ആൽഫബെത്തും ഗ്രന്ഥാണിക്കോ മലബാറിക്കം മുതലായ പുസ്തകങ്ങളുടെ പുനഃപ്രസിദ്ധീകരണം

പൊതുസഞ്ചയത്തിലുള്ള വളരെ പഴയ മലയാളപുസ്തകങ്ങളുടെ പുനഃപ്രസിദ്ധീകണവും അതുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലുള്ള പുസ്തകങ്ങളുടെ പ്രസിദ്ധീകരണവും പല വിധ കാരണങ്ങൾ കൊണ്ട് പ്രാധാന്യമുള്ള സംഗതിയാണ്. എന്നാൽ ഈ മേഖലയിൽ അധികം പേർ കൈവെച്ച് കാണുന്നില്ല.

എന്നാൽ തിരുവനന്തപുരത്തുള്ള കാർമ്മേൽ ഇന്റർനാഷണൽ പബ്ലിഷിങ്ങ് ഹൗസ് (http://www.carmelpublications.com) ഇങ്ങനെയുള്ള ഒരു പ്രസിദ്ധീകരണസ്ഥാപനം ആണെന്ന് കാണുന്നു. കത്തോലിക്ക സഭയുമായി ബന്ധപ്പെട്ട സ്ഥാപനം ആയതിനാലും ആദ്യകാലത്തെ പല മലയാളപുസ്തകങ്ങളും കത്തോലിക്ക മിഷണറിമാരാണ് പ്രസിദ്ധീകരിച്ചത് എന്നതിനാലും അത്തരം പുസ്തകങ്ങളിൽ മാത്രമാണ് അവർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

സംക്ഷേപവേദാർത്ഥത്തിന്റെ പുനഃപ്രസിദ്ധീകരിച്ച പതിപ്പ് തേടിപോയപ്പോൾ വളരെ യാദൃശ്ചികമായാണ് അവരുടെ സൈറ്റിൽ എത്തിപ്പെട്ടത്. അവരുടെ കാറ്റലൊഗിൽ എനിക്ക് താല്പര്യമുണ്ടെന്ന് തോന്നിയ വേറെ ചില പുസ്തകങ്ങൾ കൂടെ കണ്ടു. ഓൺലൈൻ വഴി സേവനം ഇല്ലാത്തതിനാൽ വെള്ളെഴുത്തിന്റെ സഹായത്തോടെ തിരുവനന്തപുരത്ത് നിന്ന് പുസ്തകങ്ങൾ വാങ്ങി. പുസ്തകം കൈയ്യിൽ കിട്ടി അതിന്റെ ഉള്ളടക്കം വായിച്ചപ്പോഴാണ് ഇത് വളരെ പഴയ ചില മലയാള പുസ്തകങ്ങളുടെ പുനഃപ്രസിദ്ധീകരണം ആണെന്ന് മനസ്സിലായത്.   ഞാൻ വാങ്ങിയ പുസ്തകങ്ങളുടെ വിശദാംശങ്ങൾ താഴെ കുറിക്കുന്നു. ഇത്തരം കൃതികളിൽ താല്പര്യമുള്ളവരുടെ അറിവിലെക്കാണ് ഇത് കുറിക്കുന്നത്. കാരണം ഈ കൃതികൾ വേറെ ഒരിടത്തും ഇപ്പോൾ ലഭ്യമല്ല.

സംക്ഷേപവെദാർത്ഥം

ഞാൻ ഈ കൃതി തപ്പിയാണ് അവരുടെ സൈറ്റിൽ എത്തിയത്. പുസ്തകത്തിന്റെ വിവരങ്ങൾ ഒക്കെ അറിയാവുന്നതിനാൽ പ്രത്യേകിച്ച് ഒന്നും നോക്കാതെ അത് തിരഞ്ഞെടുത്തു. പക്ഷെ സംഗതി കൈയ്യിൽ കിട്ടി നോക്കിയപ്പോഴാണ് ചില പ്രത്യെകതകൾ കണ്ടത്.

