തകത്തിലെ ഓരോ താളിന്റേയും ഫോട്ടോ എടുക്കൽ ആയിരുന്നു. ഇതിൽ നേരിടേണ്ടി വന്ന പ്രതിബന്ധങ്ങൾ ഓരോന്നും പ്രത്യേകമായി പറയുന്നില്ല. താളുകളുടെ ഫോട്ടോ എടുപ്പ് താഴെ പറയുന്ന മുന്നു പേരുടെ സഹകരണത്തോടെ ആണ് ചെയ്തത്.

ഇതിൽ വിശ്വപ്രഭയും, ബെഞ്ചമിൻ വർസ്സീസും ഒന്നാം വാല്യത്തിന്റെ ഫോട്ടോ എടുപ്പിനും ബൈജു രാമകൃഷ്ണൻ രണ്ടാം വാല്യത്തിന്റെ ഫോട്ടോ എടുപ്പിനും ആണ് സഹായിച്ചത്. ഒഴിവ് ദിവസങ്ങളിൽ മാത്രമേ ഞങ്ങൾക്ക് ഇതിനായി ഇടകിട്ടിയുള്ളൂ എന്നതിനാൽ ഈ പ്രക്രിയ തന്നെ ഏതാണ്ട് 2 മാസം നീണ്ടുനിന്നു.

ഫോട്ടോ എടുപ്പിനുശെഷം ഫോട്ടോ എടുത്ത താളുകൾ ഒക്കെ ക്രമത്തിലാക്കി പോസ്റ്റ് പ്രോസ്സിങ്ങിനു് തയ്യാറാക്കുക, ഔട്ട് ഓഫ് ഫോക്കസ് ആയ താളുകളുടെ ഫോട്ടോകൾ പിന്നെയും എടുക്കുക തുടങ്ങിയ പണികൾ ഒക്കെ ഉണ്ടായിരുന്നു. ഇതിനൊക്കെ ബൈജു രാമകൃഷ്ണൻ വളരെയധികം സഹായിച്ചു.

ശബ്ദതാരാവലിയുടെ പോസ്റ്റ് പ്രോസസിങ് മുഴുവനായും സുനിൽ വി.എസ്. ആണ് ചെയ്തത്. വിവിധ ക്യാമറകളും പല സൂംലെവലിലും റെസല്യൂഷനിലുമായി എടുത്ത ചിത്രങ്ങളെ സ്കാൻ ടെയ്ലർ ഉപയോഗിച്ച് പരമാവധി ഒരേപോലെയാക്കിയെടുക്കാൻ ശ്രമിച്ചിട്ടുണ്ട്.

ശ്രീകണ്‌ഠേശ്വരം പദ്മനാഭപിള്ള മരിക്കുന്നത് 1946-ൽ ആണു്. അതിനാൽ അദ്ദേഹത്തിന്റെ രചനകൾ എല്ലാം ഇന്ത്യൻ പകർപ്പവകാശനിയമം അനുസരിച്ച് 2007-ൽ പൊതുസഞ്ചയത്തിൽ ആയി. അതേസമയം ഇന്ത്യയിൽ പകർപ്പവകാശകാലാവധി തീർന്ന പുസ്തകമാണിതെങ്കിലും യു.എസ്. നിയമപ്രകാരം പകർപ്പവകാശപരിധിക്കുള്ളിൽത്തന്നെയായതുകൊണ്ട് വിക്കിമീഡിയയിലോ ആർക്കൈവ്.ഓർഗിലോ ഉപയോഗിക്കാനാവില്ല. അതിനാൽ ഈ പുസ്തകം റിലീസ് ചെയ്യാനായി ഇന്ത്യൻ സെർവ്വർ തന്നെ വേണം എന്ന സ്ഥിതി വന്നു. അതിനു് നമുക്ക് സഹായമായി വന്നത് സായാഹ്ന ഫൗണ്ടേഷന്റെ (http://sayahna.org/) പ്രവർത്തകർ ആണു്. അതിനു് എല്ലാ വിധ സഹായവും തന്ന രാധാകൃഷ്ണൻ സാറിനു് (http://cvr.cc/?page_id=7) ഞങ്ങളുടെ നന്ദി. മലയാള പുസ്തകങ്ങളുടെ ഡിജിറ്റൈസേഷൻ എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സായാഹ്നയുമായി ചേർന്ന് സഹകരിക്കാൻ സാധിച്ചതിൽ ഞങ്ങൾ അഭിമാനിക്കുന്നു.

