ബെഞ്ചമിൻ ബെയിലിയും കേവലവ്യഞ്ജനത്തിനുള്ള/സംവൃതോകാരത്തിനുള്ള ചിഹ്നവും-2

ബെഞ്ചമിൻ ബെയിലിയും സ്വരം മായ്ക്കാനുള്ള ചിഹ്നവും എന്ന പൊസ്റ്റിൽ 1824-ൽ ചെറുപൈതങ്ങൾ… എന്ന പുസ്തകത്തിൽ രേഫ ചിഹ്നം ഉപയോഗിച്ച് അപൂർവ്വം ചില വാക്കുകൾക്ക് സ്വരം സാന്നിദ്ധ്യം ഒഴിവാക്കാൻ ബെഞ്ചമിൻ ബെയിലി നടത്തിയ ശ്രമം നമ്മൾ നിരീക്ഷിച്ചു. ഇതു വരെ നമ്മൾക്ക് കിട്ടിയ തെളിവ് വെച്ച് മലയാളത്തിൽ മീത്തലോ അതുമായി ബന്ധപ്പെട്ട ചിഹ്നങ്ങളോ ഏതെങ്കിലും വിധത്തിൽ ഉപയൊഗിച്ചത് ഈ പുസ്തകത്തിൽ ആണെന്ന് പറയാം എന്ന് കരുതുന്നു.

ആ പോസ്റ്റിന്റെ അവസാനത്തിൽ കേവലവ്യഞ്ജനത്തിനുള്ള ചിഹ്നം ബെഞ്ചമിൻ ബെയിലി പിന്നീട് ഉപയോഗിച്ചില്ല എന്നൊരു പരാമർശം ഞാൻ നടത്തിയിരുന്നു. അതിപ്പോൾ ഞാൻ തിരുത്തുന്നു. ബെയിലിയുടെ മറ്റ് പുസ്തകങ്ങൾ കൂടുതൽ പരിശോധിച്ചപ്പോൾ അദ്ദേഹം കേവലവ്യഞ്ജനത്തിനുള്ള/സംവൃതോകാരത്തിനുള്ള ചിഹ്നത്തിന്റെ ഉപയോഗം ചെറുപൈതങ്ങൾ… കൊണ്ട് നിർത്തിയില്ല എന്ന് കാണുന്നു.

കുറഞ്ഞത് 1846-ലെ മലയാളം-ഇംഗ്ലീഷ് നിഘണ്ടുവിൽ ബെയിലി പിന്നേയും കേവലവ്യഞ്ജനത്തിനുള്ള ചിഹ്നം ഉപയോഗിച്ചിരിക്കുന്നത് കാണാം. പക്ഷെ ചെറു പൈതങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു ചിഹ്നം ആണ് ഈ പുസ്തകത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ചെറു പൈതങ്ങളിൽ അദ്ദേഹം രേഫത്തിന്റെ ചിഹ്നം അതേ പോലെ സ്വരം മായ്ക്കാനായി പുനരുപയോഗിക്കുന്നത് നമ്മൾ കണ്ടതാണ്. മാത്രമല്ല അതിൽ കേവലവ്യഞ്ജനത്തിനുള്ള ചിഹ്നം അക്ഷരത്തിന്റെ നടുക്ക് ആയിരുന്നു വന്നത്. എന്നാൽ ഇവിടെ  ഇടത്തോട്ട് ചരിവുള്ള ഒരു ചെറുവര സൂപ്പർസ്ക്രിപ്റ്റ്  ആയി സ്വരം മായ്ക്കാനായി/സംവൃതോകാരത്തിനായി ഉപയോഗിച്ചിരിക്കുന്നു.

ഉദാഹരണങ്ങൾ: പുസ്കത്തിൽ അത് ഏത് താളിൽ ഏത് വാക്കിൽ ആണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് കാണിച്ചിരിക്കുന്നു.