1980കളിൽ ആണ്  സംക്ഷേപവെദാർത്ഥം ഡിസി ബുക്സും കാർമ്മേലും ചേർന്ന് പുനഃപ്രസിദ്ധീകരിക്കുന്നത്. എനിക്ക് കിട്ടിയതും അച്ചടിച്ച അതേ പതിപ്പിന്റെ കോപ്പികൾ തന്നെ. അവർ പഴയ കോപ്പി വിറ്റ് ഒഴിവാക്കിയതണോ എന്തോ, എന്തായാലും അവർ 33 വർഷം പഴക്കമുള്ള 1980ലെ പതിപ്പ് തന്നെ തന്നതിൽ ഞാൻ വളരെ വളരെ സന്തോഷിക്കുന്നു 🙂 (ഇതിന്റെ എത്ര കോപ്പികൾ ബാക്കി ഉണ്ടോ ആവോ?)

പ്രാചീന മലയാളലിപിമാല

പ്രാചീന മലയാളലിപികളെ കുറിച്ചുള്ള ഒരു പുസ്തകം ആയതിനാൽ രസമുള്ള സംഗതികൾ ഉണ്ടെന്ന് കരുതിയാണ് വാങ്ങിയത്.

പക്ഷെ വായിച്ചിതുടങ്ങിയപ്പോഴല്ലെ ഇത് ആൽഫബെത്തും ഗ്രന്ഥാണിക്കോ മലബാറിക്കം-ന്റ മലയാളഭാഷാന്തരവും അതിനെ കുറിച്ചുള്ള പഠനവും ആണെന്ന് മനസ്സിലായത്. പക്ഷെ പുസ്തകത്തിന്റെ കവർ പേജിലും മറ്റും ആൽഫബെത്തും എന്നത് സൂചിപ്പിച്ചിട്ടേ ഇല്ല. ഇങ്ങനെ ഒരു പുസ്തകം മലയാളത്തിൽ തന്നെ ഉള്ളപ്പോഴാണ് ആൽഫബെത്തും ഗ്രന്ഥാണിക്കോ മലബാറിക്കത്തിൽ ഉള്ള ഏ/ഓ യെ കുറിച്ചുള്ള പരാമർശത്തിന്റെ അർത്ഥമറിയാൻ ഞാൻ ലാറ്റിൻ അറിയുന്ന ഒരാളെ തപ്പി പൊയത്!

കൂത്തുപറമ്പ് നിർമ്മലഗിരി കോളേജ് പ്രിൻസിപ്പലായ ഫാ: എമ്മാനുവൽ ആട്ടേൽ ആണ് ഇതിന്റെ ഭാഷാന്തരവും  പഠനവും നിർവഹിച്ചിരിക്കുന്നത്.

പഴഞ്ചൊൽ മാല

ഇത് പൗളിനോസ് പാതിരിയുടെ “സെന്റം അഡാഗിയ മലബാറിക്ക”യുടെ (മലയാള ലിപിയിൽ 1791-ൽ അച്ചടിച്ച മലയാളത്തിലെ ആദ്യത്തെ പഴഞ്ചൊൽ ശെഖരം) മലയാളഭാഷാന്തരവും അതിനെ കുറിച്ചുള്ള പഠനവും ആണ്.

centum

പ്രാചീനമലയാളലിപിമാല എന്ന ആൽഫബെത്തും ഗ്രന്ഥാണിക്കോ മലബാറിക്കം പോലെ തന്നെ ഈ പുസ്തകത്തിന്റെ കവർ പേജിൽ ഇത് സെന്റം അഡാഗിയ മലബാറിക്കയുടെ മലയാള പതിപ്പ് ആണെന്ന് സൂചനയേ കൊടുത്തിട്ടില്ല.  ഫാ: എമ്മാനുവൽ ആട്ടേൽ തന്നെയാണ്  ഈ പുസ്തകത്തിനു പിന്നിലും.

വേദതർക്കത്തിന്റെ ഭാഷാശാസ്ത്രഭൂമിക

ഈ പുസ്തകവും ഫാ: എമ്മാനുവൽ ആട്ടേലിന്റെ വകയാണ്. ഭാഷാശാസ്ത്രം എന്ന തലക്കെട്ട് കണ്ടതു കൊണ്ടാണ് ഞാൻ സംഗതി വാങ്ങിയത്. പക്ഷെ വാങ്ങി താളുകൾ മറിച്ചു നോക്കിയപ്പൊഴല്ലേ ഇത് കരിയാറ്റിൽ ജോസഫ് മല്പാന്റെ വേദതർക്കം എന്ന കൃതിയുടെ പാഠവും പഠനവും ആണെന്ന് പിടികിട്ടിയത്. 1768ൽ ആണ് വേദതർക്കം രചിക്കപ്പെട്ടതെന്ന് കരുതുന്നു. വേദതർക്കത്തിന്റെ ഏറ്റവും വലിയ മറ്റൊരു പ്രത്യേകത അത് കർസോൻ/കർസോനി ലിപിയിൽ (മലയാളം സുറിയാനി ലിപിയിൽ എഴുതുന്ന രീതി) ആണ് ഇത് എഴുതിയിരിക്കുന്നത് എന്നതാണ്.

kursoni

വേദതർക്കത്തിന്റെ കർസോൻ/കർസോനി ലിപിയിൽ ഉള്ള മൂലവും അതിന്റെ മലയാള ലിപിയിൽ ഉള്ള പാഠവും പിന്നെ എമ്മാനുവൽ ആട്ടേലിന്റെ വക പഠനവും ആണ് പുസ്തകത്തിന്റെ ഉള്ളടക്കം. കൈയ്യെഴുത്ത് പ്രതിയായി നിലനിന്നിരുന്ന  വേദതർക്കത്തിന്റെ ആദ്യത്തെ അച്ചടി പതിപ്പ് ആണെന്ന് ഗ്രന്ഥകർത്താവ് പറയുന്നുണ്ട്. ഈ പുസ്തകമാണ് മലയാളത്തിലെ ആദ്യത്തെ ഗദ്യകൃതിയെന്നും (സംക്ഷെപത്തിനും മുൻപ്) അദ്ദേഹം പറയുന്നുണ്ട്.

ചുരുക്കത്തിൽ മലയാളഭാഷയുടെ ഗദ്യസാഹിത്യവുമായി ബന്ധപ്പെട്ട് അതീവ പ്രാധാന്യമുള്ള നാല് പുസ്തകങ്ങൾ ആണ് കാർമ്മേലുകാർ അടിച്ചിറക്കുന്നത്. പക്ഷെ മാർക്കറ്റിങ്ങ് വിഭാഗത്തിൽ ഉള്ളവരുടേയും പുസ്തകത്തിന്റെ കവർ തയ്യാറാക്കിയവരുടേയും അശ്രദ്ധ മൂലം ഈ പുസ്തകങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നു.

ചുരുങ്ങിയ പക്ഷം മൂന്നു പുസ്തകത്തിലും പുസ്തകത്തിന്റെ കവർ പേജിലെങ്കിലും മൂലകൃതിയുടെ പേര് കൊടുത്തിരുന്നെകിൽ ഫാ: എമ്മാനുവൽ ആട്ടേലിന്റെ പ്രയത്നം ശ്രദ്ധിക്കപ്പെടാതെ പോകുമായിരുന്നില്ല. ലാറ്റിനും കുർസോനിയും ഒക്കെ അറിയുന്നതിനാൽ മലയാളവുമായി ബന്ധപ്പെട്ട് അച്ചനു മുൻപോട്ട് ഒത്തിരി പണിയുണ്ടാകുമെന്ന് ഞാൻ പറയും 🙂

 

ഈ പുസ്തകങ്ങൾ വാങ്ങാൻ  ഒന്നുകിൽ മണി ഓർഡർ അല്ലെങ്കിൽ തിരുവനന്തപുരത്തുള്ള ആരെ കൊണ്ടെങ്കിലും വാങ്ങിപ്പിക്കുക എന്നിങ്ങനെ 2 വഴികളേ ഉള്ളൂ. (ഈ പോസ്റ്റ് ഇട്ടതിനു കർമ്മേലുകാർ കമ്മീഷൻ തരുമോ ആവോ :))

പഴഞ്ചൊൽ മാല – ഹെർമ്മൻ ഗുണ്ടർട്ട് – 1845

ട്യൂബിങ്ങൻ സർവ്വകലാശാല ലൈബ്രറിയയിലുള്ള ഗുണ്ടർട്ട് ശെഖരം ഡിജിറ്റൈസ് ചെയ്യാൻ “Gundert legacy – a digitization  project of the University of Tuebingen”എന്ന പേരിൽ ഒരു പദ്ധതി താമസിയാതെ തുടങ്ങും എന്ന് കഴിഞ്ഞ പോസ്റ്റിൽ സൂചിപ്പിച്ചിരുന്നല്ലോ. ആ ശേഖരത്തിലുള്ള “ഒരആയിരം പഴഞ്ചൊൽ” “പഴഞ്ചൊൽ മാല” എന്നീ പുസ്തകങ്ങളുടെ സ്കാനുകൾ ഹൈക്കെ മോസർ പദ്ധതിയെ കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പിന്റെ ഭാഗമായി നമുക്ക് കൈമാറി (മാതൃഭൂമി വാർത്ത). ആ പുസ്തകങ്ങളിലെ  “ഒരആയിരം പഴഞ്ചൊൽ” കഴിഞ്ഞ പോസ്റ്റിൽ പരിചയപ്പെടുത്തി. ട്യൂബിങ്ങൻ ശെഖരത്തിൽ നിന്നു നമുക്ക് ലഭിച്ച രണ്ടാമത്തെ പുസ്തകമായ “പഴഞ്ചൊൽ മാല” എന്ന പുസ്തകമാണ് ഈ പോസ്റ്റിൽ പരിചയപ്പെടുത്തുന്നത്.

pazhamchol_mala

ഈ പുസ്ത്കത്തിൽ ഞാൻ ശ്രദ്ധിച്ച ചില സംഗതികൾ (കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ വായനക്കാരോട് അഭ്യർത്ഥിക്കുന്നു)

  • ഈ കൃതി 1845-ൽ മംഗലാപുരം ബാസൽ മിഷൻ പ്രസ്സിൽ അച്ചടിച്ചു
  • മലയാള പഴഞ്ചൊല്ല്ലുകൾ ഉപയോഗിച്ച് ക്രൈസ്തവ മതതത്വങ്ങൾ വിശദീകരിക്കാനാണ് പുസ്തകത്തിൽ ശ്രമിച്ചിരിക്കുന്നത്. സമാന വിഷയം കൈകാര്യം ചെയ്യുന്ന പഴം ചൊല്ലുകൾ ആദ്യം പറഞ്ഞ്, പിന്നെ അതുപയോഗിച്ച് ക്രൈസ്തവമതതത്വങ്ങൾ വിശദീകരിക്കുകയാണ് പുസ്തകത്തിന്റെ പ്രധാന ഉദ്ദേശം. പുസ്തകത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ രേഖപ്പെടുത്താൻ ഈ വിഷയത്തെ കുറിച്ച് അറിവുള്ളവരോട് അഭ്യർത്ഥിക്കുന്നു.
  • പുസ്തകം മൂന്നു ഭാഗമായി തിരിച്ചിരിക്കുന്നു.
  • 1845-ൽ അച്ചടിച്ച ഈ പുസ്തകത്തിൽ മീത്തൽ രംഗപ്രവേശം ചെയ്തിട്ടില്ല. 1847-ൽ അച്ചടിച്ച സുവിശേഷകഥകൾ എന്ന പുസ്തകത്തിൽ മീത്തൽ രംഗപ്രവേശം ചെയ്യുന്നത് നമ്മൾ കണ്ടതാണ്. അതിനാൽ നിലവിൽ ഇതു വരെ നമുക്ക് കിട്ടിയ തെളിവ് വെച്ച് 1847-ൽ അച്ചടിച്ച സുവിശേഷകഥകൾ എന്ന പുസ്തകത്തിലാണ് മീത്തൽ ആദ്യമായി ഉപയോഗിച്ചതെന്ന് പറയാം. കുറച്ച് കൂടെ ഉറപ്പിച്ചു പറയാൻ ഇനി 1845നും 1847നും ഇടയിൽ ഇറങ്ങിയ മറ്റ് പുസ്തകങ്ങൾ കൂടെ കിട്ടണം.
  • ഏ, ഓ കാരങ്ങൾ ഈ പുസ്തകത്തിൽ ഉപയോഗിച്ചിട്ടില്ല.
  • മലയാള അക്കങ്ങൾ തന്നെ ഉപയോഗിച്ചിരിക്കുന്നു.

ട്യൂബിങ്ങൻ ശേഖരത്തിൽ നിന്നു ലഭിച്ച റോ സ്കാൻ പ്രോസസ് ചെയ്തു സഹായിച്ചത് മലയാളം വിക്കിപീഡിയനായ വിശ്വപ്രഭയാണ്. അദ്ദേഹത്തൊടുള്ള നന്ദി പ്രത്യേകം രേഖപ്പെടുത്തുന്നു. ട്യൂബിങ്ങൻ ശേഖരത്തിൽ നിന്നു വരുന്ന പുസ്തകങ്ങൾ ഒക്കെയും പദ്ധതി തീരുന്ന അവസാന ഘട്ടത്തിലേ എല്ലാ ഫയലുകളും പ്രോസസ് ചെയ്ത് നന്നാക്കുകയുള്ളൂ. അതു വരെ ഈ റോ സ്കാനുകൾ നമ്മുടെ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാം.

ഒരആയിരം പഴഞ്ചൊൽ

ട്യൂബിങ്ങൻ സർവ്വകലാശാല ലൈബ്രറിയയിലുള്ള ഗുണ്ടർട്ട് ശെഖരം ഡിജിറ്റൈസ് ചെയ്യാൻ “Gundert legacy – a digitization  project of the University of Tuebingen”എന്ന പേരിൽ ഒരു പദ്ധതി താമസിയാതെ തുടങ്ങും എന്ന് കഴിഞ്ഞ പോസ്റ്റിൽ സൂചിപ്പിച്ചിരുന്നല്ലോ. ആ ശേഖരത്തിലുള്ള “ഒരആയിരം പഴഞ്ചൊൽ” “പഴഞ്ചൊൽ മാല” എന്നീ പുസ്തകങ്ങളുടെ സ്കാനുകൾ ഹൈക്കെ മോസർ പദ്ധതിയെ കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പിന്റെ ഭാഗമായി നമുക്ക് കൈമാറി (മാതൃഭൂമി വാർത്ത). ആ പുസ്തകങ്ങളിലെ  “ഒരആയിരം പഴഞ്ചൊൽ” എന്ന കൃതിയുടെ സ്കാനാണ് ഈ പോസ്റ്റിൽ പരിചയപ്പെടുത്തുന്നത്.

ഒരആയിരം പഴഞ്ചൊൽ
  • ഈ പുസ്തകം ലിത്തോഗ്രഫിക് രീതിയിൽ തലശ്ശേരി ബാസൽ മിഷൻ പ്രസ്സിൽ ആണ് അച്ചടിച്ചിരിക്കുന്നത്
  • അച്ചടിച്ച വർഷം 1850
  • ഗുണ്ടർട്ട് ഏതാണ്ട് 15 വർഷത്തൊളം കേരളത്തിൽ അങ്ങോളമിങ്ങോളം സഞ്ചരിച്ച കാലയളവിൽ ശെഖരിച്ച 1000 പഴഞ്ചൊല്ലുകൾ ആണ് പുസ്തകത്തിന്റെ ഉള്ളടക്കം
  • ഇതിനു മുൻപ് 1846-ൽ “അറുനൂറു മലയാളം പഴഞ്ചൊൽ”  എന്നൊരു പുസ്തകം തലശ്ശേരിയിൽ നിന്ന് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് സ്കറിയ സക്കറിയയുടെ ലിസ്റ്റിൽ കാണുന്നു. ഈ പുസ്തകം പക്ഷെ ട്യൂബിങ്ങൻ ശേഖരത്തിൽ ഇല്ല.  “അറുനൂറു മലയാളം പഴഞ്ചൊൽ”  ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ്  സ്കറിയ സക്കറിയ രേഖപ്പെടുത്തിയിരിക്കുന്നത്. അറുനൂറു മലയാളം പഴഞ്ചൊൽ എന്ന 1846-ലെ പുസ്തകം കൂടുതൽ പഴഞ്ചൊല്ലുകൾ ചേർത്ത് വിപുലീകരിച്ച്  പ്രസിദ്ധീകരിച്ചതാവാം “ഒരആയിരം പഴഞ്ചൊൽ”
  • 1850നു മുൻപുള്ള കുറച്ചധികം പുസ്തകങ്ങളുടെ സ്കാനുകൾ  നമ്മൾ ഇതിനകം പരിചയപ്പെട്ടതിനാൽ ലിപിപരമായി പ്രത്യേകിച്ചൊന്നും എടുത്തു കാണിക്കാൻ ഇല്ല. അത്ര വ്യാപകമല്ലെങ്കിലും മീത്തൽ ഈ പുസ്തകത്തിൽ ധാരാളം ഉണ്ട്. ഈ എന്ന അക്ഷരത്തിന്റെ രണ്ട് രൂപവും ഉണ്ട്. പക്ഷെ “ഈ” എന്ന രൂപം തന്നെ ആണ് കൂടുതലും. ലിത്തോഗ്രഫിക് പ്രിന്റിങ്ങ് ആയതിനാൽ അന്നത്തെ കൈയ്യെഴുത്തിലെ പോലെ  വാക്കുകൾക്ക് ഇടയിൽ സ്പേസോ ചിഹ്നങ്ങളോ ഒന്നും അങ്ങനെ ഉപയൊഗിച്ചിട്ടില്ല.

നമുക്കു ഇപ്പോൾ കിട്ടിയിരിക്കുന്ന സ്കാൻ റോ സ്കാനാണ്. ഇത് പ്രൊസസ് ചെയ്തെടുക്കാൻ സമയമെടുക്കും. പുസ്തകത്തിന്റെ സ്കാൻ ഇവിടെ നിന്ന് ലഭിക്കും. https://archive.org/details/1850_Orayiram_Pazhamchol_Hermann_Gundert

സ്കൂൾ കുട്ടികളുടെ സഹായഹസ്തം

ഈ പുസ്തകം ലഭിച്ച ഉടൻ തന്നെ അത് ഡിജിറ്റൈസ് ചെയ്യാൻ തയ്യാറായി കൊല്ലം, കോട്ടയം, കണ്ണൂർ ജില്ലകളിലെ ചില കുട്ടികളും അദ്ധ്യാപകരും മുൻപോട്ട് വന്നു. അവർ കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ അത് ഡിജിറ്റൈസ് ചെയ്തു. അത് മലയാളം വിക്കിഗ്രന്ഥശാലയിലേക്ക് ചേർത്തു കഴിഞ്ഞു. അത് ഇവിടെ കാണാം. http://bit.ly/140XWLc

ഒരആയിരം പഴഞ്ചൊൽ ഡിജിറ്റൈസ് ചെയ്യാൻ സഹായിച്ച സ്കൂളുകൾ, കുട്ടികൾ, അദ്ധ്യാപകർ എന്നിവരുടെ പൂർണ്ണ വിവരം ഇവിടെ കാണാം. http://bit.ly/1azJ3ky

സ്കൂൾ കൂട്ടികളെ ഈ സവിശേഷ പദ്ധതിയിൽ അംഗമാക്കാൻ ഉത്സാഹിച്ച കണ്ണൻ മാഷിനും മറ്റ് അദ്ധ്യാപകർക്കും നന്ദി. കുട്ടികളുടെ പ്രയത്നത്താൽ സ്കാൻ കിട്ടിയതിനൊപ്പം തന്നെ യൂണിക്ക്കോഡ് മലയാളത്തിൽ അത് വിക്കിഗ്രന്ഥശാലയുടെ ഭാഗമാക്കാനും കഴിഞ്ഞു.

സായാഹ്ന ഫൗണ്ടെഷൻ

സ്കൂൾ കുട്ടികൾ ഇങ്ങനെ ഒരആയിരം പഴഞ്ചൊൽ ഡിജിറ്റൈസ് ചെയ്യുന്നു എന്ന് അറിയച്ചപ്പോൾ ഈ പുസ്തകം ടൈപ്പ് സെറ്റ് ചെയ്യാൻ തയാറായി സായാഹ്ന ഫൗണ്ടെഷനിലെ രാധാകൃഷ്ണൻ സാറും സംഘവും മുൻപോട്ട് വന്നു. വളരെ പെട്ടെന്ന് തന്നെ കുട്ടികൾ ഡിജിറ്റൈസ് ചെയ്ത ഉള്ളടക്കം ഉപയോഗിച്ച് PDF, ePUB ഫോർമാറ്റിലുള്ള ഇ-പുസ്തകങ്ങൾ നിർമ്മിച്ചു. അതിന്റെ കണ്ണികൾ താഴെ കൊടുക്കുന്നു.

സവിശേഷ മാതൃക

ഗുണ്ടർട്ട് ശെഖരം വരുന്നു എന്നത് ഉറപ്പായപ്പോൾ ചിന്തിച്ചിട്ടു പോലും ഇല്ലാത്ത ഒരു സവിശേഷമാതൃക ആണ്  ഒരആയിരം പഴഞ്ചൊലിന്റെ വിവിധ ഡിജിറ്റൽ പതിപ്പുകൾ നിങ്ങളുമായി പങ്ക് വെക്കുമ്പോൾ നടക്കുന്നത്. ജർമ്മനയിൽ നിന്ന് മലയാളപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ കിട്ടുന്നു, ആ സ്കാൻ കേരളത്തിലെ സ്കൂൾ കുട്ടികൾ ഏറ്റെടുത്ത് യൂണിക്കോഡ് മലയാളത്തിലാക്കി അത് വിക്കിഗ്രന്ഥശാലയിൽ ചേർക്കുന്നു, ഉടൻ തന്നെ സായാഹ്ന ഫൗണ്ടേഷൻ മുൻപോട്ട് വന്ന് അത് വിവിധ രൂപത്തിലുള്ള ഇ-പുസ്തകം ആയി മാറ്റുന്നു. വിവിധ രാജ്യങ്ങളിൽ, വിവിധ പ്രായപരിധിയിൽ, വ്യത്യസ്ത മെഖലയിൽ പ്രവർത്തിക്കുന്നവർ ഒത്തു വന്നപ്പോൾ ഇതാ “ഒരു ഒരആയിരം പഴഞ്ചൊൽ” പൂർണ്ണമായി ഡിജിറ്റൽ മലയാളത്തിന്റെ അനശ്വരതയിലെക്ക് എത്തപ്പെട്ടു. എല്ലാവർക്കും നന്ദി.