ശബ്ദതാരാവലി-ഡിജിറ്റൈസേഷൻ

പി.കെ. രാജശേഖരൻ മാതൃഭൂമി ലേഖനത്തിൽ (http://www.mathrubhumi.com/books/article/columns/2809/) ചൂണ്ടി കാണിക്കുന്ന പോലെ ശബ്ദതാരാവലിയുടെ നിർമ്മാണം, അതിന്റെ പ്രസിദ്ധീകരണം ഇതൊക്കെ വളരെ പ്രതിബന്ധങ്ങൾ നിറഞ്ഞതായിരുന്നു. 2015-ൽ അതിന്റെ ഡിജിറ്റൽ സ്കാൻ പുറത്ത് വിടുമ്പോൾ ഉള്ള സ്ഥിതിയും വ്യത്യസ്തമല്ല. പുസ്തകത്തിന്റെ വലിപ്പം തന്നെ ആണ് ഇതിന്റെ പ്രധാന കാരണം.

പോസ്റ്റ് പ്രോസസിങ് വിശേഷം

താളുകളുടെ ഫോട്ടോ എടുപ്പ് കഴിഞ്ഞാലും ഇതിന്റെ പൊസ്റ്റ് പ്രോസസിങ് പണികളും ശ്രമകരമായിരുന്നു.
ശബ്ദതാരാവലി രണ്ട് വാല്യവും ആയിരത്തിലധികം പേജുകളടങ്ങിയതാണ്. അതുകൊണ്ട് ഔട്ട്പുട്ട് വലുപ്പം നിജപ്പെടുത്തുന്നതിന് പുസ്തകം മൊത്തത്തിൽ ബ്ലാക്ക് ആൻഡ് വൈറ്റ് മോഡിൽ പുറത്തിറക്കാനായിരുന്നു പരിപാടി. എന്നാൽ പുസ്തകം പരിശോധിച്ചപ്പോൾ ചില വാക്കുകളുടെ അർത്ഥത്തിനൊപ്പം ചെറിയ രേഖാ ചിത്രങ്ങളുമുണ്ടെന്ന് മനസ്സിലായി. അവ ബ്ലാക്ക് ആൻഡ് വൈറ്റിലേക്ക് മാറ്റിയാൽ വളരെ മോശമാകുമെന്നതിനാൽ അത്തരം പേജുകൾ മാത്രം ഗ്രേസ്കെയിൽ മിക്സ്ഡ് മോഡിലാണ് ഉണ്ടാക്കിയിരിക്കുന്നത്.

അന്തിമലരി
അന്തിമലരി

ഒന്നാം വാല്യത്തിലെ ഉള്ളടക്കം

വളരെ സുദീർഘമായ ആമുഖം ആണു് ഒന്നാം വാല്യത്തിനുള്ളത്. ആദ്യത്തെ 65 പുറങ്ങൾ വിവിധ ആമുഖപ്രസ്താവനങ്ങൾ ആണു്. വിവിധ പ്രസ്താവനകൾ താഴെ പറയുന്നവയാണു്.

