1839 – Grammar of the Malayalam – Hermann Gundert – കൈയെഴുത്തുപ്രതി

ആമുഖം

ജർമ്മനിയിലെ ട്യൂബിങ്ങൻ സർവ്വകലാശാലയിൽ ഉള്ള ഗുണ്ടർട്ട് ശേഖരത്തിലെ രേഖകളിൽ ഗുണ്ടർട്ടുമായി നേരിട്ടു ബന്ധപ്പെട്ട രേഖകളിലെ ഏറ്റവും പ്രധാനപ്പെട്ട രേഖകളിൽ ഒന്നായ Grammar of the Malayalam എന്ന ഗുണ്ടർട്ട് കൃതിയുടെ കൈയെഴുത്ത് പ്രതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഗുണ്ടർട്ടിന്റെ ഈ രചന ആണ് 1851ലെ മലയാളഭാഷാവ്യാകരണം എന്ന ഗുണ്ടർട്ട് വ്യാകരണത്തിന്റെ മുൻഗാമി.

എന്നാൽ ഇംഗ്ലീഷിലുള്ള ഈ ഗുണ്ടർട്ട് വ്യാകരണം ഒരിക്കലും പ്രസിദ്ധീകരിക്കപ്പെട്ടില്ല. എ.ആർ. രാജരാജവർമ്മ അടക്കമുള്ള പലരും ഗുണ്ടർട്ട് ഇംഗ്ലീഷിൽ ഒരു മലയാളവ്യാകരണ രചന നടത്തിയിരുന്നു എങ്കിൽ വളരെ സഹായകരമാനേയേ എന്നു സ്വപ്നം കാണുന്നൂണ്ട്. ആ സ്വപ്നം യാഥാർത്ഥ്യമാക്കുന്ന ഒരു സ്കാനാണിത്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 56-മത്തെ പൊതുസഞ്ചയ രേഖയും 22-മത്തെ കൈയെഴുത്ത് പ്രതിയുമാണ് ഇത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: Grammar of the Malayalam  
  • രചയിതാവ്: ഹെർമ്മൻ ഗുണ്ടർട്ട്
  • താളുകളുടെ എണ്ണം: ഏകദേശം 221
  • എഴുതപ്പെട്ട കാലഘട്ടം: 1839തൊട്ട് എഴുതി തുടങ്ങി.  
1839 ഗുണ്ടർട്ട് വ്യാകരണം - ഇംഗ്ലീഷ്
1839 ഗുണ്ടർട്ട് വ്യാകരണം – ഇംഗ്ലീഷ്

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

പൊതുസമൂഹത്തിനു അറിവുള്ള ഗുണ്ടർട്ട് വ്യാകരണത്തിന്റെ അച്ചടിപതിപ്പുകൾ താഴെ പറയുന്നതാണ്.

  • 1851ൽ തലശ്ശെരിയിലെ ബാസൽ മിഷൻ കല്ലച്ചിൽ അച്ചടിച്ച് പ്രസിദ്ധീകരിച്ച “മലയാള ഭാഷാ വ്യാകരണത്തിന്റെ“ ഒന്നാം പതിപ്പ്
  • 1868ൽ മംഗലപുരത്തെ ബാസൽ മിഷൻ പ്രസ്സിൽ അച്ചടിച്ച “മലയാള ഭാഷാ വ്യാകരണത്തിന്റെ“ രണ്ടാം പതിപ്പ് (1990കളിൽ ഡോ: സ്കറിയ സക്കറിയ ഈ രണ്ടാം പതിപ്പ് പുനഃപ്രസിദ്ധീകരിച്ചു)

ഇത് രണ്ട് വ്യാകരണങ്ങളുടേയും മുൻഗാമി ആയ വ്യാകരണം ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്ന Grammar of the Malayalam എന്ന ഇംഗ്ലീഷിലുള്ള ഒരിക്കലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ലാത്ത ഗുണ്ടർട്ട് വ്യാകരണം.

ഇംഗ്ലീഷിലുള്ള ഈ വ്യാകരണം പൊതുസമൂഹം ഇതുവരെ കണ്ടിട്ടില്ല. ഇത് കണ്ടിട്ടുള്ള പണ്ഡിതന്മാർ പോലും വളരെ കുറവ്.

