1910 – സത്യവേദപുസ്തകം

സത്യവേദപുസ്തകം എന്ന പ്രശസ്ത മലയാള ബൈബിൾ പരിഭാഷയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പരിചയപ്പെടുത്തുന്നത്.
സത്യവേദപുസ്തകം – 1910
സത്യവേദപുസ്തകം – 1910

1910ൽ പുറത്തിറങ്ങിയ പതിപ്പും അതിനാൽ പകർപ്പവകാശപ്രശ്നങ്ങൾ ഇല്ലാത്തതുമായ പതിപ്പിന്റെ സ്കാനാണ് ഈ പോസ്റ്റിൽ പരിചയപ്പെടുത്തുന്നത്.  സത്യവേദപുസ്തകം ഇപ്പൊഴും പ്രതിവർഷം ആയിരക്കണക്കിനു കോപ്പികൾ വിറ്റഴിയുന്ന ഗ്രന്ഥമാണ്. ഏറ്റവും പുതിയ പതിപ്പ് എല്ലാവർക്കും എല്ലായിടത്തും ലഭ്യമാണ്. പക്ഷെ പകർപ്പവകാശപ്രശ്നങ്ങൾ ഇല്ലാത്ത ഒരു സ്കാൻ എവിടെയും ലഭ്യമായിരുന്നല്ല. ആ കുറവാണ് ഇപ്പോൾ തീരുന്നത്.

സത്യവേദപുസ്തകത്തിന്റെ ചരിത്രം

സത്യവേദപുസ്തകത്തിന്റെ ചരിത്രം ബൈബിളിന്റെ മലയാളപരിഭാഷയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. മാത്രമല്ല അത് അതിനു മുൻപ് പുറത്തിറങ്ങിയ മറ്റ് പല പരിഭാഷശ്രമങ്ങളുടേയും തുടർച്ചയും ആണ്. അത് കായംകുളം ഫിലിപ്പോസ് റമ്പാൻ, ബെഞ്ചമിൻ ബെയ്‌ലി, മോശെ ഈശാർഫനി, ചാത്തു മേനോൻ, വൈദ്യനാഥയ്യർ, ഹെർമൻ ഗുണ്ടർട്ട് പിന്നെ പേർ പ്രത്യേകം രേഖപ്പെടുത്തിയിട്ടാത്ത മറ്റ് അനേകം പരിഭാഷകരുടെ പാരമ്പര്യം പേറുന്ന ഒരു പുസ്തകവുമാണ്.

1806-ൽ  ക്ലോഡിയസ് ബുക്കാനൻ കേരളം സന്ദർശിക്കുന്നതോടെയാണ് സത്യവേദപുസ്തകത്തിന്റെ ചരിത്രം തുടങ്ങുന്നതെന്ന് സാമാന്യമായി പറയാം. ബുക്കാനന്റെ പ്രോത്സാഹനത്തിൽ  കായംകുളം ഫിലിപ്പോസ് റമ്പാൻ പരിഭാഷ നിർവ്വഹിച്ച ആദ്യത്തെ നാലു സുവിശേഷങ്ങൾ അടങ്ങിയ പുസ്തകം 1811-ൽ പുറത്തിറങ്ങി. ഈ പുസ്തകം ഇന്ന് റമ്പാൻ ബൈബിൾ എന്ന പേരിൽ പ്രശസ്തമാണ്. ഇതിന്റെ സ്കാൻ നമ്മൾ ഇതിനകം പരിചയപ്പെട്ടതാണ്. അതിനെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾക്ക് ഈ പോസ്റ്റ് കാണുക. https://shijualex.in/ramban_bible_1811/ സുറിയാനി പദങ്ങളുടെ ബാഹുല്യമാണ് റമ്പാൻ ബൈബിളിന്റെ എടുത്തുപറയാനുള്ള ഒരു കുറവ്.

ഇതിനു ശെഷം വരുന്ന പ്രധാന പരിഭാഷ ബെഞ്ചമിൻ ബെയ്‌ലിയുടേതണ്. 1823-ൽ കോട്ടയത്ത് പ്രസ്സ് സ്ഥാപിച്ചത് തൊട്ട് ബൈബിളിലെ ഓരോ പുസ്തകവും പരിഭാഷ തീരുന്നതിനു അനുസരിച്ച് ഖണ്ഡശ പ്രസിദ്ധീകരിച്ചു. ഇങ്ങനെ പുതിയ നിയമം പൂർണ്ണമായി 1829-ൽ അച്ചടിച്ച് പ്രസിദ്ധീകരിച്ചു. ആ പതിപ്പിനെ കുറിച്ചുള്ള വിശദാംശങ്ങൾ ഇവിടെ കാണാം https://shijualex.in/malayalam_new_testament_benjamin_bailey/

അതിനു ശെഷം 1841ഓടെ ബെഞ്ചമിൻബെയ്‌ലി  പഴയനിയമവും മൊത്തമായി പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചു. അതിനാൽ മലയാളവുമായി ബന്ധപ്പെട്ട മറ്റ് അനേകം പദവികൾക്കൊപ്പം ആദ്യമായി ബൈബിൾ മൊത്തമായി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ പദവി ബെഞ്ചമിൻ ബെയ്‌ലി അലങ്കരിക്കുന്നു.(Update: ബെഞ്ചമിൻ ബെയിലിയുടെ പഴയനിയമത്തിന്റെ സ്കാൻ ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലൈബ്രറിയിൽ നിന്ന് പിൽക്കാലത്ത് ലഭിച്ചു. അത് ഇവിടെ കാണാം https://shijualex.in/1839-1841-benjamin-bailey-old-testament/)

ബെയ്‌ലിയുടെ ബൈബിൾ പരിഭാഷയുടെ ഒരു പ്രധാനകുറവായി പറയുന്നത് അത് തെക്കൻ കേരളത്തിലുള്ളവരുടെ ഭാഷ ആധാരമാക്കി പരിഭാഷ ചെയ്തതാണ് എന്നതായിരുന്നു. (മാദ്ധ്യമങ്ങളുടെ സ്വാധീനം മൂലം വളരെയധികം മാനകീകരിക്കപ്പെട്ട ഇക്കാലത്തെ കേരളത്തിലെ മലയാളം  ആയിരുന്നില്ല 150 വർഷം മുൻപത്തെ കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ ജനങ്ങളുടെ മലയാളം. തെക്കൻ കേരളത്തിൽ ഉള്ളവർ ഉപയോഗിക്കുന്ന വാക്കുകളും പ്രയോഗങ്ങളും വടക്കൻ കേരളത്തിൽ ഉള്ളവർക്ക് മനസ്സിലാകാത്ത സ്ഥിതി പോലും ഉണ്ടായിരുന്നു). ബെയ്‌ലി ബൈബിളിലെ മറ്റ് പ്രശ്നങ്ങളും പരിഹരിച്ചും, വടക്കൻ കേരളത്തിലുള്ളവർക്ക് കൂടെ ഉപയോഗപ്പെടുന്ന ഒരു പരിഭാഷ വേണം എന്ന ചിന്തയിൽ നിന്നാണ് ഹെർമൻ ഗുണ്ടർട്ട് ബൈബിൾ പരിഭാഷ തുടങ്ങുന്നത്. ഹെർമ്മൻ ഗുണ്ടർട്ടിന്റെ പുതിയ നിയമ പരിഭാഷ ഇവിടെ കാണാം https://shijualex.in/malayalam_new_testament_complete_gundert_1868/ ഹെർമ്മൻ ഗുണ്ടർട്ട് ബൈബിൾ പഴയ നിയമം മൊത്തമായി പരിഭാഷ ചെയ്തതായോ അച്ചടിച്ചു പ്രസിദ്ധീകരിച്ചതായോ നിലവിലുള്ള തെളിവുകൾ വെച്ച് പറയാൻ പറ്റില്ല.