  • രണ്ടാം പതിപ്പിന്റെ ആമുഖപ്രസ്താവന ആയി ശ്രീകണ്‌ഠേശ്വരം പദ്മനാഭപിള്ള എഴുതിയ മുഖവര.
  • ഒന്നാം പതിപ്പിനു് ശ്രീകണ്‌ഠേശ്വരം പദ്മനാഭപിള്ള എഴുതിയ മുഖവരയുടെ പുനഃപ്രസിദ്ധീകരണം.
  • ഒന്നാം പതിപ്പ് ഖണ്ഡശഃ പ്രസിദ്ധപ്പെടുത്തി പൂർത്തിയാക്കിയതിനു് ശെഷം ശ്രീകണ്‌ഠേശ്വരം പദ്മനാഭപിള്ളയ്ക്ക് പലരായി എഴുതിയ അനുമോദനങ്ങളും മറ്റും.
  • ഒന്നാം പതിപ്പ് ഖണ്ഡശഃ പ്രസിദ്ധപ്പെടുത്തി കൊണ്ടിരിക്കെ ശ്രീകണ്‌ഠേശ്വരം പദ്മനാഭപിള്ളയ്ക്ക് പലരായി എഴുതിയ അനുമോദനങ്ങളും മറ്റും.
  • പത്രാഭിപ്രായങ്ങൾ.
  • പരുത്തിക്കാട്ടു ഗോപാലപിള്ള എഴുതിയ ശ്രീകണ്‌ഠേശ്വരം പദ്മനാഭപിള്ളയുടെ ജീവചരിത്രസംക്ഷേപം (ഇതിൽ അദ്ദേഹത്തിന്റെ കൃതികളെ പറ്റി ഒക്കെ ചുരുക്കമായി പറയുന്നുണ്ട്).

ശബ്ദതാരവലിയ്ക്കായി തനിക്ക് ത്യജിക്കേണ്ടി വന്ന ജീവിത സൗഭാഗ്യങ്ങളെ പറ്റി അദ്ദേഹം മുഖവരയിൽ ഇങ്ങനെ പറയുന്നു.

sukham

അതേ പോലെ നിഘണ്ടു തുടർച്ചയായി പരിഷ്കരിക്കേണ്ടതിന്റെ ആവശ്യത്തെ പറ്റി അദ്ദേഹം ഇങ്ങനെ പറയുന്നു

pari

65 പുറങ്ങളൊളം ഉള്ള ആമുഖപ്രസ്താവനകൾക്ക് ശേഷം നിഘണ്ടു ഉള്ളടക്കം തുടങ്ങുന്നു. മുതൽ വരെയുള്ള അക്ഷരങ്ങളിൽ തുടങ്ങുന്ന വാക്കുകൾ ആണു് ഒന്നാം വാല്യത്തിൽ ഉള്ളത്.

ശബ്ദതാരാവലിയുടെ ഏറ്റവും പഴയൊരു പതിപ്പ് ആദ്യമായാണു് കാണുന്നത് എന്നതിനാൽ ഇതിന്റെ ഉള്ളടക്കത്തിലൂടെ പോയപ്പോൾ ഈ പുസ്തകം നിഘണ്ടുവിനും മേലേ നിൽക്കുന്ന ഒന്നാണെന്ന് മനസ്സിലായി. പല വാക്കുകളും വിജ്ഞാനകോശത്തിനു് സമാനമായ വിവരങ്ങൾ ആണു് തരുന്നത്. അതിനാൽ തന്നെ ചില വാക്കുകളുടെ വിവരണം ഒരു പുറത്തിനു് മുകളിൽ പോകുന്നുണ്ട്. ചില വാക്കുകളുടെ ഒപ്പം രേഖാചിത്രങ്ങളും ഉണ്ട്. ഇത് കൊണ്ട് തന്നെ ആയിരിക്കണം ഈ പതിപ്പിനു് 2250ൽ പരം പുറങ്ങളും 2 വാല്യങ്ങളും വേണ്ടി വന്നത്. പിൽക്കാലത്ത് ശബ്ദതാരാവലിയുടെ വലിപ്പം ചുരുങ്ങി പോകാൻ ഒരു കാരണം ഈ വൈജ്ഞാനികവിവരണങ്ങൾ എടുത്ത് മാറ്റിയത് ആവണം.

ഒരു ചെറിയ കുറവ്

1159 പുറങ്ങൾ ഉള്ള ഒന്നാം വാല്യത്തിന്റെ സ്കാൻ നിങ്ങൾക്കായി വിട്ട് തരുമ്പോൾ അതിൽ ഒരു ചെറിയ കുറവുള്ള കാര്യം പ്രത്യേകം രെഖപ്പെടുത്തട്ടെ. ഞങ്ങൾക്ക് കിട്ടിയ കോപ്പിയിൽ നിന്ന് ആമുഖത്തിലെ ഒരു താൾ (2 പുറങ്ങൾ) നഷ്ടപ്പെട്ടിരുന്നു.