ഈ രചനയെ പറ്റി എന്തെങ്കിലും പറയാൻ ഞാൻ ആളല്ല. എന്റെ അറിവിൽ ഇതിനെ പറ്റി അല്പമെങ്കിലും പഠിച്ചിട്ടുള്ളത് ഡോ: സ്കറിയ സക്കറിയ മാത്രമാണ്. അദ്ദേഹം ഈ ഗുണ്ടർട്ട് വ്യാകരണത്തെ പറ്റി പറയുന്നത് ഇവിടെ എടുത്ത് എഴുതുന്നു.

വികസിത ദ്രാവിഡഭാഷകളിൽ തമിഴും തെലുങ്കും കന്നഡവും പരിചയിച്ച ശെഷമാണ് ഗുണ്ടർട്ട് മലയാളം പഠിച്ചു തുടങ്ങിയത്. അതിനാൽ ദ്രാവിഡഭാഷകളുടെ ഗോത്രപശ്ചാത്തലത്തിൽ മലയാളഭാഷാവ്യാകരണം പഠിക്കാനും വിശദീകരിക്കാനും അദ്ദേഹത്തിന്നു സാധിച്ചു. ഗുണ്ടർട്ടിന്റെ ആദ്യത്തെ മലയാളവ്യാകരണരചന ഇത്തരത്തിൽ ഉള്ളതാണ്. 1839 ഏപ്രിൽ മാസത്തിൽ നെട്ടൂരിൽ പാർപ്പുറപ്പിച്ച ഗുണ്ടർട്ട് 1839 ജൂലൈ 15നു ജർമ്മനിയിലേക്കയച്ച കത്തിൽ എഴുതുന്നു: മേയ് മാസത്തിൽ നല്ല മഴയായിരുന്നതുകൊണ്ട് എനിക്കു വീട്ടിനകത്തു കഴിയേണ്ടി വന്നു. ഈ ദിവസങ്ങളിൽ കാലത്തു മുതൽ രാത്രി വൈകും വരെ ഞാൻ മലയാളഭാഷ പഠിച്ചു. ഇതിനുപയോഗിച്ചതു ക്രൈസ്തവഗ്രന്ഥങ്ങളല്ല, ഹൈന്ദവഗ്രന്ഥങ്ങളാണ്. മലയാളഭാഷയ്ക്കു സാമാന്യം വിശദമായ ഒരു വ്യാകരണം ഞാൻ എഴുതി കഴിഞ്ഞു. വാചകകാണ്ഡം പൂർത്തിയാക്കാൻ അല്പസമയം കൂടി വേണം.

—-

ആ വർഷം നവംബർ 15 ന് അയച്ച കത്തിൽ, വാചകകാണ്ഡമടക്കം മലയാളവ്യാകരണം പൂർത്തിയായതായി കാണുന്നു.

ഗുണ്ടർട്ടിന്റെ പ്രഥമ വ്യാകരണം ഇംഗ്ലീഷിലായിരുന്നു. Grammar of the Malayalam എന്ന ശീർഷകത്തോടുകൂടിയ ഈ കൃതി ഒരിക്കലും അച്ചടിപ്പിച്ചിട്ടില്ല. ട്യൂബിങ്ങൻ സർവ്വകലാശാലയിൽ ഗ്രന്ഥശേഖരത്തിൽ രണ്ടു പകർപ്പുകളുണ്ട്.

1851ലെ മലയാളഭാഷാ വ്യാകരണം ഗുണ്ടർട്ടിന്റെ ദൃഷ്ടിയിൽ മലയാളവ്യാകരണത്തിന്റെ സംഗ്രഹം മാത്രമാണ്. ഇംഗ്ലീഷിലുള്ള ഈ കൃതി (Grammar of the Malayalam) ആണ് ഗുണ്ടർട്ടിന്റെ ദൃഷ്ടിയിൽ സമഗ്രവ്യാകരണം. നാട്ടുകാരായ എഴുത്തുകാരുടെ കൃതികളെ അവലംബിച്ചു നിയമങ്ങളും ഉദാഹരണങ്ങളും നൽകുന്നു എന്നതാണ് ഗുണ്ടർട്ട് അവകാശപ്പെടുന്ന ഒരു മേന്മ.

