ഡിജിറ്റൈസേഷൻ – ഒരു ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലൈബ്രറി അനുഭവക്കുറിപ്പ്

ആമുഖം

പൊതുസഞ്ചയ രേഖകളുടെ ആർക്കൈവൽ ഡിജിറ്റൈസേഷൻ അതിൽ തന്നെ വലിയ ഒരു ശാഖയും വിഷയവും ആണ്. ഈ വിഷയത്തിൽ ഇന്നു എനിക്കുള്ള അല്പജ്ഞാനം ഒക്കെയും “കേരളവും മലയാളവും ആയി ബന്ധപ്പെട്ട പൊതുസഞ്ചയ രേഖകൾ ഡിജിറ്റൈസ്“ ചെയ്യുന്ന പ്രവർത്തി പരിചയത്തിലൂടെ മാത്രം മനസ്സിലാക്കിയതാണ്. അതിനാൽ തന്നെ എന്റെ അറിവ് അപൂർണ്ണവും കുറവുകൾ ഉള്ളത് ആണെന്നും എനിക്ക് അറിയാം. ഇക്കാരണം കൊണ്ട് ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും കാഴ്ച തരപ്പെട്ടാൽ ഞാനത് ഒഴിവാക്കാറില്ല. ആ വിധത്തിൽ എനിക്ക് കേരള സാഹിത്യ അക്കാദമിയിലേയും കേരള സ്റ്റേറ്റ് ആർക്കൈവ്‌സിലേയും ഡിജിറ്റൈസേഷൻ കാണാൻ അവസരം ലഭിച്ചിട്ടുണ്ട്. അതു കാണാൻ സഹായിച്ചവരോട് നന്ദിയുണ്ട്.

ഈ ഒരു പ്രത്യേക താല്പര്യം ഉള്ളത് കൊണ്ട് ജോലിയുടെ ഭാഗമായി കഴിഞ്ഞ ഒക്ടോബറിൽ ജർമ്മനിയിൽ പോകേണ്ടി വന്നപ്പോൾ ഒരു അവധി ദിവസം നോക്കി ട്യൂബിങ്ങൻ യൂണിവേഴ്സിറ്റിക്കു വെച്ചു പിടിച്ചു. ഹൈക്കയുടേയും എലീനയുടേയും സഹായത്തോടെ അവിടുത്തെ ലൈബ്രറി വിശദമായി കാണാനും അവിടുത്തെ യിലെ പുസ്തക ഡിജിറ്റൈസേഷൻ കാണാനും സാധിച്ചു. അവർക്ക് നന്ദി.

ട്യൂബിങ്ങൻ യൂണിവേഴ്‌സിറ്റി ലൈബ്രറിയുടെ ചരിത്രമുറങ്ങുന്ന പഴയ കവാടം
ട്യൂബിങ്ങൻ യൂണിവേഴ്‌സിറ്റി ലൈബ്രറിയുടെ ചരിത്രമുറങ്ങുന്ന പഴയ കവാടം

ഗുണ്ടർട്ട് ലെഗസി പദ്ധതി

ഭാഗ്യത്തിനു ഞാൻ ചെന്നപ്പോൾ ഹെർമ്മൻ ഗുണ്ടർട്ട് ശേഖരം ആയിരുന്നു ഡിജിറ്റൈസ് ചെയ്തു കൊണ്ട് ഇരുന്നത്. ഏതാണ്ട് 3 വർഷം മുൻപ് ഗുണ്ടർട്ട് ലെഗസി എന്ന പേരിൽ ഹെർമ്മൻ ഗുണ്ടർട്ട് ശേഖരം ഡിജിറ്റൈസ് ചെയ്യാനുള്ള പ്രൊപ്പോസൽ പോയതാണെങ്കിലും ഇപ്പോഴാണ് അതിന്റെ ഫണ്ട് ഒക്കെ ശരിയായി സ്കാനിങ് ആരംഭിച്ചിരിക്കുന്നത്. കല്ലച്ചിൽ അച്ചടിച്ച പുസ്തകങ്ങൾ അടക്കമുള്ള അച്ചടി പുസ്തകങ്ങളും, കൈയ്യെഴുത്ത് പ്രതികളും, താളിയോലകളും അടക്കം ഏതാണ്ട് 200ൽ പരം രേഖകളിൽ ഉള്ള 50,000 ത്തിൽ പരം പേജുകൾ ആണ് ജർമ്മൻകാർ അവരുടെ പൈസ മുടക്കി ഡിജിറ്റൈസ് ചെയ്ത് പബ്ലിക്ക് ആക്കാൻ പോകുന്നത്. ഇതിനകം അവർ ഡിജിറ്റൈസ് ചെയ്ത നമുക്ക് കൈമാറിയ രണ്ട് പുസ്തകങ്ങൾ ഇവീടെ കാണാം.

ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ

ഗുണ്ടർട്ട് ശെഖരത്തിലെ ചില പുസ്തകങ്ങൾ കണ്ടതിനേക്കാൾ എന്റെ കണ്ണ് ഉടക്കിയത് അവിടുത്തെ ഡിജിറ്റൈസേഷൻ സാമഗ്രികളിൽ ആയിരുന്നു. (കാരണം പുസ്തക എന്തായാലും പിന്നേം കാണാം. സാമഗ്രികൾ കാണാനുള്ള അവസരം എപ്പോഴും കിട്ടിയെന്നു വരില്ല) അതിന്റെ ഡോക്കുമെന്റെഷൻ ആണ് ഈ പോസ്റ്റിൽ.

ആർക്കൈവൽ രേഖകളുടെ ഡിജിറ്റൈസേഷൻ ട്യൂബിങ്ങനിൽ വളരെ ഗൗരവത്തോടെയും, ഗുണനിലവാരത്തോടെയും, ജർമ്മൻകാരുടെ പൊതുപണം ഉപയോഗിച്ചു ചെയ്യുന്നതിനാൽ പരമാവധി അതിനൊടു നീതിപുലർത്തി കൊണ്ടു ജനങ്ങൾക്ക് ഉപകാരപ്രദവും ആയ വിധത്തിലും, ആണ് ചെയ്യുന്നത്.

ഡിജിറ്റൈസേഷന്റെ ഓരോ ഘട്ടത്തിലും ഗുണനിലവാരത്തിനു കൊടുക്കുന്ന അതീവ പ്രാധാന്യം എന്റെ എല്ലാ പ്രതീക്ഷകളേയും തകിടം മറിക്കുന്നത് ആയിരുന്നു. ഡിജിറ്റൈസ് ചെയ്യാനായി ചിത്രമെടുത്തു കഴിഞ്ഞാൽ ഓരോ പേജിന്റെ ചിത്രത്തിലും വളരെ സമയം ചിലവഴിച്ച് അവർ ഒറിജിനലിനോടു അടുത്തു നിൽക്കുന്ന വിധത്തിൽ ആ പേജ് പുനർനിർമ്മിക്കുക ആണ് അവർ ചെയ്യുന്നത്.

ഗുണ്ടറ് ശേഖരത്തെ അവിടുത്തെ നിരവധി ശെഖരങ്ങളിൽ ഒന്നു മാത്രം ആണെങ്കിലും  നിലവിൽ ഡിജിറ്റൈസെഷൻ ഡിപ്പാർട്ടുമെന്റിൽ ഒന്നാമത്തെ മുൻഗണന ഗുണ്ടർട്ട് ശേഖരത്തിലെ രേഖകൾക്കാണ്. കാരണം ഇതിനുള്ള ഫണ്ടിങ് ഇപ്പോൾ മാത്രമാണ് ശരിയായത്. അതിനാൽ  ഗുണ്ടർട്ട് ശേഖരത്തിലെ രേഖകകളൂടെ ഡിജിറ്റൈസേഷൻ തുടങ്ങിയിട്ട് വളരെ കുറച്ച് നാളുകളേ ആയിട്ടൂള്ളൂ. എങ്കിലും 2018 മാർച്ച് മാസത്തോടെ ഗുണ്ടർട്ട് ശേഖരത്തിലെ 50,000 പരം പേജുകൾ ഡിജിറ്റൈസ് ചെയ്യപ്പെടുകയും അതു നമുക്ക് ഉപയോഗത്തിനായി ലഭ്യമാവുകയും ചെയ്യും എന്നു പ്രത്യെശിക്കുന്നു. ഇതിനായി ആ ഡിപ്പാർട്ട്‌മെന്റിലെ ഓരോരുത്തരും അതീവ ആത്മാർത്ഥയൊടെ പണിയെടുക്കുന്നു.