മലയാള അക്കത്തിൽ ഉള്ള ൨൭ (27), ൨൮ (28) താളുകൾ ആണുനഷ്ടമായിരിക്കുന്നത്.

൨൭ (27)മത്തെ പേജിനു മുൻപുള്ള ൨൬ (26) മത്തെ പേജിന്റെ അവസാനം “…..സംഗതികളെല്ലാം ഈ പുസ്തക” എന്നാണു്.

൨൮ (28)മത്തെ പേജിനു ശെഷം വരുന്ന ൨൯ (29) മത്തെ പേജിന്റെ ആദ്യം “….മാത്രം വിശ്വസിക്കത്തക്കതാണെന്നു ചിലർ….” എന്ന് തുടങ്ങുന്നു.

നിങ്ങൾക്ക് എവിടെ നിന്നെങ്കിലും ശബ്ദതാരാവലിയുടെ രണ്ടാം പതിപ്പിന്റെ ഒന്നാം വാല്യം സംഘടിപ്പിക്കാൻ കഴിഞ്ഞാൽ മുകളിൽ സൂചിപ്പിച്ച ഈ രണ്ട്പുറങ്ങളുടെ ഹൈറെസലൂഷൻ ഫോട്ടോകൾ എടുത്ത് തന്ന് സഹായിച്ച് ഈ ഡിജിറ്റൽ പതിപ്പ് പൂർണ്ണമാക്കാൻ സഹകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

1159 താളുകളുള്ള പുസ്തകം ആയതിനാൽ പുസ്തകത്തിന്റെ വലിപ്പം കൂടുതൽ ആണു്. അതിനാൽ വിവിധ തരത്തിലുള്ള ഔട്ട് പുട്ട് നിങ്ങളുടെ ഉപയൊഗത്തിനായി തരുന്നു.

  • ഡൗൺലൊഡ് ചെയ്യാനായി ഉയർന്ന നിലവാരമുള്ള പിഡിഎഫ് (100 MB ക്ക് അടുത്ത് സൈസ് ഉണ്ട്) ഒപ്പം ഓൻലൈൻ വായനാസൗകര്യം  – കണ്ണി
  • ഡൗൺലൊഡ് ചെയ്യാനായി സൈസ് അല്പം കുറച്ചതും എന്നാൽ വായനയ്ക്ക് ഉതകുന്നതും ആയ ഒരു പിഡിഎഫ് – (ഇതിനു് 55 MB ക്ക് അടുത്ത് സൈസ് ഉണ്ട്)- കണ്ണി
  • മറ്റു തരത്തിലുള്ള ഔട്ട്പുട്ടിനായി സായാഹ്ന ശബ്ദതാരാവലിയ്ക്കായി ഒരുക്കിയ ഈ താൾ സന്ദർശിക്കുക – ഡൗൺലോഡ് കണ്ണികൾ

ഡൗൺലോഡ് ചെയ്യാതെ ഓൺലൈനായി വായിക്കാനുള്ള സൗകര്യവും മറ്റും അവിടെ താമസിയാതെ ഒരുക്കാം എന്ന് കരുതുന്നു

ഉപസംഹാരം

ശബ്ദതാരാവലി രണ്ടാം പതിപ്പ് ഒന്നാം വാല്യത്തിന്റെ കൂടുതൽ വിശകലനത്തിനും ഉപയോഗത്തിനുമായി നിങ്ങൾക്ക് വിട്ടു തരുന്നു. രണ്ടാം വാല്യത്തിന്റെ പൊസ്റ്റ് പ്രോസസിങ് പണികൾ നടന്നു കൊണ്ട് ഇരിക്കുകയാണു്. ഏറ്റവും അടുത്ത ദിവസങ്ങളിൽ തന്നെ രണ്ടാം വാല്യത്തിന്റെ സ്കാനും പുറത്ത് വിടുന്നതായിരിക്കും.