ഇതിനു ശെഷമാണ് വടക്കൻ കേരളത്തിലുള്ളവർക്കും-തെക്കൻ കേരളത്തിലുള്ളവർക്കുമായി വ്യത്യസ്ത പരിഭാഷകൾ വെച്ച് മെയ്‌ന്റൈയ്ൻ ചെയ്യുന്നതിന്റെ പ്രശ്നങ്ങളെ കുറിച്ച് ബൈബിൾ സൊസൈറ്റി ചിന്തിച്ച് തുടങ്ങിയത്.

തിരുവിതാംകൂർ, കൊച്ചി, മലബാർ പ്രദേശങ്ങളിൽ ഉപയോഗിക്കുന്നതിനു പൊതുവായ ഒരു പരിഭാഷ തയ്യാറാക്കുവാൻ 1871-ൽ ബൈബിൾ സൊസൈറ്റിയുടെ മദ്രാസ് ഓക്സിലിയറി ഒരു കമ്മിറ്റിയെ നിയമിച്ചു. അതിൽ സി.എം.എസ് ന്റേയും എൽ.എം.എസ്സ്.ന്റേയും ബാസൽ മിഷണ്ടേയും സുറിയാനി സഭയുടേയും പ്രതിനിധികൾ ഉൾപ്പെട്ടിരുന്നു. ഈ കമ്മിറ്റി ആദ്യം തയ്യാറാക്കിയത് പുതിയ നിയമത്തിന്റെ പരിഭാഷയാണ്. യവന,അരമായ മൂലകൃതിയെ ആധാരമാക്കിയാണ് ഈ വിവർത്തനം നിർവഹിച്ചത്.

ഇതിനു വേണ്ടി ലൂഥറിന്റേയും സ്റ്റെറിന്റേയും ജർമ്മൻ ഭാഷയിലുള്ള വിവർത്തനങ്ങളും, തമിഴിലുള്ള പുതിയ പരിഭാഷയും, ബെയ്‌ലിയുടെടേയും ഗുണ്ടർട്ടിന്റേയും  മലയാള തർജ്ജുമയും, സാമുവേൽ ലീയുടെ സുറിയാനി ബൈബിളും ഒക്കെ സസൂക്ഷ്മം പരിശോധിച്ചു. 1880-ൽ പുതിയ നിയമം പൂർത്തിയാക്കിയെങ്കിലും 1889-ലാണ് അതു പ്രസിദ്ധീകരിച്ചത്. കുറച്ച് വർഷങ്ങൾക്ക് ശേഷം പഴയ നിയമവും പൂർത്തിയാക്കി. അവസാനം മലയാളം സംസാരിക്കുന്ന എല്ലാവരുടേയും  ഉപയോഗത്തിനായി സത്യവേദപുസ്തകം എന്ന പേരിൽ 1910-ൽ സമ്പൂർണ്ണ മലയാളപരിഭാഷ പുറത്തിറങ്ങി.

1871-ൽ ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ നിയമിച്ച കമ്മിറ്റിയുടെ കാർമ്മികത്തിൽ പരിഭാഷ ചെയ്യപ്പെട്ട് 1910-ൽ പ്രസിദ്ധീകരിച്ച മലയാള ബൈബിൾ പരിഭാഷ ആണ് സത്യവേദപുസ്തകം എന്ന പേരിൽ ഇപ്പോൾ അറിയപ്പെടുന്നത്. (ബൈബിൾ എന്ന വാക്കിന്റെ സ്വതന്ത്ര മലയാളവിവർത്തവുമായും ഇപ്പോൾ സത്യവേദപുസ്തകം എന്ന വാക്ക് ഉപയോഗിക്കുന്നുണ്ട്)    മലയാള ഭാഷയുടെ അന്നുവരെയുള്ള വളർച്ചയും, വികാസവും, ആശയവ്യാപ്തിയും ഉൾക്കൊള്ളാൻ ഈ തർജ്ജുമയ്ക്കു കഴിഞ്ഞു. അതിനാൽ തന്നെ അത് പെട്ടെന്ന് ജനകീയമായി.

കത്തോലിക്ക സഭ ഒഴിച്ചുള്ള  മിക്ക ക്രൈസ്തവ സഭകളും ഇപ്പോൾ ഈ പുസ്തകമാണ് ഔദ്യൊഗികമായി ഉപയൊഗിക്കുന്നത്.

സത്യവേദപുസ്തകത്തിന്റെ പകർപ്പവകാശകാലാവധി 1970-ൽ കഴിഞ്ഞു. അതിനു ശേഷം 1990കളോടെ നിരവധി പേർ ഇതിന്റെ വിവിധ പതിപ്പുകൾ പുറത്തിറക്കിയിട്ടുണ്ട്. എങ്കിലും ബൈബിൾ സൊസൈറ്റി  ഓഫ് ഇന്ത്യ പുറത്തിറക്കുന്ന പതിപ്പ് തന്നെയാണ് ഇപ്പോഴും ഔദ്യോഗികമായി കരുതുപ്പെടുന്നത്.

കുറഞ്ഞത് 2000 വരെയെങ്കിലും പഴയ ലിപിയിൽ മാത്രമായിരുന്നു ആയിരുന്നു (ഹെഡറിൽ മലയാളം അക്കങ്ങൾ അടക്കം) ബൈബിൾ സൊസൈറ്റിയുടെ സത്യവേദപുസ്തകം (സമ്പൂർണ്ണം) ലഭ്യമായിരുന്നുന്നത്. ഇപ്പോൾ പുതിയ ലിപിയിലും സത്യവേദപുസ്തകം ലഭ്യമാണ്.

സത്യവേദപുസ്തകം – വിക്കിഗ്രന്ഥശാല

വർഷങ്ങൾക്ക് മുൻപ് 2007-ൽ, നിഷാദ് കൈപ്പള്ളീയുടെ സൈറ്റിൽ (http://www.malayalambible.in/) നിന്ന്  സത്യവേദപുസ്തകത്തിന്റെ യൂണിക്കോഡ് പതിപ്പ് വിക്കിഗ്രന്ഥശാലയിലേക്ക് മാറ്റാനുള്ള പ്രയത്നം ചെയ്തിരുന്നു. കൂടുതൽ വിവരങ്ങൾ ഇവിടെ: http://shijualex.blogspot.com/2007/09/blog-post_8312.html

