1907 – ഹൂദായ കാനോൻ – കോനാട്ട് മാത്തൻ മല്പാൻ

ആമുഖം

കേരളത്തിലെ ചില ക്രൈസ്തവ സഭകളുടെ ചരിത്രത്തിൽ പ്രാധാന്യമുള്ള ഹൂദായ കാനോൻ എന്ന നിയമസംഹിതയുടെ ഭാഗികമായ മലയാള പരിഭാഷയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഈ പ്രാവശ്യത്തെ കേരളസന്ദർശനത്തിൽ തപ്പിയെടുത്ത ഒരു പൊതുസഞ്ചയ കൃതിയാണിത്. ഭാഗികമായ മലയാള പരിഭാഷയുടെ സ്കാൻ മാത്രം പങ്കു വെക്കാൻ കാരണം പൂർണ്ണ പരിഭാഷാ പതിപ്പ് ഇതു വരെ പൊതുസഞ്ചയത്തിൽ ആയിട്ടില്ല എന്നത് കൊണ്ടാണ്.

പുസ്തകത്തിന്റെ വിവരം

  • പേര്: ഹൂദായ കാനോൻ മലയാള പരിഭാഷ, 1,2,3,8,9,10 അദ്ധ്യായങ്ങൾ
  • താളുകൾ: 63
  • മൂല കൃതി (സുറിയാനി ഭാഷയിൽ) ക്രോഡീകരിച്ചത്: ബര്‍ എബ്രായ
  • മലയാള പരിഭാഷ: കോനാട്ട് മാത്തൻ മല്പാൻ ജ്ഞാനനിക്ഷേപം മാസികയിലൂടെ  1,2,3,8.9,10 അദ്ധ്യായങ്ങൾ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചത്.
  • പ്രസിദ്ധീകരണ വർഷം: 1907
1907 - ഹൂദായ കാനോൻ - കോനാട്ട് മാത്തൻ മല്പാൻ
1907 – ഹൂദായ കാനോൻ – കോനാട്ട് മാത്തൻ മല്പാൻ

ഹൂദായ കാനോന്റേയും ഹൂദായ കാനോൻ മലയാള പരിഭാഷയുടേയും ചരിത്രം

ക്രിസ്താബ്ദം പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ബര്‍ എബ്രായ എന്ന ക്രൈസ്തവപുരോഹിതൻ അക്കാലത്ത് നിലവിലിരുന്ന ആത്മീയവും ലൗകികവുമായ അനേകം നിയമങ്ങളെ ക്രോഡീകരിച്ച് നിര്‍മ്മിച്ചിട്ടുള്ളതാണ് ഹൂദായ കാനോന്‍. ഹൂദായ കാനോന്റെ മൂല ഭാഷ സുറിയാനി ആണ്.  മൂലഗ്രന്ഥത്തില്‍ ആകെ നാല്പതദ്ധ്യായങ്ങളാണുള്ളത്.

കേരള ക്രൈസ്തവ സഭകളുടെ ചരിത്രത്തിൽ  ഹൂദായ കാനോനു പ്രാധാന്യം ഉണ്ട്. ഈ കാനോൻ ആദ്യം കേരളത്തിൽ പ്രസിദ്ധി ആർജ്ജിക്കുന്നത് 1870-1880കളിൽ മലങ്കരസുറിയാനി സഭയിൽ നവീകരണ വിഭാഗവും യാക്കോബായ വിഭാഗവും തമ്മിൽ ഉണ്ടായ സെമിനാരിക്കേസിൽ, യാക്കോബായവിഭാഗം കോടതിയിൽ സുറിയാനിയിലുള്ള ഹൂദായ കാനോന്റെ ഒരു പ്രതി ഹാജരാക്കിയതോടെ ആണ്. ഈ പ്രതിയിൽ കേസു ജയിക്കാനായി പഴക്കം തോന്നിക്കാൻ വേണ്ടി കാപ്പി പൊടിയോ മറ്റോ ഉപയോഗിച്ചു എന്നത് മൂലം സെമിനാരിക്കേസിൽ കോടതിയിൽ ഹാജരാക്കിയ കാനോൻ ഇപ്പോൾ കാപ്പിക്കാനോൻ/കാപ്പിപ്പൊടിക്കാനോൻ എന്നൊക്കെ അറിയപ്പെടുന്നു. സെമിനാരിക്കേസിൽ നവീകരണ വിഭാഗം കേസ് തോൽക്കാനുള്ള ഒരു പ്രധാന കാരണം ഈ കാപ്പിക്കാനോൻ ആയിരുന്നെന്ന് പറയപ്പെടുന്നു. സെമിനാരി കേസിന്റെ വിധിയുടെ സ്കാനും മറ്റും നമുക്ക് ഇതിനകം ലഭിച്ചതാണ്. അത് ഇവിടെ കാണാം https://shijualex.in/travancore_royal_court_judgement_1889/