അപ്‌ഡേറ്റ്

രണ്ടാം പതിപ്പ് രണ്ടാം വാല്യത്തിനെ പറ്റിയുള്ള വിശദാംശങ്ങൾ ഇവിടെ കാണാം https://shijualex.in/stv-edition2-vol2/

1907 – ഇംഗ്ലീഷു മലയാള ശബ്ദകോശം – തോബിയാസ് സക്കറിസാസ്

ഇതു വരെ നമ്മൾ പരിചയപ്പെട്ട പുസ്തകങ്ങളുടെ സ്കാനുകൾ എല്ലാം 1900ത്തിനു മുൻപ് അച്ചടിച്ചത് ആയിരുന്നു. 1907ൽ അച്ചടിച്ച ഒരു പുസ്തകം ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്. അതിനാൽ നമ്മൾ പരിചയപ്പെടുന്ന ഏറ്റവും അടുത്ത് ഇറങ്ങിയ പുസ്തകം ഇതാണെന്ന് പറയാം.

1953നു മുൻപ് അച്ചടിച്ചതും രചയിതാവ് മരിച്ച് കുറഞ്ഞത് 60 വർഷം (പ്രത്യേകമായ ഒരു രചയിതാവ് ഇല്ലെങ്കിൽ അച്ചടിച്ച് കുറഞ്ഞത് 60 വർഷം കഴിഞ്ഞത്) ആയതു കൊണ്ട് ഇന്ത്യയിൽ പൊതുസഞ്ചയത്തിൽ ആയ പുസ്തകങ്ങൾ മാത്രമാണ് ഞാൻ കൈകാര്യം ചെയ്യുന്നത്.

നമ്മൾ ഇന്ന് പരിചയപ്പെടുന്ന പുസ്തകത്തിന്റെ അടിസ്ഥാന വിവരങ്ങൾ

  • പുസ്തകത്തിന്റെ പേര്: An English-Malayalam Dictionary ഇംഗ്ലീഷ്-മലയാളം ശബ്ദകോശം
  • രചയിതാവ്: Tobias Zacharias, Pleader, Tellicherry
  • പ്രസാധനം: Basel Mission Book and Tract Depository
  • പ്രസിദ്ധീകരണ വർഷം: 1907

  • പുസ്തകം വളരെ വലുതാണ്. ഏതാണ്ട് 1400 താളുകൾ. നമ്മൾ ഇതു വരെ പരിചയപ്പെട്ടതിൽ ഏറ്റവും വലിയ പുസ്തകം ഇതാണ്.
  • Of errors and shortcomings I am fully conscious, and I beg the indulgence of the educated public. Still, if this book is found to contribute in the slightest degree to the promotion of the study of my sadly neglected mother-tongue — Malayalam, and to enrich its poor vocabulary, and at the same time to help my countrymen to a better understanding of the English tongue which stands a very good chance of becoming the universal language, I shall never regret the time and labour spent on it.

    ഇങ്ങനെ ഒരു പ്രസ്താവന ആമുഖപ്രസ്താവനയുടെ അവസാനം കാണുന്നതിനാൽ തോബിയാസ് മലയാളി തന്നെ ആണെന്ന് ഉറപ്പിക്കാം. തലശ്ശേരിയിൽ സർക്കാർ പ്ലീഡർ ആയിരുന്നു ജോലി എന്ന് ടൈറ്റിൽ പേജിൽ നിന്ന് മനസ്സിലാക്കാം.

