സങ്കീർത്തനങ്ങളുടെ പുസ്തകം – മലയായ്മയിൽ പരിഭാഷപ്പെട്ടത – 1839

ബെഞ്ചമിൻ ബെയിലിയുടെ നിഘണ്ടുക്കളുടേയും (മലയാളം-ഇംഗ്ലീഷ്, ഇംഗ്ലീഷ്-മലയാളം) 1834-ൽ പ്രസിദ്ധീകരിച്ച ബൈബിൾ പുതിയനിയമത്തിന്റെ രണ്ടാം പതിപ്പിന്റെയും സ്കാനുകൾ നമ്മൾ ഇതിനകം കണ്ടു കഴിഞ്ഞല്ലോ. ഇപ്പോൾ ഇതാ 1839-ൽ കോട്ടയം സി.എം.എസ്. പ്രസ്സിൽ നിന്ന് മദ്രാസ് ഓക്സിലറി ബൈബിൾ സൊസൈറ്റിക്കു വേണ്ടി പ്രസിദ്ധീകരിച്ച  സങ്കീർത്തനങ്ങളുടെ പുസ്തകം എന്ന പുസ്തകത്തിന്റെ സ്കാനും നമുക്ക് ലഭിച്ചിരിക്കുന്നു.

1834ലെ പതിപ്പിൽ നിന്ന് വ്യത്യസ്തമായി തോന്നിയ കുറച്ച് കാര്യങ്ങൾ താഴെ കുറിക്കുന്നു.

  • വാചകങ്ങൾ അവസാനിക്കുമ്പോൾ ഉള്ള വിരാമത്തിനു പൂർണ്ണവിരാമം/കുത്ത്/ഫുൾസ്റ്റോപ്പ് (.) ചിഹ്നം തന്നെ ഉപയോഗിച്ചിരിക്കുന്നു എന്ന് കാണുന്നു. ഇതായിരിക്കണം (അല്ലെങ്കിൽ ഈ കാലഘട്ടത്തിൽ ആയിരിക്കണം) ആദ്യമായി മലയാളവാചകങ്ങൾക്ക്  പൂർണ്ണവിരാമം ഉപയോഗിച്ച് തുടങ്ങിയതെന്ന് ഇതുവരെ കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിൽ അനുമാനിക്കാം എന്ന് തോന്നുന്നു.
  • ഏ,ഓ കാരങ്ങളോ അതിന്റെ ചിഹ്നങ്ങളോ ഉപയൊഗിച്ചിട്ടില്ല.
  • കോമ, അർദ്ധവിരാമം, ബ്രാക്കറ്റ്, കോളൻ തുടങ്ങി മിക്ക ചിഹ്നങ്ങളും ഈ പതിപ്പിൽ കാണം. ചുരുക്കത്തിൽ ഇതൊക്കെ ഭാഷയിൽ അവതരിപ്പിച്ചത് ബെയിലി ആണെന്ന്  ഇതുവരെ കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിൽ അനുമാനിക്കാം.
  • മീത്തലും അതിന്റെ ഉപയോഗവും 1839-ൽ ഒന്നും കണ്ടുപിടിച്ചിട്ടില്ലാത്തതിനാൽ അതും ഈ പുസ്തകത്തിൽ ഇല്ല.
  • ഖണ്ഡിക തുടങ്ങുന്നത് സൂചിപ്പിക്കാൻ ¶ ചിഹ്നം ഉപയോഗിച്ചിരിക്കുന്നു. മറ്റ് ഏതെങ്കിലും മലയാളപുസ്തകത്തിൽ ഇങ്ങനെ കണ്ടതായി ഞാൻ ഓർക്കുന്നില്ല.
  • മലയാള അക്കങ്ങൾ തന്നെ എല്ലായിടത്തും ഉപയോഗിച്ചിരിക്കുന്നു.

ഈ പുസ്തകത്തിന്റെ സ്കാനിങ്ങ് അത്ര പൊരെന്ന് തോന്നുന്നു. ഇതിനു മുൻപ് നമ്മൾ കണ്ട 1834-ൽ ഇറങ്ങിയ പുതിയ നിയമത്തിന്റെ സ്കാനിന്റെ അത്ര വ്യക്തമല്ല ഇത്.

സ്കാൻ പിഡിഎഫ് ഇവിടെ നിന്ന് ലഭിക്കും: https://archive.org/details/1839_The_Book_Of_Psalms_Malayalam

Comments

comments

One comment on “സങ്കീർത്തനങ്ങളുടെ പുസ്തകം – മലയായ്മയിൽ പരിഭാഷപ്പെട്ടത – 1839

Comments are closed.