ഈ വിധത്തിൽ സെമിനാരിക്കേസിൽ  കൂടാണ് ഹൂദായ കാനോൻ കേരളത്തിലെ ക്രൈസ്തവരുടെ ഇടയിൽ ആദ്യമായി വലിയ അളവിൽ ചർച്ചയ്ക്ക് വരുന്നത്. അതിനു ശേഷം ഹൂദായ കാനൊൻ ചില സഭകളുടെ ഔദ്യോഗിക കാനോൻ ആയി. എന്റെ അറിവിൽ കുറഞ്ഞപക്ഷം കേരളത്തിലെ യാക്കോബായ, ഓർത്തഡോക്സ് സഭാ വിഭാഗങ്ങൾ എങ്കിലും ഹൂദായ കാനോൻ ഇന്നു  ഭാഗികമായെങ്കിലും പിൻതുടരുന്നുണ്ട്.

ഹൂദായ കാനോനെ പറ്റി ഓർത്തഡോക്സ് സഭയിലെ 2 പുരോഹിതന്മാർ നടത്തുന്ന ക്ലാസ്സുകൾ താഴത്തെ 2 വീഡിയോകളിൽ കാണാം.

യാക്കോബായ സഭയുടേയോ മറ്റു സഭകളിലുടേയോ വേർഷനിലുള്ള വീഡിയോകൾ/ലിങ്കുകൾ തിരച്ചലിൽ കണ്ടില്ല. പക്ഷെ ഈ പുരോഹിതരുടെവിവരണങ്ങളിൽ നിന്ന്  ഹൂദായ കാനോന്റെ വളരെ പ്രാഥമികമായ അറിവ് എങ്കിലും സ്വായത്തമാക്കാവുന്നതാണ്. ഇതിൽ കൂടുതൽ ഹൂദായ കാനോന്റെ വിശദാംശങ്ങൾ എനിക്ക് അറിഞ്ഞു കൂടാ. കാപ്പിക്കാനോനു പുറമേ പാരീസ് കാനോൻ തുടങ്ങിയ വേറെ ചില പേരുകളിലുള്ള ചില പതിപ്പുകൾ കേരള ക്രൈസ്തവസഭാ ചരിത്രത്തിൽ ഉണ്ട്. ഇതിന്റെ വിശദാംശങ്ങൾ പക്ഷെ എനിക്ക് അറിയില്ല.

എന്റെ അറിവിൽ ഹൂദായ കാനോനു നിലവിൽ  രണ്ട് മലയാളം പതിപ്പുകൾഉണ്ട്. ഒന്ന് യാക്കോബ സഭ പ്രസിദ്ധീകരിക്കുന്നതും മറ്റൊന്ന് ഓർത്തഡോക്സ് സഭ പ്രസിദ്ധീകരിക്കുന്നതും. രണ്ടും തമ്മിൽ ഉള്ളടക്കത്തിൽ വ്യത്യാസം ഉണ്ടോ എന്ന് എനിക്ക് അറിവില്ല. അത് ഈ വിഷയത്തിൽ ജ്ഞാനം ഉള്ളവർ പറയട്ടെ. മലയാളത്തിലേക്കുള്ള പരിഭാഷ ഇപ്പോൾ പോലും അപൂർണ്ണമാണ്. ഹൂദായ കാനോനു മൊത്തം 40 ഓളം അദ്ധ്യായങ്ങൾ ഉണ്ടെങ്കിലും ആദ്യത്തെ 10 അദ്ധ്യായങ്ങൾ മാത്രമാണ് മലയാളത്തിലേക്ക് പരിഭാഷ ചെയ്തിരിക്കുന്നത്. അതിനു കാരണം ബാക്കിയുള്ള 30 അദ്ധ്യായങ്ങൾ ഇന്നത്തെ കാലഘട്ടത്തിനും കേരളത്തിലെ സാമൂഹിക സാഹചര്യത്തിനും യോജിച്ചതല്ല എന്നതിനാലാണ്. അതിനാൽ ഇപ്പോഴുള്ള രണ്ട് മലയാളപരിഭാഷകളിലും ആദ്യത്തെ 10 അദ്ധ്യായങ്ങൾ മാത്രമാണ് കാണുക.