ഈ പൊസ്റ്റിൽ ഡിജിറ്റൈസേഷനായി ഉപയൊഗിക്കുന്ന അവർ ഉപയോഗിക്കുന്ന ചില സ്കാനറുകളെ പരിചയപ്പെടുത്തുന്നു.

ഒന്ന്: ഒരു ഓവർ ഹെഡ്/പ്ലാനറ്ററി സ്കാനർ

ഓവർ ഹെഡ്/പ്ലാനറ്ററി സ്കാനർ
ഓവർ ഹെഡ്/പ്ലാനറ്ററി സ്കാനർ

പുസ്തകരൂപത്തിലല്ലാത്ത രേഖകൾ, ബൈൻഡിങ് തീർത്തും വിട്ടുപോയ പുസ്തകങ്ങളുടെ താളുകൾ, പൂർണ്ണമായി വിടർത്തി വെക്കാവുന്ന പുസ്തകങ്ങൾ, കൈയ്യെഴുത്തു പ്രതികൾ, താളിയോലകൾ തുടങ്ങിയവ ഒക്കെ ഡിജിറ്റൈസ് ചെയ്യുന്ന ഓവർ ഹെഡ്/പ്ലാനറ്ററി സ്കാനർ ആണ് ആദ്യത്തെ ചിത്രത്തിൽ. ഈ ചിത്രത്തിൽ നിങ്ങൾ കാണുന്നത് ഗൂണ്ടർട്ടിന്റെ ഒരു നോട്ടു പുസ്തകത്തിന്റെ താളുകളുടെ സ്കാനിങ്ങാണ്. അത് നേരിട്ടു കാണാനായത് ഒരു ഭാഗ്യമായി ഞാൻ കരുതുന്നു.

ഈ സ്കാനറിൽ ആണ് താളിയോലകളും സ്കാൻ ചെയ്യുക. അതുചെയ്യാനായി ഈ സ്കാനറിൽ ചെറിയ ചില മാറ്റങ്ങൾ വരുത്താനായി ഒരുങ്ങുകയാണ് അത് ഓപ്പറേറ്റ് ചെയ്യുന്നവർ. അതായത് കാലിനരുസരിച്ച് ചെരുപ്പു മുറിക്കാൻ ഒരുങ്ങുകയാണ് അതിന്റെ ഓപ്പറേറ്റർ. (നമ്മളാണെങ്കിൽ സംഗതി നേരെ തിരിച്ചായേനേ. 🙂 ) ഞാൻ ഇത് ഇവിടെ പറയാൻ കാരണം, അവർ ഓരോ തരം രേഖയ്ക്കും കൊടുക്കുന്ന പ്രാധാന്യം ചൂണ്ടിക്കാണിക്കാനാണ്. രേഖയാണ് അവർക്കു പ്രാധാന്യം. അത്ര സൂക്ഷമതയൊടെ ആണ് അവർ അതു കൈകാര്യം ചെയ്യുന്നത്.

ഇതിലെ സ്കാനിങ് വളരെ സമയമെടുക്കും. ഒരു മണിക്കൂറിൽ ശരാശരി 50-80 പേജൊക്കെ ആണ് ഇപ്പോൾ ചെയ്യുന്നത്. രേഖകൾ വളരെ ലോലമായതാണ് ഇതിന്റെ പ്രധാനകാരണം. പക്ഷെ അവർക്ക് എപ്പൊഴും രേഖയാണ് പ്രധാനം.

ഏതാണ്ട് 600 dpi റെസലൂഷനിൽ ആണ് ഈ സ്കാനറിൽ സ്കാനിങ് നടക്കുന്നത്.

രണ്ട്: ഒരു കസ്റ്റം ബുക്ക് സ്കാനർ

കസ്റ്റം ബുക്ക് സ്കാനർ
കസ്റ്റം ബുക്ക് സ്കാനർ

വളരെ അടുപ്പിച്ച് ബൈൻഡ് ചെയ്തിരിക്കുന്ന പുസ്തകങ്ങൾ സ്കാൻ ചെയ്യാനാണ് ഇതുപയോഗിക്കുന്നത്. പുസ്തകത്തിന്റെ താളുകൾ ഓരോന്നായി ഒരു ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് ഫോട്ടോ എടുത്താണ് ഡിജിറ്റൈസേഷൻ. സമയലാഭത്തിനായും, പുസ്തകം കേടുവരാതെ ഇരിക്കാനും ആയി ഒരു സമയം ഒരെ സൈഡിലെ പേജുകളുടെ ഫോട്ടോ മാത്രമാണ് എടുക്കുക. ഒരു സൈഡ് കഴിഞ്ഞാൽ പുസ്തകം തിരിച്ചു വെച്ച് മറ്റേ സൈഡ് ഫോട്ടോ എടുക്കും. ഫോട്ടോ എടുക്കാനായി ഹൈ എൻഡ് ഡിജിറ്റൽ ക്യാമറ ആണ് ഉപയോഗിക്കുന്നത്. ലൈറ്റിങ്ങിനായുള്ള സ്പെഷ്യൽ സാമഗ്രികളും കാണാം.

ഫോട്ടോ എടുക്കും മുൻപേ ഓരോ പേജും നേരെ പിടിക്കുവാനും മറ്റും ഈ കസ്റ്റം സ്കാനറിൽ നിരവധി ചെറു ചെറു സൂത്രങ്ങൾ ഒളിപ്പിച്ചു വെച്ചിരിക്കുന്നു. ഈ സൂത്രങ്ങളെ പറ്റി ഗംഭീരം എന്നല്ലാതെ മറ്റൊന്നും പറയാൻ വയ്യ.

ട്യൂബിങ്ങൻ യൂണിവേർസിറ്റിക്കായി ഓസ്ട്രിയക്കാരനായ ഒരാൾ പ്രത്യേകം നിർമ്മിച്ച് നൽകിയതാണ് ഈ കസ്റ്റം സ്കാനർ. അദ്ദേഹം ഇതുമായി ബന്ധപ്പെട്ട എന്തുകാര്യുത്തിനും എപ്പൊഴും ലഭ്യമാണെന്ന് ഡിജിറ്റൈസെഷൻ ഡിപ്പാർട്ട്മെന്റിന്റെ മേധാവി പറഞ്ഞു. ഡിജിറ്റൈസെഷൻ ഡിപ്പാർട്ട്മെന്റിന്റെ മേധാവിക്കു ഈ ഓസ്ട്രിയക്കാരനെ പറ്റി പറയാൻ നൂറു നാവാണ്.

ഒരു മണിക്കൂറിൽ 100-150 പേജുകൾ സ്കാൻ ചെയ്യാൻ ഇത് കൊണ്ട് പറ്റും. ഏതാണ്ട് 300-400 dpi റെസലൂഷനിൽ ആണ് ഈ സ്കാനറിൽ സ്കാനിങ് നടക്കുന്നത്.

മൂന്ന് : ഒരു പ്രൊഫഷണൽ ബുക്ക് സ്കാനർ

പ്രൊഫഷണൽ ബുക്ക് സ്കാനർ
പ്രൊഫഷണൽ ബുക്ക് സ്കാനർ

ഇത് ഒരു സാധാരണ ഹൈ എൻഡ് പ്രൊഫഷണൽ പുസ്തക സ്കാനർ ആണ്. ഇതിൽ രണ്ട് ഡിജിറ്റൽ ക്യാമറ ഉണ്ട്. അതിനാൽ തന്നെ ഒരേ സമയം 2 പേജുകളുടെ ചിത്രം ഒരുമിച്ച് കിട്ടും.

ഏതാണ്ട് 300-400 dpi റെസലൂഷനിൽ ആണ് ഈ സ്കാനറിൽ സ്കാനിങ് നടക്കുന്നത്.ഒരു മണിക്കൂറിൽ 200-300 പേജുകൾ സ്കാൻ ചെയ്യാൻ ഇത് കൊണ്ട് പറ്റും.

ഈ മൂന്നു സ്കാനറുകളും ലക്ഷക്കണക്കിനു വിലയുള്ളതാണ്. മൂന്നിനും കൂടെ കുറഞ്ഞതൊരു 40-50 ലക്ഷം രൂപ പ്രതീക്ഷിക്കാം.

ഈ സാമഗ്രികൾ ഡിജിറ്റൈസേഷന്റെ ചെറിയൊരു ഭാഗമേ ആകുന്നൂള്ളൂ. വേറെയും ധാരാളം സാമഗ്രികളും സംഗതികളും ഉണ്ട്. അതിനെ പറ്റി ഒക്കെ എഴുതണമെങ്കിൽ അവിടെ തന്നെ താമസിച്ച് കുറേ കാര്യങ്ങൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

1870- ധനതത്വനിരൂപണം

ആമുഖം

ഈ ബ്ലോഗിലൂടെ ചെയ്യുന്ന ഡിജിറ്റൈസേഷൻ പദ്ധതിക്കു പൊതുജനശ്രദ്ധ ലഭിച്ചതിനു ശേഷമുള്ള ആദ്യത്തെ സ്കാൻ റിലീസ് ആണിത്. ഈ പദ്ധതിയുടെ പ്രാധാന്യം മനസ്സിലാക്കി എല്ലാവർക്കും വേണ്ടി പൊതുവായി ലഭ്യമാക്കാൻ വേണ്ടി എന്നെ ഏല്പിച്ച ഒരു പൊതുസഞ്ചയ പുസ്തക സ്കാൻ ആണിത്. ഇത് 1870കളിലെ ഒരു ധനതത്വശാസ്ത്ര പുസ്തകം ആണ്. പലവിധ കാരണങ്ങൾ കൊണ്ട് ഈ പുസ്തകം പ്രാധാന്യമുള്ളതാണ്. അതിന്റെ വിശദാംശങ്ങളിലേക്ക്.

പുസ്തകത്തിന്റെ വിവരം

  • പേര്: ധനതത്വനിരൂപണം
  • താളുകൾ: 79
  • പ്രസിദ്ധീകരണ വർഷം: 1870
  • പ്രസ്സ്: മുദ്രാവിലാസം അച്ചുകൂടം, തിരുവനന്തപുരം
1870-ധനതത്വനിരൂപണം, മുദ്രാവിലാസം അച്ചുകൂടം
1870-ധനതത്വനിരൂപണം, മുദ്രാവിലാസം അച്ചുകൂടം

പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം

Easy Lessons on Money Matters എന്ന ഇംഗ്ലീഷിലുള്ള മൂല ഗ്രന്ഥം മലയാളത്തിലേക്ക് പരിഭാഷ ചെയ്താണ് ഈ പുസ്തകം. സർക്കാർ ബുക്ക് കമ്മറ്റിക്കാരാണ് ഇത് പരിഭാഷപ്പെടുത്തിയതെന്ന് പുസ്തകത്തിന്റെ ശീർഷകതാളിൽ നിന്നു മനസ്സിലാക്കാം. തിരുവിതാംകോട് സംസ്ഥാനത്തെ മലയാളപള്ളികൂടങ്ങളുടെ ഉപയോഗത്തിനായി ആണ് ഇത് ചെയ്തിരിക്കുന്നത്.

മുദ്രാവിലാസം അച്ചുകൂടത്തിൽ നിന്നു നമുക്ക് ലഭിക്കുന്ന ആദ്യത്തെ പുസ്തകം ആണിത്. കാലഘട്ടം 1870 ആയതിനാലും തെക്കോട്ട് ചന്ദ്രക്കല സംക്രമിച്ചിട്ടില്ലാത്തതിനാൽ ഈ പുസ്തകത്തിൽ സംവൃതോകാരാത്തിനോ മറ്റുസംഗതികൾക്കോ ചന്ദ്രക്കല ഇല്ല. സംവൃതോകാരം മിക്കവാറും ഒക്കെ അകാരമായി തന്നെ എഴുതിയിരിക്കുന്നു.

64,65 താളുകൾ പുസ്തകത്തിൽ നിന്ന് നഷ്ടപ്പെട്ടു എന്നൊരു ന്യൂനത പുസ്തകത്തിനുണ്ട്. എവിടെ നിന്നെങ്കിലും നല്ല ഒരു കോപ്പി കിട്ടിയാൽ ഇതു മറികടക്കാം.

ശീർഷകം സൂചിപ്പിക്കുന്ന പോലെ ധനതത്വശാസ്ത്രത്തിന്റെ ബാലപാഠങ്ങൾ ആണ് ഈ പാഠപുസ്തകത്തിന്റെ ഉള്ളടക്കം. കൂടുതൽ വിശദാംശങ്ങളിലേക്ക് പോകാനും ഈ പുസ്തകം വിശകലനം ചെയ്യാനും ഈ വിഷയത്തിൽ ജ്ഞാനം കുറയായതിനാൽ മുതിരുന്നില്ല. അത് ഈ വിഷയത്തിൽ ജ്ഞാനം ഉള്ളവർ ചെയ്യുമല്ലോ.

കടപ്പാട്, ഡിജിറ്റൈസേഷൻ വിശേഷങ്ങൾ

ഈ പുസ്തകം ലഭ്യമായത് താഴെ പറയുന്ന 2 പേരുടെ സഹായത്തലാണ്:

ഇവർക്ക് രണ്ടു പേർക്കും നന്ദി രേഖപ്പെടുത്തട്ടെ.

ഈ പുസ്തകം ലഭ്യമായത്  ബ്രിട്ടീഷ് ലൈബ്രറി ആർക്കൈ‌വ്‌സിൽ  നിന്നാണ്. അവിടെ നിന്നു നമുക്ക് കിട്ടുന്ന രണ്ടാമത്തെ പുസ്തകം ആണിത്. ഇതിനു മുൻപ് ഇന്ദുലേഖ ഒന്നാം പതിപ്പിന്റെ സ്കാനും അവിടെ നിന്നാണല്ലോ ലഭിച്ചത്.

ഇപ്പോൾ കിട്ടിയ കോപ്പി ആർക്കൈവൽ ഡിജിറ്റൈസേഷൻ എന്ന ഉദ്ദേശത്തോടെയല്ല ഫോട്ടോ എടുത്തിരിക്കുന്നത് എന്നതിനാൽ ഡിജിറ്റൽ കോപ്പിയുടെ ഗുണനിലവാരം അത്രപോരാ. എങ്കിലും പരമാവധി പ്രശ്നങ്ങൾ പോസ്റ്റ് പ്രൊസസിങിലൂടെ മറികടക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:

മലയാള ലിപി അച്ചടിച്ച ആദ്യത്തെ പുസ്തകം ഏതാണ്?

മലയാള ലിപി അച്ചടിച്ച ആദ്യത്തെ പുസ്തകം ഏത് എന്നതു സംബന്ധിച്ച് കെ.എം. ഗോവി അടക്കമുള്ളവർ ഉപന്യസിച്ചിട്ടും, ഇപ്പോഴും ധാരാളം പേർ ആശയക്കുഴപ്പമുണ്ടാക്കുന്ന വിധത്തിൽ സംസാരിക്കുകയും എഴുതുകയും ചെയ്യുന്നുണ്ട്. സാധാരണ ജനങ്ങൾക്ക് ആശയക്കുഴപ്പമുണ്ടാകുന്നത് മാദ്ധ്യമങ്ങൾ വരുന്ന വിവിധ ലേഖനങ്ങൾ വായിച്ചിട്ടു തന്നെയാണ്. ഈ ബ്ലോഗിലെ പല പോസ്റ്റിന്റേയും കീഴിൽ ഹോർത്തൂസ് ആണോ സംക്ഷേപവേദാർത്ഥം ആണോ അതോ മറ്റേതെങ്കിലും ആണൊ ആദ്യ മലയാളം അച്ചടി പുസ്തകം എന്നു പലരും ചോദിച്ചു കാണുന്നുണ്ട്. അതിനാൽ ഈ വിഷയത്തിൽ തെളിവുകളോടു കൂടെയുള്ള സംശയദുരീകരണത്തിനു ആണ് ഈ പൊസ്റ്റ്.

മലയാളമച്ചടിയുമായി ബന്ധപ്പെട്ട് താഴെ പറയുന്ന മൂന്നു പുസ്തകങ്ങൾ ആണ് നമ്മൾ പരിശോധിക്കുന്നത്.

  1. 1678ൽ ആംസ്റ്റർഡാമിൽ അച്ചടിച്ച ഹോർത്തൂസ് മലബാറിക്കസ്
  2. 1772ൽ റോമിൽ അച്ചടിച്ച ആൽഫബെത്തും ഗ്രന്ഥാണിക്കോ മലബാറിക്കം
  3. 1772ൽ റോമിൽ അച്ചടിച്ച സംക്ഷേപവേദാർത്ഥം

ഇതിൽ ഹോർത്തൂസ് മലബാറിക്കസിൽ അച്ചു വാർത്തല്ല മലയാളലിപി അച്ചടിച്ചത്. ചിത്രമായി വരച്ച് അച്ചടിക്കുകയായിരുന്നു. അതിനാൽ അതിനെ അച്ചുവാർത്തുള്ള മലയാളം അച്ചടി എന്ന ശ്രേണിയിൽ നിന്ന് മാറ്റാം.

എന്നാൽ 1772ൽ റോമിൽ അച്ചടിച്ച ആൽഫബെത്തും ഗ്രന്ഥാണിക്കോ മലബാറിക്കത്തിൽ അച്ച് വാർത്താണ് മലയാളം അച്ചടിച്ചത്. ഇത് മലയാളലിപിയെ പരിചയപ്പെടുന്ന ഒരു ലത്തീൻ പുസ്തകമാണ്. അതിനാൽ അതിനെ പൂർണ്ണമായി ഒരു മലയാളകൃതി എന്ന് വിശേഷിപ്പിക്കാൻ പറ്റില്ല. എന്നാൽ അതിനു തൊട്ടു പിറകേ അച്ചടിച്ച സംക്ഷേപവേദാർത്ഥം ഒരു പൂർണ്ണ മലയാള കൃതിയാണ്.

അതായത്:

  • ആദ്യമായി മലയാള ലിപി അച്ചടി മഷി പുരണ്ടത് – ഹോർത്തൂസ് മലബാറിക്കസ് – 1678ൽ- ആം‌സ്റ്റർഡാമിൻ വെച്ച്. മലയാള ലിപി ചിത്രമായി അച്ചടിക്കുക ആയിരുന്നു ഈ ലത്തീൻ പുസ്തകത്തിൽ.
  • ആദ്യമായി മലയാള ലിപി അച്ചു വാർത്ത് അച്ചടിച്ച പുസ്തകം – ആൽഫബെത്തും ഗ്രന്ഥാണിക്കോ മലബാറിക്കം – ഇത് മലയാള ലിപിയെ പറ്റിയുള്ള ഒരു ലത്തീൻ പുസ്തകമാണു് . 1772ൽ റോമിലാണു് ഇത് അച്ചടിച്ചത്. ഇതിനു മുൻപ് മലയാളലിപിക്കു വേണ്ടി അച്ചു വാർത്തതായി ഇതു വരെ തെളിവു കിട്ടിയിട്ടില്ല.
  • ആദ്യമായി മലയാള ലിപി അച്ചു വാർത്ത് അച്ചടിച്ച സമ്പൂർണ്ണ മലയാള പുസ്തകം – സംക്ഷേപവേദാർത്ഥം – 1772ൽ റോമിലാണ് ഇതും അച്ചടിച്ചത്.

മുകളിൽ പറഞ്ഞതിൽ അവസാനത്തെ 2 പുസ്തകങ്ങൾ കൂടാതെ അതേ അച്ച് ഉപയോഗിച്ച് അച്ചടിച്ച വേറെയും പുസ്തകങ്ങൾ റോമിൽ നിന്ന് ഇറങ്ങിയിട്ടൂണ്ട്. അതിൽ ലത്തീൻ, സംസ്കൃതപുസ്തകങ്ങളും ഉണ്ട്.

ആൽഫബെത്തും ഗ്രന്ഥാണിക്കോ മലബാറിക്കവും സംക്ഷേപ വേദാർത്ഥവും അച്ചടിക്കുന്നതിനു ഏകദേശം 90 വർഷം മുൻപാണ് ഹോർത്തൂസ് മലബാറിക്കസ് അച്ചടിക്കുന്നതു്. കൃത്യമായി പറഞ്ഞാൽ 1678-ൽ ആണ് ഒന്നാമത്തെ പതിപ്പും വാല്യവും പുറത്തു വരുന്നതു്.

ഒന്നാമത്തെ പതിപ്പിലെ 8മത്തെ താളിൽ ആണ് മലയാള ലിപി ആദ്യം പ്രത്യക്ഷപ്പെടുന്നത്. ഡച്ച് കമ്പനിയുടെ പരിഭാഷകൻ ആയ മാനു‌വൽ കാർന്നോരുടെ പ്രസ്താവന ആണത്. ഹോർത്തൂസിലെ ഏറ്റവും വലിപ്പമുള്ള മലയാള ഉള്ളടക്കവും ഇതു തന്നെ. ഇതിനു പുറമേ ഹോർത്തൂസിലെ ഓരോ വൃക്ഷത്തിന്റെയും ചിത്രത്തിനു ഒപ്പം അതിന്റെ മലയാള പേർ മലയാള ലിപിയിൽ തന്നെ കൊടുത്തിട്ടുണ്ട്.