അക്കാലത്ത് സത്യവേദപുസ്തകം വിക്കിഗ്രന്ഥശാലയിൽ ചേർത്തപ്പോൾ അത് ഗ്രന്ഥശാലയിൽ എത്തുന്ന ആദ്യത്തെ സമ്പൂർണ്ണപുസ്തകങ്ങളിൽ ഒന്നായിരുന്നു. അതിനു ശേഷം നൂറുകണക്കിന് പുസ്തകങ്ങൾ വിക്കിഗ്രന്ഥശാലയിൽ എത്തിയെങ്കിലും ഗ്രന്ഥശാലയിലെ പതിപ്പിനെ സംബന്ധിച്ച് വലിയ ഒരു കുറവ് അവശേഷിക്കുന്നുണ്ടായിരുന്നു. വിക്കിഗ്രന്ഥശാലയിൽ ചേർക്കുന്ന എല്ലാ പുസ്തകങ്ങൾക്കും ആ പുസ്തകം ആധാരമാക്കിയിരിക്കുന്ന അച്ചടി പതിപ്പിന്റെ സ്കാൻ ചേർക്കേണ്ടതുണ്ട്. എന്നിട്ട് അതിനെ ആധാരമാക്കി വേണം ഗ്രന്ഥശാലയിൽ ഉള്ളടക്കം യൂണിക്കോഡിലാക്കാൻ. നിർഭാഗ്യവശാൽ സത്യവേദപുസ്തകത്തിന്റെ പകർപ്പവകാശപ്രശ്നങ്ങൾ ഇല്ലാത്ത സ്കാൻ ലഭ്യമല്ലാത്തതിനാൽ ഇതിന് കഴിഞ്ഞിരുന്നില്ല. സത്യവേദപുസ്തകത്തിന്റെ  പകർപ്പവകാശപ്രശ്നങ്ങൾ ഇല്ലാത്ത സ്കാൻ ലഭ്യകാകുന്നതോടെ മറ്റ് സവിശേഷതകൾക്ക് പുറമേ ഗ്രന്ഥശാലയിലെ ഈ ഒരു പ്രധാനപ്രശ്നത്തിനു കൂടെയാണ് പരിഹാരമാകുന്നത്.

നമുക്ക് കിട്ടിയ സ്കാനിന്റെ പ്രത്യേകതകൾ

  • ഏറ്റവും വലിയ പ്രത്യേക 1910ൽ പുറത്തിറങ്ങിയ ആദ്യത്തെ പതിപ്പിന്റെ സ്കാൻ തന്നെയാണ് നമുക്ക് ലഭിച്ചിരിക്കുന്നത് എന്നതാണ്. 
  • ഏതാണ്ട് 1900ത്തോളം താളുകളാണ് ഈ സ്കാനിൽ ഉള്ളത്
  • ന്യൂയോർക്കിലെ Cornell University (http://www.cornell.edu/) യുടെ ഡിജിറ്റൽ ശേഖരത്തിൽ നിന്നാണ് ഈ പതിപ്പ് നമുക്ക് കിട്ടിയത്. 
  • മറ്റ് പല മലയാള പുസ്തകങ്ങളേയും പോലെ ഗൂഗിളാണ് ഇതിന്റെ ഡിജിറ്റൈസേഷനു നേതൃത്വം കൊടുത്തിരിക്കുന്നത്. 
  •  പുസ്തകത്തിനു ഏതാണ്ട് 1900 പേജുകൾ ഉള്ളതിനാൽ ഇതിന്റെ സൈസും വളരെ വലുതാണ്. ഏതാണ്ട് 140 MB ആണ് ഫയൽ സൈസ്. 
  • ബൈബിൾ സൊസൈറ്റിയുടെ സത്യവേദപുസ്തകത്തിൽ ഇപ്പോഴിറങ്ങുന്ന പതിപ്പിൽ കാലാനുസൃതമായ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അതിനാൽ ഇപ്പോൾ ഇറങ്ങുന്ന സത്യവേദപുസ്തക പതിപ്പുമായി ഈ സ്കാനിലെ ഉള്ളടക്കത്തിനു ചെറിയ വ്യത്യാസം ഉണ്ടായേക്കാം.   

നന്ദി

സ്കാൻ ലഭ്യമാക്കുവാൻ സഹായിച്ച ഡോ. സൂരജ് രാജനും വിവിധ സാങ്കേതിക സഹായങ്ങൾ ചെയ്തു തന്ന ബൈജു മുതുകാടനും പ്രത്യേക നന്ദി.

 

 സ്കാൻ വിശദാംശങ്ങൾ

 

1896 – ഗുണ്ടർത്ത് പണ്ഡിതരുടെ ജീവചരിത്രം-1896

ചന്ദ്രക്കല ഉത്ഭവവും പ്രയോഗവും എന്ന പ്രബന്ധത്തിനു ആവശ്യമായ അവലംബമായി ഞങ്ങൾ നിരവധി അച്ചടിപുസ്തകങ്ങളും കൈയെഴുത്ത് രേഖകളും ഉപയോഗപ്പെടുത്തിയിരുന്നു. അതിൽ മിക്കവാറും ഒക്കെ ഇതിനകം തന്നെ പബ്ലിക്കായി നെറ്റിൽ ലഭ്യമാണ്. എന്നാൽ  പബ്ലിക്കായി നെറ്റിൽ ലഭ്യമല്ലാത്ത കുറച്ച് സംഗതികളും ഞങ്ങൾക്ക് ലഭിച്ചിരുന്നു. ഇങ്ങനെ ലഭിച്ച പുസ്തകങ്ങളുടെ സ്കാനുകളിൽ പൂർണ്ണമായി ലഭ്യമായ പുസ്തകങ്ങൾ ഞങ്ങൾ എല്ലാവർക്കുമായി ലഭ്യമാക്കുകയാണ്. (ചില പുസ്തകങ്ങളുടെ വളരെ കുറച്ച് താളുകൾ മാത്രമായി ഞങ്ങൾക്ക് കിട്ടിയിട്ടുണ്ട്. ഉദാഹരണമായി ഗുണ്ടർട്ടിന്റെ 1851ലെ മലയാളഭാഷാ വ്യാകരണം. ആ വിധത്തിൽ അപൂർണ്ണമായി ഞങ്ങൾക്ക് കിട്ടിയ സംഗതികൾ ഞങ്ങൾ നെറ്റിൽ ഇടുന്നില്ല. കാരണം അതൊക്കെ മൊത്തമായി ഗുണ്ടർട്ട് ലെഗസി പദ്ധതിയുടെ ഭാഗമായി താമസിയാതെ നമുക്ക് ലഭ്യമാകാൻ പോവുകയാണ്.)

ഇങ്ങനെ ഞങ്ങൾക്ക് ലഭിച്ച പൊതുസഞ്ചയ കൃതികളുടെ സ്കാൻ ചെയ്ത പതിപ്പ് എല്ലാവരുമായി പങ്ക് വെക്കുന്നതിൽ വളരെ സന്തോഷം ഉണ്ട്. അതിനു ഞങ്ങൾക്ക് ആവശ്യമായ സഹായം നൽകിയവർക്ക് ഒരിക്കൽ കൂടി നന്ദി.

ആദ്യമായി പങ്ക് വെക്കുന്നത് മംഗലാപുരം ബാസൽ മിഷൻ അച്ചുകൂടത്തിൽ നിന്ന് 1896-ൽ പുറത്തിറങ്ങിയ ഗുണ്ടർത്ത് പണ്ഡിതരുടെ ജീവചരിത്രം എന്ന പുസ്തകത്തിന്റെ സ്കാനാണ്. ഈ പുസ്റ്റകത്തിന്റെ സ്കാൻ സംഘടിപ്പിച്ചു തന്നത് കണ്ണൻ ഷണ്മുഖമാണ്. അദ്ദേഹത്തിനു പ്രത്യേക നന്ദി.