മലയാള പരിഭാഷായുടെ  ചരിത്രം എടുത്താൽ  സുറിയാനിയിൽ നിന്ന് ചില സംഗതികൾ എങ്കിലും മലയാളത്തിലേക്ക് പരിഭാഷ ചെയ്തത് അച്ചടിച്ച് പുറത്ത് വരുന്നത് തിരുവിതാംകൂർ റോയൽ കോടതി കേസിന്റെ സമയത്താണ്. അന്ന് നവീകരണവിഭാഗം കോടതിയിൽ സമർപ്പിച്ച കാനോനിൽ, ഹൂദായ കാനോന്റെ ചില അംശങ്ങൾ ഉണ്ട് എങ്കിലും അത് ഹൂദായ കാനൊന്റെ പരിഭാഷ അല്ല. ഇന്ന് ഈ കാനോൻ മലങ്കര കാനോൻ, മാർത്തോമ്മ കാനോൻ, സുറിയാനി കാനോൻ എന്നൊക്കെ അറിയപ്പെടുന്നു. അതിന്റെ ആദ്യത്തെ അച്ചടി പതിപ്പുകളിൽ ഒന്ന് 1870ൽ വന്നതാണ്. ആ പതിപ്പ് കേരള സാഹിത്യ അക്കാദമി ഡിജിറ്റൈസ് ചെയ്ത ശേഖരത്തിൽ ഉണ്ട്. അത് ഇവിടെ കാണാം. https://archive.org/details/SyrianLawOfInheritanceKerala

എന്നാൽ മുകളിൽ സൂചിപ്പിച്ച മലങ്കര കാനോൻ/സുറിയാനി കാനോൻ ഹൂദായ കാനോന്റെ നേർ പരിഭാഷ അല്ല.  ഹൂദായ കാനോനിൽ നിന്നുള്ള ചില കാര്യങ്ങൾ മലങ്കര കാനോനിൽ ഉപയോഗിച്ചിട്ടുണ്ട് എന്നു മാത്രം. സെമിനാരി ക്കേസിന്റെ സമയത്ത് തെളിവായി ഉപയോഗിച്ച ഹൂദായ കാനോൻ പൂർണ്ണമായി സുറിയാനിയിൽ ആയിരുന്നു താനും.

ഹൂദായ കാനോന്റെ നേർ പരിഭാഷ മലയാളത്തിലേക്ക് നടത്താൻ ഉള്ള ശ്രമം ആരംഭിക്കുന്നത് കോനാട്ട് മാത്തൻ മല്പാൻ ആണ്. മുകളിലെ വീഡിയോ ലിങ്കിൽ പരാമർശിച്ചിരിക്കുന്ന റവ. കോനാട്ട് ജോൺസ് അബ്രഹാമിന്റെ വല്യപ്പച്ചൻ (അപ്പന്റെ അപ്പൻ) ആണ് ഇദ്ദേഹം.

കോനാട്ട് മാത്തൻ മല്പാൻ
കോനാട്ട് മാത്തൻ മല്പാൻ – ജോയിസ് തോട്ടയ്ക്കാടിന്റെ ശേഖരത്തിൽ നിന്ന് ലഭിച്ച ഫോട്ടോ

അദ്ദേഹം പക്ഷെ കാനൊൻ നേരിട്ട് പരിഭാഷ ചെയ്ത് ഒരു പുസ്തകമായി അച്ചടിപ്പിക്കുക ആയിരുന്നില്ല. അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ നടത്തിയിരുന്ന ജ്ഞാനനിക്ഷേപം എന്ന മാസികയിൽ (സി.എം.എസിന്റെ ജ്ഞാനനിക്ഷേപം മാസികയിൽ നിന്നു വ്യത്യസ്തം ആണിത്) ആണ് ഇത് ഖണ്ഡശ ആയി പ്രസിദ്ധീകരിക്കുക ആയിരുന്നു ചെയ്തത്. നിലവിൽ ലഭ്യമായ തെളിവ് വെച്ച് ജ്ഞാനനിക്ഷേപം എന്ന മാസികയുടെ 2 ലക്കങ്ങളിൽ മാത്രമാണ് ഈ പരിഭാഷ വന്നത്. ഇതിലൂടെ  ഹൂദായ കാനോന്റെ 1,2,3, 8,9,10 അദ്ധ്യായങ്ങൾ ആണ് അദ്ദേഹം പരിഭാഷ ചെയ്തത്.