താഴെ കൊടുത്തിരിക്കുന്ന ചിത്രം ഹോർത്തൂസിന്റെ ഒന്നാമത്തെ പതിപ്പിലെ  8മത്തെ താളിൽ ഉള്ള മാനു‌വൽ കാർന്നോരുടെ പ്രസ്താവന ആണ് കാണിക്കുന്നത്. ഈ പ്രസ്താവന മാത്രം ഉദാഹരണമായി എടുത്ത് ഹോർത്തൂസിന്റെ അച്ചടി രീതി നമുക്ക് വിലയിരുത്താം.

മാനുവൽ കാർന്നോരുടെ പ്രസ്താവന
ഹോർത്തൂസിലെ മാനുവൽ കാർന്നോരുടെ പ്രസ്താവന

ഈ ചിത്രത്തിലെ മ, ട, ൻ എന്നീ മലയാള അക്ഷരങ്ങൾ/അർദ്ധാക്ഷരങ്ങൾ വിവിധ വാക്കുകളിൽ അടയാളപ്പെടുത്തിയത് കാണുക. ഓരോ അക്ഷരത്തിനും വിവിധ ഇടങ്ങളിൽ വ്യതിയാനം ഉണ്ടെന്നു കാണുക. അച്ചു നിരത്തി അടിച്ചാൽ ഒരിക്കലും ഇങ്ങനെ സംഭവിക്കില്ല. (ഹോർത്തൂസിലെ ബാക്കി ലത്തീൻ ഉള്ളടക്ക അച്ചടി മൊത്തം അച്ചു നിരത്തി ആയതിനാലും ഹോർത്തൂസ് മലബാറിക്കസ് അച്ചടിക്കുന്ന കാലത്ത് കല്ലച്ചടി സാങ്കേതിക കണ്ടെത്തിയിട്ടില്ലാത്തതിനാലും ഇതു മാത്രം കല്ലച്ചിൽ അടിക്കാനുള്ള സാദ്ധ്യതയും തള്ളികളയണം). അതിന്റെ അർത്ഥം ഒന്നു മാത്രം. ഹോർത്തൂസിലെ മലയാള അക്ഷരങ്ങൾ ചിത്രമായി കൊത്തിയെടുത്താണ് അച്ചടിച്ചിരിക്കുന്നത്. മുകളിൽ കാണിച്ചിരിക്കുന്ന ഈ ചിത്രത്തിൽ  മാത്രമല്ല ഹോർത്തൂസിലെ നൂറു കണക്കിനു ചിത്രങ്ങളോടു ഒപ്പം കാണുന്ന എല്ലാ മലയാളവാക്കുകളും ഈ വിധത്തിൽ ചിത്രമായി വരച്ചു ചേർത്തതാണ്.

ചുരുക്കത്തിൽ ഹോർത്തൂസ് മലബാറിക്കസിനെയും ആൽഫബെത്തും ഗ്രന്ഥാണിക്കോ മലബാറിക്കത്തേയും മലയാളം അച്ചടിയുടെ ചരിത്രത്തിന്റെ നാഴികക്കല്ലിൽ താഴെ പറയുന്ന വിധം ഉൾക്കൊള്ളിക്കാം.

മലയാളലിപി ആദ്യമായി ചിത്രരൂപത്തിൽ അച്ചടി മഷി പുരണ്ട ഗ്രന്ഥം ഹോർത്തൂസ് മലബാറിക്കസ് ആണ്. എന്നാൽ അച്ചു വാർത്തു മലയാള ലിപി ആദ്യമായി അച്ചടിക്കപ്പെട്ടത് ആൽഫബെത്തും ഗ്രന്ഥാണിക്കോ മലബാറിക്കത്തിനു വേണ്ടിയാണ്.

ഈ കാലഘട്ടത്തോടടുത്ത് വേറൊരു സ്ഥലത്ത് നിന്ന് മലയാള ലിപി അച്ചടിച്ച ഒരു പുസ്തകം കണ്ടെത്താൻ കഴിഞ്ഞാൽ മലയാളം അച്ചടിയുടെ ചരിത്രം മാറ്റിയെഴുതണം എന്നാണ് മുകളിലെ തെളിവുകൾ വ്യക്തമാക്കുന്നത്.