Title page of “The Life of Hermann Gundert”

മലയാളത്തിൽ പുറത്തിറങ്ങിയ ആദ്യത്തെ ഗുണ്ടർട്ട് ജീവചരിത്രം ഇതാണെന്നാണ് തൊന്നുന്നത്. ഇതിനു മുൻപ് ജർമ്മനിലോ ഇംഗ്ലീഷിലോ ഗുണ്ടർട്ടിന്റെ ജീവചരിത്രം പുറത്തിറങ്ങിയോ എന്ന് അറിയില്ല.

ഇതിന്റെ രചയിതാവ് ആരാണെന്ന് പുസ്തകത്തിൽ പ്രത്യേകം രേഖപ്പെടുത്തി കാണുന്നില്ല. ബാസൽ മിഷന്റെ ഭാഗമായി ഇറങ്ങിയത് ആയതിനാൽ മിഷന്റെ  ആളുകൾ കൂട്ടായി എഴുതിയ ഒരു ഗ്രന്ഥം ആവാം ഇത്. പുസ്തകത്തിലെ ഭാഷയ്ക്ക് മൊത്തത്തിൽ മിഷൻ ഭാഷയോട് ചായ്‌വും ഉണ്ട്.

പുസ്തകത്തിലെ  അച്ചടിയുടെ പ്രത്യേകതകളെ കുറിച്ച് പ്രത്യെകമായി എഴുതുന്നില്ല. അത് ഞങ്ങളുടെ പ്രബന്ധത്തിൽ കൈകാര്യം ചെയ്തിട്ടുണ്ടല്ലോ.

പുസ്തകത്തിന്റെ സ്കാൻ ഇവിടെ നിന്നു ലഭിയ്ക്കും: https://archive.org/details/the_life_of_Hermann_gundert_1896

2014 – ചന്ദ്രക്കല: ഉത്ഭവവും പ്രയോഗവും

മലയാളമെഴുത്തിൽ ഇന്നു വ്യാപകമായി ഉപയോഗിക്കുന്ന ചന്ദ്രക്കല (്) എന്ന ചിഹ്നത്തിന്റെ ഉത്ഭവത്തെക്കുറിച്ചും പ്രയോഗത്തെയും കുറിച്ചുള്ള ഞങ്ങളുടെ (ഷിജു അലക്സ്, സിബു സി.ജെ., സുനിൽ വി.എസ്.)  നിരീക്ഷണങ്ങളും കണ്ടെത്തലുകളും മലയാളം റിസർച്ച് ജേണലിന്റെ 2014 മേയ് ലക്കത്തിൽ ചന്ദ്രക്കല: ഉത്ഭവവും പ്രയോഗവും എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു. ഒരു ചെറിയ കുറിപ്പായി എഴുതിത്തുടങ്ങിയ ഇത്  നിരവധി പേരുടെ പ്രേരണയുടെ ഫലമായി ഒരു പ്രബന്ധത്തിന്റെ രൂപത്തിലേക്കെത്തുകയായിരുന്നു. സ്വതന്ത്രലൈസൻസിലാണ് ഈ പ്രബന്ധം പ്രസിദ്ധീകരിക്കുന്നത്. ഈ പ്രബന്ധത്തിന്റെ പ്രസിദ്ധീകരണത്തിലേക്ക് നയിച്ചതിന്റെ വിശദാംശങ്ങൾ.

മലയാളം റിസർച്ച് ജർണലിന്റെ 2014 മെയ് ലക്കത്തിന്റെ കവർ പേജ്
മലയാളം റിസർച്ച് ജർണലിന്റെ 2014 മെയ് ലക്കത്തിന്റെ കവർ പേജ്

മലയാളം വിക്കിപീഡിയയിൽ ചന്ദ്രക്കല എന്ന ലേഖനം തുടങ്ങി അതിലേക്ക് വിവരങ്ങൾ ചേർക്കാനായി അവലംബങ്ങൾ അന്വേഷിച്ചപ്പോഴാണ് ചന്ദ്രക്കല എന്ന ചിഹ്നത്തെക്കുറിച്ച് കാര്യമായ പഠനങ്ങൾ ഒന്നും നടന്നിട്ടില്ല എന്ന് മനസ്സിലായത്. ഇന്ന് മലയാളമെഴുത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഈ ചിഹ്നത്തിന്റെ ചരിത്രവും മറ്റു വിശദാംശങ്ങളും ഒരിടത്തും രേഖപ്പെടുത്തി കാണുന്നില്ല എന്നത് ഞങ്ങളെ അത്ഭുതപ്പെടുത്തി.  ഇതോടൊപ്പം അടുത്ത കാലത്ത് വിവിധ ഇടങ്ങളിൽ നിന്ന് ഞങ്ങൾക്ക് ലഭ്യമായ പഴയ മലയാളപുസ്തകങ്ങളുടെ സ്കാനുകൾ പൊതുജനങ്ങളുമായി പങ്കുവെക്കാൻ ഞങ്ങൾ ആരംഭിച്ചിരുന്നു. ഓരോ പഴയ പുസ്തകങ്ങളുടെ സ്കാനും റിലീസ് ചെയ്യുമ്പോൾ നടത്തേണ്ടിവന്ന പല നിരീക്ഷണങ്ങളും ഒറിജിനൽ റിസർച്ച് ആയി മാറുകയാണെന്നും ഞങ്ങൾക്ക് മനസ്സിലായി. 1850കൾക്കു മുൻപുള്ള പുസ്തകങ്ങളും കൈയെഴുത്തു രേഖകളും പരിശോധിക്കുമ്പോൾ ചന്ദ്രക്കല ചിഹ്നം ഇല്ലാതിരുന്നതും എന്നാൽ പിൽക്കാലത്തിത് മലയാളമെഴുത്തിൽ ഇത് എങ്ങനെ എത്തി എന്നതിനെക്കുറിച്ച് ആധികാരിക പഠനങ്ങൾ ഒന്നും കാണാതിരിക്കുന്നതും, ലിപി ചരിത്രം പറയുന്നിടത്തൊക്കെയും ചന്ദ്രക്കലയുടെ കാര്യം പരാമർശിക്കാതെ വിടുന്നതും ഒക്കെ ഞങ്ങളിൽ കൗതുകമുണർത്തി.

ചന്ദ്രക്കല

അങ്ങനെയാണ് ചന്ദ്രക്കല എന്ന ചിഹ്നവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൃത്യമായ അവലംബങ്ങളുടെ സഹായത്തോടെ ഡോക്കുമെന്റ് ചെയ്യുക എന്ന തീരുമാനത്തിലേക്ക് ഞങ്ങളെത്തിയത്. മീത്തൽ എന്ന തലക്കെട്ടിൽ, ലിപികൾക്കുമുകളിൽ അടയാളപ്പെടുത്തിയിരുന്ന ബിന്ദുരേഫമൊഴികെയുള്ള എല്ലാ ചിഹ്നങ്ങളെയും കുറിച്ച് ഡോക്യുമെന്റ് ചെയ്യുക എന്ന ഉദ്ദേശ്യത്തിലാണ് ഞങ്ങൾ ഒരു ലേഖനം എഴുതാൻ ആരംഭിച്ചത് . എന്നാൽ ലേഖനം പുരോഗമിച്ചതോടെ കണ്ടെത്തുന്ന കാര്യങ്ങൾ വെച്ച് അതിന്റെ പരിധി ചന്ദ്രക്കല എന്ന ചിഹ്നത്തിന്റെ ചരിത്രത്തിൽ മാത്രമായി ഒതുക്കേണ്ടി വന്നു. അതുപോലെ തുടക്കത്തിൽ, മറ്റു ദ്രാവിഡഭാഷാ ലിപികളിലെ മീത്തലുകളെക്കുറിച്ച് പഠിക്കാൻ ശ്രമിച്ചെങ്കിലും മലയാളത്തിലെ ചന്ദ്രക്കല തന്നെ ഏറെ ആഴമുള്ള വിഷയമാണെന്ന് മനസ്സിലാക്കിയതിനാൽ അതിൽ നിന്നും പിൻവാങ്ങി.

ഒരു സാദാ ലേഖനമായി തുടങ്ങിയത് പ്രബന്ധമായി മാറിയത് ഡോ. സ്കറിയ സക്കറിയയും ഡോ. ബാബു ചെറിയാനും നടത്തിയ പീർറിവ്യൂവിനു ശേഷമാണ്. അവരുടെ പ്രോത്സാഹനവും അഭിപ്രായങ്ങളും ഈ വിഷയത്തെ അതിന്റെ എല്ലാ ഗൗരവത്തോടും കൂടെ സമീപിക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചു.

ലേഖനത്തിന്റെ തുടക്കത്തിൽത്തന്നെ ഇതിലെ പങ്കാളികളെ നിശ്ചയിക്കാനായത് സുപ്രധാനഘടകമായിരുന്നു. പങ്കാളിത്തപ്രവർത്തനത്തിലൂടെ ഓൺലൈനിൽ ലേഖനങ്ങളെഴുതുന്ന രീതി, വിക്കിപീഡിയയിലൂടെ ചങ്ങാതികളായി മാറിയ ഞങ്ങൾക്ക് അപരിചിതമല്ലെങ്കിലും ഒരേ വിഷയത്തിലും ലക്ഷ്യത്തിലും ഊന്നിയുള്ള ഇത്തരത്തിലുള്ള അടുത്ത ഇടപെടൽ ആദ്യാനുഭവമാണ്. ഓരോരുത്തരും അവതരിപ്പിക്കുന്ന വിഷയങ്ങളെ വിമർശനബുദ്ധിയോടുകൂടി വിലയിരുത്തി കൺക്ലൂഷനിലെത്തിക്കാൻ എപ്പോഴും ശ്രമിച്ചിട്ടുണ്ട്. ആദ്യമായാണ് ഞങ്ങൾ മുന്നു പേരും ഈ വിധത്തിലുള്ള ഒരു ലേഖനം ഒരു അക്കാദമിക്ക് ജർണലിൽ എഴുതുന്നത്. ഞങ്ങൾ മുന്നു പേരുടേയും ബിരുദവിഷയം അല്ലാത്തതും ഇപ്പോഴത്തെ പ്രവർത്തനമേഖലയിൽ അല്ലാത്തതുമായ ഒരു വിഷയത്തിൽ ഇത്തരം ഒരു പ്രബന്ധം എഴുതാനായത് വേറിട്ട അനുഭവമായിരുന്നു.

കണ്ടത്തിൽ മാപ്പിളയുടെ കേവലവ്യഞ്ജനച്ചിഹ്നമായ കുഞ്ഞുവട്ടം കണ്ടെത്താനായത് ഈ പ്രബന്ധത്തിന്റെ ഒരു പ്രധാനപ്പെട്ട നേട്ടമായി കരുതുന്നു. മാപ്പിളക്കുമുമ്പും ഇത് ഉപയോഗിക്കപ്പെട്ടിട്ടുണ്ടെങ്കിലും വ്യാപകമായും കൃത്യമായ ഉദ്ദേശ്യത്തോടുകൂടിയും ഇതുപയോഗിച്ചത് അദ്ദേഹമായതുകൊണ്ട് ആ ചിഹ്നത്തിന്റെ ക്രെഡിറ്റ് മറ്റാരേക്കാളും കൂടുതൽ അർഹിക്കുന്നത് അദ്ദേഹം തന്നെയാണ്. കുഞ്ഞുവട്ടം എന്ന പേര് ഞങ്ങൾ ഈ ചിഹ്നത്തെ വിളിക്കാൻ ഈ പ്രബന്ധത്തിൽ ഉപയോഗിച്ചിരിക്കുന്നു. കുഞ്ഞുവട്ടം, അതിനെക്കുറിച്ച് മനസിലാക്കുന്നതിന് മുമ്പ് പലതവണ കണ്ടിട്ടുണ്ടെങ്കിലും അത് ചന്ദ്രക്കലയിൽനിന്ന് വ്യത്യസ്തമായ ഒരു ചിഹ്നമാണെന്ന് മനസിലാക്കിയത് വളരെ വൈകിയായായിരുന്നു.

ഈ പ്രബന്ധത്തിനായി വിശകലനം ചെയ്ത രേഖകളുടെ അടിസ്ഥാനത്തില്‍ മലയാളം യൂണികോഡ് ബ്ലോക്കില്‍ രണ്ട് ക്യാരക്റ്ററുകള്‍ എന്‍കോഡ് ചെയ്യാനുള്ള താഴെപ്പറയുന്ന പ്രൊപ്പോസലുകള്‍ ഞങ്ങള്‍ക്ക് സമര്‍പ്പിക്കാനായി.

ഗൂഗിൾ ഡോക്സാണ് ഇതെഴുതാൻ ഞങ്ങളുപയോഗിച്ച പ്ലാറ്റ്ഫോം. മീഡിയാവിക്കിയെ അപേക്ഷിച്ച് ചില കുറവുകൾ ഇതിനുണ്ട്. എഡിറ്റ് ഹിസ്റ്ററി, വിശകലനം ചെയ്യുന്നതിലെ ബുദ്ധിമുട്ട്, നീളം കൂടിയ ഡോക്യുമെന്റ് പേജ് കുറഞ്ഞ ബാൻഡ്‌‌വിഡ്ത്തിൽ ലോഡാകാനുള്ള പ്രയാസം, പട്ടികകളുണ്ടാക്കാനുള്ള കഷ്ടപ്പാട് തുടങ്ങിയവ ഉദാഹരണങ്ങളാണ്. എന്നാലും ഗൂഗിളിന്റെ മറ്റു സെർവീസുകളുമായുള്ള ഇന്റഗ്രിറ്റി, വളരെ എളുപ്പത്തിൽ ഒന്നിലധികം പേർക്ക് ഒരേ സമയം എഡിറ്റ് ചെയ്യാനുള്ള സൗകര്യം, ലേഖനത്തിന്റെ ഓരോരോ വിഭാഗങ്ങളെ തിരഞ്ഞെടുത്ത് അവിടവിടെ അഭിപ്രായം രേഖപ്പെടുത്താനും ചർച്ചകൾ നടത്താനുമുള്ള സൗകര്യം തുടങ്ങിയവയെല്ലാം ഈ പ്ലാറ്റ്ഫോമിന്റെ മേന്മകളാണ്.