ഇനി കേരളപാണിനി, കേരളപണിനീയത്തിന്റെ ഒന്നാം പതിപ്പിൽ പറഞ്ഞിരിക്കുന്നത് ഇവിടെ ചേർക്കുന്നു.

ഇതേ വരെ പ്രസിദ്ധപ്പെടുത്തീട്ടുള്ള വ്യാകരണങ്ങളെയപേക്ഷിച്ച് ഇതു (1896ലെ കേരളപാണിയത്തിന്റെ ഒന്നാം പതിപ്പ്) ഒരു സ്വതന്ത്രഗ്രന്ഥമാകുന്നു. എങ്കിലും ഈ വ്യാകരണം ചമയ്ക്കുന്നതിൽ ഞാൻ ആറു വൈയാകരണന്മാരുടെ കൃതികൾ ഉപയോഗിച്ചിട്ടൂണ്ട്. എന്നാൽ ഇതിൽ റെവറണ്ടു് ഗുണ്ടർട്ടവർകളുടെ പുസ്തകം ഒഴികെ മറ്റൊന്നും എനിയ്ക്കു ഉപകരിച്ചിട്ടില്ലെന്നു പറയേണ്ടതിൽ പരിതപിക്കുന്നു. യൂറൊപ്യൻ പാതിരിമാരിൽ നിന്നു മലയാളഭാഷയ്ക്കു ഏതെങ്കിലും ഒരു ഗുണം സിദ്ധിച്ചിട്ടുണ്ടെങ്കിൽ അതു ഈ മഹാനായ റെവറണ്ടിന്റെ കൈവശമാകുന്നു. ഒരു നൂറ്റാണ്ടിന്റെ കാലഭാഗത്തിലധികം കാലം ഇദ്ദേഹം നമ്മുടെ ഭാഷയ്ക്കുവേണ്ടി യത്നം ചെയ്തതാലോചിക്കുംപ്പോൾ മലയാണ്മയെക്കുറിച്ചു സ്വദേശികളായ നമുക്കു അഭിമാനം തോന്നീട്ടില്ലെന്നു തന്നേ പറയണം. പാതിരിയുടെ വ്യാകരണം ഇംഗ്ലീഷിലായിരുന്നാൽ എനിക്ക് ഇരട്ടി ഉപയോഗപ്പെടുമായിരുന്നുവ്ന്നേ ഒരംശം വ്യക്തവ്യമായിട്ടുള്ളൂ.

ചുരുക്കത്തിൽ ഏ.ആർ. ഗുണ്ടർട്ട് വ്യാകരണം ഇംഗ്ലീഷിൽ ആയിരുന്നെങ്കിൽ ആശിച്ചു.

കേരളപാണിനീയത്തിന്റെ ആമുഖത്തിൽ കേരളവർമ്മ വലിയ കോയിത്തമ്പുരാൻ ഇതേ കാര്യം ആവർത്തിക്കുന്നുണ്ട്.

Had the Rev. Mr. Gundert written his Malayalam Grammar in English…, much substantial good might have been achieved and a good deal of trouble saved to succeeding grammarians.

ചുരുക്കത്തിൽ 125 വർഷങ്ങൾക്ക് മുൻപ് പല മലയാളപണ്ഡിതരും വളരെ ആശിച്ചതായിരുന്നു ഗുണ്ടർട്ട് ഇംഗ്ലീഷിൽ ഒരു മലയാളവ്യാകരണം എഴുതിരുന്നു എങ്കിൽ എന്ന്. പക്ഷെ അന്ന് അവർക്കാർക്കും അത്തരം ഒരു കൃതി ഗുണ്ടർട്ട് രചിച്ചിരുന്നു എന്നും അത് പക്ഷെ ഒരിക്കലും അച്ചടിച്ചില്ല എന്നും അറിയുമായിരുന്നില്ല

ചുരുക്കത്തിൽ ഗുണ്ടർട്ട് രചകളിൽ വിശിഷ്ഠമായ ഒരു രചനയാണ് ഈ പൊസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇതിന്റെ ഉള്ളടക്കവും പ്രത്യേകതകളൂം ഒക്കെ ഭാഷാശാസ്ത്രജ്ഞരുടെ വിശകലനത്തിന്നു വിധേയമാവേണ്ടതാണ്.

ഈ കൈയെഴുത്ത് രേഖ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:

Comments

comments