കോനാട്ട് മാത്തൻ മല്പാൻ ജ്ഞാനനിക്ഷേപം മാസികയിലൂടെ നടത്തിയ ഹൂദായ കാനോൻ ഭാഗിക പരിഭാഷകൾ ക്രൊഡീകരിച്ചതാണ് ഇന്നു നിങ്ങളുമായി പങ്കു വെക്കുന്ന ഈ ഡിജിറ്റൽ സ്കാൻ.

ഈ പരിഭാഷ നടന്നു കൊണ്ടിരിക്കുന്ന സമയത്തിനോടടുത്ത് യാക്കോബായ സഭയിലെ കക്ഷി വഴക്ക് രൂക്ഷമാവുകയും കോനാട്ട് മല്പാന്റെ ജ്ഞാനനിക്ഷേപം മാസികയുടെ പ്രസിദ്ധീകരണം നിലയ്ക്കുകയും അതിനാൽ ഹൂദായ കാനോന്റെ തുടർന്നുള്ള പരിഭാഷ ശ്രമം അവസാനിക്കുകയും ചെയ്തു. കോനാട്ട് മാത്തൻ മല്പാൻ ഏതാണ്ട് 1927ൽ മരിച്ചു. (അതു കൊണ്ടാണ് ഈ 1907ലെ ഈ പതിപ്പ് പൊതുസഞ്ചത്തിൽ ആവുകയും ഇന്ന് ഇത് ഡിജിറ്റൈസ് ചെയ്യാനും നിങ്ങളുമായി പങ്കു വെക്കാൻ പറ്റുകയും ചെയ്തത്. 1927ൽ മരിച്ച ആളുടെ കൃതികൾ 1987 ൽ പൊതുസഞ്ചയത്തിൽ ആയി).

കോനാട്ട് മാത്തൻ മല്പാന്റെ മുടങ്ങി പോയ ഈ പരിഭാഷ  ശ്രമം പിന്നീട് മുൻപോട്ട് കൊണ്ടു പോയത് മാത്തൻ മല്പാന്റെ മകൻ കോനാട്ട് അബ്രഹാം മല്പാൻ ആണ്. ബാക്കിയുണ്ടായിരുന്ന അദ്ധ്യായങ്ങൾ ഒക്കെ പരിഭാഷ ചെയ്ത്  ഏതാണ്ട് 1950കളിൽ ഹൂദായകാനൊന്റെ കേരളത്തെ സംബന്ധിച്ച് പൂർണ്ണമായ (ആദ്യത്തെ 10 അദ്ധ്യായങ്ങൾ) പതിപ്പ് ഇറങ്ങി.  അദ്ദേഹം ഈ പതിപ്പിനു എഴുതിയ അവതാരിക ഇവിടെ കാണാം. 1970കളിൽ യാക്കോബ സഭയുടെ പതിപ്പും ഇറങ്ങി. ഇതു പരിഭാഷ ചെയ്തിരിക്കുന്നത് യാക്കോബ സഭയുടെ യാക്കൂബ് മാർ യൂലിയോസ് മെത്രാപ്പോലീത്താ ആണ്. പരിഭാഷകർ മരിച്ച് 60 വർഷം കഴിഞ്ഞിട്ടില്ല എന്നതിനാൽ  ഈ രണ്ട് പരിഭാഷകളും ഇന്ത്യൻ കോപ്പി റൈറ്റ് നിയമം അനുസരിച്ച് ഇതു വരെ പൊതുസഞ്ചയത്തിൽ ആയിട്ടില്ല .

മുകളിൽ സൂചിപ്പിച്ച പോലെ കോനാട്ട് മാത്തൻ മല്പാൻ ജ്ഞാനനിക്ഷേപം മാസികയിലൂടെ നടത്തിയ ഹൂദായ കാനോൻ ഭാഗിക പരിഭാഷ (1,2,3,8.9,10 അദ്ധ്യായങ്ങൾ) ക്രൊഡീകരിച്ചതാണ് ഇന്നു നിങ്ങളുമായി പങ്കു വെക്കുന്ന ഈ ഡിജിറ്റൽ സ്കാൻ.