  • മുകളിൽ പറഞ്ഞ കാര്യങ്ങളിൽ നിന്ന് ഈ പുസ്തകമാണ് ഒരു മലയാളി രചിച്ച ആദ്യത്തെ ഇംഗ്ലീഷ്-മലയാളം നിഘണ്ടു എന്നും ഊഹിക്കാം.
  •  മുകളിൽ പറഞ്ഞ കാര്യങ്ങൾക്ക് അപ്പുറം യാതൊന്നും എനിക്ക് തോബിയാസ് സഖറിയാസിനെ പറ്റി അറിഞ്ഞു കൂടാ. അത് കണ്ടെത്തേണ്ടതുണ്ട്.
  •  ഏതാണ്ട് 72,000 ത്തിൽ പരം എൻട്രികൾ ഈ നിഘണ്ടുവിൽ ഉണ്ടെന്ന പ്രസ്താവന ആമുഖത്തിൽ കാണാം
  • ഈ നിഘണ്ടുവിന്റെ നിർമ്മാണത്തിനു Webster’s Dictionary മാതൃക ആക്കിയിട്ടുണ്ട്.
  • മലയാളത്തിൽ വർദ്ധിച്ചു വരുന്ന സംസ്കൃതവൽക്കരണത്തെ പറ്റിയുള്ള ആകുലത തോബിയാസ് ആമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്. ഏ കാരത്തിന്റെ തെറ്റായ ഉപയോഗമാണ് ഇതിനായി രചയിതാവ് ചൂണ്ടിക്കാണിക്കുന്നത്.
  • ഇതിനൊക്കെ അപ്പുറം ഈ പുസ്തകം എന്നെ സംബന്ധിച്ചിടത്തോളം മീത്തലിനെ (ചന്ദ്രക്കല) സംബന്ധിച്ചിട്ടുള്ള ഒരു വലിയ ചോദ്യത്തിനു ചോദ്യത്തിനു വ്യക്തമായ ഉത്തരം തരുന്നു എന്നതിനാലാണ്.  ഇതിനെ കുറിച്ച് ആമുഖ പ്രസ്താവനയിൽ ലേഖകൻ ഇങ്ങനെ പറയുന്നു

    … Except in the earlier parts of this work, I have generally given such words their proper and correct spelling corresponding to their true pronunciation. This is marked by the sign ് above the letter, an invention of the great Malayalam scholar Dr. Gundert, who may be rightly called, the father of Malayalam prose”. Since its introduction nearly half a century ago, it has more or less been in use in Malabar, especially in N. Malabar.

    ഇതോടെ ് (മീത്തൽ, ചന്ദ്രക്കല) എങ്ങനെ മലയാളത്തിൽ വന്നു എന്നതിനു ഏകദേശ ഉത്തരമായി. ഇനി 1860കളിലും 1870കളിലും ഇറങ്ങിയ കൂടുതൽ പുസ്തകങ്ങളുടെ സ്കാനുകൾ കിട്ടിയാൽ ഈ വിഷയത്തിനു കൂടുതൽ തെളിവുകൾ കിട്ടും.

  • ആമുഖ പ്രസ്താവനയുടെ അവസാനം തോബിയാസ് അവലംബിച്ച പുസ്തകങ്ങളുടെ കൂട്ടത്തിൽ മലയാളവുമായി ബന്ധപ്പെട്ട താഴെ പറയുന്ന പുസ്തകങ്ങളെ കണ്ടു
  • Bailey’s English-Malayalam Dictionary,
  • Rev. F. Matthissen’s MSS.
  • Dr. H. Grundert’s Malayalam-English Dictionary,
  • Collins’ Malayalam Dictionary,
  • Kanaran’s Comparative Study of English and Malayalam, edited by J. Muliyil,
  • Rev. L. J. Frohnmeyer’s Malayalam Physics,
  • Rev. Dr. E. Liebendorfer’s Malayalam Anatomy,
  • Benson’s Agricultural Manual in Malayalam

ഇതിൽ ബെയ്‌ലിയുടേയും ഗുണ്ടർട്ടിന്റേയും നിഘണ്ടുക്കളുടെ സ്കാനുകൾ മാത്രമേ നമുക്ക് കിട്ടിയിട്ടുള്ളൂ. ബാക്കിയെല്ലാം കിട്ടേണ്ടതുണ്ട്.

ഇതിനപ്പുറം കൂടുതൽ കാര്യങ്ങൾ ഈ സ്കാനിൽ നിന്ന് കണ്ടെടുക്കാൻ വായനക്കാരുടെ സഹായം
തേടുന്നു.

ഇതിന്റെ സ്കാൻ ഡൗൺ ലോഡ് ചെയ്യാനുള്ള വിവരങ്ങൾ.

1400 താൾ ഉള്ളതിനാലും അത്യാവശ്യം നല്ല റെസലൂഷനിൽ സ്കാൻ ചെയ്തിരിക്കുന്നതിനാലും ഈ സ്കാനിനു സൈസ് വളരെ കൂടുതലാണ്.