8-27-2013 7-13-57 AM  8-27-2013 7-11-43 AM

  • 300- ചൂല്
  • 401-ദ്വിട്
  • 402-ദ്വിതീയവയസ്
  • 403-ധനുക്കൂറ്
  • 526-പുഴുക്കൂട്
  • 626-മിഥസ്

(പുസ്തകത്തിൽ ഈ ചിഹ്നം ഉപയോഗിച്ചിരിക്കുന്ന വാക്കുകൾ ഇനിയുമുണ്ട്. ഉദാഹരണമായി ഞാൻ കുറച്ച് വാക്കുകൾ എടുത്ത് സൂചിപ്പിച്ചു എന്ന് മാത്രം. ഞാൻ ചന്ദ്രക്കല ഉപയോഗിച്ചാണ് മുകളിലെ ഉദാഹരണങ്ങളിൽ ഈ ചിഹ്നം സൂചിപ്പിച്ചിരിക്കുന്നത്. പക്ഷെ അത് പുസ്തകത്തിനകത്ത് കാണുന്ന പോലെ ഉള്ള ചിഹ്നം കൊണ്ട് റീപ്ലേസ് ചെയ്യേണ്ടതാണ്. ഈ ചിഹ്നം യൂണിക്കോഡിൽ എൻകോഡ് ചെയ്യേണ്ടതല്ലേ?)

ഇങ്ങനെ പുസ്തകത്തിൽ ചിലയിടങ്ങളിൽ  ഈ ചിഹ്നത്തിന്റെ ഉപയോഗം കാണാം. എന്ത് കൊണ്ട് കേവലവ്യഞ്ജനത്തിനായി/സംവൃതോകാരത്തിനായി ആവശ്യം ഉള്ളയിടത്തെല്ലാം ഈ ചിഹ്നം അദ്ദേഹം ഉപയോഗിച്ചില്ല എന്നത് എനിക്കറിയില്ല. പിന്നീട് തൊട്ടടുത്ത വർഷത്തിൽ (1847) തന്നെ മാസൽ മിഷൻകാർ സംവൃതോകാരത്തിനായി ് (മീത്തൽ) ഉപയോഗിച്ച് തുടങ്ങി എന്നും 1872 മുതൽ കേവലവ്യഞ്ജനത്തിനായും മീത്തൽ ഉപയോഗിച്ചു തുടങ്ങി എന്നതും നമ്മൾ കണ്ടതാണ്.

ചെറുപൈതങ്ങളിൽ നിന്ന് വ്യത്യസ്തമായി ചില വാക്കുകളിൽ സംവൃതോകാരം സൂചിപ്പിക്കാൻ കൂടി ഈ ചിഹ്നം ബെയിലി ഉപയോഗിച്ചു എന്നതാണ് എടുത്ത് പറയേണ്ടത്.

1824നും (ചെറുപൈതങ്ങൾ..), 1846നും (മലയാളം-ഇംഗ്ലീഷ് നിഘണ്ടു) ഇടയിൽ വേറെ ഏതൊക്കെ പുസ്തകങ്ങളിൽ ബെയിലി ഈ ചിഹ്നം കേവലവ്യഞ്ജനത്തിനായി സംവൃതോകാരത്തിനായോ ഉപയോഗിച്ചു എന്ന് എനിക്ക് അറിയില്ല.  ഒന്ന് ഓടിച്ചു നോക്കിയപ്പോൾ 1829ലെ ബൈബിളിൽ 11 മത്തെ താളിൽ യഹൊശഫാത്ത് എന്ന വാക്കിൽ ഇത് ഉപയോഗിച്ചിട്ടുണ്ട് എന്ന് കണ്ടു. മറ്റ് പുസ്തകങ്ങൾ ഒക്കെ വിശദമായി പരിശോധിച്ചാൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരും. എന്തായാലും മീത്തലിന്റെ ചരിത്രത്തിൽ നിന്ന് ബെയിലിയെ ഒഴിവാക്കാൻ പറ്റില്ല എന്നാണ് ഈ തെളിവുകൾ കാണിക്കുന്നത്.

 

Comments

comments

Google+ Comments

This entry was posted in Benjamin Bailey, മീത്തൽ, സി.എം.എസ്. പ്രസ്സ്. Bookmark the permalink.

Leave a Reply