കടപ്പാട്, ഡിജിറ്റൈസേഷൻ വിശേഷങ്ങൾ

ഈ പുസ്തകം ഇന്നു ഡിജിറ്റൈസ് ചെയ്ത് നിന്നുടെ മുൻപിലേക്ക് എത്തിക്കാൻ സഹായമായവരോടുള്ള കടപ്പാട് രേഖപ്പെടുത്തട്ടെ. ഇത് ഡിജിറ്റൈശേഷനായി ലഭ്യമായത് “മൂലയില്‍ കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പയുടെ“ ഗ്രന്ഥ ശേഖരത്തിൽ നിന്നാണ്. അതിനായി സഹായങ്ങൾ ചെയ്തു തന്ന അദ്ദേഹത്തിന്റെ മകൻ ലിജു കുര്യാക്കോസ്  ആണ്. അവർക്കു രണ്ടു പേർക്കും നന്ദി.

സ്കാൻ റിലീസ് ചെയ്യാനുള്ള ഈ കുറിപ്പ് എഴുതാനായി വിവിധ വിഷയങ്ങളിലുള്ള വിവരം കൈമാറിയത് മൂലയില്‍ കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പറവ: അബ്രഹാം വർഗ്ഗീസ്, ജോയിസ് തോട്ടയ്ക്കാട് എന്നിവർ ആണ്. അവർക്ക് എല്ലാവർക്കും നന്ദി.

പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം

ഇതിനു മുൻപുള്ള വിഭാഗങ്ങളിൽ മലയാളപതിപ്പിന്റെ ഉള്ളടക്കവിശെഷം സൂചിപ്പിച്ചിട്ടൂണ്ടല്ലോ. പൊതുവായി പറഞ്ഞാൽ എപ്പിസ്കോപ്പൽ സ്വഭാവമുള്ള ക്രൈസ്തവ സഭകളുടെ ഭരണപരമായതും, ആത്മീയ സംബന്ധമായതും, ആചാര അനുഷ്ഠാന സംബന്ധമായതുമായ വിഷയങ്ങളുടെ വിവിധ നിയമങ്ങളാണ് ഹൂദായ കാനോന്റെ ഉള്ളടക്കം.  മലയാളം പതിപ്പിൽ ആദ്യത്തെ 10 അദ്ധ്യായങ്ങൾ ആണ് ഉള്ളത്. പക്ഷെ  പൊതുസഞ്ചയത്തിൽ ഉള്ള  ഈ പതിപ്പിൽ കോനാട്ട് മാത്തൻ മല്പാൻ ജ്ഞാനനിക്ഷേപം മാസികയിൽ 1907ൽ പ്രസിദ്ധീകരിച്ച  ഹൂദായ കാനോന്റെ 1,2,3,8,9,10 അദ്ധ്യായങ്ങൾ ആണു ഉള്ളത്. ഒന്നാമത്തെ താൾ തൊട്ട് 34മത്തെ താൾ വരെ 1,2,3 അദ്ധ്യായങ്ങളും; 37  മത്തെ താൾ തൊട്ട് 63 മത്തെ താൾ വരെ 8,9,10 അദ്ധ്യായങ്ങളും ആണു് ഉള്ളത്. 35മത്തെ താളിൽ   1,2,3 അദ്ധ്യായങ്ങൾക്ക് ശേഷം എന്ത് കൊണ്ട് നേരിട്ട് 8,9,10 അദ്ധ്യായങ്ങളിലേക്ക് പോകുന്നു എന്നതിന്റെ വിശദീകരണം കൊടുത്തിട്ടൂണ്ട്. അവസാനത്തെ പേജിൽ (താൾ 63) ഹൂദായ കാനോനുമായി ബന്ധമില്ലാത്ത ഒരു ലേഖനത്തിന്റെ (വേദപുസ്തകവും തിരുസഭയും) തുടക്കം കാണാം. ഇത് ജ്ഞാനനിക്ഷേപം മാസികയുടെ മറ്റു ഉള്ളടക്കത്തിന്റെ ഭാഗമാണ്. അതു വായനയിൽ ഒഴിവാക്കുക.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ: