1860 – മൃഗചരിതം – റവ. ജെ.ജി. ബ്യൂട്ട്‌ലർ

ആമുഖം

ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശേഖരത്തിലുള്ള ഒരു പ്രധാന പുസ്തകവും മലയാള അച്ചടി ചരിത്രത്തിൽ സവിശേഷ പ്രാധാന്യവുമുള്ള ഒരു സി.എം.എസ് പ്രസ്സ് അച്ചടി പുസ്തകമായ മൃഗചരിതം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള അച്ചടി പുസ്തകം ആണിത്.  ട്യൂബിങ്ങൻ ലൈബ്രറിയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 200-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഡിജിറ്റൽ സ്കാനുകളുടെ എണ്ണം 200 എന്ന കടമ്പ കടന്നിരിക്കുന്ന അവസരത്തിൽ ഈ പദ്ധതിയുടെ നട്ടെല്ലായി പ്രവർത്തിക്കുന്ന ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി അദ്ധ്യാപകരായ ഹൈക്കെ ഒബർലിൻ (മൊസർ), ഗബ്രിയേല സെല്ലർ എന്നിവരോട് ഈ പദ്ധതിയുടെ പങ്കാളി ആവാൻ കഴിഞ്ഞു എന്ന അനുഭവം വെച്ച് എന്റെ കടപ്പാട് രേഖപ്പെടുത്തട്ടെ. അവരുടെ വമ്പിച്ച പിന്തുണ ഇല്ലായിരുന്നു എങ്കിൽ ഈ സ്കാനുകൾ ഒന്നും തന്നെ ഈ രൂപത്തിൽ നമുക്ക് കിട്ടിമായിരുന്നില്ല. അതിനാൽ കുറഞ്ഞ പക്ഷം കേരളപഠനത്തിൽ ശ്രദ്ധിക്കുന്ന ഗവേഷകർ എങ്കിലും അവരോട് കടപ്പെട്ടിരിക്കുന്നു.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

 • പേര്: മൃഗചരിതം – ആയത മൃഗ പക്ഷി മീന പുഴുക്കളെക്കുറിച്ചുള്ള വൎണ്ണനം തന്നെ.
 • പതിപ്പ്: ഒന്നാം പതിപ്പ്
 • പ്രസിദ്ധീകരണ വർഷം: ഒന്നാം പതിപ്പിനു 1858 മുതൽ 1860 വരെ പരന്നു കിടക്കുന്ന പ്രസിദ്ധീകരണ ചരിത്രം
 • താളുകളുടെ എണ്ണം:  ഏകദേശം 167
 • പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം
1860 – മൃഗചരിതം – റവ. ജെ.ജി. ബ്യൂട്ട്‌ലർ

1860 – മൃഗചരിതം – റവ. ജെ.ജി. ബ്യൂട്ട്‌ലർ

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

മൃഗങ്ങൾ, പക്ഷികൾ, മീനുകൾ, പുഴുക്കൾ എന്നിവയെ പറ്റിയുള്ള വൈജ്ഞാനിക സാഹിത്യം ആണ് പുസ്തകത്തിന്റെ ഉള്ളടക്കം. പുസ്തകത്തിന്റെ ഉള്ളടക്കം താഴെ പറയുന്ന 6 പർവ്വങ്ങളായി തിരിച്ചിരിക്കുന്നു:

 • മുലകുടിപ്പിക്കുന്ന ജന്തുക്കൾ
 • പക്ഷികൾ
 • ഇഴജന്തുക്കൾ
 • മത്സ്യങ്ങൾ
 • രക്തമില്ലാത്ത ജന്തുക്കൾ
 • ഇറുക്കുന്ന പുഴുക്കൾ

ഈ പുസ്തകത്തിനായി ഗ്രന്ഥകാരനായ റവ. ജെ.ജി. ബ്യൂട്ട്‌ലർ ധാരാളം മൃഗങ്ങളുടെ ഗ്രാമ്യപദങ്ങളും മറ്റുള്ള നാടൻ പദങ്ങളും കണ്ടെടുത്ത് ഉപയോഗിക്കുന്നുണ്ട്. അതിനാൽ തന്നെ പിൽക്കാലത്ത് ഗുണ്ടർട്ട് തന്റെ നിഘണ്ടുവിൽ മൃഗചരിതം എന്ന പുസ്തകത്തെ ധാരാളം ക്വോട്ട് ചെയ്യുന്നത് കാണാം.

ഗ്രന്ഥകാരനായ റവ. ജെ.ജി. ബ്യൂട്ട്‌ലർ തൃശൂരിനടുത്തുള്ള കുന്നംകുളംകേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന ഒരു സി.എം.എസ്. മിഷനറി ആയിരുന്നു. ജനനം 1824-ൽ ജർമനിയിലെ wurtemburghൽ. ചർച്ച്മിഷൻ സൊസൈറ്റിയുടെ ലണ്ടനിലെ ഐലിങ്ടണിലെ കോളേജിൽ പഠിച്ചു. 1850-ൽ കോട്ടയത്തെത്തി. മലയാളഭാഷ വശമാക്കിയതിനുശേഷം കുന്നംകുളംകേന്ദ്രമാക്കി സി.എം.എസിന്റെ മിഷൻ പ്രവർത്തനം ആരംഭിച്ചു. കുന്നംകുളത്തെ ആദ്യത്തെ ആംഗ്ലിക്കൻപള്ളിയുടെ നിർമാണം ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ ആയിരുന്നു. മലയാളംബൈബിൾ പരിഭാഷാകമ്മറ്റിയിൽ അംഗമായിരുന്നു. പല ക്രൈസ്തവമതപ്രചാരണ/മതബോധന പുസ്തകങ്ങളും സെക്കുലർവിദ്യാഭ്യാസ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. 1862-ൽ ഇംഗ്ലണ്ടിലേക്ക് തിരിച്ചുപോയി. 1877ൽ അവിടെവെച്ചുതന്നെ അന്തരിച്ചു.

പുസ്തകത്തിന്റെ തുടക്കത്തിൽ തന്നെ തരഗതി എന്ന പേരിൽ മൃഗജാതികളുടെ വലിയ ഒരു പട്ടിക കാണാം. അതിൽ മലയാളത്തിലും ഇംഗ്ലീഷിലും പേരുകൾ കൊടുത്തിരിക്കുന്നു. ഇത് ഇത്തരത്തിൽ മലയാളത്തിൽ ഉണ്ടാക്കി അച്ചടിച്ച ആദ്യത്തെ പട്ടിക ആവണം.

ബ്യൂട്ട്ലറുടെ സവിശേഷ ഉള്ളടക്കത്തിനു ഒപ്പം തന്നെ നിൽക്കുന്നതാണ് ഈ പുസ്ത്കത്തിലെ ലിത്തോഗ്രഫി ചിത്രങ്ങൾ. മൃഗചരിതത്തിലെ ലിത്തോഗ്രഫി ചിത്രങ്ങളുടെ പ്രത്യ്രേകത അത് ലിത്തോഗ്രഫി ചിത്രങ്ങൾ ആണ് എന്നത് മാത്രം ഒതുങ്ങുന്നില്ല, ഇത് കളർ ലിത്തോഗ്രഫിക്ക് ചിത്രങ്ങൾ കൂടെയാണ്. അതായാത് മലയാളം അച്ചടിയിൽ കളർ ചിത്രങ്ങൾ ഉൾപ്പെട്ട ആദ്യത്തെ പുസ്തകമാണ് മൃഗചരിതം. ഇതിനു മുൻപ് റിലീസ് ചെയ്ത വിദ്യാമൂലങ്ങൾ എന്ന പുസ്തകത്തിലും വിശേഷ ലിത്തോഗ്രഫിക്ക് ചിത്രങ്ങൾ ഉണ്ടെന്ന് നാം കണ്ടു. ഈ വിശെഷപ്പെട്ട ലിത്തോഗ്രഫിക്ക് ചിത്രങ്ങളെ കുറിച്ച് വേറൊരു ലേഖനത്തിൽ പരാമർശിക്കാൻ ഉദ്ദേശിക്കുന്നതിനാൽ ഈ പൊസ്റ്റിന്റെ വിഷയം നീട്ടുന്നില്ല. തൽക്കാലം മൃഗചരിതത്തിലെ ഒരു കളർ ചിത്രം മാത്രം പൊസ്റ്റിൽ ചേർക്കുന്നു.

1860 – മൃഗചരിതം – കളർച്ചിത്രം

1860 – മൃഗചരിതം – കളർച്ചിത്രം

ഈ കൃതിയെ പറ്റിയുള്ള കുറച്ചു വിവരങ്ങൾ ഡോ: ബാബു ചെറിയാൻ, ഡോ: സ്കറിയ സക്കറിയ എന്നിവരുടെ വിവിധ ലേഖനങ്ങളിൽ നിന്ന് ലഭിക്കും. ലിത്തോഗ്രഫി ചിത്രങ്ങളെ പറ്റിയുള്ള വിവരങ്ങളും ഈ പുസ്തകത്തിന്റെ പ്രസിദ്ധീകരണ ചരിത്രവും അനുബന്ധമായ മറ്റു സുപ്രധാന വിവരങ്ങളും സിബുവും, സുനിലും, ഷിജുവും ചേർന്ന് എഴുതിയ മുണ്ടക്കയം – മലയാള അച്ചടിയിലെ അറിയപ്പെടാത്ത ചരിത്രം എന്ന ലേഖനത്തിൽ വിശദമാക്കിയിട്ടുണ്ട്. ആ ലേഖനം ഇവിടെ ( [2018-Mundakayam-press-Malayalam_research-journal-issue-32.pdf – Google Drive]) കാണാം. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്.  175 MB ഉള്ളതിനാൽ സൈസ് കൂടുതൽ ആണെങ്കിലും ഈ പുസ്തകം എല്ലാവരും ഡൗൺലോഡ് ചെയ്യണം എന്നാണ് ഞാൻ പറയുക. അത്ര വിശെഷപ്പെട്ട പുസ്തകം ആണിത്.  ഡൗൺലോഡ് ചെയ്യാൻ പറ്റാത്തവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

Comments

comments

Google+ Comments

This entry was posted in Gundert Legacy Project. Bookmark the permalink.

One Response to 1860 – മൃഗചരിതം – റവ. ജെ.ജി. ബ്യൂട്ട്‌ലർ

 1. Pingback: 1861 – A short grammar and analysis of the Malayalim language – Richard Collins | ഗ്രന്ഥപ്പുര

Leave a Reply