വളരെയധികം ചർച്ചകൾക്കും നൂറുകണക്കിന് തിരുത്തലുകൾക്കും ശേഷമാണ് പ്രബന്ധം ഇന്നത്തെ സ്ഥിതിയിലേക്ക് എത്തിയിരിക്കുന്നത്.

ഈ പ്രബന്ധത്തിന്റെ പ്രധാന വിഷയത്തെ മാറ്റി നിർത്തിയാൽ ഞങ്ങൾക്ക് ഏറ്റവും കൂടുതൽ സമയം ചിലവഴിക്കേണ്ടീ വന്നത് പ്രബന്ധത്തിന്റെ അനുബന്ധത്തിൽ ചേർത്തിരിക്കുന്ന വിവിധ വിഭാഗങ്ങളിലേക്ക് വിവരങ്ങൾ ശേഖരിക്കാനാണ്. പ്രബന്ധം പുരോഗമിക്കുമ്പോൾ ഞങ്ങൾ കണ്ടെത്തുന്ന പല വ്യക്തികളെകുറിച്ചും (ഉദാ: ലിസ്റ്റൻ ഗാർത്ത്‌വെയിറ്റ്) ഞങ്ങൾക്ക് ഒന്നും അറിയുമായിരുന്നില്ല. പല ഗ്രന്ഥങ്ങൾ തപ്പിയിട്ടും വിവരം ഒന്നും ലഭിച്ചില്ല. ഞങ്ങൾ  പ്രബന്ധത്തിൽ പരാമർശിക്കുന്ന പല വ്യക്തികളെ കുറിച്ചും സ്ഥാപനങ്ങളെ കുറിച്ചും എവിടെയും കൃത്യമായി ഡോക്കുമെന്റ് ചെയ്തിട്ടില്ല എന്നത് ഞങ്ങൾക്ക് മനസ്സിലായി. അങ്ങനാണ് ആ വ്യക്തികൾ, സ്ഥാപനങ്ങൾ, താക്കോൽ പദങ്ങൾ എന്നിവയെകുറിച്ചുള്ള ചെറുകുറിപ്പ് പ്രബന്ന്ത്തിന്റെ ഭാഗമാക്കാൻ തീരുമാനിച്ചത്. പലതിനെ കുറിച്ചും വിവരങ്ങൾ എവിടെയും ലഭ്യമല്ലാത്തത് കൊണ്ട് ആ തീരുമാനം ഞങ്ങൾക്ക് വളരെ പ്രതിസന്ധികൾ സമ്മാനിച്ചു.  ഉദാഹരണമായി, ജോസഫ് പീറ്റിന്റെ ജനന വർഷം കണ്ടു പിടിക്കാൻ UK യിലെ പഴയ ജനനമരണ രജിസ്റ്ററുകളും സി.എം.എസ് മിഷണറി സൊസൈറ്റിയുടെ പുരാതന രേഖകളും ഒക്കെ തപ്പേണ്ടി വന്നു. ജോസഫ് പീറ്റിനെ സംബന്ധിച്ച് ഇത്രയും അടിസ്ഥാനമായ ഒരു കാര്യം നമ്മൾ രേഖപ്പെടുത്തിയിട്ടില്ല എന്നത് ഒരു വസ്തുതയായി ശേഷിക്കുകയാണ്. സമാനമാണ്, ഒരു കാലത്ത് മലബാർ കാനറാ മേഖലയിലെ സ്കൂൾ ഇൻസ്പെക്റ്ററായിയിരുന്ന ലിസ്റ്റൻ ഗാർത്ത്‌വെയ്റ്റിന്റെ കാര്യം. അല്പമെങ്കിലും വിവരങ്ങൾ ഞങ്ങൾക്ക് ലഭിച്ചത് ഒരു ഓസ്ട്രേലിയൻ ആർകൈവിൽ നിന്നാണ്. ഇത് കേരളത്തിൽ ചിലവഴിച്ച വിദേശികളുടെ കാര്യം. എന്നാൽ മലയാളി ആയിട്ടു പോലും തോബിയാസ് സക്കറിയാസിനെ കുറിച്ചുള്ള വിവരങ്ങൾ ഒട്ടുമേ ലഭ്യമല്ല എന്നത് ഡോക്കുമെന്റേഷനിൽ നമ്മൾ എത്ര പിറകിലാണെന്ന സൂചനയാണ് തരുന്നത്. വ്യക്തികളുടെ കാര്യം മാത്രമല്ല, സ്ഥാപനങ്ങളെ കുറിച്ചുള്ള വിവരത്തിന്റെ സ്ഥിതിയും സമാനമാണ്. കേരളത്തിലെ ആദ്യത്തെ പ്രസ്സുകളിൽ ഒന്നായിട്ടും ജനരഞ്ജിനി അച്ചുകൂടത്തിന്റെ വിവരങ്ങൾ ആവശ്യത്തിനു ഡോക്കുമെന്റ് ചെയ്തിട്ടില്ല.  എന്തായാലും പ്രബന്ധത്തിന്റെ ഭാഗമായി അനുബന്ധത്തിൽ ചേർത്തിരിക്കുന്ന വിവരങ്ങൾ തുടർ ഗവേഷണത്തിൽ താല്പര്യമുള്ളവർക്ക് പ്രയോജനപ്പെടും എന്ന് കരുതുന്നു.

ഇപ്പോൾ ഈ പ്രബന്ധം റിലീസ് ചെയ്യുമ്പോൾ ഇത് പൂർത്തീകരിക്കാൻ ഞങ്ങൾക്ക്  പലവിധത്തിലുള്ള സഹായങ്ങൾ ചെയ്തു തന്ന നിരവധി പേരുണ്ട്.  അവരെ ഞങ്ങൾ നന്ദിയോടെ ഒരിക്കൽ കൂടെ സ്മരിക്കുന്നു.

    • പ്രബന്ധം പീർ റിവ്യൂ ചെയ്ത് ആവശ്യമായ മാറ്റങ്ങൾ നിർദ്ദേശിക്കുകയും ചില അവലംബങ്ങൾ തരപ്പെടുത്തി തരികയും ചെയ്ത ഡോ. സ്കറിയ സക്കറിയ, ഡോ. ബാബു ചെറിയാൻ എന്നിവർ.
    • പ്രബന്ധത്തിനു അവലംബമാക്കിയിരിക്കുന്ന ചില പുസ്തകങ്ങളുടെയും ലേഖനങ്ങളുടെയും പകർപ്പ് സംഘടിപ്പിച്ച് തന്ന ജി. പ്രിയദർശൻ, ഡോ. ഹൈക്കെ മോസർ, കണ്ണൻ ഷണ്മുഖം, ശിവകുമാർ (വെള്ളെഴുത്ത്), സുനിൽ പ്രഭാകർ, സൂരജ് രാജൻ, ജെഫ് ഷോൺ ജോസ്, കുമാർ വൈക്കം,  അശോകൻ ഞാറയ്ക്കൽ, വിശ്വപ്രഭ, അസീസ് എൻ.എം., രാജേഷ് കെ.എസ്. എന്നിവർ.
    • പൊതുസഞ്ചയത്തിലുള്ള മലയാള പുസ്തകങ്ങൾ സ്കാൻ ചെയ്ത് സൗജന്യമായി ലഭ്യമാക്കുന്ന ഗൂഗിൾ ബുക്സ്, ആർക്കൈവ്.ഓർഗ്, കേരള സാഹിത്യ അക്കാദമി, ജർമനിയിലെ ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി തുടങ്ങിയ വിവിധ സ്ഥാപനങ്ങൾ.
    • പ്രബന്ധത്തിന്റെ ടൈപ്പ് സെറ്റിങും മറ്റു അനുബന്ധ പണികളും ചെയ്യാൻ സഹായിച്ച അനിൽ കുമാർ കെ.വി., രാജേഷ് ഒടയഞ്ചാൽ, കെവിൻ സിജി എന്നിവർ.
    • http://malayal.am/ സൈറ്റിൽ ഇതു യൂണിക്കോഡിലാക്കി പ്രസിദ്ധീകരിക്കുവാൻ അത്യദ്ധ്വാനം ചെയ്ത malayal.am എഡിറ്റർ സെബിൻ എബ്രഹാം ജേക്കബ്ബ്.

ഇവരെല്ലാവരോടും ഞങ്ങൾ കടപ്പെട്ടിരിക്കുന്നു.

ആദ്യം ഒരു ചെറു കുറിപ്പായി തുടങ്ങിയ ഈ വിഷയം ഇന്നത്തെ നിലയിൽ നിങ്ങളുടെ മുൻപിൽ എത്താൻ ഏതാണ്ട് 7 മാസമെടുത്തു. അതിനിടയ്ക്ക് ഞങ്ങളുടെ തന്നെ നിരവധി തിരുത്തലുകളും, പീർ റിവ്യൂ കമെന്റ്സ് ചേർക്കാനായി നടത്തിയ തിരുത്തലുകളും, ജർണലിന്റെ സ്റ്റൈലിലേക്ക് വരാനായി നടത്തിയ തിരുത്തലുകളും ഒക്കെ ചേർന്ന് നിരവധി തവണ ഇത് പുതുക്കപ്പെട്ടു. ഒരു വിഷയത്തിലുള്ള ലേഖനമെഴുതി ബ്ലോഗിൽ മാത്രം പബ്ലിഷ് ചെയ്ത് പരിചയം ഉള്ള ഞങ്ങൾക്ക് പീർ റിവ്യൂഡ് ജർണലിൽ ഉള്ള എഴുത്ത് വളരെ വ്യത്യസ്ത അനുഭവം തന്നെ ആയിരുന്നു.

ഈ പ്രബന്ധം CC-BY-SA ലൈസൻസിൽ ആണ് പ്രസിദ്ധീകരിക്കുന്നത്. മലയാളത്തിൽ ഒരു ഗവേഷണ പ്രബന്ധം ഇത്തരത്തിൽ സ്വതന്ത്രലൈസൻസിൽ പ്രസിദ്ധീകരിക്കുന്നതിനു മാതൃകകൾ ഉണ്ടോ എന്ന് അറിയില്ലെങ്കിലും പ്രബന്ധം സ്വതന്ത്ര ലൈസൻസിലാണ് പ്രസിദ്ധീകരികരിക്കാനുദ്ദേശിക്കുന്നത് എന്നത് അറിയിച്ചപ്പോൾ തന്നെ അതിനു എല്ലാവിധ പിന്തുണയും അറിയിച്ച മലയാളം റിസർച്ച് ജേണലിന്റെ പ്രസാധകരോട് കടപ്പാട് അറിയിക്കുന്നു.

ഇതിന്റെ ടൈപ്പ് സെറ്റിങ്ങ് വലിയൊരു കടമ്പ ആയിരുന്നു. ജേണലിന്റെ സ്വതെയുള്ള പരിപാടികൾ ഇപ്പോഴും പേജ് മേക്കറിൽ ആസ്കിയിൽ ആണ് ചെയ്യുന്നത്. ഈ പ്രബന്ധത്തിന്റെ വിഷയത്തിന്റെ പ്രത്യേകത മൂലം പ്രബന്ധം പഴയ ലിപിയിൽ ടൈപ്പ് സെറ്റ് ചെയ്യേണ്ടത് വളരെ ആവശ്യമായിരുന്നു. അല്ലെങ്കിൽ പല കാര്യങ്ങൾക്കും ഞങ്ങൾ ഉദ്ദേശിക്കുന്ന അർത്ഥം കിട്ടാത്ത സ്ഥിതി വരും. അങ്ങനെ പല വിധ കാരണങ്ങൾ കൊണ്ട് ജർണലിലെ ഈ പ്രബന്ധം ഞങ്ങൾ തന്നെ ടൈപ്പ്സെറ്റ് ചെയ്തോളാം എന്ന നിർദ്ദേശം ഞങ്ങൾ മുൻപോട്ട് വെച്ചു. അത് വളരെയധികം പ്രതിസന്ധികളെ ഞങ്ങൾക്ക് സമ്മാനിച്ചു. എന്തായാലും ഞങ്ങളുടെ ആഗ്രഹം പോലെ ഈ പ്രബന്ധം മാത്രം ലാടെക്കിൽ മലയാളം യൂണിക്കോഡ് (രചന ഫോണ്ട്) ഉപയോഗിച്ചാണ് ചെയ്തത്. സെൽഫ് റിവ്യൂവും, പീർ റിവ്യൂവും, ജർണൽ സ്റ്റൈലിലേക്ക് മാറ്റാൻ നടത്തിയ തിരുത്തലുകളും മൂലം പ്രബന്ധം നിരവധി തവണ മാറ്റങ്ങൾക്ക് വിധേയമായപ്പൊഴും അതെല്ലാം ക്ഷമയൊടെ ചെയ്ത് ഇതിന്റെ ടൈപ്പ് സെറ്റിങ്ങ് ഭംഗിയായി നിർവ്വഹിച്ച കെവിൻ സിജിയോടുള്ള നന്ദി എത്ര പറഞ്ഞാലും അധികമാവില്ല.

ചന്ദ്രക്കല: ഉത്ഭവവും പ്രയോഗവും എന്ന ഞങ്ങളുടെ പ്രബന്ധം അച്ചടിക്കു പൊയതിനു ശേഷം മുൻപ് ലഭ്യമല്ലാതിരുന്ന പുതിയ ചില അവലംബങ്ങൾ ഞങ്ങൾക്ക് ലഭിച്ചു. പുതിയ തെളിവുകൾ അനുസരിച്ച് പ്രബന്ധത്തിലെ ചില സംഗതികൾ പുതുക്കപ്പെടേണ്ടതുണ്ട്.  ഇതിൽ എടുത്തു പറയാനുള്ളത് സ്വരചിഹ്നത്തിനു മുകളിൽ ചന്ദ്രക്കല ഇടുന്ന പരിപാടിയെ ക്കുറിച്ച് പ്രബന്ധത്തിൽ സമകാലിക ഉപയോഗം എന്ന വിഭാഗത്തിൽ വിശദീകരിച്ചതിനെ കുറിച്ചാണ്. അവിടെ ഉദാഹരണമായി എടുത്തു കാണിച്ചിരുന്ന പാച്ചുമൂത്തതിന്റെ കേരളഭാഷാവ്യാകരണത്തിന്റെ 1981ലെ റീപ്രിന്റ് ആണ് ഞങ്ങൾക്ക് പ്രബന്ധം എഴുതുന്ന സമയത്ത് പരിശോധിക്കാൻ കിട്ടിയത്. അതിനാൽ തക്കതായ തെളിവില്ലാത്തതിനാൽ സ്വരചിഹ്നത്തിനു മുകളിൽ ചന്ദ്രക്കല ഇടുന്ന വിധത്തെക്കുറിച്ച് അത് ആധുനികമായ ഉപയോഗം ആണെന്ന തീർപ്പാണ് ഞങ്ങൾക്ക് പ്രബന്ധത്തിൽ നടത്തേണ്ടി വന്നത്. എന്നാൽ പ്രബന്ധം അച്ചടിക്കു പോയതിനു ശേഷം പാച്ചുമൂത്തതിന്റെ 1877ലെ വ്യാകരണത്തിന്റെ ഒന്നാം പതിപ്പും അതിനു ശേഷമുള്ള ദശകങ്ങളിലെ വേറെ ചില കൃതികളുടെ ഞങ്ങൾക്ക് ആവശ്യമുള്ള പേജുകളുടെ ഫോട്ടോ ലഭിച്ചു. അതിനനുസരിച്ച് സ്വരചിഹ്നത്തിനു മുകളിൽ ചന്ദ്രക്കല ഇടുന്ന കാലഘട്ടത്തെക്കുറിച്ച് പുതുക്കൽ ആവശ്യമാണ്. അതേ പോലെ ഉകാരചിഹ്നത്തിനു മുകളിൽ ചന്ദ്രക്കല ഇടുന്നതിനെക്കുറിച്ചും പുതുക്കൽ ആവശ്യമാണ്. കൂടുതൽ തെളിവുകളും മറ്റും കിട്ടുന്നതിനനുസരിച്ച് ഈ പ്രബന്ധത്തിനു ചില പുതുക്കലുകളും പൂരണവും ആവശ്യമാണെന്ന് ഞങ്ങൾ കരുതുന്നു. അത് കാലക്രമെണെ ചെയ്യണം എന്ന് കരുതുന്നു. എന്തായാലും പ്രബന്ധം ജർണലിനു വേണ്ടി ഫൈനലൈസ് ചെയ്യുന്ന സമയത്ത് ഞങ്ങൾക്ക്   ലഭ്യമായ തെളിവുകൾ വെച്ച് വിഷയത്തോട് പരമാവധി നീതി പുലർത്താൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്.

ഞങ്ങൾക്ക് വിവിധ രേഖകൾ തരപ്പെടുത്തി തരാൻ അദ്ധ്വാനിച്ചവരോടുള്ള കടപ്പാട് ഒരിക്കൽ കൂടി അറിയിച്ച് കൊണ്ട് ഒരു കാര്യം രേഖപ്പെടുത്തട്ടെ. പതിനേഴാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ അച്ചടിച്ച ഹോര്‍ത്തൂസ് മലബാറിക്കസ് മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുള്ള മലയാളമനോരമ പത്രം വരെയുള്ള നിരവധി അച്ചടി രേഖകളും കൈയെഴുത്തു പ്രതികളും ഒക്കെ ഞങ്ങൾ ഈ പഠനത്തിനു വേണ്ട തെളിവുകളായി ഉപയോഗിച്ചു.

ഞങ്ങൾ മുന്നു പേരും ചേർന്ന് എഴുതി മലയാളം റിസർച്ച് ജേണലിന്റെ 2014 മെയ് പതിപ്പിൽ പ്രസിദ്ധീകരിച്ച ചന്ദ്രക്കല: ഉത്ഭവും പ്രയോഗവും എന്ന പ്രബന്ധത്തിന്റെ വിവിധ പതിപ്പുകളുടെ വിശദാംശങ്ങൾ താഴെ.

    • പ്രബന്ധം അച്ചടിച്ച് വന്ന ജർണലിന്റെ  2014 മെയ് ലക്കം അച്ചടി പതിപ്പിനായി താഴെ കാണുന്ന വിലാസത്തിൽ ബന്ധപ്പെടുക.
      Malayalam Research Journal,
      Pathinanchil Buildings, Chemmarappally Lane, Manganam P.O.,
      Kottayam, Kerala,  India, PIN-686 018
      Phone: 94475 68210
      E-mail: malayalamresearchjournal@gmail.com
    • പ്രബന്ധത്തിന്റെ യൂണിക്കോഡ് പതിപ്പ് http://malayal.am/ൽ പ്രസിദ്ധീകരിച്ചത് ഇവിടെ നിന്ന് ലഭിക്കും: http://malayal.am/node/22694
    • മലയാളം റിസർച്ച് ജേണലിൽ അച്ചടിച്ച് വന്നതിന്റെ സ്കാൻ ആർക്കൈവ്.ഓർഗിൽ ആർക്കൈവ്.ഓർഗ്

സ്വതന്ത്രലൈസൻസിൽ പ്രസിദ്ധീകരിച്ചത് കൊണ്ട് മാത്രമാണ് ഇത്തരത്തിൽ വിവിധ പതിപ്പുകൾ നിങ്ങൾക്ക് ലഭ്യമാക്കാനായത്.

പ്രബന്ധത്തിലെ വാദങ്ങൾക്ക് തെളിവുകളായി കൊടുത്തിരിക്കുന്ന പൊതുസഞ്ചയത്തിലുള്ള പുസ്തകങ്ങളുടെ സ്കാനുകളുടെ ഓൺലൈൻ ലിങ്കുകൾ മിക്കതും അച്ചടി പതിപ്പിലെ സ്ഥല പരിമിതി മൂലം ഒഴിവാക്കേണ്ടിവന്നു. ഓൺലൈനിൽ ആ പരിമിതി ഇല്ലാത്തത് കൊണ്ട് http://malayal.am/ലെ പതിപ്പിൽ ഈ കണ്ണികൾ എല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. ഞങ്ങളുടെ  പഠനത്തിനാശ്രയിച്ച പൊതുസഞ്ചയത്തിലുള്ള ഗ്രന്ഥങ്ങളുടെ ഓൺലൈൻ പതിപ്പുകൾ എല്ലാവർക്കും പ്രയോജനപ്പെടും എന്ന് കരുതട്ടെ.

പ്രബന്ധത്തിന്റെ അവസാനം ഉപസംഹാരം എന്ന തലക്കെട്ടിനു താഴെ (2395, 2396 താളുകളിൽ) തുടർ ഗവേഷണം ആവശ്യമായ കുറച്ചധികം സംഗതികൾ ഞങ്ങൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഈ പ്രബന്ധത്തിനു വരുന്ന പ്രതികരണങ്ങൾ വെറും പ്രസ്താവനകളിൽ ഒതുങ്ങാതെ വ്യക്തമായ തെളിവുകളോടെ വിവിധ ഇടങ്ങളിൽ ആധികാരികമായ ലേഖനമായി പ്രസിദ്ധികരിക്കാൻ അഭ്യർത്ഥിക്കുന്നു. ആ വിധത്തിൽ കൂടുതൽ ആളുകൾ ഈ മേഖലയിലേക്ക് കടന്നു വരുന്നത് മലയാളഭാഷയെ സംബന്ധിച്ച പഠനങ്ങൾക്ക് കൂടുതൽ ഉണർവു നൽകും എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.

ഷിജു അലക്സ്, സിബു സി.ജെ., സുനില്‍ വി.എസ്.